Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മയും മകളും താമസിക്കുന്ന വീടിന് തീവെച്ചതാണെന്ന് മനസിലായപ്പോൾ പിന്നിലാരെന്ന ചോദ്യം; ബംഗാൾ സ്വദേശിയായ യുവാവുമായി വീട്ടുകാർക്കുള്ള ബന്ധം അറിഞ്ഞതോടെ മഫ്തിയിൽ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പിൽ; ഒന്നുമറിയാത്ത ഭാവത്തിൽ നാടുവിടാനൊരുങ്ങിയ പ്രതിയെ പിടികൂടുമ്പോൾ സംഭവം നടന്നിട്ട് അഞ്ചുമണിക്കൂർ; തൃശൂർ പാവറട്ടി കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത് എസ് ഐ രമേഷിന്റെ മിടുക്ക്

അമ്മയും മകളും താമസിക്കുന്ന വീടിന് തീവെച്ചതാണെന്ന് മനസിലായപ്പോൾ പിന്നിലാരെന്ന ചോദ്യം; ബംഗാൾ സ്വദേശിയായ യുവാവുമായി വീട്ടുകാർക്കുള്ള ബന്ധം അറിഞ്ഞതോടെ മഫ്തിയിൽ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പിൽ; ഒന്നുമറിയാത്ത ഭാവത്തിൽ നാടുവിടാനൊരുങ്ങിയ പ്രതിയെ പിടികൂടുമ്പോൾ സംഭവം നടന്നിട്ട് അഞ്ചുമണിക്കൂർ; തൃശൂർ പാവറട്ടി കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത് എസ് ഐ രമേഷിന്റെ മിടുക്ക്

മറുനാടൻ മലയാളി ബ്യൂറോ

പാവറട്ടി തൊയക്കാവിൽ ഗൃഹനാഥയേയും മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കുടുക്കാൻ കഴിഞ്ഞത് എസ് ഐ രമേഷിന്റെ മിടുക്ക്. 2015 ഏപ്രിൽ 7ന് വെങ്കിടങ്ങ് ഗ്രാമത്തെ ഞെട്ടിച്ച സംഭവം അരങ്ങേറുമ്പോൾ പാവറട്ടി എസ്ഐ ആയിരുന്നു എം കെ രമേഷ്. പുലർച്ചെ മൂന്നിനാണ് വിവരം രമേഷ് അറിയുന്നത്. അമ്മയും മകളും താമസിക്കുന്ന വീടിന് തീപിടിച്ചുവെന്നായിരുന്ന വിവരം. ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. അവിടെ എത്തുമ്പോഴേക്കും വീട് പൂർണമായും കത്തിയമർന്നു. ദേഹമാസകലം പൊള്ളലേറ്റ വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്ത് പുതുവച്ചോലയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു(55)വിനേയും മകൾ സീനത്തി(18)നേയും ഇതേ സമയം, നാട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നു.

വീടിനു പരിസരത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ വീടിന് തീവെച്ചതാണെന്ന് രമേഷ് മനസ്സിലാക്കി. ആരായിരിക്കും ഇതിനു പിന്നിലെന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ മനസ്സിലുയർന്നത്. അന്വേഷണത്തിൽ വീട്ടുകാർക്ക് ബംഗാൾ സ്വദേശിയായ യുവാവുമായി ബന്ധമുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ ഇയാൾ ആരാണെന്ന് സാരമായി പൊള്ളലേറ്റ മാതാവിനും മകൾക്കുമല്ലാതെ ആർക്കും അറിയില്ലായിരുന്നു. പ്രതിയെ തിരിച്ചറിയുന്നതിന് ഫോട്ടോ ഉൾപ്പെടേയുള്ള യാതൊന്നും ലഭ്യവുമല്ലായിരുന്നു. എങ്കിലും പുലർച്ചെ 5.30ഓടെ പാവറട്ടി സ്റ്റേഷനിലെത്തിയ അദ്ദേഹം എസ്ഐ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ സുകുമാരനേയും കൂട്ടി മഫ്ടിയിൽ ഇനോവ കാറിൽ പുറപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന വാടനപ്പള്ളിക്കടുത്തെ തൃത്തല്ലൂരിലേക്കായിരുന്നു യാത്ര. അവിടെ വെച്ച് നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നും വീട്ടുകാരുമായി ബന്ധമുള്ളയാളെ പറ്റി സൂചന ലഭിച്ചു.

വിവരം നൽകിയ ഒഡീഷ സ്വദേശിയമായി ഉടൻ തന്നെ പൊലീസ് സംഘം പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ പാവറട്ടിക്കടുത്തെ അന്നകരയിൽ വെച്ച് പ്രതിയെ കണ്ടെത്തി. സാധനങ്ങളെല്ലാം ബാഗിലാക്കി ഒന്നുമറിയാത്ത വിധത്തിൽ സ്വദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതിയായ സോജിബുൾ അലിമണ്ഡൽ. ഉടൻ തന്നെ വാഹനം നിറുത്തിയ എസ് ഐ രമേഷ് ചാടിയിറങ്ങി പ്രതിയെ പിടികൂടുകയായിരുന്നു. ഇതേ സമയം സംഭവം നടന്ന് അഞ്ചു മണിക്കൂർ മാത്രമാണ് പിന്നിട്ടിരുന്നത്. അന്നകരയിലെത്താൻ മിനുട്ടുകൾ മാത്രം വൈകിയിരുന്നെങ്കിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസ് പോലെ പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തേണ്ടി വരുമായിരുന്നുവെന്ന് എസ്ഐ രമേഷ് പറയുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക് തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

സംഭവത്തിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സോജിബുൾ അലിമണ്ഡലിനെ (റോബി-27)യാണ് കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപയും വീട് തീവെച്ചതിന് പത്ത് വർഷം കഠിന തടവിനും അൻപതിനായിരം രൂപ പിഴയടക്കാനും തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യഷൻ ഭാഗത്തു നിന്നും 36 സാക്ഷികളുടെ മൊഴികളും ഹാജരാക്കിയ രേഖകളും പരിശോധിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2015 ഏപ്രിൽ 7നാണ് കേസിനസ്പദമായ സംഭവം.

വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പാവറട്ടി, വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്ത് പുതുവച്ചോലയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (55), മകൾ സീനത്ത് (17) എന്നിവരെയാണ് പ്രതി പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയത്. അയൽപ്പക്കത്ത് വീടുപണിക്കുവന്ന പ്രതിക്ക് സീനത്തിനെ വിവാഹം ചെയ്തു കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യംമൂലമായിരുന്നു കൊലപാതകം. രണ്ടുപേരും ഉറങ്ങിയിരുന്ന മുറിയുടെ ഓടിളക്കിയശേഷം ആ വിടവിലൂടെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് തീയിട്ടത്. കുഞ്ഞിപ്പാത്തുവിന്റെ ദേഹം പൂർണമായും കരിഞ്ഞുപോയിരുന്നു. സീനത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാംദിവസം മരിച്ചു. സീനത്തിന്റെ മരണമൊഴിയും സാക്ഷിമൊഴികളുമാണ് നിർണായകമായത്. സംഭവം നടന്ന് അഞ്ചുമണിക്കൂറിനകം പ്രതി അറസ്റ്റിലായി.57 സാക്ഷികൾ ഉണ്ടായിരുന്നതിൽ 36 പേരെ വിസ്തരിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ, അഭിഭാഷകരായ റാംസിൻ, അമീർ എന്നിവർ കോടതിയിൽ ഹാജരായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP