Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പവൻ ഹംസി'നെ വട്ടമിട്ട് വിവാദം ചൂടുപിടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പൊതുമേഖലാ സ്ഥാപനമെന്ന മേൽവിലാസം കാട്ടി; 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റുകമ്പനികൾ റെഡിയാണെങ്കിലും സർക്കാരിന് പ്രിയം 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി കണക്കുപറയുന്ന കമ്പനിയെ തന്നെ; എഎസ് 265 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ 1,44,60,000 രൂപ അഡ്വാൻസ് അനുവദിച്ച് ധനവകുപ്പ്; ഉത്തരവ് ഇറക്കിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്ന്

'പവൻ ഹംസി'നെ വട്ടമിട്ട് വിവാദം ചൂടുപിടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പൊതുമേഖലാ സ്ഥാപനമെന്ന മേൽവിലാസം കാട്ടി; 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റുകമ്പനികൾ റെഡിയാണെങ്കിലും സർക്കാരിന് പ്രിയം 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി കണക്കുപറയുന്ന കമ്പനിയെ തന്നെ; എഎസ് 265 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ 1,44,60,000 രൂപ അഡ്വാൻസ് അനുവദിച്ച് ധനവകുപ്പ്; ഉത്തരവ് ഇറക്കിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്ന്

മറുനാടൻ മലയാളി ബ്യൂറോ

\തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പറന്നുനടക്കാൻ പവൻ ഹംസ് ലിമിറ്റഡിൽ നിന്ന് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്ന വിവാദം വീണ്ടും ചൂടൂപിടിക്കുന്നു. എഎസ് 365 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതിന്റെ സ്ഥിരമാസ വാടക അഡ്വാൻസ് നൽകാൻ ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി. മുൻകൂർ തുകയായി 1,70,63000 രൂപയാണ് ചെലവിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണെന്നും മുണ്ടുമുറുക്കിയുടുക്കണമെന്നും ധനമന്ത്രി തോമസ് ഐസക് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ ഉത്തരവ്. അതായത് നിലവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്നാണ് ഉത്തരവ്.പ്രതിമാസ വാടക തുക 1,44,60,000 രൂപയാണ്. 18 ശതമാനം ജിഎസ്ടി കൂടി ഇതിനൊപ്പം ചേർത്താണ് നൽകുക. ആദ്യ അഡ്വാൻസ് പേയ്‌മെന്റാണിത്.

സാധാരണ ഹെലികോപ്റ്റർ കമ്പനികൾ ഈടാക്കുന്നതിലും ഏകദേശം ഇരട്ടി തുകയ്ക്കാണ് കേരളം പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസ് ഹെലികോപ്റ്റർ എടുത്തിരിക്കുന്നത്. മാസം പറത്താനുള്ള മണിക്കൂറുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റു കമ്പനികൾ തയ്യാറായിരിക്കെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി രൂപ കേരളം നൽകുന്നത്. ടെൻഡർ വിളിച്ചിട്ടുമില്ല. കരാറിന് നേതൃത്വം നൽകിയത് ഡിജിപി ലോക്നാഥ് ബഹ്റയാണ്. ചീഫ് സെക്രട്ടറി നടത്തേണ്ടിയിരുന്ന കരാർ നടപടികളാണ് പൊലീസ് നേതൃത്വം നേരിട്ട് നടത്തിയത്. ഇതുകൊണ്ട് തന്നെയാണ് കരാറിന് പിന്നിൽ അഴിമതി തന്നെ എന്ന ആരോപണം ഉയർന്നത്. നിലവിലെ ഈ മേഖലയിലെ കരാർ നിരക്കുകൾ പ്രകാരം ഏറ്റവും കൂടിയ നിരക്കിലുള്ള കരാറിലാണ് ഹെലികോപ്റ്റർ വരുന്നത്.

സുതാര്യതയില്ലാത്ത കരാറും തീരുമാനവും എന്നാണ് ഹെലികോപ്റ്റർ ഡീൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന്നിടയിൽ ഒന്നേ മുക്കാൽ കോടിയോളം രൂപ മാസ വാടക നൽകി ഹെലികോപ്റ്റർ എടുക്കാനുള്ള തീരുമാനം വിവാദമായിരിക്കെയാണ് ഇതിനു പിന്നിലുള്ള അഴിമതിയിലേക്കും വിരൽ ചൂണ്ടൽ വരുന്നത്. പവൻഹംസ് ലിമിറ്റഡിന്റെ, പത്തുപേർക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയിൽ എടുക്കുന്നത്. ഇതിനു തന്നെ ഒന്നര കോടി രൂപ വാടക നൽകണം. വേറെയും കമ്പനികൾ സേവനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്നു പറഞ്ഞ ഈ കമ്പനികളെ തഴഞ്ഞാണ് പവൻ ഹംസിൽ നിന്ന് തന്നെ ഹെലികോപ്റ്റർ വരുത്തിയത്. അരുണാചൽ മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിന്റെ ജീവനെടുത്തത് പവൻഹാൻസിന്റെ ഹെലികോപ്ടറാണ്. അതുകൊണ്ട് തന്നെ ഇവർ തരുന്ന ഹെലികോപ്ടറിൽ സുരക്ഷാ മാനദണ്ഡങ്ങളുണ്ടോ എന്നതും പ്രധാനമാണ്. ഇതൊന്നും നോക്കാതെയാണ് കരാറെടുക്കുന്നത്.

ഇരട്ട എൻജിനുള്ള എ.എസ്. 365 ഡൗഫിൻ എൻ-3 ആണ് വാടകയ്ക്കെടുക്കുന്നത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 1.45 കോടി രൂപ നൽകണം. 20 മണിക്കൂറിനു മുകളിലായാൽ മണിക്കൂറിന് 67,926 രൂപവെച്ച് നൽകണം. മറ്റു കമ്പനികളുടെ സർവീസുമായി ഇടപാടുമായും താരതമ്യം ചെയ്യുമ്പോൾ ഇരട്ടി തുകയ്ക്കാണ് ഹെലികോപ്റ്റർ വരുത്തിയിരിക്കുന്നത്. ഹൈദ്രബാദ് ആസ്ഥാനമാക്കിയ വിങ്സ് ഏവിയേഷൻ ഹെലികോപ്പ്റ്റർ വാടകയ്ക്ക് നൽകാൻ നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു താത്പര്യവും സർക്കാർ ഈ കാര്യങ്ങളിൽ കൈക്കൊണ്ടില്ല. ഹെലികോപ്റ്ററും എയർക്രാഫ്റ്റും എയർ ആംബുലൻസും വാടകയ്ക്ക് നൽകുന്ന കമ്പനിയാണിത്. 11 സീറ്റുകളുള്ള ഹെലികോപ്റ്റർ ആണ് ഇവർ വാടകയ്ക്ക് നൽകാൻ ഉദ്ദേശിച്ചത്. ബെൽ കമ്പനിയുടെ ഹെലികോപ്റ്റർ ആണിത്.

തീരെ താത്പര്യമില്ലാത്ത രീതിയിലാണ് വിങ്സ് ഏവിയേഷനോട് സർക്കാർ പ്രതികരിച്ചത്. മാസങ്ങൾക്ക് മുൻപ് തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ടു കമ്പനി സർക്കാരിനെ സമീപിച്ചിരുന്നു. 25 മണിക്കൂറും മാസവാടക 75 ലക്ഷം രൂപയും എന്നാണ് വിഗ്സ് എവിയേഷൻ സർക്കാരിനു മുന്നിൽ പ്രൊപ്പോസൽ വെച്ചത്. ഈ തുക തന്നെ വളരെ കൂടുതൽ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ഇതേ സർക്കാർ തന്നെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേ മുക്കാൽ കോടി നൽകി പവൻ ഹംസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. വിങ്സ് ഏവിയേഷൻ ഛത്തീസ്‌ഗഡ് സർക്കാരിനു ഹെലികോപ്റ്റർ നൽകിയിട്ടുണ്ട്.

അത് മാസം 25 മണിക്കൂർ പറത്താൻ 75 ലക്ഷം രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇതേ രീതിയിൽ തന്നെയുള്ള പ്രോജക്റ്റ് ആണ് ഇവർ സംസ്ഥാന സർക്കാരിനും നൽകിയിരിക്കുന്നത്. ഛത്തീസ്‌ഗഡ് സർക്കാർ ഹെലികോപ്റ്റർ സ്വീകരിച്ചതിലും ഇരട്ടി തുകയ്ക്കാണ് കേരളത്തിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവർ നൽകിയ ഹെലികോപ്റ്റർ ഛത്തീസ്‌ഗഡ് സർക്കാർ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.

പ്രളയസമയത്തു മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ സേനയ്ക്കു ഫലപ്രദമായി ഇടപെടാൻ ഹെലികോപ്റ്റർ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ആ സമയം ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിരുന്നു. പ്രളയവും മാവോയിസ്റ്റ് ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയിലുള്ള ആവശ്യം ഡിജിപി ഉയർത്തിയത്. ഈ തീരുമാനപ്രകാരമാണ് ഹെലികോപ്റ്റർ വരുന്നത്. 

കോപ്റ്റർ ഇടപാടിനെക്കുറിച്ചുള്ള കുറിച്ചുള്ള ആരോപണങ്ങൾ അപ്പാടെ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പവൻ ഹംസ് വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു. പവൻ ഹംസിൽ കേന്ദ്ര സർക്കാരിന് 51% ഓഹരിയാണുള്ളത്. ബാക്കിയുള്ള 49% ഒഎൻജിസിക്കും. കമ്പനി വിൽക്കാൻ നീക്കം തുടങ്ങിയ 2018 ൽ 75 കോടി രൂപ നഷ്ടത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP