Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ഹെൽമറ്റ് ധരിച്ച് അകത്തേക്ക് കയറിയത് ടോക്കൺ എടുക്കാതെ; ഭാര്യയുടെ മുറിയിലേക്ക് കയറി പെട്രോൾ ഒഴിച്ച് ക്രൂരത; പിന്നെ കിണറ്റിൽ ചാടി ആത്മഹത്യ; നാദിറയെ റഹിം പച്ചക്കൊളുത്തിയപ്പോൾ

ഹെൽമറ്റ് ധരിച്ച് അകത്തേക്ക് കയറിയത് ടോക്കൺ എടുക്കാതെ; ഭാര്യയുടെ മുറിയിലേക്ക് കയറി പെട്രോൾ ഒഴിച്ച് ക്രൂരത; പിന്നെ കിണറ്റിൽ ചാടി ആത്മഹത്യ; നാദിറയെ റഹിം പച്ചക്കൊളുത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയത് തീർത്തും നാടകീയമായി. നാവായിക്കുളം സ്വദേശി റഹീമാണ് ഭാര്യ നാദിറയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു സംഭവം. പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നാദിറ. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഇവിടെ വച്ചാണ് ഭർത്താവ് റഹീം തീകൊളുത്തിയത്. .കൊലപാതകത്തിന് ശേഷം ഇയാൾ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റിൽ ചാടി.

രാവിലെ രജിസ്ട്രറിൽ ഒപ്പിടാൻ നിൽക്കുന്നതിനിടെ ഇയാൾ പിന്നിലൂടെയെത്തി ആക്രമണം നടത്തുകയായിരുന്നു. അകത്ത് ഇരുന്നിരുന്ന നാദിറ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ് സഹപ്രവർത്തകർ കണ്ടത്. പെട്രോൾ ഒഴിച്ചു തീ കൊളുത്തിയാണ് കൊന്നത്. അതിന് ശേഷം കത്തി കാട്ടി എല്ലാവരേയും ഭീഷണിപ്പെടുത്തി ഇയാൾ പുറത്തേക്ക് പോയി. പിന്നീട് അടുത്തുള്ള വീടിന്റെ മതിൽ ചാടി കിണറ്റിലേക്ക് ചാടി. കഴുത്തറത്ത ശേഷമായിരുന്നു ചാട്ടം. ദാമ്പത്യപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സമീപനാളിൽ ജാമ്യത്തിലിറങ്ങിയതാണ് റഹീമെന്നാണ് നാദിറയുടെ സഹപ്രവർത്തകർ പറയുന്നത്. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണം നൽകിയിരുന്നുവെന്നും ഇവർ വ്യക്തമാക്കി. ഓണത്തിന് നാദിറയുടെ തല ഇയാൾ തല്ലിപ്പൊട്ടിച്ചിരുന്നു. ഈ കേസിൽ പൊലീസ് റഹിമിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസവും ഇയാൾ നാദിറയെ പിന്തുടർന്നിരുന്നു. ഇന്ന് ഹെൽമറ്റ് ധരിച്ചാണ് ഇയാൾ അക്ഷയ സെന്ററിലെത്തിയത്. ടോക്കൺ എടുക്കാതെയാണ് അയാൾ അകത്തേക്ക് കയറിയത്. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു ഹെൽമറ്റ്.

ടോക്കൺ എടുക്കാതെ അകത്തേക്ക് പോയ ഇയാളെ ജീവനക്കാരിൽ ഒരാൾ തടഞ്ഞു. എന്നാൽ ഇത് വകവയ്ക്കാതെ അകത്തേക്ക് കയറി. നാദിറ ഇരിക്കുന്ന മുറിയിൽ എത്തി പെട്രോൾ ഒഴിച്ച് നാദിറയെ കത്തിച്ചു. അടുത്ത് മറ്റൊരു ജീവനക്കാരിയും ഉണ്ടായിരുന്നു. അവരും ആകെ പേടിച്ചു പോയി. മരണം ഉറപ്പിക്കും വരെ ആ മുറിയിൽ അയാൾ നിന്നു. അതിന് ശേഷം റഹിം പുറത്തിറങ്ങി കിണറ്റിൽ ചാടി. ആക്ടീവ സ്‌കൂട്ടറിലാണ് ഇയാൾ അക്ഷയ സെന്ററിലെത്തിയത്. കഴിഞ്ഞ ദിവസവും ഭാര്യയെ കൊല്ലുമെന്ന് ഇയാൾ പലരോടും പറഞ്ഞിരുന്നു. ഇയാളുടെ ഭീഷണി പൊലീസിനേയും അറിയിച്ചു. തുടർന്ന് പൊലീസ് റഹിമിനെ താക്കീത് ചെയ്തു വിട്ടയ്ക്കുകയും ചെയ്തു.

സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്. പട്ടാപ്പകൽ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം. റഹീമിന്റെ മൃതദേഹം ഫയഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. വ്യക്തമായ ആസൂത്രണവുമായാണ് എല്ലാം റഹിം ചെയ്തതെന്നാണ് സൂചന.

നാദിറയുടെ പരാതിയിൽ റഹിമിനെ പൊലീസ് വിളിച്ചു താക്കീത് ചെയ്തു. പണി ആയുധങ്ങളും മറ്റും വീട്ടിൽ നിന്നും പൊലീസ് സാന്നിധ്യത്തിൽ എടുക്കുകയും ചെയ്തു. ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന് പൊലീസിന് റഹിം ഉറപ്പും നൽകി. ഇത് വിശ്വസിച്ചാണ് ഇന്നും നാദിറ ജോലിക്കായി ഇറങ്ങിയത്. അത് ദുരന്തമായി. പത്തിലും ഒൻപതിലും പഠിക്കുന്ന രണ്ടു കുട്ടികൾ ഇവർക്കുണ്ട്. അവർ അക്ഷരാർത്ഥത്തിൽ അനാഥരായി.

കർണ്ണാടക കുടക് സ്വദേശിയാണ് നാദിറ. അവിടെ നിന്നും നാദിറയെ വിവാഹം ചെയ്താണ് നാവായിക്കുളത്തേക്ക് റഹിം കൊണ്ടു വന്നത്. പതിനഞ്ച് കൊല്ലമായി പീഡനം സഹിച്ചായിരുന്നു ജീവിതം. രണ്ട് മക്കളെ ഓർത്തായിരുന്നു നാദിറ എല്ലാം സഹിച്ചത്. ഓട്ടോ ഓടിച്ചിരുന്ന റഹിം കുറച്ചു കാലമായി ജോലിക്കൊന്നും പോകാറില്ലായിരുന്നു. വെൽഡിങ് ജോലിയും അറിയാമായിരുന്നു.

വീട്ടിൽ എന്നും അടിയും വഴക്കുമാണ്. നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് അവൾ നാട്ടിൽ പോയി തിരിച്ചുവന്നതാണ്. എല്ലാ പൈസയും റഹീം ബലം പ്രയോഗിച്ച് കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP