Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202307Thursday

തലശേരിയിലെ ഡോൺ ഒടുവിൽ അകത്തായി; സ്ഥിരം താവളം ഇല്ലിക്കുന്നിലെ വിജനപ്രദേശത്ത്; പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന പണിയിൽ പണം പോരാതെ വന്നപ്പോൾ സിന്തറ്റിക് മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങി; തലശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പാറായി ബാബുവിന് കർണാടകയിലും കൂട്ടാളികൾ

തലശേരിയിലെ ഡോൺ ഒടുവിൽ അകത്തായി; സ്ഥിരം താവളം ഇല്ലിക്കുന്നിലെ വിജനപ്രദേശത്ത്; പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന പണിയിൽ പണം പോരാതെ വന്നപ്പോൾ സിന്തറ്റിക് മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങി; തലശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പാറായി ബാബുവിന് കർണാടകയിലും കൂട്ടാളികൾ

അനീഷ് കുമാർ

കണ്ണൂർ: തലശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പാറായി ബാബുവിന് ക്രിമിനൽ പശ്ചാത്തലമെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തലശേരി നഗരസഭാ പരിധിയിലെ ഇല്ലിക്കുന്ന് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ നേതാവാണ് പാറായി ബാബു. ഉന്നതതല രാഷ്ട്രീയ ബന്ധങ്ങളും ഇയാൾക്കുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. തലശേരിയിലെ വാഹനകച്ചവടവും നിയന്ത്രിച്ചിരുന്നത് ബാബുവിന്റെ നേതൃത്വത്തിലാണ്. ഗുണ്ടാക്വട്ടേഷൻ സംഘമാണെന്നാണ് വിവരം.

പഴയവാഹനങ്ങൾ ചുളുവിലയ്ക്കെടുത്തു പൊളിച്ചുവിൽക്കുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. തലശേരിയിലെ ബിജെപി സ്വാധീനപ്രദേശമായ ഇടത്തിലമ്പലവും സി.പി. എം കോട്ടയായ കൊടുവള്ളിക്കും മധ്യേയുള്ള ഇല്ലിക്കുന്നിലാണ് ഇയാൾ ക്യാംപ് ചെയ്തിരുന്നത്. വാഹനകച്ചവടത്തിനു പുറമേ പണം കൊയ്യാനാണ് ഇയാൾ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത്.

തലശേരിയിൽ പിടിമുറുക്കിയ സിന്തറ്റിക്ക മയക്കുമരുന്ന് വിൽപനസംഘത്തിനും കഞ്ചാവ് ലോബിക്കും നേതൃത്വം നൽകിയിരുന്നത് പാറായി ബാബുവാണെന്നാണ് പൊലിസ് നൽകുന്ന വിവരം. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് ഈയാൾ പ്രവർത്തിച്ചിരുന്നത്. പാറായി ബാബുവിന്റെ പോക്ക് ശരിയല്ലാത്തതിനാൽ നേരത്തെയുണ്ടായിരുന്ന ബിജെപി ബന്ധം ഇയാൾ തുടരുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തു വരികയും ഇയാൾ പാർട്ടി പരിപാടികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക നേതൃത്വം നൽകുന്ന വിവരം. പതിയെ ഇയാൾ സി.പി. എം അനുഭാവം നിലനിൽപ്പിനായി കാണിച്ചിരുന്നുവെങ്കിലും കൈയിലിരുപ്പ് ശരിയല്ലാത്തതിനാൽ പാർട്ടി പ്രാദേശിക നേതൃത്വവും അടുപ്പിച്ചില്ലെന്നാണ് സൂചന.

തലശേരിയിൽ പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ സർക്കാരും വിവിധ പാർട്ടികളും പ്രതിരോധം ശക്തമാക്കിയപ്പോൾ പാറായി ബാബുവും ജാക്സണുമുൾപ്പെടെയുള്ള സംഘത്തിന് പഴയതു പോലെ പണകൊയ്ത്തു നടത്താൻ കഴിഞ്ഞിരുന്നില്ല. കർണാടകയിലെ ചില ബന്ധങ്ങളാണ് അവിടെ നിന്നും മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കൊണ്ടു വരാൻ ഇയാളെ സഹായിച്ചത്.അടവു തെറ്റിയ വാഹനങ്ങളുടെ സി.സി. പിടിക്കാനും മയക്കുമരുന്ന് വിൽപന നടത്താനുമായി എന്തിനും പോന്ന വൻഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ പാറായി ബാബുവിന്റെ കൂടെയുണ്ട്.

കൊലനടന്ന ഉടൻ ഇയാളെ കർണാടകയിലെ വീരാജ് പേട്ടവഴി മുങ്ങാൻ സഹായിച്ചത് ഇവരാണ്. ഇവരിൽ മൂന്നു പേരെ പൊലിസ് വാഹനത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്. തലശേരി ഇല്ലിക്കുന്നിലെ വിജനമായ വനപ്രദേശം കേന്ദ്രീകരിച്ചാണ് പാറായി ബാബുവും ംഘവും പ്രവർത്തിച്ചിരുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിന്റെ അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നുവെങ്കിലും പൊലിസ് പോലും ഇയാളുടെ സങ്കേതത്തിൽ കയറാൻ മടിച്ചിരുന്നു.

പാറായി ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന കഞ്ചാവുവിൽപ്പനയെ ചോദ്യം ചെയ്തതിനാണ് കൊല്ലപ്പെട്ട സി.പി. എം പ്രവർത്തകൻ ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദ്ദിച്ചത്. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഷമീറിനെയും ഭാര്യാസഹോദരനും മത്സ്യത്തൊഴിലാളിയുമായ ഖാലിദിനേയും മറ്റും ഒത്തുതീർപ്പിന് എന്ന് പറഞ്ഞ് ജാക്സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കുകയായിരുന്നു. പൊലിസ് കേസാവുമെന്ന് തോന്നിയതിനാൽ ഒത്തുതീർപ്പിനെത്തിയതായിരുന്നു ലഹരിമാഫിയ സംഘം.

തുടർന്നുണ്ടായ വാക്തർക്കത്തിനിടെ, പകോപിതനായി കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്സൺ ഖാലിദിനെ കുത്തുകയായിരുന്നു. ഇതുതടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേൽക്കുകയായിരുന്നു.ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്.ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ നൽകിയ മരണമൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP