Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ചതിയിലൂടെ ആദ്യം വീഴ്‌ത്തിയത് അച്ഛൻ തന്നെ! പറശ്ശിനിക്കടവിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മനോനില പോലും മാറ്റിമറിച്ചത് പിശാചായി മാറിയ പിതാവിന്റെ ലൈംഗികവൈകൃതം; കേസിലെ പ്രതികളിൽ സിപിഎമ്മുകാരനടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജനനേതാക്കൾ; പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ വന്നാലും പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളിൽ ചൂഷണത്തിന് ഒത്താശ

ചതിയിലൂടെ ആദ്യം വീഴ്‌ത്തിയത് അച്ഛൻ തന്നെ! പറശ്ശിനിക്കടവിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മനോനില പോലും മാറ്റിമറിച്ചത് പിശാചായി മാറിയ പിതാവിന്റെ ലൈംഗികവൈകൃതം; കേസിലെ പ്രതികളിൽ സിപിഎമ്മുകാരനടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജനനേതാക്കൾ; പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ വന്നാലും പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളിൽ ചൂഷണത്തിന് ഒത്താശ

രഞ്ജിത്ത് ബാബു

കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് മാനേജർ ഉൾപ്പെടെ അഞ്ച് പേരെ തളിപ്പറമ്പ് പൊലീസിന്റെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവുൾപ്പെടെ ഈ കേസിൽ 19 പ്രതികളാണുള്ളത്. പഴയങ്ങാടി മാട്ടൂൽ സ്വദേശി കെ.വി. സന്തോഷ്, കുറുമാത്തൂർ സ്വദേശി ഇ.പി. ഷംസുദ്ദീൻ, നടുവിലെ കിഴക്കെ പറമ്പിൽ അയൂബ്, ശ്രീകണ്ഠാപുരം പരിപ്പായിലെ വി സി. ഷബീർ, പറശ്ശിനി പാർക്ക് മാനേജർ പവിത്രൻ എന്നിവരെയാണ് ഇന്ന് ഉച്ചയോടെ അറസ്റ്റിലായത്. പവിത്രനൊഴികെയുള്ള നാലുപേരും ലോഡ്ജിൽ വെച്ച് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പവിത്രൻ ലോഡ്ജിൽ സൗകര്യമൊരുക്കിയ കേസിലും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന നേതാക്കളടക്കം കൂട്ടബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മുഖ്യപ്രതി സന്ദീപ് ഇടതു പക്ഷ പ്രവർത്തകനാണ്.

തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയിൽ സ്വദേശി നിഖിൽ, ആന്തൂർ സ്വദേശികളായ സലിം, മിഥുൻ, മൃദുൽ, മാട്ടൂലിലെ ജിതിൻ, തൃശ്ശൂർ സ്വദേശി മജ്ലിസ് മജ്നു, പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ആകെ പതിനഞ്ച് കേസുകളിലായി 19 പ്രതികളാണുള്ളത്. മൂന്നെണ്ണം കൂട്ട ബലാത്സംഗവും മൂന്നെണ്ണം ലൈംഗിക പീഡനവുമാണ്.

തളിപ്പറമ്പ് പൊലീസ് കൂട്ട ബലാത്സംഗത്തിനാണ് കേസെടുത്തിട്ടുള്ളത്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ അഞ്ചും പഴയങ്ങാടിയിൽ രണ്ടും എടക്കാട് കുടിയാന്മല എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൈതൽ മലയിൽ വെച്ചും കോൾമൊട്ടയിലെ വാടക ക്വാട്ടേഴ്‌സിലും മാട്ടൂലിൽ വെച്ചും പെൺകുട്ടിയെ ഇവർ വെവ്വേറെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മുഴുവൻ പ്രതികളും വിവാഹിതരാണ്.

മാതാപിതാക്കളും പെൺകുട്ടിയും സഹോദരനും അടങ്ങുന്ന കുടുംബത്തിൽ പിതാവാണ് പതിമൂന്നാമത്തെ വയസ്സിൽ കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. വാടക വീട്ടിലെ കുളിമുറിയിൽ ഇയാൾ ദ്വാരമുണ്ടാക്കി മകളുടെ നഗ്‌നത ആസ്വദിച്ചതായും വിവരമുണ്ട്. മകളിൽ സംശയം ജനിച്ചതോടെ അമ്മ മുറിയിലിട്ട് പൂട്ടാറുണ്ടായിരുന്നു. എന്നാൽ പിതാവ് മുറി തുറന്നും കുട്ടിയെ ഇംഗിതത്തിന് വിധേയമാക്കിയിരുന്നു. പതിനാറ് തവണ പിതാവ് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയ മൊഴി. ഇതിനിടെ പെൺകുട്ടി കാഞ്ഞങ്ങാട്ടെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ചില സംശയത്തെ തുടർന്ന് രണ്ട് വിദ്യാലയങ്ങളിൽ നിന്ന് പെൺകുട്ടിയെ ഒഴിവാക്കി. പിതാവിന്റെ ഭാഗത്തു നിന്നുണ്ടായ ലൈംഗികാതിക്രമം പെൺകുട്ടിയുടെ മാനസിക നില തന്നെ മാറ്റി മറിച്ചു. ഇതേ തുടർന്നാണ് 20 ലേറെ പേർക്ക് പെൺകുട്ടിയെ വശീകരിക്കാൻ കഴിഞ്ഞത്.

പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളിൽ ജീവനക്കാരുടെ ഒത്താശയോടെ സദാചാര പ്രവർത്തികൾ നടന്നുവരുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. സ്‌കൂൾ യൂണിഫോമിൽ രണ്ട് തവണ പെൺകുട്ടി എത്തിയപ്പോഴും ലോഡ്ജിൽ മുറി നൽകി. പീഡനത്തിനിരയായ പെൺകുട്ടിയേയും കൂട്ടി യുവാക്കൾ രണ്ട് തവണ ഇവിടെ പറശ്ശിനി പാർക്ക് എന്ന ലോഡ്ജിൽ വന്നിരുന്നു. സ്‌ക്കൂൾ യൂണിഫോമിൽ യുവാക്കൾക്കൊപ്പം ലോഡ്ജിൽ എത്തിയിട്ടും മുറി അനുവദിച്ചതും പൊലീസിനെ വിവരം അറിയിക്കാത്തതും ഗുരുതരമായ തെറ്റാണ്. അതിനാൽ ലോഡ്ജ് ഉടമക്കെതിരേയും കേസെടുത്തു.

അതിനിടെ, കേസിൽ, മുഴുവൻ പ്രതികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മാർച്ച് നടത്തി. കേസിൽ ഡി.വൈ. എഫ്. ഐ ക്കാർ ഉൾപ്പെടെയുള്ള ഭരണകക്ഷി യുവ നേതാക്കൾ പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് സ്റ്റേഷൻ മാർച്ച്. ഇത് ഏറെ നേരം പൊലീസുമായി സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പൊലീസ് തന്നെ പ്രതികളെ സംരക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുകയും അല്പനേരം വാക് തർക്കത്തിലും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. ഒടുവിൽ സിഐ.യുടെ ഉറപ്പിനെ തുടർന്ന് സമരക്കാർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം ഉയർത്തി.

പറശിനിക്കടവിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതികൾക്കെതിരേ കർശന നടപടിയാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാക്കൾ തളിപ്പറമ്പ് ഡിവൈഎസ്‌പിയെ കണ്ടു. ഇന്നലെ ഉച്ചയ്ക്ക് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ഡിവൈഎസ്‌പി കെ.വി. വേണുഗോപാലിനെ ഓഫീസിലെത്തി കണ്ടത്. കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷിക്കാൻ ഭരണകക്ഷിയിൽ നിന്നും സമ്മർദമുള്ളതായി ആക്ഷേപമുയർന്നിരുന്നു. രാഷ്ട്രീയത്തിനതീതമായി പ്രതികൾക്കെതിരേ കർശനമായ നടപടി വേണം. ഒരു കാരണവശാലും കുറ്റവാളികൾ ആരും തന്നെ രക്ഷപ്പെടരുത്. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടു. കേസിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്‌പിയും വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സരസ്വതി, വത്സല പ്രഭാകരൻ, പി.പി. വത്സല, കുഞ്ഞമ്മ തോമസ്, കെ.റഷീദ, ദീപ രഞ്ജിത്, കെ.നിഷ എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP