Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സജിതയുടെ ഭർത്താവിന് ഉറക്കഗുളിക പ്രഭാത ഭക്ഷണത്തിൽ നൽകി ഓഫീസിൽ പോകുമ്പോൾ ബൈക്ക് അപകട മരണം സൃഷ്ടിക്കക്കാൻ പ്ലാൻ എ; അത്താഴത്തിൽ ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ പ്ലാൻ ബി; യുകെയിൽ നിന്നും നാട്ടിലെത്തുന്ന ടിസിന്റെ ഭാര്യയെ അപകടത്തിൽ കൊലപ്പെടുത്താൻ പ്ലാൻ സി; ബ്രിട്ടനിൽ പോയി അടിപൊളി ജീവിതം നയിക്കാൻ ടിസിനും സജിതയും തയ്യാറാക്കിയത് ബൃഹദ് പദ്ധതികൾ ഇങ്ങനെ; പ്ലാൻ ബി മാത്രം വിജയകരമായി നടപ്പായപ്പോൾ കാമുകി അകത്തും കാമുകൻ പുറത്തുമായി

സജിതയുടെ ഭർത്താവിന് ഉറക്കഗുളിക പ്രഭാത ഭക്ഷണത്തിൽ നൽകി ഓഫീസിൽ പോകുമ്പോൾ ബൈക്ക് അപകട മരണം സൃഷ്ടിക്കക്കാൻ പ്ലാൻ എ; അത്താഴത്തിൽ ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ പ്ലാൻ ബി; യുകെയിൽ നിന്നും നാട്ടിലെത്തുന്ന ടിസിന്റെ ഭാര്യയെ അപകടത്തിൽ കൊലപ്പെടുത്താൻ പ്ലാൻ സി; ബ്രിട്ടനിൽ പോയി അടിപൊളി ജീവിതം നയിക്കാൻ ടിസിനും സജിതയും തയ്യാറാക്കിയത് ബൃഹദ് പദ്ധതികൾ ഇങ്ങനെ; പ്ലാൻ ബി മാത്രം വിജയകരമായി നടപ്പായപ്പോൾ കാമുകി അകത്തും കാമുകൻ പുറത്തുമായി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പ്ലാൻ എയും പ്ലാൻ ബിയും കൂടാതെ പ്ലാൻ സിയും ഒരുക്കിയാണ് യുകെ മലയാളി ആയിരുന്ന ടിസനും ദിവസങ്ങൾ കൊണ്ട് പരിചയെപ്പെട്ട് അസാധാരണ ബന്ധത്തിലേക്കെത്തിയ കാമുകി സജിതയും ചേർന്ന് ഭാവിയിലേക്കായി സജ്ജമാക്കിയത്. പ്ലാൻ എ അനുസരിച്ചു സജിതയുടെ ഭർത്താവ് പോൾ വർഗീസിന് ഉറക്ക ഗുളിക പ്രഭാത ഭക്ഷണത്തിൽ നൽകി രാവിലെ ജോലിക്കു ബൈക്കിൽ പോകുമ്പോൾ അപകട മരണം സൃഷ്ടിക്കൽ. പ്ലാൻ ബി അനുസരിച്ചു അത്താഴത്തിൽ ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുക. പ്ലാൻ സി പ്രകാരം യുകെയിൽ നിന്നും നാട്ടിൽ എത്തുന്ന ടിസന്റെ ഭാര്യയെ അപകടത്തിൽ കൊലപ്പെടുത്തുക. ശേഷം കാമുകനും കാമുകിയും ഒന്നിച്ചു യുകെയിൽ എത്തി സുഖമായി കഴിയുക. ഇതിൽ പ്ലാൻ ബി മാത്രം വിജയകരമായി നടപ്പായപ്പോൾ കാമുകി അകത്തും കാമുകൻ പുറത്തും. പ്ലാൻ എ യും പ്ലാൻ സി യും സംബന്ധിച്ച വിവരങ്ങൾ പുറം ലോകം അറിയുന്നത് പൊലീസ് നടത്തിയ ചോദ്യം ചെയ്യൽ വിവരം വഴിയും.

എട്ടു വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പ്രതികളിലേക്കു പൊലീസ് എത്തിയ വഴികൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബൈജു പൗലോസ് വിവരിക്കുകമ്പോൾ സിനിമ തിരക്കഥകളെ വെല്ലുന്ന മട്ടിലാണ് കാമുകനും കാമുകിയും ചേർന്ന് കൃത്യമായ പ്ലാനിങ് നടത്തി കൊലപാതകം വിജയകരമാക്കിയത് . എന്നാൽ അവശേഷിച്ച പ്ലാനുകൾ പൊലീസിന്റെ ബുദ്ധിപൂർവമായ ചോദ്യം ചെയ്യലിൽ പൊളിയുകയും പ്രതികളെ നിയമത്തിനു മുന്നിൽ എത്തിച്ചു അർഹമായ ശിക്ഷ ലഭിക്കാൻ കാരണമാകുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴും തുല്യ പങ്കാളിത്തം ഉണ്ടെന്നു കരുതപ്പെടുന്ന രണ്ടാം പ്രതി ടിസൻ ശിക്ഷ ലഭിക്കാതെ പുറത്തു വന്നത് പൊലീസിന് നേരിട്ട വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ടെകിലും അപ്പീൽ നൽകി കൂടുതൽ സൂക്ഷമമായി കേസിനെ കൈകാര്യം ചെയ്തു ടിസനെയും അഴി എണ്ണിക്കാം എന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.

നാട്ടുകാർക്ക് വെറും സാധാരണക്കാരിയായ വീട്ടമ്മയായിരുന്നു സജിത. കാര്യമായ ആഡംബരമോ വർത്തമാനങ്ങളോ ഇല്ലാത്ത വെറും നാടൻ പെണ്ണ്. അത്യാവശ്യം വീട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന ഇവൾ ഇങ്ങനെ ഒരു കൊലപാതകം ചെയ്യുമോ? നാട്ടുകാരോടൊപ്പം ആദ്യം മണിക്കൂറുകളിൽ പൊലീസിനും അങ്ങനെ തോന്നി. ഒരു പക്ഷെ സാധാരണ മരണമായി ഒതുങ്ങേണ്ടിയിരുന്ന കേസ് കൂടിയാണ്. ഉറക്കത്തിൽ മരിച്ചതായി പറയാൻ ഉദ്ദേശിച്ചെങ്കിലും ബന്ധുക്കൾ ഉടൻ പോൾ വർഗീസിനെ ആശുപത്രിയിൽ എത്തിക്കുകയും കഴുത്തിൽ കണ്ട പാടുകൾ മൂലം സംശയം തോന്നിയ ഡോക്ടർമാർ മൃതദേഹം പോസ്റ്റുമോർട്ടത്തിന് എടുക്കുകയും ചെയ്തിടത്താണ് ആദ്യ പ്ലാൻ പൊളിയുന്നത്. പിന്നീട് സജിത പോലും അറിയാതെ അവരുടെ വായിൽ നിന്നും പല വിധത്തിൽ മരണത്തെ കുറിച്ചുള്ള സൂചനകൾ പുറത്തു ചാടി തുടങ്ങി. പോൾ വർഗീസിന്റെ ബന്ധുക്കളും തുടക്കത്തിലേ കൊലപാതകത്തിലേക്ക് സംശയം ഉന്നയിച്ചതും പൊലീസിന് അവഗണിക്കാനായില്ല.

ആദ്യം പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ പോലും സജിത മടിച്ചിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയോട് കാണിക്കേണ്ട സ്വാഭാവിക പരിഗണന പൊലീസിന് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. എന്നാൽ ഈ സംശയം മറച്ചു വച്ചപ്പോഴും പൊലീസിന്റെ കണ്ണുകൾ സജിതയുടെയും ടിസന്റെയും പിന്നാലെ തന്നെ ആയിരുന്നു. സജിത വീട്ടിൽ ഉള്ളപ്പോൾ പുറത്തു നിന്നൊരാൾക്ക് വീട്ടിൽ എത്തി നിഷ്പ്രയാസം കൊലപാതകം നടത്തി മടങ്ങാൻ കഴിയില്ലെന്ന് പൊലീസിന് വക്തമായിരുന്നു. പൂർണ ആരോഗ്യവാനായ പോൾ വർഗീസിനെ നിഷ്പ്രയാസം വധിക്കാൻ സജിതക്ക് കഴിയില്ലെന്ന പൊലീസിന്റെ ചിന്തയും മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ സൂചനയും ഇല്ലാതിരുന്നതും മറ്റൊരാളിന്റെ സഹായ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയത്. പക്ഷെ അതാരായിരിക്കും എന്ന് പൊലീസിന് തുടക്കത്തിൽ ഒരു നിശ്ചയവും ഇല്ലായിരുന്നെന്നും സി ഐ ബൈജു പൗലോസ് ഓർമ്മിക്കുന്നു.

പ്രത്യേകിച്ചും വീട്ടുകാർക്കും നാട്ടുകാർക്കും നല്ലതു മാത്രം പറയാൻ ഉള്ള സ്ത്രീയുടെ ഭർത്താവ് മരിച്ച സാഹചര്യത്തിൽ അവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക എന്നത് മാനുഷിക നീതി അല്ലെന്നതും പൊലീസിനെ അലട്ടി. ചോദ്യം ചെയ്യാൻ എത്തിയ അസിസ്റ്റന്റ് കമ്മീഷണറോട് വരെ സജിത തട്ടിക്കയറിയിരുന്നു. തന്റെ കള്ളത്തരം ആരും അറിയാതിരിക്കാൻ പരമാവധി ബന്ധുക്കളോട് പോലും ദുഃഖം നടിച്ചു മിണ്ടാതിരിക്കുക എന്ന വഴിയാണ് ഇവർ സ്വീകരിച്ചത്. ഇതോടെ പൊലീസും വഴി മുട്ടിയ അവസ്ഥയിൽ എത്തിയിരുന്നു. എന്നാൽ പിന്മാറാൻ ഒരുക്കമല്ലാതിരുന്ന പൊലീസ് എങ്ങനെയും സാജിതയെ സംസാരിപ്പിക്കണം എന്ന നിശ്ചയത്തിൽ എത്തുകയും ചെയ്തു.

എന്നാൽ ഈ വിഷമ ഘട്ടം മറികടക്കാൻ പോളിന്റെ ബന്ധുവായ സ്ത്രീ വഴിയും പോളിന്റെ 'അമ്മ വഴിയും പൊലീസ് സജിതയുമായി സംസാരിക്കാൻ തുടങ്ങി. ഈ ഘട്ടത്തിൽ സജിത പലപ്പോഴും കാര്യങ്ങളിൽ സ്ഥിരത നൽകാതെ പറയാൻ തുടങ്ങി. നേരിട്ടുള്ള ചോദ്യം ചെയ്യൽ അല്ലാതെ പൊലീസ് നടത്തിയ ഈ നീക്കമായിരുന്നു കേസിലെ ആദ്യ നിർണായക ചുവട്. പുലർച്ചെ രണ്ടു മണിയോടെ ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റ താൻ ഭർത്താവ് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടെന്നും നാണക്കേട് ഒഴിവാക്കാൻ അടുക്കളയിൽ പോയി കത്തി എടുത്തു കയർ മുറിച്ചു കട്ടിലിൽ കിടത്തുക ആയിരുന്നെന്നും കഥ മെനഞ്ഞു. തുടർന്ന് കയർ അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞെന്നും വിശദീകരണമായി. ഇതോടെ കൊലയാളിയെ കുറിച്ച് തങ്ങൾക്കു കൃത്യമായ ധാരണ ആയിരുന്നെന്നും സി ഐ ബൈജു പൗലോസ് ഓർത്തെടുക്കുന്നു.

ഈ ഘട്ടത്തിൽ സജിതയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കാൻ തീരുമാനിച്ചു. സജിതയാകട്ടെ മൂന്നു സിം കാർഡുകൾ വരെ ഉപയോഗിച്ചിരുന്നതും പൊലീസിന്റെ ജോലി വർധിപ്പിച്ചു. എന്നാൽ ഒരു പ്രത്യേക നമ്പറിലേക്ക് സജിതയുടെ സംസാരം ഒരു മണിക്കൂറിലേറെ നീളുന്നത് പതിവായതു പൊലീസിന് പെട്ടെന്നു കണ്ടെത്താൻ കഴിഞ്ഞു. ആ നമ്പർ തേടിയുള്ള പൊലീസിന്റെ യാത്ര ചെന്നെത്തിയത് കോട്ടയം പാമ്പാടികാരൻ ടിസനിലേക്കാണ്. ഇരുവരും തമ്മിൽ എന്തോ ബന്ധം ഉണ്ടെന്നു ഇതോടെ പൊലീസിന് മനസ്സിലായി.

എന്നാൽ പൊടുന്നനെ സാജിതയെ അറസ്റ്റ് ചെയ്യുകയോ ടിസനെ ചോദ്യം ചെയ്താൽ യുകെ മലയാളിയായ ഇയാൾ പൊലീസ് വല ഭേദിച്ചു നാട് വിടും എന്നതിനാൽ യാതൊരു സംശയവും നൽകാതെ സദാ പൊലീസിന്റെ കണ്ണുകൾ ടിസനെ പിന്തുടർന്ന്. തിരക്കിട്ടു ചോദ്യം ചെയ്യാൻ ടിസനെ പൊലീസ് സമീപിക്കാതിരുന്നതും ഇരുവർക്കും സംശയിക്കപ്പെടുന്നു എന്ന തോന്നൽ സൃഷ്ട്ടിക്കാതിരിക്കാൻ കാരണമായി. പൊലീസ് തന്നെ വെറുതെ വിട്ടിരിക്കുന്നു എന്ന തോന്നൽ താത്കാലികമായി സജിതയ്ക്കുമുണ്ടായി. ഇതു തന്നെയായിരുന്നു പൊലീസിന് ആവശ്യം ഉണ്ടായിരുന്നതും .

പൊലീസിന്റെ സമർത്ഥമായ നീക്കങ്ങളിൽ ഇരുവരെക്കുറിച്ചും കൃത്യമായ ധാരണയിൽ വളരെ വേഗമെത്താൻ സാധിച്ചു. ഇതോടെ അറസ്റ്റിനുള്ള ശ്രമങ്ങളും തുടങ്ങി. ഒടുവിൽ ഇരുവരെയും ഒരേ ദിവസം അറസ്റ്റ് ചെയ്തു വെവ്വേറെ നടത്തിയ ചോദ്യം ചെയ്യലിൽ കിളി കിളി പോലെ ഉത്തരങ്ങൾ എത്തിയപ്പോൾ ഒരു നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുൾ നിവരുകയായിരുന്നു, അതും ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഭാര്യയുടെ കൈകൾ നടത്തിയ കൊലപാതകം. ഈ കേസിൽ വളരെ വേഗത്തിൽ പ്രതികളിലേക്കു എത്താൻ കഴിഞ്ഞ പൊലീസിന് ഒരാൾ ശിക്ഷിക്കപ്പെട്ടു ജയിലിൽ എത്തിയെങ്കിലും മറ്റെയാളെ കൂടി ജയിലിൽ എത്തിക്കാൻ ഉള്ള പണി ബാക്കിയാണ്. അതിനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാവുകയെന്നും അത് സംഭവിച്ചിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സി ഐ ബൈജു പൗലോസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP