Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായതോടെ തടിയൂരാൻ ഗണേശ് കുമാർ; നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് പറഞ്ഞ് എംഎൽഎം; കേസ് അട്ടിമറിക്കാൻ ദിലീപിന്റെ വലംകൈയായി നിന്ന ഗണേശ് അനുയായിയെ കൈവിട്ടത് മുന്നണിയിൽ എതിർപ്പു ശക്തമാകുന്നത് കണ്ട്

പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായതോടെ തടിയൂരാൻ ഗണേശ് കുമാർ; നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് പറഞ്ഞ് എംഎൽഎം; കേസ് അട്ടിമറിക്കാൻ ദിലീപിന്റെ വലംകൈയായി നിന്ന ഗണേശ് അനുയായിയെ കൈവിട്ടത് മുന്നണിയിൽ എതിർപ്പു ശക്തമാകുന്നത് കണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു സർക്കാറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രസ്റ്റീജ് കേസാണ് കൊച്ചിയിൽ നടിയാ ആക്രമിച്ച കേസ്. ഈ കേസിൽ നിന്നും ദിലീപിനെ രക്ഷിക്കാൻ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് ഒരു വിഭാഗം മലയാളി സിനിമാ താരങ്ങൾ. ഇതിനായി മുന്നിൽ നിന്നു കളിക്കുന്നത് ഇടതു എംഎൽഎ ഗണേശ് കുമാറാണ്്. തന്റെ ഓഫീസ് സെക്രട്ടറിയെ ഉപയോഗിച്ചു കൊണ്ടാണ് ഗണേശ് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പ്രദീപ് കുമാറിനെ ഇറക്കിലുള്ള പരിശ്രമങ്ങൾ ഇടക്ക് പാളിയത് പൊലീസ് കേസെടുത്തുതതോടയാണ്. ഈ കേസിൽ ഓഫീസ് സെക്രട്ടറി അറസ്റ്റിലായതോടെ അദ്ദേഹത്തെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഗണേശ്.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേശ് കുമാർ എംഎൽഎ അറിയിച്ചു. പരസ്യപ്രതികരണത്തിന് ഇല്ലെന്നും എംഎൽഎ പറഞ്ഞു. പത്തനാപുരത്തെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാർ കാസർകോട് ജൂവലറിയിൽ എത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

പ്രദീപ് കുമാർ കോട്ടത്തലയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് എത്തി പ്രദീപിനെ അറസ്റ്റു ചെയ്തത്. പ്രദീപിന്റെ അറസ്റ്റോടെ നെഞ്ചിടിപ്പു കൂടുന്നത് ദിലീപിനെ രക്ഷിക്കാൻ കളത്തിൽ ഇറങ്ങിയ സിനിമാ താരങ്ങൾക്കാണ്. കേസ് അട്ടിമറിക്കാൻ വേണ്ടി കൃത്യമായ ഗൂഢാലോചന ഉണ്ടെന്നെ ആക്ഷേപം ശക്തമായിരുന്നു. കേസിൽ അട്ടിമറി ശ്രമം തെളിഞ്ഞാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതി നിർബന്ധിതമായേക്കും.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സെഷൻസ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീർപ്പാക്കിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിന്റെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കെ.ബി. ഗണേശ്കുമാർ എംഎൽഎ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാർ കോട്ടത്തല.

2014-ലെ അർണേഷ് കുമാർ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം വാദിച്ചു. കൃത്യമായ കാരണം വ്യക്തമാക്കി പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യം അറസ്റ്റിനുശേഷം മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തണം. സി.ആർ.പി.സി. 41 (എ) പ്രകാരം നോട്ടീസ് നൽകി വിളിപ്പിച്ച പ്രതിയെ അത്യപൂർവമായി മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. നോട്ടീസ് ലഭിച്ചപ്പോൾ പ്രതി പൊലീസ് മുമ്പാകെ ഹാജരായി മൊഴി നൽകിയെന്നും അന്വേഷണവുമായി സഹകരിച്ചെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ട് കോടതി പരിഗണിച്ചില്ല.

മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ദിനേശ് കുമാറും പ്രതിഭാഗത്തിനായി പി. പ്രേമരാജനും ഹാജരായി. മൊഴി മാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാർ മാപ്പുസാക്ഷിയായ വിപിൻ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ആരേയും കാണാൻ സാധിച്ചില്ല. തുടർന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ച് അമ്മാവൻ ജോലി ചെയ്യുന്ന കാസർകോട് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈൽ ഫോണിൽ നിന്ന് വിപിൻ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാർ ഉന്നയിച്ചു.

തുടർന്ന് വിവിധ തരത്തിലുള്ള ഭീഷണിക്കത്തുകളും ഭീഷണികളും വിപിൻ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബർ മാസത്തിൽ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രദീപ് കുമാർ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.

അതിനവിടെ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്. പ്രതിഭാഗത്തെ അനുകൂലിച്ചാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നൽകുമെന്ന വാഗ്ദാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു സാക്ഷി കൂടി രംഗത്തുവന്നിരുന്നു. തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസണാണ് തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നു കാണിച്ചു പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസർ ആണ് വിളിച്ചതെന്ന് പരാതിക്കാരന്റെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരൻ ആയിരുന്നു ജിൻസൺ.

അതേസമയം നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്നലെ രാജിവെച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. നടിയെ ആക്രമിച്ച കേസ് ഇന് 26ന് ആണ് പരിഗണിക്കുക. ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങി കിടക്കുകയായിരുന്നു. വിചാരണ കോടതി പക്ഷപാതിത്വം കണിക്കുന്നുവെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിസ്താര നടപടികൾ മുടങ്ങിയത്. കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP