Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്‌കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം

കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്‌കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂർ പൂയപ്പള്ളി കാറ്റാടി ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാംദിവസവും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചില്ല. കൃത്യത്തിനു പിന്നിലെ ലക്ഷ്യവും ദുരൂഹമായി തുടരുകയാണ്. പ്രതിയെ കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടിക്കുമെന്നും മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ പ്രതികളിലേക്ക് ഇനിയും പൊലീസിന് എത്താനായില്ലെന്നതാണ് യാഥാർത്ഥ്യം. പ്രതികൾ കേരളം വിട്ടുകാണില്ലെന്ന പുതിയ പ്രതികരണവും മന്ത്രി നടത്തുന്നു. എന്നാൽ പ്രതികൾ കേരളം വിടാനാണ് സാധ്യതയെന്ന വിലയിരുത്തലും സജീവമാണ്.

അതിനിടെ അന്വേഷണം കൊല്ലം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചു. പ്രതികൾക്കായി പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽ പരിശോധന തുടരുന്നുണ്ട്. ഓയൂരിൽനിന്നു കുട്ടിയുമായി കാറിൽ 10 കിലോമീറ്റർ അകലെ ചാത്തന്നൂരിനടുത്തേക്കെത്തുന്ന പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഈ ദൃശ്യങ്ങൾ നിർണായകമാണ്. സംഘാംഗമായ യുവതി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തിന്റെ പരിസരം ഇന്നലെ പൊലീസ് അരിച്ചു പെറുക്കി. എന്നാൽ, കുട്ടിയുമായി നഗരത്തിലെത്തിയെന്നു പറയുന്ന നീല നിറത്തിലുള്ള വാഹനമോ ഇവർ തങ്ങിയെന്നു പറയുന്ന വീടോ കണ്ടെത്താനായില്ല. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു തെളിഞ്ഞു. ഇതു നിർമ്മിച്ചു നൽകിയവർക്കായും തിരച്ചിൽ തുടങ്ങി.

കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് അപ്പപ്പോൾ നിർദേശങ്ങൾ നൽകാൻ പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുമായി സഞ്ചരിച്ച കാറിലുള്ളവർക്ക് പൊലീസിന്റെ നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്‌കോർട്ട് സംഘവും ഉണ്ടായിരുന്നു. കുട്ടിയുമായി രാത്രിയിൽ സംഘം കൊല്ലം നഗരത്തിനടുത്ത് എവിടെയോ തങ്ങിയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ മൂക്കിനുകീഴിൽത്തന്നെ കുട്ടിയെ ഉപേക്ഷിച്ചു കടന്ന സ്ത്രീയെ പോലും ആ സമയം കണ്ടെത്താനായില്ല. പ്രതികൾ സഞ്ചരിച്ച റൂട്ടുപോലും ക്യാമറ പരിശോധനയിലൂടെ ഇനിയും വ്യക്തമായിട്ടില്ല. പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെടാൻ ഉപയോഗിച്ച ഫോണിന്റെ ഉടമയിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രവും വെറുതയായി. ആ രേഖാ ചിത്രവുമായി ഏറെ സാമ്യമുള്ള മോഷ്ടാവിനെ ചോദ്യം ചെയ്‌തെങ്കിലും ഫലം കണ്ടില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും പരാജമാകുകയാണ് അന്വേഷണം. സ്ത്രീയുടെ രേഖാ ചിത്രം പുറത്തു വിട്ടെങ്കിലും അതും തുമ്പായി മാറുന്നില്ല. ആ സ്ത്രീയാണോ ഓയൂരിലെ കുട്ടിയെ കൊണ്ടു പോയതെന്ന് പോലും പൊലീസിന് അറിയില്ല.

സഹോദരനൊപ്പം ട്യൂഷൻ ക്‌ളാസിലേക്ക് പോകുകയായിരുന്ന ആറു വയസ്സുകാരിയെ തിങ്കളാഴ്ച വൈകീട്ടാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. രാത്രി ഏഴരയോടെ ഫോണിൽ ആദ്യം അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊല്ലം ലിങ്ക് റോഡിൽനിന്ന് ഓട്ടോറിക്ഷയിൽ കയറ്റി 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഉടൻതന്നെ തൊട്ടടുത്തെ താമസക്കാരനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഷാജഹാൻ സ്റ്റേഷനിൽ അറിയിച്ചിരുന്നു. എന്നിട്ടും ആ സ്ത്രീയെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചില്ല. കൊല്ലം നഗരത്തിലെ ഒരു സിസിടിവിയിലും ആ സ്ത്രീ പതിഞ്ഞതുമില്ല.

സംഭവത്തിനുപിന്നിൽ ക്വട്ടേഷൻ സംഘമാണോ, വീടുമായി അടുത്ത ബന്ധമുള്ളവരാണോ, കുട്ടിയുടെ അച്ഛന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടോ തുടങ്ങിയ വഴികളിലൂടെയെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട ഫോൺകോളിലെ ശബ്ദത്തിന് നേരത്തേ ചില സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലിൽ കഴിഞ്ഞ സ്ത്രീയുടെ ശബ്ദവുമായി സാമ്യംതോന്നുന്നെന്ന വിവരവും ചിലർ പൊലീസിൽ അറിയിച്ചിരുന്നു. ആ വഴിക്കും അന്വേഷണം നടക്കുന്നു. പക്ഷേ ഒന്നും സ്ഥിരീകരിക്കാൻ കഴിയുന്നില്ല.

ഇതിനിടെ പള്ളിക്കലിനടുത്ത് മൂതലയിൽ ഒരു വെളുത്ത കാർ ഒറ്റയ്ക്കുനിന്ന കുട്ടിയുടെ അടുത്തു നിർത്താൻ ശ്രമിച്ചതും ആളുകൾ വരുന്നതുകണ്ട് വേഗംകൂട്ടിയതും പരാതിയായി പൊലീസിനു മുന്നിലെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് കുറച്ചുസമയം മുമ്പാണ് ഇതുനടന്നത്. ഇതും പൊലീസ് അന്വേഷിക്കുന്നു. ഇതിനൊപ്പം സംഘമുക്കിൽ അന്ന് രാവിലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP