Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റമശേരിയിൽ കണിച്ചുകുളങ്ങര മോഡൽ ഇരട്ടക്കൊല നടത്തിയ പോൾസണും തുമ്പി ഷിബുവും പൊലീസിന്റെ ഹിറ്റ് ലിസ്റ്റിലുള്ളവർ; വധഭീഷണിയുണ്ടെന്നു പരാതിപ്പെട്ട ജോൺസണെ തെരഞ്ഞ് കുപ്രസിദ്ധ ഗുണ്ടകൾ ഒരാഴ്ച കറങ്ങി നടന്നിട്ടും പൊലീസിനു രക്ഷിക്കാനായില്ല

ഒറ്റമശേരിയിൽ കണിച്ചുകുളങ്ങര മോഡൽ ഇരട്ടക്കൊല നടത്തിയ പോൾസണും തുമ്പി ഷിബുവും പൊലീസിന്റെ ഹിറ്റ് ലിസ്റ്റിലുള്ളവർ; വധഭീഷണിയുണ്ടെന്നു പരാതിപ്പെട്ട ജോൺസണെ തെരഞ്ഞ് കുപ്രസിദ്ധ ഗുണ്ടകൾ ഒരാഴ്ച കറങ്ങി നടന്നിട്ടും പൊലീസിനു രക്ഷിക്കാനായില്ല

ആലപ്പുഴ: ചേർത്തലയിലെ ഒറ്റമശേരിയിൽ ടിപ്പർ ലോറി കയറ്റി മൽസ്യത്തൊഴിലാളികളായ ജോൺസൺ, സുബിൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസിന്റെ കരുതൽ തടങ്കലിലുള്ളവർ. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പോൾസൺ കാപ്പ നിയമം ചുമത്തി ജയിലിലായ കരുതൽ കുറ്റവാളി.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾ അരൂർ പട്ടണക്കാട് മേഖലയിൽ ക്വട്ടേഷൻ സംഘത്തലവനാണ്. ഒൻപതംഗ സംഘമാണ് പോൾസണിന്റെ കരുത്ത്. എന്തിനും ഏതിനും ചാടിപ്പുറപ്പെടുന്ന സംഘത്തിന് മയക്കുമരുന്നിന്റെ വ്യാപനവും വില്പനയുമാണ് മുഖ്യതൊഴിൽ. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കുത്തിയതോടും ചേർത്തലയിലും ജില്ലയിലെ മറ്റു സ്‌റ്റേഷനുകളിലും നിലനിൽക്കുന്നുണ്ട്. കാപ്പ ചുമത്തി ജയിലിൽ കഴിയുമ്പോഴാണ് മൂന്നുവർഷങ്ങൾക്ക് മുമ്പ് തന്റെ അനുജനുമായി പള്ളിമുറ്റത്ത് വഴക്കുണ്ടാക്കിയ ജോൺസണെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയത്. കഴിഞ്ഞ മാസം ജയിലിൽനിന്നും പുറത്തിറങ്ങിയ പോൾസൺ ഇതിനായി ്രൈഡവറും ഗുണ്ടാസംഘത്തലവനുമായ തുമ്പി ഷിബുവിനെ സഹായത്തിന് കൂട്ടുകയായിരുന്നു.

കൂട്ടാളികൾ തുമ്പി എന്നു വിളിക്കുന്ന ഷിബുവിനും ഏഴോളം കേസുകൾ ചേർത്തല സ്‌റ്റേഷനിലുണ്ട്. 2010ൽ തണ്ണീർമുക്കം സ്വദേശി സെന്തിൽകുമാറിനെ ചവിട്ടിക്കൊന്ന സംഭവത്തിൽ അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണിയാൾ. ചേർത്തല ബസ് സ്റ്റാൻഡിലെ വ്യാപാരി മുഹമ്മ സ്വദേശി സന്ദീപിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ വിചാരണ നേരിടുകയാണ്. കാളികുളത്ത് പെട്ടി ഒട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് ഇയാളെ തെരയുന്നതിന്റെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്തുവച്ച് സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ സി ഐയെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു. ഇയാളുടെ പേരിൽ ജില്ലയിലെ മറ്റ് സ്‌റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.

ഒറ്റമശേരി ഇരട്ട കൊലപാതകത്തിനുശേഷം പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കൊല്ലം ചവറ സ്വദേശി ഷിബുവെന്നാണ് പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ പൊലീസ് തെരയുന്ന ചേർത്തല സ്വദേശി തുമ്പി ഷിബുവാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തിലെ മുഖ്യ പ്രതികളായ ടാനിഷ്, അജീഷ്, ബിജീഷ്, പോൾസൺ എന്നിവരെ പൊലീസ് തെരയുകയാണ്. ഇവരെ പിടികൂടാൻ പൊലീസ് സമൂഹമാദ്ധ്യമങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്കുന്ന കുത്തിയതോട് സിഐ കെ.ആർ.മനോജ് ആണ് തന്റെ വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് എന്നിവയിലൂടെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

അപകടത്തിൽ കൊല്ലപ്പെട്ട പട്ടണക്കാട് സ്വദേശി ജോൺസൺ തന്റെ ജീവന് സംരക്ഷണം നൽകണമെന്ന് കാണിച്ച് ചേർത്തല പൊലീസിനു നൽകിയ പരാതിയിൽ പൊലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല. നേരത്തെ ജോൺസണും അയൽവാസിയുമായ ടാനീഷുമായി പള്ളിമുറ്റത്തു നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോൺസണെ കൊല്ലാൻ തക്കം പാർത്തവർ ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടകളായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുക്കുകയും ചെയ്തു. ഇതിൽ തീരമേഖലയിൽ കടുത്ത അമർഷം പുകയുകയാണ്. പോൾസണിന്റെ സഹോദരനാണ് ടാനിഷ് എന്നാണ് സൂചന.

ലോറി തട്ടി യുവാക്കൾ മരിച്ചെന്ന വിവരം പുറത്തറിഞ്ഞിട്ടും പൊലീസ് കാര്യങ്ങൾ ഗൗരവത്തിൽ എടുത്തില്ല. ലോറി ഇടിപ്പിച്ചശേഷം വണ്ടിവിട്ടുപോയ ഡ്രൈവർ ഷിബുവിനെ കിലോമീറ്റോളം പൊലീസും നാട്ടുകാരും പിന്തുടർന്നു പിടികൂടുകയായിരുന്നു. സ്‌റ്റേഷനിൽ സുപരിചിതനായ ഷിബുവിനെ തിരിച്ചറിയാനോ നിജിസ്ഥിതി മനസിലാക്കാനോ പൊലീസ് ശ്രമിച്ചില്ല. പത്രങ്ങളിൽ വന്ന വാർത്തകളുടെ ചുവടുപിടിച്ചാണ് അപകടം കണിച്ചുകുളങ്ങര മോഡൽ ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് പൊലീസ് പറഞ്ഞത്.

പട്ടണക്കാട് പഞ്ചായത്ത് 17ാം വാർഡ് കാട്ടുങ്കൽ തയ്യിൽ യോഹന്നാന്റെ മകൻ ജോൺസൺ(40), 19ാം വാർഡിൽ കളത്തിൽ പാപ്പച്ചന്റെ മകൻ ജസ്റ്റിൻ സൈറസ്(27) എന്നിവരാണ് തീരദേശ റോഡിൽ ഒറ്റമശേരിക്കു സമീപം വെള്ളിയാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും പിന്നിൽനിന്നു വന്ന ലോറിയിടിച്ചു വീഴ്‌ത്തുകയായിരുന്നു. പിന്നീട് വാഹനം വീണ്ടും ഇവരുടെ ദേഹത്ത് കയറ്റി ഇറക്കി മരണം ഉറപ്പാക്കി. അപകടം നടന്ന സമയത്ത് നാട്ടുകാർ ഓടിക്കൂടിയതോടെ സംഭവസ്ഥലത്തു നിന്നും ലോറിയിലുണ്ടായിരുന്ന പോൾസൺ, സഹോദരൻ ടാനീഷ്, ചേർത്തല സ്വദേശികളായ വിജേഷ്,അജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച ലോറി കൊല്ലം കുണ്ടറ സ്വദേശി അബ്ദുൾ റസാഖിന്റേതാണ്. ചാലക്കുടിയിൽ വ്യാപാര കേന്ദ്രത്തിലെ മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന ലോറിയാണിത്.

ഒറ്റമശേരിയിൽനിന്നും പത്ത് കിലോമീറ്റർ ദൂരം മാത്രമാണ് കണിച്ചുകുളങ്ങരയിലേക്കുള്ളത്. ഇവിടെ ചിട്ടി കമ്പനികൾ തമ്മിൽ പകമൂത്ത് 2005 ൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സ്വാഭാവിക മരണമായി കണ്ടിരുന്ന അപകടം പിന്നീട് കൊലപാതകമായിരുന്നെന്ന് ബന്ധുക്കൾ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇതിലെ പ്രതികളിലൊരാൾക്ക് ആലപ്പുഴ കോടതി വധിശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. ഇതോടെയാണ് വാഹനമിടിച്ച് കൊല്ലുന്ന ക്വട്ടേഷൻ സംഘങ്ങളുടെ പദ്ധതിക്ക് കണിച്ചുകുളങ്ങര മോഡൽ കൊലപാതകമെന്ന പേര് കൈവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP