Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല, എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് കാരണം'; 11 വർഷം നീണ്ട പോരാട്ടം നടത്താൻ അമ്മ രാധയ്ക്ക് പ്രേരകമായത് വിദ്യയുടെ നോട്ടുബുക്കിലെ കുറിപ്പുകൾ; മാഹിൻകണ്ണിനെ ഒരിക്കൽ പോലും തിരക്കാതെ പൂവാർ പൊലീസും; ഊരൂട്ടമ്പലം കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

'എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല, എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് കാരണം'; 11 വർഷം നീണ്ട പോരാട്ടം നടത്താൻ അമ്മ രാധയ്ക്ക് പ്രേരകമായത് വിദ്യയുടെ നോട്ടുബുക്കിലെ കുറിപ്പുകൾ; മാഹിൻകണ്ണിനെ ഒരിക്കൽ പോലും തിരക്കാതെ പൂവാർ പൊലീസും; ഊരൂട്ടമ്പലം കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം: 11 വർഷത്തിന് ശേഷം സത്യം തെളിഞ്ഞിരിക്കുകയാണ്. പരഹരിക്കപ്പെടാതെ കിടക്കുന്ന മിസിങ് കേസുകളെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞത് പൂവച്ചലിൽ നിന്ന് കാണാതായ വിദ്യ(ദിവ്യ)യും മകളും കൊല്ലപ്പെട്ടെന്ന വിവരം. കുളച്ചൽ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം വിദ്യയുടേതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ ചിത്രങ്ങൾ നോക്കിയാണ് ഇത് ദിവ്യയുടേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസ് സൂക്ഷിച്ചിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് സംശയത്തിൽ അമ്മ രാധ നടത്തിയ പോരാട്ടമാണ് കേസ് തെളിയുന്നതിലേക്ക് നയിച്ചത്.

മിക്കവാറും മിസിങ് കേസുകളിൽ പൊലീസ് പറയാറുള്ളത്, ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കിൽ അവരെ വകവരുത്താൻ സാധ്യത ഏറെയെന്നാണ്. കാരണം തടങ്കലിൽ വച്ച് ദീർഘനാൾ മുന്നോട്ടുപോവുക ബുദ്ധിമുട്ടായതുകൊണ്ട് തന്നെ. ഇവിടെ വിദ്യയെയും മകൾ ഗൗരിയെയും ഒഴിവാക്കാൻ വേണ്ടി തമിഴ്‌നാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി കടലിൽ തള്ളിക്കൊലപ്പെടുത്തുകയായിരുന്നു മാഹിൻകണ്ണ്. തന്നെ മാഹിൻകണ്ണ് ഒരിക്കലും കൂടെ കൂട്ടില്ലെന്ന് ദിവ്യയ്ക്ക് തോന്നിയിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകൾ കിട്ടിയിട്ടുണ്ട്.

'അണ്ണൻ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്'. മാഹിൻകണ്ണിനെക്കുറിച്ച് മരിച്ച വിദ്യ നോട്ടുബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ ചന്തയിൽവച്ചാണ് വിദ്യ പരിചയപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുന്നതിനിടെ വിദ്യ പെൺകുഞ്ഞിനു ജന്മം നൽകി. പിന്നീടാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും പരസ്പരം വഴക്കിലാകുന്നതും. വിദ്യയെ ഒഴിവാക്കാൻ ഭാര്യയുമായി കൂടിയാലോചിച്ചാണു മാഹിൻകണ്ണ് കൊലപാതകം ആസൂത്രണം ചെയ്തത്.

''എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് (മാഹിൻകണ്ണ്) കാരണം' വിദ്യ നോട്ടുബുക്കിൽ എഴുതി. ഇതു കണ്ടാണ് വീട്ടുകാരുടെ സംശയം കൂടിയത്. വിദ്യയെ കാണാതായ 2011 ഓഗസ്റ്റ് 18ന് വിദ്യയുടെ അമ്മ രാധ നിരവധി തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മാഹിൻകണ്ണാണ് ഫോൺ എടുത്തത്. ഫോൺ വിദ്യയ്ക്കു കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലിൽനിന്നു ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി.

തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോൺ പിറ്റേന്നു രാവിലെയാണ് ഓൺ ആയത്. നാലാം ദിവസം കുടുംബം പരാതി നൽകി. തിരോധാനത്തിൽ മാഹിൻ കണ്ണിനെ സംശയമുണ്ടെന്നു പൊലീസിനോട് പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. വിദ്യ ആത്മഹത്യ ചെയ്യില്ലെന്നു കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഓട്ടോ കസ്റ്റഡിയിലെടുത്തെങ്കിലും മാഹിനെ വിട്ടയച്ചു. വിദ്യയെ തമിഴ്‌നാട്ടിൽ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിൻ പറഞ്ഞത്. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കാൻ പൂവാർ പൊലീസ് ശ്രമിച്ചില്ല. ഗുരുതരവീഴ്ചയാണ് ഇക്കാര്യത്തിൽ പൂവാർ പൊലീസ് വരുത്തിയത്.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത്. മാഹിൻ കണ്ണിന്റെ ആദ്യഭാര്യയ്ക്കും കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2011 ഓഗസ്റ്റ് 11നാണ് ദിവ്യയെയും മകളെയും കാണാതാകുന്നത്. കല്യാണം കഴിക്കാൻ ദിവ്യയും കുടുംബവും തുടർച്ചയായി നിർബന്ധിച്ചെങ്കിലും മാഹിൻ സമ്മതിച്ചില്ല. തുടർന്ന് മാഹിൻ വിദേശത്തേക്ക് പോയി.

കുഞ്ഞിന് ഒരുവയസ്സായപ്പോൾ മാഹിൻ തിരിച്ച് നാട്ടിലെത്തി. എന്നാൽ ദിവ്യയെ കാണാൻ കൂട്ടാക്കിയില്ല. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിൻ നാട്ടിലുണ്ടെന്ന വിവരം ദിവ്യയും കുടുംബവും അറിഞ്ഞത്. മാഹിൻ കണ്ണിനെ ദിവ്യ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മാഹിൻകണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോൺ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കായി. കാണാതാകുന്ന ദിവസം ദിവ്യയും മകളും വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ദിവ്യയുടെ അമ്മ രാധ, ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. ദിവ്യ ഫോണിൽ വിളിച്ചു മകൾക്കും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. ദിവ്യ തിരിച്ചെത്താത്തതിനെതുടർന്ന് കുടുംബം പൂവാർ സ്റ്റേഷനിൽ പരാതി നൽകി. ദിവ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൂവാർ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല.

വിദേശത്തേക്കു പോയ മാഹിൻ കണ്ണ് പിന്നീട് നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തിൽ പിതാവ് ജയചന്ദ്രൻ ആത്മഹത്യ ചെയ്തു. 2019ൽ കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. ദിവ്യയെ അറിയില്ലെന്നായിരുന്നു അദ്യം മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകൾ നിരത്തിയപ്പോൾ ദിവ്യയെ അറിയാമെന്നും ഓട്ടോയിൽ തമിഴ്‌നാട്ടിൽ ആക്കിയെന്നും പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. ദിവ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാൽ, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകുമ്പോൾ പൂവാർ സ്റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP