Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ആവർത്തിക്കരുത് ഈ അവയവക്കൊള്ള! ബില്ലടയ്ക്കാൻ പണമില്ലാതെ പാവങ്ങൾ കെഞ്ചിയപ്പോൾ ഭീഷണിപ്പെടുത്തി അവയവങ്ങൾ വാങ്ങിയ ആശുപത്രി മറുപടി പറയണം; സേലം വിനായക മിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജ്‌മെന്റിന്റെ അവയവ കൊള്ള അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ഇനി ആവർത്തിക്കരുത് ഈ അവയവക്കൊള്ള! ബില്ലടയ്ക്കാൻ പണമില്ലാതെ പാവങ്ങൾ കെഞ്ചിയപ്പോൾ ഭീഷണിപ്പെടുത്തി അവയവങ്ങൾ  വാങ്ങിയ ആശുപത്രി മറുപടി പറയണം; സേലം വിനായക മിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജ്‌മെന്റിന്റെ അവയവ കൊള്ള അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ചിറ്റൂർ: സേലത്ത് വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെ അശുപത്രി ബില്ലിന്റെ പേരിൽ ഭീഷണിപ്പെടുത്തി മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. മീനാക്ഷിപുരം നെല്ലിമേട് സ്വദേശി പേച്ചി മുത്തുവിന്റെ മകൻ മണികണ്ഠൻ വാഹനാപകടത്തിൽ പരിക്കേറ്റ് സേലം വിനായക മിഷൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചിരുന്നു. ഹോസ്പിറ്റൽ ബില്ലിന്റെ പേരിൽ ബന്ധുക്കളെ സമ്മർദ്ദത്തിലാഴ്‌ത്തി അവയവങ്ങൾ എടുത്തു മാറ്റുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ചികിത്സയുടെ മറവിൽ അവയവക്കച്ചവടമാണ് നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു.

എഡിഎമ്മിന്റെ നിർദ്ദേശ പ്രകാരം മരണപ്പെട്ട മണികണ്ഠന്റെ വീട് സന്ദർശിച്ച ചിറ്റൂർ തഹസിൽദാർ രമയോടും ഇതേ ആക്ഷേപം തന്നെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഉന്നയിച്ചത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ അവയവ മാഫിയ പ്രവർത്തനങ്ങളിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അതേ ആശുപത്രിയിൽ തന്നെ ചികിത്സയിലിരിക്കുന്ന മറ്റൊരു യുവാവിന്റെ നിലയും ഗുരുതരമാണ്. നെല്ലിമേട് സ്വദേശിയായ ആറുവിന്റെ മകൻ മണികണ്ഠനാണ് ചികിത്സയിലുള്ളത്. സ്വകാര്യ മെഡിക്കൽ കോളേജിന്റെ നിയമലംഘനത്തെക്കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ അറിയിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ച് ഒരു ദിവസം മുഴുവൻ യുവാവിനെ വെന്റിലേറ്ററിൽ സൂക്ഷിക്കുകയും അതിനിടെ 3 ലക്ഷം രൂപയുടെ ബില്ല് അടയ്ക്കാൻ ബന്ധുക്കളോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് നിവൃത്തിയില്ലാതായതോടെ അവയവങ്ങൾ നീക്കം ചെയ്ത് ബിൽ തുകയിൽ ഈടാക്കാമെന്നും ഇടനിലക്കാർ മുഖേന ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. സമ്മതപത്രം ഒപ്പിട്ടു നൽകിയതോടെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നുൾപ്പെടെ വിദഗ്ധ ഡോക്ടർമാരെത്തിയാണ് അവയവങ്ങൾ നീക്കം ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തരുതെന്ന നിബന്ധന നിലനിൽക്കെ പാതിരാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ആക്ഷേപങ്ങൾ അന്വേക്ഷിക്കണമെന്നും ചികിത്സയിലുള്ള യുവാവിനെ അടിയന്തിരമായി ഇവിടെ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻകുട്ടി മന്ത്രി എ.കെ ബാലന് കത്തുനൽകി.

വെള്ളിയാഴ്‌ച്ചയാണ് അപകടം സംഭവിച്ചത്. ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ചിരുന്ന ടവേര കാർ സേലത്തിനു സമീപം കള്ളിക്കുറിശ്ശിയിൽ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവരുൾപ്പെടെ 7 പേർ ഉണ്ടായിരുന്ന സംഘത്തിലെ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തു തന്നെയുള്ള ഗവ.ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി 120 കിലോമിറ്റർ അപ്പുറത്തുള്ള വിനായക ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആംബുലൻസ് ഡ്രൈവർമാരുടെ നിർദ്ദേശ പ്രകാരമാണ് വിനായക ആശുപത്രിയിലെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റതിനാലും സ്ഥല പരിചയമില്ലാത്തത് കാരണവും ഇതനുസരിക്കുകയല്ലാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ലെന്ന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മണികണ്ഠന്റെ സഹോദരൻ മഹേഷ് പറഞ്ഞു. പിന്നിട് ഇവിടെ ചികിത്സയിലിരിക്കെ മണികണ്ഠന് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്നാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയതും ബന്ധുക്കളുമായി ബില്ലിന്റെ പേരിൽ വിലപേശൽ ആരംഭിച്ചതും.

ബില്ലടയ്ക്കാൻ നിർവ്വാഹമില്ലാതായതോടെ അവയവങ്ങൾ ദാനം ചെയ്യാൻ നിർബന്ധിതമാവുകയായിരുന്നു. ബന്ധുക്കളുടെ സമ്മതപത്രം വാങ്ങി ഞായറാഴ്‌ച്ച രാത്രി തന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്ന് വിദഗ്ധ ഡോക്ടർമാരെത്തിയാണ് അവയവങ്ങൾ നീക്കിയത്. രാത്രി കാലങ്ങളിലും സ്വകാര്യാശുപത്രികളിലും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന ഉത്തരവ് പോലും മറികടന്ന് ഞായറാഴ്‌ച്ച രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തുകയാണ് ചെയ്തിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ മറ്റ് രണ്ടാളുകളും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP