Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂച്ചയുടെ തല അറുത്ത് കൈയിൽ പിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളും; ആഭിചാരക്രിയയ്ക്കിടെ പുക ഉയർന്നാൽ പശുവിനെ കൊതുക് കുത്താതിരിക്കാൻ പുക കൊള്ളിക്കുന്നുവെന്ന് ന്യായം; ആരെയും നോട്ടം കൊണ്ട് കീഴടക്കാനും സംസാരത്താൽ ചൊൽപ്പടിയിൽ നിർത്താനും സാമർഥ്യം: മന്ത്രവാദിനി ഗീതാലാൽ നാട്ടുകാരുടെ പേടിസ്വപ്നം; പകൽ 'ഡെയ്ഞ്ചർ ബോയ്‌സിൽ' ക്വട്ടേഷനും രാത്രി ആഭിചാരക്രിയയുമായി ഭീതി പരത്തി മകൻ ചന്തുലാലും; ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയവർ നിസ്സാരക്കാരല്ല

പൂച്ചയുടെ തല അറുത്ത് കൈയിൽ പിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളും; ആഭിചാരക്രിയയ്ക്കിടെ പുക ഉയർന്നാൽ പശുവിനെ കൊതുക് കുത്താതിരിക്കാൻ പുക കൊള്ളിക്കുന്നുവെന്ന് ന്യായം; ആരെയും നോട്ടം കൊണ്ട് കീഴടക്കാനും സംസാരത്താൽ ചൊൽപ്പടിയിൽ നിർത്താനും സാമർഥ്യം: മന്ത്രവാദിനി ഗീതാലാൽ നാട്ടുകാരുടെ പേടിസ്വപ്നം; പകൽ 'ഡെയ്ഞ്ചർ ബോയ്‌സിൽ' ക്വട്ടേഷനും രാത്രി ആഭിചാരക്രിയയുമായി ഭീതി പരത്തി മകൻ ചന്തുലാലും; ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയവർ നിസ്സാരക്കാരല്ല

ആർ പീയൂഷ്

കൊല്ലം: യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഓയൂർ പൂയപ്പള്ളിയിലെ മന്ത്രവാദിനിയുടെ വീട് ഏറെ നിഗൂഢതകൾ നിറഞ്ഞതായിരുന്നു. പലപ്പോഴും അയൽക്കാർക്ക് പ്രത്യേക തരം സുഗന്ധവസ്തുക്കൾ കത്തിച്ചുണ്ടാക്കുന്ന പുകയുടെ ഗന്ധം അനുഭവപ്പെടുമായിരുന്നു. ഇതേപറ്റി സമീപ വാസിയായ തങ്കപ്പൻ എന്നയാൾ ചോദിച്ചപ്പോൾ മന്ത്രവാദിനി ഗീതാലാൽ പറഞ്ഞത് വീട്ടിലെ പശുവിനെ കൊതുക് കുത്താതിരിക്കാൻ പുക കൊള്ളിക്കുന്നതാണ് എന്നായിരുന്നു. എന്നാൽ വീട്ടിൽ മന്ത്രവാദം നടക്കുന്നുണ്ട് എന്ന് നാട്ടുകാർ അറിയുന്നത് സമീപവാസിയായ ലിൻസി ഗീതാലാൽ ഒരു പൂച്ചയുടെ തല അറുത്ത് കൈയിൽ പിടിച്ചു കൊണ്ട് ഉറഞ്ഞു തുള്ളുന്നത് കണ്ടതോടെയാണ്.

ഇതോടെ ഇവരെ പറ്റി അന്വേഷിച്ച നാട്ടുകാർക്ക് ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ലഭിച്ചത്. ഗീതാലാലും മകൻ ചന്തുലാലും തുഷാരയുമായി ഇവിടെയെത്തി താമസം ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളേ ആയുള്ളു. മുൻപ് ഇവർ താമസിച്ചിരുന്നത് അഞ്ചാലുംമൂട്ടിലായിരുന്നു. അവിടെ ഇരുനിലകെട്ടിടമായ വലിയൊരു വീടായിരുന്നു ഉണ്ടായിരുന്നത്. അവിടെയും ഇതുപോലെ ആഭിചാരക്രിയകൾ നടത്തിയിരുന്നു. അതിനായി ചുറ്റും മതിൽ ഉയരത്തിൽ പൊക്കി കെട്ടിയരുന്നു. നിരവധി ആളുകൾ ഇവിടെയും എത്തിയിരുന്നു. ജോൽസ്യം നോക്കുന്നതാണ് എന്നായിരുന്നു അയൽക്കാരോട് പറഞ്ഞിരുന്നത്. അതിനാൽ ഇവിടെ ആഭിചാരക്രിയകൾ ഉണ്ടായിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല. എന്നാൽ സമീപ വാസിയായ ഒരാൾക്ക് ഇവരുടെ മതിലിന് സമീപത്ത് ഒരു പോത്തിന്റെ തല കിട്ടിയതോടെയാണ് സംശയം ഉടലെടുത്തത്. ഇതോടെ നാട്ടുകാരുടെ നിരീക്ഷണത്തിലായി ഈ വീട്.

ജോൽസ്യം നോക്കാനെത്തുന്നവരെ നാട്ടുകാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതോടെയാണ് ആഭിചാരക്രിയകൾ നടക്കുന്നത് അറിഞ്ഞത്. പ്രധാനമായും 'തീർപ്പ്' എന്ന ക്രിയയാണ് ഇവർ ചെയ്തിരുന്നത്. അതായത് മരിച്ചുപോയവരുടെ ആത്മാവിനെ ആവാഹിച്ചു എവിടെയെങ്കിലും കൊണ്ടുപോയി കളയുക എന്നതാണ് തീർപ്പ്. ഇതിനായി പതിനായിരക്കണക്കിന് രൂപയാണ് ദക്ഷിണയായി വാങ്ങിയിരുന്നത്. അന്ധവിശ്വാസികളുടെ വീടുകളിൽ പോയും ഇവർ ഇത്തരം ആഭിചാരക്രിയകൾ ചെയ്തു കൊടുക്കുമായിരുന്നു. കൂടാതെ വീട്ടിലും നടത്തും. ഇതെല്ലാം നാട്ടുകാർക്ക് മനസ്സിലായതോടെ അഞ്ചാലും മൂട്ടിൽ നിന്നും ഇവരെ നാട്ടുകാർ ഓടിക്കുകയായിരുന്നു. ഇതിന് ശേഷം അവിട വിറ്റ് മകൾ ജാൻസിയെ വിവാഹം കഴിച്ചു കൊണ്ടുവന്ന പൂയപ്പള്ളിയിലേക്ക് താമസം മാറി. അവിടെ ആദ്യം ചെറിയ ഷെഡ് കെട്ടി പൂജകൾ തുടങ്ങിയതോടെ മകളുടെ ഭർത്താവിന്റെ അമ്മ സമ്മതിച്ചില്ല. അങ്ങനെയാണ് തൊട്ടടുത്ത് തന്നെയുള്ള പുരയിടം വാങ്ങുകയും അവിടേക്ക് താമസം മാറുകയും ചെയ്തത്.

ഇവിടെ പടിഞ്ഞാറോട്ട് ദർശനം വരുന്ന രീതിയിൽ ഒരു പൂജാമുറി നിർമ്മിക്കുകയും മുരുകന്റെ ഫോട്ടോ വച്ച് ആരാധന തുടങ്ങുകയുമായിരുന്നു. ഇവിടെ ദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകളാണ് ആഭിചാരക്രിയകൾക്കായി എത്തിക്കൊണ്ടിരുന്നത്. വളിയ ആഡംബരക്കാറുകളിലാണ് ദിനംപ്രതി ആളുകൾ എത്തിയിരുന്നത്. ജോൽസ്യം നോക്കാനെന്ന് പറയുന്നതുകൊണ്ട് നാട്ടുകാർക്ക് മറ്റ് സംശയങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പൂച്ചത്തല അറുത്ത് പിടിച്ചു കൊണ്ടുള്ള അഭ്യാസം കണ്ടതോടെയാണ് അയൽവാസിയായ മുൻ ആശാവർക്കർ ലിൻസി പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസിൽ പ്രത്യേകിച്ച് നടപടികൾ ഒന്നുമുണ്ടായില്ല. പരാതി കൊടുത്തതിന്റെ വൈരാഗ്യം ഗീതാലാലിന് ലിൻസിയോടുണ്ട്. ഇത് കൂടാതെ ഇവരുടെ മകൻ ചന്തുലാൽ ഡെയ്ഞ്ചർ ബോയ്സ് എന്ന ക്വട്ടേഷൻ സംഘത്തലവനും കൂടിയാണ്. ഇയാൾ രാത്രിയിൽ കൊട്ടേഷന് പോകും പകൽ മുഴുവൻ അമ്മയ്ക്കൊപ്പം ആഭിചാരക്രിയക്കുള്ള സഹായം ചെയ്തു നൽകും. പ്രത്യേക പൂജകൾ ഉള്ള ദിവസം മന്ത്രതന്ത്രങ്ങൾ പുറത്ത് കേൾക്കാതിരിക്കാൻ ചന്തുലാൽ വെൽഡിങ്ങ് മെഷീനും കട്ടറുമുപയോഗിച്ച് വെറുതെ എനെതങ്കിലുമൊക്കെ ചെയ്ത് പരിസരം ശബ്ദമയമാക്കുമായിരുന്നു. രാത്രികാലങ്ങളിൽ മാതാവിനൊപ്പം ആഭിചാരക്രിയകൾക്കായി പുറത്തും പോയിരുന്നു.

ഗീതാലാലിന്റെ മുഖത്ത് നോക്കാൻ നാട്ടുകാർക്ക് വലിയ പേടിയായിരുന്നു. പലരെയും ഒരു നോട്ടം കൊണ്ട് ഇവർ തളർത്തിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ആരെയും സംസാരത്തിലൂടെ ചൊൽപ്പടിയിൽ നിർത്താനുള്ള കഴിവും ഗീതാലാൽ എന്ന മന്ത്രവാദിനിക്കുണ്ടായിരുന്നു എന്നും അവർ പറയുന്നു. പെൺകുട്ടി പീഡനം അനുഭവിക്കുന്നു എന്ന് അറിഞ്ഞ് പലവട്ടം പരാതിപെട്ടിട്ടും ഒരു ഫലവും ഉണ്ടായില്ല. മുൻ ആശാവർക്കർ ലിൻസി ആരോഗ്യ വകുപ്പിൽ വിവരം അറിയിച്ചപ്പോൾ അന്വേഷിക്കാനെത്തിയവരോട് ഒരു പരാതിയുമില്ലെന്നായിരുന്നു തുഷാര പറഞ്ഞിരുന്നത്.

തുഷാരയെ ആഹാരം കഴിക്കാൻ പോലും അനുവദിക്കില്ലായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ഒരു ദിവസം ആഹാരം താഴെ ഇട്ട് ചവിട്ടി തേച്ചിട്ട് നിർബന്ധിപ്പിച്ച് ആ ആഹാരം ഗീതാലാൽ കഴിപ്പിച്ചു. പുറകിൽ നിന്നും ചവിട്ടി വീഴ്‌ത്തുക, ചൂരൽ ഉപയോഗിച്ച് അടിക്കുക തുടങ്ങിയ ഉപദ്രവങ്ങൾ വേറെയും. യുവതിയെ പീഡിപ്പിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ആഭിചാരക്രികൾക്കായി ഉപയോഗിച്ചിട്ടുണ്ടെ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. എന്തായാലും കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലെ ഇത്തരം വിവരങ്ങളൊക്കെ അറിയാൻ കഴിയൂ.

ഭർത്താവ് ചന്തുലാലും ഭർതൃമാതാവ് ഗീതാലാലും ക്രൂരമായി മർദിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു തുഷാരയുടെ മരണം. തുഷാര കഴിഞ്ഞ 21-നാണ് മരിച്ചത്. മൃതദേഹത്തിന് വെറും 20 കിലോ മാത്രമായിരുന്നു തൂക്കം. വെറും അസ്ഥിപഞ്ജരം. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. ഭക്ഷണം കിട്ടാതെയും ന്യൂമോണിയ ബാധിച്ചുമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുമുണ്ടായിരുന്നു.

പൊലീസ് കേസെടുത്തത് സ്ത്രീധനത്തിന്റെപേരിൽ കൊലപ്പെടുത്തിയെന്നാണ്. തുഷാര ദുർമന്ത്രവാദത്തിനിരയായത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കൊട്ടാരക്കര ഡിവൈ.എസ്‌പി. ദിനരാജ് പറഞ്ഞു. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുഷാരയുടെ മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. നാല്, ഒന്നര വയസ്സുള്ള കുട്ടികളെയാണ് ഏറ്റെടുത്തത്.

സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപ നൽകാത്തതിന്റെപേരിലും തുഷാരയെ ഭർത്താവും അമ്മയും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന് ഐശ്വര്യമുണ്ടാവാൻ തടസ്സം തുഷാര ജീവിച്ചിരിക്കുന്നതാണെന്ന വിശ്വാസമാണ് ഇഞ്ചിഞ്ചായി കൊല്ലാൻ കാരണമായതെന്ന് അയൽവാസികൾ പറയുന്നു. 'നീ ജീവിച്ചിരിക്കുമ്പോൾ ഈ കുടുംബത്തിന് ഒരു ഗുണവും പിടിക്കത്തില്ലടീ' എന്നുപറഞ്ഞ് ഭർത്താവും അമ്മയും മർദിക്കാറുണ്ടെന്ന് തുഷാര പറഞ്ഞതായി അടുത്ത ബന്ധുവും വെളിപ്പെടുത്തിയിരുന്നു.

ആഡംബര വാഹനങ്ങളിൽ അപരിചിതരായ ആളുകൾ പതിവായി എത്തിയിരുന്നു എന്നുമാണ് നാട്ടുകാർ പറയുന്നത്. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളിൽ കണ്ടിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാൻ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏൽപ്പിച്ചാൽ മതിയെന്നായിരുന്നു നാട്ടുകാർക്കിടയിലെ സംസാരം. നാട്ടുകാരെയും ഭയപ്പെടുത്തിയിരുന്നത് ദുർമന്ത്രവാദത്തിന്റെ പേരുപറഞ്ഞായിരുന്നു.

ഒരു വർഷമായി മകളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് ഓയൂരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മ വിജയലക്ഷ്മി. മകളെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പരാതി നൽകാതിരുന്നതെന്നും അമ്മയും പറഞ്ഞു. അതിനിടെ, വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും മൂന്നുതവണ മാത്രമാണ് തുഷാരയെ കാണാൻ അനുവദിച്ചതെന്ന് മാതാവ് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും കഴിഞ്ഞ ഒന്നര വർഷമായി മകളെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. തുഷാരയെ പലപ്പോഴും മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും പൊലീസിൽ 27 തവണ പരാതി നൽകിയിരുന്നുവെന്നും അയൽക്കാർ പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ പൊലീസിന്റെ വീഴ്‌ച്ചയും ഈ സംഭവത്തിൽ ഉണ്ടായെന്ന് പറയേണ്ടി വരും. സംഭവത്തിൽ തുഷാരയുടെ ഭർത്താവ് ചന്തുലാലിനെയും ഭർതൃമാതാവ് ഗീതാലാലിനെയും പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP