Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുലിന്റെ ലാപ്‌ടോപ്പിൽ എംഎൽഎയുടെ ചിത്രമെന്ന കഥ പരക്കുന്നു; രശ്മിക്കും രാഹുലിനും വിലപിടിപ്പുള്ള കസ്റ്റമേഴ്‌സിനെ കണ്ടെത്തി നൽകിയിരുന്നത് മുബീന; കുട്ടികളെ എത്തിക്കാൻ ലെനീഷ് എന്ന യുവതി റിക്രൂട്ട്‌മെന്റ് ഏജൻസിയും നടത്തി: ഓൺലൈൻ പെൺവാണിഭ കഥകൾക്ക് അന്ത്യമില്ല

രാഹുലിന്റെ ലാപ്‌ടോപ്പിൽ എംഎൽഎയുടെ ചിത്രമെന്ന കഥ പരക്കുന്നു; രശ്മിക്കും രാഹുലിനും വിലപിടിപ്പുള്ള കസ്റ്റമേഴ്‌സിനെ കണ്ടെത്തി നൽകിയിരുന്നത് മുബീന; കുട്ടികളെ എത്തിക്കാൻ ലെനീഷ് എന്ന യുവതി റിക്രൂട്ട്‌മെന്റ് ഏജൻസിയും നടത്തി: ഓൺലൈൻ പെൺവാണിഭ കഥകൾക്ക് അന്ത്യമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ കേസിൽ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും അറസ്റ്റിലായ ശേഷം അന്വേഷണം പുരോഗമിക്കവേ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺവാണിഭ സംഘത്തിൽ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ നിന്നും സംഘത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. ഇത് സംബന്ധിച്ച് വ്യത്യസ്ത കഥകളാണ് പുറത്തുവരുന്നതും. കൊച്ചിയിലെ പല ഉന്നതർക്കും രാഹുൽ പശുപാലനും രശ്മിയുമായും ബന്ധമുണ്ടെന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. കൂടാതെ ഇവർ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്ന വിശദമായ വിവരങ്ങളും പുറത്തുവന്നു. രശ്മിക്കും രാഹുലിനും വിലപിടിപ്പുള്ള കസ്റ്റമേഴ്‌സിനെ കണ്ടെത്തിയിരുന്നത് മുബീന ആയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മുബീന ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

രശ്മിക്ക് കസ്റ്റമേഴ്‌സിനെ എത്തിച്ചത് മുബീന

ഓൺലൈൻ പെൺവാണിഭ സംഘത്തിലെ യുവതികളിൽ വിലയേറിയ പെൺകുട്ടിയാണ് മുബീന എന്നാണ് പുറത്തുവരുന്ന വിവരം. മുബീന വഴിയായിരുന്നു രശ്മിയിലേക്കും രാഹുലിലേക്കും പൊലീസ് എത്തിയത്. ഓൺലൈൻ പെൺവാണിഭ സംഘത്തിലൂടെ ഉന്നതർക്കു പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനിസ കൂടിയായ മുബീന ആയിരുന്നു. ചുംബന സമര നേതാവ് രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ.നായർക്കും പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ചുമതല മുബീനയ്ക്കായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പിടിയിലായ ആഷിക്കിന്റെ ഭാര്യയാണ് മുബീന. നെടുമ്പാശേരിയിൽവച്ചു പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പൊലീസുകാരനെ കാറിടിപ്പിക്കാൻ ശ്രമിച്ചു രക്ഷപ്പെട്ടതും മുബീനയായിരുന്നു. കാറോടിച്ചത് മുബീനയുടെ പ്രധാനസഹായി വന്ദനയാണ്. പതിനാറുകാരിയായ പെൺകുട്ടിയും ഈ കാറിലുണ്ടായിരുന്നു. ബംഗളുരുവിൽനിന്നു പെൺകുട്ടികളെ കാറിലെത്തിച്ച് വിദേശത്തുകൊണ്ടുപോകാനുള്ള നീക്കവും സംഘത്തിനുണ്ടായിരുന്നു.

അതേസമയം പെൺവാണിഭ സംഘവുമായി ഒരു ഭരണകക്ഷഇ നേതാവിന് ബന്ധമുണ്ടെന്ന വാർത്തകളും വ്യാപകമായി പരക്കുന്നുണ്ട്. ഭരണകക്ഷി എംഎൽഎ അടക്കമുള്ള ഉയർന്ന നേതാക്കൾക്ക് സംഘം പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നു. ഇതിലൊരു നേതാവ് ഇവർക്കൊപ്പം ഗൾഫിലെത്തിയിരുന്നെങ്കിലും അന്വേഷണം ആ വഴിക്കു നീക്കാതെ അറസ്റ്റിലായവരിൽ ഒതുക്കാനാണ് ഉന്നതതല നിർദേശമെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. .

മുബീനയെപ്പോലെ ലിനീഷ് മാത്യുവിനും പെൺകുട്ടികളെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു. മയക്കുമരുന്ന് മാഫിയകളിൽ കുടുങ്ങുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്നു കലക്കി നൽകിയാണു സ്‌കൂൾ വിദ്യാർത്ഥിനികളെ സംഘം കുടുക്കിവന്നത്. പെൺകുട്ടികളെ കടത്താൻ ബംഗളുരുവിൽ ലിനീഷ് മാത്യു റിക്രൂട്ട്‌മെന്റ് ഏജൻസിതന്നെ ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഡലാക്കാമെന്നു പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചിത്രം വീഡിയോയിൽ പകർത്തിയശേഷം ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എംഎൽഎയും?

ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ ഇടപാടുകാരായി ഒരു ജനപ്രതിനിധി ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കിംവതന്ദികളും ഇതിനിടെ പരക്കുന്നുണ്ട്. രാഹുൽ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ലാപ്‌ടോപ്പിൽ നിന്നുമാണ് രാഹുലിന്റെ രഹസ്യ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

പെൺവാണിഭസംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയൽതന്നെ ലാപ്‌ടോപ്പിൽ സൃഷ്ടിച്ചിരുന്നെന്നാണ് സൂചന. പാസ്‌വേഡ് അറിയാത്തതിനാൽ ലാപ്‌ടോപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്ന പൊലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഫയലുകൾ തുറന്നത്. ഓരോ ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഇവർ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നൽകാനുള്ള പണത്തിന്റെ കണക്കും ഫയലുകളിൽ ഉണ്ടായിരുന്നു.ഓരോരുത്തരുമായും ഇടപാടുകൾ നടത്തിയ തീയതിയും ഇനി ബന്ധപ്പെടാനുള്ള തീയതികളും ഫയലുകളിൽ ഉണ്ടായിരുന്നതായാണു സൂചന.

ഈ പട്ടികയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഒരു എംഎ‍ൽഎയുടെയും ചില ബിസിനസ് പ്രമുഖരുടെയും പേരുകൾ ഇടംപിടിച്ചത്. അതേസമയം ഇവർക്ക് പെൺകുട്ടികളെ ഉപയോഗിച്ചോ എന്നകാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. രാഹുൽ പശുപാലൻ താമസിച്ചിരുന്ന ഫ്ളാറ്റിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘം ലാപ്‌ടോപ്പിനു പുറമേ ഒരു ഐപാഡ്, ഹാർഡ് ഡിസ്‌ക്കുകൾ, പെൻ ഡ്രൈവുകൾ, ഇംഗ്ലീഷ് മാഗസിനുകൾ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഒട്ടേറെ തെളിവുകൾ റെയ്ഡിൽ പൊലീസിനു ലഭിച്ചിട്ടുണ്ട്.

പെൺകുട്ടികളെ റിക്രൂട്ട് ചെയ്യാൻ ലെനീഷ് മാത്യുവിന് റിക്രൂട്ട്‌മെന്റ് ഏജൻസിയും

ഓൺലൈൻ പെൺവാണിഭ സംഘത്തിലേക്ക് പെൺകുട്ടികളെ വലവീശിപിടിക്കാൻ വേണ്ടി വൻ സൃംഖല തന്നെ പ്രവർത്തിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതിനായി പ്രത്യേകം റിക്രൂട്ട്‌മെന്റ് ഏജൻസി തന്നെ പ്രവർത്തിച്ചിരുന്നു. മുഖ്യപ്രതിയായ ലെനീഷ് മാത്യു എന്ന സ്ത്രീയാണ് റിക്രൂട്ടിങ് ഏജൻസിയിലൂടെ ഇരകളെ കണ്ടെത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ പെൺവാണിഭ സംഘത്തിലേയ്ക്ക് എത്തിപ്പെട്ടത് ഈ റിക്രൂട്ടിങ് ഏജൻസിവഴിയായിരുന്നു. ഈ പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൂത്തസഹോദരി ബിരുദശേഷം ജോലിക്ക് ശ്രമിക്കവേയാണ് ഈ റിക്രൂട്ട്‌മെന്റ് ഏജൻസിയിലേയ്ക്ക് എത്തപ്പെട്ടത്. പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ പരിശോധിച്ച ശേഷം ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്തുകൊച്ചിയിലേയ്ക്ക് വിളിപ്പിച്ച പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെയാണ് ഈ പെൺകുട്ടിക്ക് ഇളയ സഹോദരിയുള്ളതായി ലെനീഷ് മാത്യു അറിയുന്നത്. അങ്ങനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സെക്‌സ് റാക്കറ്റിലേയ്ക്ക് എത്തപ്പെട്ടത്.

ശീതളപാനീയത്തിൽ മയക്കു മരുന്ന് കലർത്തി നൽകിയ ശേഷമാണ് ആദ്യ തവണ പീഡിപ്പിച്ചെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി നൽകി. 45 കാരനായ വ്യക്തിയാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നും പെൺകുട്ടി പറഞ്ഞു. പീഡന രംഗങ്ങൾ വീഡിയോയിൽ പകർത്തി പെൺകുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നുവെന്നും ഇതാണ് ഇരകളെ ഇവരിലേയ്ക്ക് വീണ്ടും അടുപ്പിച്ചിരുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഏജന്റാണെന്നു തൊഴിൽ വെബ്‌സൈറ്റുകളിൽ പരസ്യം നൽകിയും ഓൺലൈൻ പെൺവാണിഭ സംഘം ഇരകളെ കണ്ടെത്തി. ലിനീഷ് മാത്യു, രാഹുൽ പശുപാലൻ, ഭാര്യ രശ്മി ആർ. നായർ എന്നിവരായിരുന്നു സംഘത്തിലെ മുഖ്യകണ്ണികൾ. തൊഴിൽ സൈറ്റുകളിലെ പരസ്യം കണ്ടു ബെംഗളൂരുവിലെത്തുന്നവർക്കു പ്രാഥമിക പരിശീലനം നൽകും. മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ അവസ്ഥ മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ചു പിന്നീടു യാത്രകൾ സംഘടിപ്പിക്കും.

ഇങ്ങനെ കൊച്ചിയിലെത്തിക്കുന്ന യുവതികളെ രാഹുൽ പശുപാലനു പരിചയപ്പെടുത്തും. സുന്ദരികളായ പെൺകുട്ടികളെ രശ്മിയെപ്പോലെ മോഡലാക്കാമെന്നു പ്രലോഭിപ്പിക്കും. ഇങ്ങനെ വന്നുചേരുന്ന യുവതികളാണു ചൂഷണത്തിനിരകളായിരുന്നത്. ചതിയിൽപ്പെടുന്നവരുടെ നഗ്‌നദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കൊച്ചു സുന്ദരിയുടെ അപ്‌ഡേഷൻ യുഎഇയിൽ നിന്ന്

ഓൺലൈൻ പെൺവാണിഭ സംഘം ഫേസ്‌ബുക്കിലൂടെ ഇടപാടു നടത്തിയ കൊച്ചുസുന്ദരികൾ എന്ന ഫേസ്‌ബുക്ക് പേജിന്റെ അപ്‌ഡേഷൻ യുഎഇയിൽ നിന്നുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഫേസ്്ബുക്ക് പേജ് തുടങ്ങിയത് ഉമ്മർ എന്നയാളായിരുന്നു. ഫേസ്‌ബുക്ക് അധികൃതരുടെ സഹായത്തോടെ പേജിന്റെ ഉടമയായ ഉമ്മറിനെ പൊലീസ് തിരിച്ചറിയുകയും നാട്ടിലെത്തിയപ്പോൾ പിടികൂടുകയുമായിരുന്നു. ഇയാളായിരുന്നു കേസിലെ പൊലീസിന്റെ ആദ്യ കണ്ണി. കാസർകോട് സ്വദേശിയായ അബ്ദുൾ ഖാദർ ആണ് കേസിലെ ഒന്നാം പ്രതി. ലൊക്കാന്റോ എന്ന സൈറ്റിൽ നൽകിയിരുന്ന കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുൾ ഖാദറിന്റെ ഫോൺ നമ്പരിൽ നിന്നായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്.

രാഹുൽ പശുപാലനും രശ്മിക്കും കഴിഞ്ഞ ഒരു വർഷത്തോളമായി അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. കടത്തിക്കൊണ്ടുവരുന്ന പെൺകുട്ടികളേയും സ്ത്രീകളേയും ഇടപാടുകാർക്ക് നൽകുകയായിരുന്നു രാഹുൽ പശുപാലന്റെ പണി. ഇടപാടുകാർക്ക് ആദ്യം അബ്ദുൽ ഖാദർ കാട്ടുന്നത് രശ്മിയുടെ ചിത്രങ്ങളും വിവരങ്ങളുമാണ്. പിന്നീട് തുക പറഞ്ഞുറപ്പിക്കും. എന്നാൽ, ഇടപാടുകാർക്ക് പെൺകുട്ടികളിലേക്കെത്താൻ ഒന്നുരണ്ട് ഫോൺ നമ്പരുകളിൽക്കൂടി ബന്ധപ്പെട്ടാലേ കഴിയുമായിരുന്നുള്ളൂ. മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കും തെളിവുശേഖരിക്കലിനും ശേഷമാണ് പൊലീസ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ റെയ്ഡ് നടത്തിയത്. ഈ അന്വേഷണമാണ് മറ്റുള്ളവരിലേക്കും പൊലീസിനെ എത്തിച്ചത്.

അതേസമയം ഫേസ്‌ബുക്ക് അധികൃതരും അന്വേഷണത്തിന് പൊലീസിനെ സഹായിച്ചിട്ടുണ്ട്. തുടക്കത്തിൽ സഹകരിക്കാതിരുന്നെങ്കിലും പിന്നീട് സംഗതി ബാലപീഡനമാണെന്ന് വ്യക്തമായതോടെയാണ് കൊച്ചു സുന്ദരികളുടെ സൈറ്റിന്റെ വിവരം ഫേസ്‌ബുക്ക് അധികൃതർ പൊലീസിന് കൈമാറിയത്. ആദ്യം ആക്ടീവായിരുന്ന പേജ് പിന്നീട് ഒഴിവാക്കുകയും വീണ്ടും ആക്ടീവാക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ അഞ്ചുപേരും പേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരേ അശ്ലീല കമന്റുകൾ ഇട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP