Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്ഷിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ മറ്റൊരു എസ്ഐയെയും അറസ്റ്റ് ചെയ്ത് സി.ബി.സിഐ.ഡി; ഇൻസ്‌പെക്ടർ ശ്രീധറിനെ അറസ്റ്റ് ചെയ്തത് വനിതാ പൊലീസ് ഉദ്യോഗസ്ഥ രേവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ; തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ അറസ്റ്റിലായവരെ കൂടാതെ എട്ട് പൊലീസുകാർക്കും പങ്കെന്നും നി​ഗമനം

രക്ഷിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ മറ്റൊരു എസ്ഐയെയും അറസ്റ്റ് ചെയ്ത് സി.ബി.സിഐ.ഡി; ഇൻസ്‌പെക്ടർ ശ്രീധറിനെ അറസ്റ്റ് ചെയ്തത് വനിതാ പൊലീസ് ഉദ്യോഗസ്ഥ രേവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ; തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ അറസ്റ്റിലായവരെ കൂടാതെ എട്ട് പൊലീസുകാർക്കും പങ്കെന്നും നി​ഗമനം

മറുനാടൻ മലയാളി ബ്യൂറോ

തൂത്തുക്കുടി: കസ്റ്റഡി മരണവുമായി ബന്ധപെട്ട് ഒരു എസ്ഐ കൂടി അറസ്റ്റിൽ. സാത്താൻകുളം പൊലീസ് ഇൻസ്‌പെക്ടർ ശ്രീധറിനെയാണ് അനേഷണ ചുമതല വഹിക്കുന്ന സി.ബി.സിഐ.ഡി ഡി എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എസ്‌ഐ രഘു ഗണേശ്, എസ്‌ഐ ബാലകൃഷ്ണൻ,കോൺസ്റ്റബിൾ മുരുകൻ,മുത്തുരാജ് എന്നിവരെയടക്കം ആറ് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. രഘുവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകം ഉൾപ്പെടെ നാലു വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. ശ്രീധറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് അറസ്റ്റ്.

അറസ്റ്റിലായവരെ കൂടാതെ മറ്റ് എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. ഇതിനെക്കുറിച്ച് സി.ബി.സിഐ.ഡി അന്വേഷിച്ച് വരികയാണ്.വനിതാ പൊലീസ് ഉദ്യോഗസ്ഥയായ രേവതി നൽകിയ മൊഴിയിലാണ് ഇവരെ പിടികൂടാൻ സാധിച്ചത്.ഇതിനെ തുടർന്ന് രേവതിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. തൂത്തുക്കുടി സ്വദേശികളായ ജയരാജ് (58), മകൻ ബെനിക്സ് (31) എന്നിവരെ ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആരോപണ വിധേയരായ 13 പൊലീസുകാരെയും ചോദ്യംചെയ്തു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്നാണ് സിബിസിഐഡി പറയുന്നത്. സാത്താങ്കുളം സ്റ്റേഷനിൽ ഒരു മാസത്തിനിടെ നടന്ന എല്ലാ ലോക്കപ്പ് മർദ്ദനങ്ങളേക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. സിബിസിഐഡി ഐജിയുടേയും എസ്‌പിയുടേയും നേതൃത്വത്തിൽ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

പ്രതികളായ പൊലീസുകാർക്കെതിരെ ഇതേ സ്‌റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ മൊഴി നൽകിയിരുന്നു. ജയരാജനെയും ബെനിക്‌സിനെയും പൊലീസുകാർ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചതായാണ് സാത്താൻകുളം സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളിന്റെ മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവർത്തകർക്കെതിരെ മൊഴി നൽകിയത്.

പൊലീസുകാരെ പ്രതികളാക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈക്കോടതി മധുരബെഞ്ച് പറഞ്ഞിരുന്നു. കസ്റ്റഡിയിൽ കൊല്ലപ്പെട്ട ജയരാജ്, മകൻ ബെനിക്‌സ് എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വനിതാ കോൺസ്റ്റബിളിന്റെ മൊഴിയും പരിശോധിച്ചാണു കോടതി നിരീക്ഷണം. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും. അതിനിടെ, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്‌പി: അരുൺ ബാലഗോപാലനെ മാറ്റി. ഇദ്ദേഹത്തിന് മറ്റു പദവികളൊന്നും നൽകിയിട്ടില്ല. അന്വേഷണത്തിനെത്തിയ കോവിൽപെട്ടി മജിസ്‌ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി: ഡി.കുമാർ, ഡിഎസ്‌പി: സി.പ്രതാപൻ എന്നിവരുടെയും കസേര തെറിച്ചു. ഇതേ ആരോപണം നേരിട്ട കോൺസ്റ്റബിൾ മഹാജനെ സസ്‌പെൻഡ് ചെയ്തു. കേസിൽ പൊലീസിന് അനുകൂലമായി റിപ്പോർട്ട് എഴുതിയ മെഡിക്കൽ ഓഫിസർ ഡോ.വെനില രണ്ടാഴ്ചത്തെ അവധിയിൽ പോയി. ഹൈക്കോടതി നിർദ്ദേശപ്രകാരം സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.

കസ്റ്റഡിമരണത്തിൽ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പൊലീസിനെ ബെനിക്സ് മർദ്ദിച്ചെന്നായിരുന്നു എഫ്.ഐ.ആർ. എന്നാൽ, പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങിവരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നിൽ സംഘർഷമോ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ബെനിക്സിന്റെ മൊബൈൽ കടയിൽ രാത്രി ഒമ്പതുമണിക്ക് വൻ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്ഐആർ. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാൽ ഇത്തരത്തിലുള്ള ഒരു സൂചനയും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമല്ല. കടയ്ക്ക് മുന്നിൽ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാൻ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

തൂത്തുകുടി ജില്ലയിലെ സാത്താൻകുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകൻ ബെനിക്‌സിനെയും ലോക്ഡൗൺ ലംഘിച്ചു കട തുറന്നതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയിൽ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്. തുടർന്ന് ഇവരെ കോവിൽപെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്‌സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവിൽപെട്ടി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.

ഇരുവരെയും റിമാൻഡ് ചെയ്യുന്നതിന് മുമ്പ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നേരിട്ടു കണ്ടിരുന്നില്ലെന്നും വീടിന് മുകളിൽ നിന്ന് കൈവീശി കാണിക്കുകയായിരുന്നെന്നുമാണ് ആരോപണം ഉയരുന്നത്. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. ഒരുപക്ഷെ ജഡ്ജി അവരെ കാണണമെന്ന് പറഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.സംഭവത്തിൽ സത്താൻകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐയെ സസ്‌പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കളും സിനിമപ്രവർത്തകരടക്കമുള്ള ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP