Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലം എൻഎഫ്‌സി തട്ടിപ്പു കേസിൽ ഒന്നാംപ്രതി കോടതിയിൽ കീഴടങ്ങി; ശാഖാ മാനേജർ ശ്രീഹരിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്; പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കോടികളുടെ തട്ടിപ്പിന് ഇരയായ വ്യാപാരികൾ  

കോതമംഗലം എൻഎഫ്‌സി തട്ടിപ്പു കേസിൽ ഒന്നാംപ്രതി കോടതിയിൽ കീഴടങ്ങി; ശാഖാ മാനേജർ ശ്രീഹരിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്; പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കോടികളുടെ തട്ടിപ്പിന് ഇരയായ വ്യാപാരികൾ   

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വ്യാപാരികളിൽ നിന്നും കോടികളുടെ നിക്ഷേപം സ്വീകരിച്ച്, കബളിപ്പിക്കപ്പെട്ടതായുള്ള പരാതിയിൽ കോതമംഗലം പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ഒളിവിലായിരുന്ന എൻ.എഫ്.സി കോതമംഗലം ശാഖ മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരി കോടതിയിൽ കീഴടങ്ങി. കോതമംഗലം കോടതിയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് രണ്ടാഴ്ചയോളം നീണ്ടു നിന്ന ഒളിവ് ജീവിതത്തിന് ശേഷം കേസിലെ ഒന്നാം പ്രതിയായ ശ്രീഹരി കീഴടങ്ങിയത്.

തുടർന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. വൈകിട്ടോടെ തെളിവെടുപ്പിനും തുടരന്വേഷണങ്ങൾക്കുമായി ഇയാളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തന്റെ എട്ട് ലക്ഷം രൂപ പ്രമുഖ ധനകാര്യ സ്ഥാപനമായ എൻ എഫ് സി യിലെ ജീവനക്കാർ തട്ടിയെടുത്തെന്ന പരാതിയുമായി നഗരത്തിലെ വ്യാപാരിയായ ബെന്നി വറുഗീസ് ആണ് ആദ്യം കോതമംഗലം പൊലീസിനെ സമീപിച്ചത്.

ഇതിനു പിന്നാലെ ഇത്തരത്തിലെ നിരവധി പരാതികളും ഇവർക്കെതിരെ പൊലീസിലെത്തി. തുടർന്നാണ് പൊലീസ് സ്ഥാപനത്തിലെ മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരി, സെയിൽസ് ഓഫീസർ ഊഞ്ഞാപ്പാറ കുരുട്ടാംപുറത്ത് ജോയൽ(24)എന്നിവരെ പ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തത്. ഇവരിൽ ജോയലിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ തങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാവൈസ് പ്രസിഡന്റും മേഖല ഭാരവാഹിയുമായ ഇ എം ജോണിയുടെ നേതൃത്വത്തിൽ ഒരു സംഘം വ്യപാരികൾ പി ഒ ജംഗ്ഷനിലെ സ്ഥാപനത്തിന്റെ ശാഖയിലെത്തി കമ്പനി മാനേജിങ് ഡയറക്ടർ എൻ ഐ അബ്രാഹമിനെ തടഞ്ഞുവച്ചിരുന്നു. ഏറെ നേരത്തെ സംഘർഷാവസ്ഥക്ക് ശേഷം പണമിടപാടുകൾക്ക് തീരുമാനമാവും വരെ തങ്ങൾ സൂക്ഷിച്ചോളാമെന്ന ഉറപ്പിൽ എബ്രാഹമിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

പിന്നീട് സി ഐ യുടെയും എസ് ഐയുടെയും ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്ന മാരത്തോൺ ചർച്ചയ്ക്കൊടുവിൽ ദിവസങ്ങൾക്കുള്ളിൽ വ്യാപാരികളുടെ പണം തിരിച്ച് നൽകാമെന്ന് അബ്രാഹം വ്യാപാരികൾക്ക് വാക്കാൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ദിവസങ്ങൾ കാത്തിരുന്ന ശേഷം എബ്രാഹമുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി വ്യാപാരികൾക്ക് ബോദ്ധ്യമായത്. പണം കേസ് നടത്തി വാങ്ങിക്കോളാൻ പറഞ്ഞ് കമ്പനി ഉടമകൾ സംഭവത്തിൽ കൈകഴുകിയതായിട്ടാണ് വ്യാപാരികളിൽ നിന്നും ലഭിക്കുന്ന വിവരം.

കോടികളുടെ നിക്ഷേപം സ്ഥാപനം കോതമംഗലം മേഖലയിയിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. നിക്ഷേപങ്ങൾ വിപൂലീകരിക്കുന്നതിന് സ്ഥാപനത്തിലെ ജീവനക്കാർ ഫീൽഡ് വർക്കും നടത്തിയിരുന്നു. നിക്ഷേപം ആവശ്യപ്പെട്ട് സ്ഥാപനത്തിലെ ജിവനക്കാരി നിരവധി വ്യാപാരികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അറിയുന്നു. ഇത് സംമ്പന്ധിച്ചുള്ള തെളിവെടുപ്പിൽ തങ്ങൾ നിക്ഷേപം സ്വീകരിക്കുന്നില്ലന്നാണ് കമ്പിനി നടത്തിപ്പുകാർ മൊഴി നൽകിയതെന്ന് കോതമംഗലം സി ഐ അഗസറ്റിൻ മാത്യു നേരത്തെ മാധ്യമങ്ങളുമായി പങ്കുവച്ച വിവരം. വ്യക്തമാക്കിയിരുന്നു.

ഇതിനിടെ സ്ഥാപനത്തിൽ പണയം വച്ചിരുന്ന 75 ഗ്രാം സ്വർണം മിനിമുത്തൂറ്റിന്റെ തങ്കളം ശാഖയിൽ മറിച്ച് പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്ന അറസ്റ്റിലായ ജോയലിന്റെ വെളിപ്പെടുത്തൽ പ്രകാരം ഇയാളെയും കൂട്ടി പൊലീസ് ഇവിടെ തെളിവെടുപ്പിനെത്തിയിരുന്നു. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. എന്നാൽ പിറ്റേന്ന് സ്ഥാപനത്തിലെ ജീവനക്കാർ സ്വണ്ണം സ്റ്റേഷനിൽ എത്തിച്ചു നൽകി നിയമ നടപടികളിൽ നിന്നും തടിയൂരി.നഗരത്തിലെ കേരള ബാങ്കേഴ്സിൽ ഇയാൾ പണയപ്പെടുത്തിയ 400 ഗ്രാം സ്വർണ്ണവും പൊലീസ് കണ്ടെടുത്തു. ഇതുവരെ മൊത്തം 12 ലക്ഷത്തോളം രൂപയുടെ സ്വർണം കണ്ടെടുത്തതായിട്ടാണ് പൊലീസ് വെളിപ്പെടുത്തൽ.

ഈ സ്ഥിതിയിൽ സ്ഥാപനത്തിലെ ജിവനക്കാർ തങ്ങൾ അറിയാതെ നിക്ഷേപം സ്വീകരിച്ചെന്ന് വരുത്തിത്തീർക്കുന്നതിനാണ് കമ്പനി നടത്തിപ്പുകാർ ശ്രമിക്കുന്നതെന്നും നിക്ഷേപകരുടെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇക്കൂട്ടർ ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

വ്യാപാരികളടക്കം വമ്പന്മാർ വൻതുക സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകകളുടെ ലഭ്യത സംമ്പന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കനില്ലാത്ത സാഹചര്യത്തിലാണ് വിവരം പുറത്തറിയിക്കാൻ ഇവർ മടിക്കുന്നതെന്നുമാണ് പരക്കെയുള്ള വിലിരുത്തൽ.
കമ്പനിയുടെ ശാഖ മാനേജരായ ശ്രിഹരിയും ജീവനക്കാരനായ ജോയലും ചേർന്നാണ് തട്ടിപ്പ് നടത്തി പണം കവരുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം. 2016 ജൂലൈ ആദ്യം മുതലുള്ള പണയ സ്വർണം നഷ്ടപ്പെട്ടതായുള്ള എൻ എഫ് സി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ പരാതിയെത്തുടർന്നുള്ള തെളിവെടുപ്പിൽ 475 ഗ്രാം സ്വർണം കണ്ടെടുത്തതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP