Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എ.എൻ.ഷംസീർ പറഞ്ഞാൽ എന്തും ചെയ്യും; തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും ഡ്രൈവറായും പ്രവർത്തിക്കുമ്പോഴും വിശ്വസ്തൻ; തലശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും; സിഒടി നസീർ വധശ്രമക്കേസിൽ ഷംസീറിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; രാജേഷിനെ അറസ്റ്റ് ചെയ്തത് മുൻപ് പിടിയിലായ കൊട്ടിയൂർ സന്തോഷിന്റെ മൊഴിയിൽ; അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ പന്ത്രണ്ട് തവണ വിളിച്ചുവെന്ന് പൊലീസ്; ഷംസീറിന്റെ നിർദ്ദേശപ്രകാരം ആക്രമണം ആസുത്രണം ചെയ്തത് രാജേഷെന്ന് നസീർ

എ.എൻ.ഷംസീർ പറഞ്ഞാൽ എന്തും ചെയ്യും; തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും ഡ്രൈവറായും പ്രവർത്തിക്കുമ്പോഴും വിശ്വസ്തൻ; തലശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും; സിഒടി നസീർ വധശ്രമക്കേസിൽ ഷംസീറിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; രാജേഷിനെ അറസ്റ്റ് ചെയ്തത് മുൻപ് പിടിയിലായ കൊട്ടിയൂർ സന്തോഷിന്റെ മൊഴിയിൽ; അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ പന്ത്രണ്ട് തവണ വിളിച്ചുവെന്ന് പൊലീസ്; ഷംസീറിന്റെ നിർദ്ദേശപ്രകാരം ആക്രമണം ആസുത്രണം ചെയ്തത് രാജേഷെന്ന് നസീർ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: വടകരയിൽ സ്വതന്ത്രനായി മത്സരിച്ച സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ. ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ. വധശ്രമത്തിൽ ഷംസീറിന് പങ്കുണ്ടെന്ന് നസീർ ആരോപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മുൻ ഡ്രൈവറായ കെ. രാജേഷ് പൊലീസ് പിടിയിലായത്. എന്നാൽ കേസും എംഎൽഎയുമായി ബന്ധമുണ്ടെന്നും പൊലീസിനെ ഇക്കാര്യം അറിയിച്ചപ്പോൾ അട്ടിമറി ശ്രമമാണ് നടക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ പൊട്ട്യം സന്തോഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് രാജേഷ് അറസ്റ്റിലാകുന്നത്. മാത്രല്ല നസീർ അക്രമിക്കപ്പെട്ട ദിവസം രാജേഷ് സന്തോഷിനെ ഫോണിലൂടെ 12 തവണ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.രാജേഷ് ഷംസീർ പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണെന്നാണ് പറയുന്നത്.നേരത്തെ തലശ്ശേരി ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറിയായും ഡ്രൈവറായും പ്രവർത്തിച്ചു.ഷംസീറിന്റെ നിദ്ദേശപ്രകാരം അക്രമം ആസൂത്രണം ചെയ്യുന്നത് രാജേഷാണെന്ന് സി. ഓടി നസീർ ആരോപിച്ചു.

രാജേഷിന്റെ അറസ്റ്റ് കൂടിയായതോടെ ഇതുവരെ എട്ട് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുൻപ് രണ്ട് സിപിഎം പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു. മെയ്‌ 18-ാം തീയതിയാണ് തലശ്ശേരിക്ക് സമീപം നസീറിനെ ആക്രമിച്ചത്. നിലവിൽ കേസിൽ 11 പേരുടെ പ്രതിപ്പട്ടികയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് നസീർ ആരോപിച്ചിരുന്നു. തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന് ആക്രമത്തിൽ പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നസീർ ആവശ്യപ്പെട്ടിരുന്നു.

നസീറിനെതിരെ നടന്ന വധശ്രമം സംബന്ധിച്ച് സിപിഎം പാർട്ടി തല അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന സമിതിയുടെ നിർദ്ദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി.വി രാജേഷ് എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനും ഉൾപ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്.

വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. ഈ വിഷയത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന് പങ്കുണ്ടെന്ന നസീറിന്റെ മൊഴിയോട് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ രംഗത്തുവന്ന സംഭവവുമുണ്ടായി. എന്നാൽ, കണ്ണൂരിലെ യുവ നേതാവിന്റെ പേരിൽ പുറത്തുവന്നതോടെ ഈ വിഷയത്തെ ഏങ്ങനെയും നേരിടാനുള്ള വ്യഗ്രതയിൽ ആയിരുന്നു മുഖ്യമന്ത്രി പിറണായി. ഇതോടെ പ്രതിപക്ഷ ചോദ്യങ്ങളോടു ദേഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതോടെ ഈ മാസം ആദ്യം സഭയിൽ വാദപ്രതിവാദവും പ്രതിപക്ഷ വാക്കൗട്ടും നടന്നിരുന്നു.

സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസാണ് വാക്കേറ്റത്തിനും ഇറങ്ങിപ്പോക്കിനും ഇടയാക്കിയത്. വധശ്രമ കേസിലെ ഗൂഢാലോചന കൈകാര്യം ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ തലശേരി എംഎൽഎ എഎൻ ഷംസീറിനെ സംരക്ഷിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു പിണറായി വിജയന്റെ വിശദീകരിച്ചത്. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

എംഎൽഎ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎൻ ഷംസീർ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീർ ആരോപിച്ചിരുന്നു. ഇക്കാര്യം സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തി. പൊതു പ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ചു. എന്നാൽ സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിഒടി നസീറിനോട് സിപിഎമ്മിന് വ്യക്ത വിരോധമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

മെയ് 18 ന് രാത്രി 8 മണിയോടെയാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് നസീറിനെ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നസീർ അപകടനില തരണം ചെയ്ത് ആശുപത്രി വിടുകയും ചെയ്തു. മുൻപ് യുഡിഎഫ് ഭരണ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് നസീർ. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 612 വോട്ടുകളുമായി പത്താം സ്ഥാനത്തായിരുന്നു നസീർ. തലശ്ശേരിയിൽ 327 വോട്ടുകളാണ് നേടിയത്

സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോൺഗ്രസും ആർഎംപിയും കുറ്റപ്പെടുത്തി. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരൻ പ്രതികരിച്ചു. എന്നാൽ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

സിപിഎം. ലോക്കൽ കമ്മിറ്റി അംഗം സി.ഒ.ടി. സുബൈർ മുതൽ എസ്.എഫ്.ഐ, ഡി.വൈ. എഫ്.ഐ എന്നീ പോഷക സംഘടനകളിലും സി.ഒ.ടി. കുടുംബക്കാർ അംഗങ്ങളായുണ്ട്. സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുടുംബത്തിലുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. കൊതുകിനെ കൊല്ലാൻ തോക്കെടുക്കണോ എന്ന കോടിയേരിയുടെ പ്രയോഗമാണ് അതിന് കാരണമായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP