Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്ന് അവസാന കോളിൽ സന്തോഷത്തോടെ പറഞ്ഞ മകൾ ആത്മഹത്യ ചെയ്യുമെന്ന് എങ്ങനെ വിശ്വസിക്കും? മാൾട്ടയിൽ നഴ്‌സായിരുന്ന സിനി വർഗ്ഗീസിന്റെ മരണത്തിൽ കുടുംബം നൽകിയ കേസിൽ ഭർത്താവ് മോനിഷ് അറസ്റ്റിൽ; പ്രതിക്കെതിരെ പത്തനംതിട്ട പൊലീസ് ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; സിനിയുടെ മരണം ഫെബ്രുവരിയിൽ

മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്ന് അവസാന കോളിൽ സന്തോഷത്തോടെ പറഞ്ഞ മകൾ ആത്മഹത്യ ചെയ്യുമെന്ന് എങ്ങനെ വിശ്വസിക്കും? മാൾട്ടയിൽ നഴ്‌സായിരുന്ന സിനി വർഗ്ഗീസിന്റെ മരണത്തിൽ കുടുംബം നൽകിയ കേസിൽ ഭർത്താവ് മോനിഷ് അറസ്റ്റിൽ; പ്രതിക്കെതിരെ പത്തനംതിട്ട പൊലീസ് ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; സിനിയുടെ മരണം ഫെബ്രുവരിയിൽ

എം മനോജ് കുമാർ

പത്തനംതിട്ട: മാൾട്ടയിൽ നഴ്സായിരുന്ന സിനി വർഗീസിന്റെ തൂങ്ങിമരണത്തെ തുടർന്ന് ഭർത്താവ് മോനിഷ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്നു രാവിലെയാണ് പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്തിലുള്ള പൊലീസ് സംഘം മോനിഷിനെ അറസ്റ്റ് ചെയ്തത്. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്യുമെന്ന് പത്തനംതിട്ട ഡിവൈഎസ്‌പി മറുനാടനോട് പറഞ്ഞു. സിനിയുടേത് ആത്മഹത്യ തന്നെയാണ് എന്ന് ഡിവൈഎസ്‌പി പറഞ്ഞു. പക്ഷെ മോനിഷിന്റെ പ്രേരണയെ തുടർന്നുള്ള ആത്മഹത്യയാണ് നടന്നത്. അതിനാൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് എന്ന് ഡിവൈഎസ്‌പി പറഞ്ഞു. മാൾട്ടയിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സിനി ഫെബ്രുവരി 17-നാണ് മരിച്ചത്.

സിനിയുടെ ഭർത്താവ് മോനിഷ് തന്നെയാണ് മാൾട്ടയിൽ നിന്ന് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. അപകടത്തിൽപ്പെട്ട് മരിച്ചെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഇതോടെ ബന്ധുക്കളിൽ സംശയം ഉയർന്നു. ഇതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്. മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ സംസ്‌ക്കാരം ഭർത്താവ് മോനിഷിന്റെ കൊല്ലം തേവലക്കരയിൽ വീട്ടിൽ നടത്താൻ സിനിയുടെ വീട്ടുകാർ അനുമതി നൽകിയിരുന്നില്ല. സിനിക്കേറ്റ ക്രൂരമായ മർദ്ദനത്തിന്റെ പാടുകൾ ചൂണ്ടിക്കാണിച്ചാണ് വീട്ടുകാർ സിനിയുടെ മരണം തൂങ്ങിമരണമല്ല കൊലപാതകമാണെന്ന് ആരോപിക്കുന്നത്. സിനിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും പത്തനംതിട്ട എസ്‌പിക്കും കലക്ടർക്കുമെല്ലാം ബന്ധുക്കൾ പരാതി നൽകിയിരുന്നു. . സിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് കോട്ടയം മെഡിക്കൽ കോളെജിലാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ല. അതിനുശേഷം ഈ കാര്യത്തിൽ ബന്ധുക്കൾ തുടർ നടപടികൾ കൈക്കൊള്ളും.

2014 ഏപ്രിലിൽ വിവാഹം കഴിഞ്ഞ ശേഷം മർദ്ദനമേൽക്കാത്ത ദിവസങ്ങൾ സിനിയുടെ ജീവിതത്തിലുണ്ടായിട്ടില്ല എന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്. മാട്രിമോണിയിൽ സൈറ്റ് വഴി വന്ന ആലോചന അധികം ആലോചിക്കാതെ തങ്ങൾ നടത്തുകയായിരുന്നു. സ്വന്തം വീട്ടുകാരോട് സിനി പുലർത്തിയ താത്പര്യം ഭർത്താവായ മോനിഷ് അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ഒട്ടുവളരെ മർദ്ദനങ്ങളും മാനസിക പീഡനങ്ങളും സിനിക്ക് അനുഭവിക്കേണ്ടി വന്നിരുന്നു-ബന്ധുക്കൾ മറുനാടനോട് പറഞ്ഞിരുന്നു. വിവാഹശേഷം സിനിക്കാണ് മാൾട്ടയിൽ ജോലി ലഭിച്ചത്. നല്ല ശമ്പളമുള്ള ജോലിയായിരുന്നു. മോനിഷിനെ സിനി മാൾട്ടയിലേക്ക് കൊണ്ടുപോയി. അവിടെ ജോലി ശരിയാക്കി നൽകി. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. ഒലിവർ. മകനും ഇവർക്കൊപ്പം മാൾട്ടയിലായിരുന്നു. മകൻ സ്‌കൂളിൽ പോയിരിക്കെയാണ് മരണം നടക്കുന്നത്. ഒലിവറിനെ അമ്മ തൂങ്ങി നിൽക്കുന്നത് കാണിക്കുന്നത് മോനിഷ് തന്നെയാണ് എന്നാണ് സിനിയുടെ വീട്ടുകാർ പറഞ്ഞത്. സിനിയെ കൊന്ന ശേഷം മോനിഷ് നാടകം നടത്തുകയായിരുന്നു. മകളെ മർദ്ദിച്ചു കൊന്ന മോനിഷിനെ നിയമത്തിന്റെ വലയിൽ അകപ്പെടുത്തണം. മോനിഷ് രക്ഷപ്പെട്ടു പോകരുത്-യുക്തമായ നടപടികൾ ഈ കാര്യത്തിലുണ്ടാകണം- പത്തനംതിട്ട എസ്‌പിക്ക് നൽകിയ പരാതിയിൽ സിനിയുടെ വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടി നാട്ടിൽ സിനി വീട് വയ്ക്കുന്നുണ്ടായിരുന്നു. അതിന്റെ പേരിൽ മോനിഷ് പ്രശ്നമുണ്ടാക്കിയിരുന്നു-വീട്ടുകാർ പറഞ്ഞിരുന്നു.

പത്തനംതിട്ട ഇരവിപുരത്തെ എ.ജെ.വർഗീസ്- മറിയാമ്മ വർഗീസ് ദമ്പതികളുടെ ഇളയമകളാണ് സിനി വർഗീസ്. മകൾ സന്തോഷവതിയായിരുന്നു മരിക്കുന്ന ആ ദിവസവും. മോനിഷിനും എനിക്കും ലീവാണ്. ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നാണ് മകൾ പറഞ്ഞത്. ഈ മകൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം-അമ്മ മറിയാമ്മ മറുനാടനോട് പ്രതികരിച്ചിരുന്നു. . ഇവരുടെ ദാമ്പത്യം സുഖകരമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷെ അവൾ ഒന്നും എന്നോടു പറയാറില്ല. വിവാഹം കഴിഞ്ഞത് മുതൽ പീഡനമാണ്. മകൾ വളരെ സന്തോഷവതിയായിരുന്നു. മോനിഷിനു ഇന്നു അവധിയാണ്. എനിക്കും അവധിയാണ്. ബിരിയാണി ഉണ്ടാക്കുകയാണ്. മോനിഷ് എന്തേ എന്ന് ചോദിച്ചപ്പോൾ മമ്മി മോനിഷ് മോനെ വിളിക്കാൻ പോയിരിക്കുകയാണ് എന്നാണ് പറഞ്ഞത്. വളരെ ഹാപ്പിയായിരുന്നു അവൾ. ഈ ദിവസം തന്നെയാണ് അവളുടെ മരണവും നടന്നത്-വീട്ടുകാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP