Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

ഡിസ്‌ക് വലയിൽ കുടുങ്ങിയെന്നു പറഞ്ഞ തോപ്പുംപടി സ്വദേശിക്ക് പിന്നിലും അട്ടിമറിക്കാർ; ആ ഹാർഡ് ഡിസ്‌ക് ഇപ്പോഴും കരയിൽ സുരക്ഷിതം; ബ്ലാക്ക് മെയിൽ സാധ്യത നിലനിർത്താൻ വിദേശത്തേക്ക് തെളിവ് കടത്താനും ശ്രമമെന്ന് സൂചന; നമ്പർ 18 ഹോട്ടലിൽ അന്ന് രാത്രി നടന്നത് പുറത്തു വരുമോ?

ഡിസ്‌ക് വലയിൽ കുടുങ്ങിയെന്നു പറഞ്ഞ തോപ്പുംപടി സ്വദേശിക്ക് പിന്നിലും അട്ടിമറിക്കാർ; ആ ഹാർഡ് ഡിസ്‌ക് ഇപ്പോഴും കരയിൽ സുരക്ഷിതം; ബ്ലാക്ക് മെയിൽ സാധ്യത നിലനിർത്താൻ വിദേശത്തേക്ക് തെളിവ് കടത്താനും ശ്രമമെന്ന് സൂചന; നമ്പർ 18 ഹോട്ടലിൽ അന്ന് രാത്രി നടന്നത് പുറത്തു വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉൾപ്പടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഡി.വി.ആറിന്റെ ഹാർഡ് ഡിസ്‌ക് വലയിൽ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും മത്സ്യത്തൊഴിലാളികളുടെ വാദത്തിന് പിന്നിൽ അട്ടിമറി സാധ്യത. എന്നാൽ ഇതു ശരിയാകാൻ ഇടയില്ലെന്നും യഥാർഥ ഡി.വി.ആർ. ഒളിപ്പിച്ചിരിക്കാമെന്നും പൊലീസ് നിഗമനം. ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണ്.

ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞുവെന്നത് പച്ചക്കള്ളമാണെന്ന് ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാർഡ് സിസ്‌കുകൾ മാറ്റിയത്. നാടകം കളിച്ച് അത് കായലിൽ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ എന്നായിരുന്നു റിപ്പോർട്ട്. ഈ ഹാർഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയിൽ വിഐപിയെ ബ്ലാക് മെയിൽ ചെയ്യാനും കഴിയും. ഈ വാർത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന.

അപകടത്തിൽ ദുരൂഹതയുണ്ടെന്നും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്‌ക് കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിയുമെന്നതും വസ്തുതയാണ്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപത്തുവച്ചാണു തിങ്കളാഴ്ച ഹാർഡ് ഡിസ്‌ക് കിട്ടിയതെന്നും അതു തിരികെയിട്ടെന്നുമാണു തൊഴിലാളികൾ പറഞ്ഞത്. ഇതേത്തുടർന്നാണു കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെക്കൊണ്ടു പൊലീസ് തെരച്ചിൽ നടത്തിയത്. എന്നാൽ ഒന്നും കിട്ടിയില്ല.

ഡിസ്‌ക് വലയിൽ കുടുങ്ങിയെന്നു പറഞ്ഞ തോപ്പുംപടി സ്വദേശിയേയും തെരച്ചിലിൽ ഒപ്പംകൂട്ടി. ഹാർഡ് ഡിസ്‌കിന്റെ ചിത്രം പൊലീസ് അജയനെ കാണിച്ചു. അതുപോലൊന്നാണു വലയിൽ കിട്ടിയതെന്നായിരുന്നു മറുപടി. ഈ മൊഴിയിലും പൊലീസിന് സംശയം ഏറെയാണ്. യഥാർഥ ഹാർഡ് ഡിസ്‌ക് ഇപ്പോഴും സുരക്ഷിതമായി എവിടെയോ ഉണ്ടെന്നായിരുന്നു മറുനാടൻ റിപ്പോർട്ട്. ഈ സംശയത്തിലേക്ക് അന്വേഷണമെത്തിയാൽ വീണ്ടും പ്രമുഖർ കുടുങ്ങും. ഇത് മനസ്സിലാക്കിയാണ് പുതിയ കഥ എത്തിയത്.

സംഭവത്തിനു മുമ്പുള്ള രാത്രിയിൽ ഹോട്ടലിൽ നടന്നതെന്താണെന്നു തിരിച്ചറിയാൻ ഹാർഡ് ഡിസ്‌കിലെ വിവരങ്ങൾ ഉപകരിക്കുമായിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടുമോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിസ്‌ക് കായലിലെറിയാനായി സഞ്ചരിച്ചെന്നു ഹോട്ടൽ ജീവനക്കാർ പറഞ്ഞ ഇന്നോവ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതയില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടു തിരുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു രംഗത്തു വന്നിരുന്നു.

സിബിഐ അന്വേഷണ സാധ്യതകൾ തേടി മോഡലുകളുടെ കുടുംബം രംഗത്ത് വന്നതോടെയാണ് പുതിയ കഥകൾ എത്തുന്നത്. കായലിൽ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ എന്നാണ് സൂചന. ഈ ഹാർഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയിൽ വിഐപിയെ ബ്ലാക് മെയിൽ ചെയ്യാനും കഴിയും. ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിച്ചതാണു കേസ് ദുരൂഹമാക്കിയത്.അപകടം നടന്നപ്പോൾ മോഡലുകളുടെ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന സൈജു എം. തങ്കച്ചൻ, അപകടത്തിൽ അകപ്പെട്ട വാഹനം ഓടിച്ച അബ്ദുൽ റഹ്മാൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.

സൈജു ഒളിവിലാണ്. മോഡലുകളുടേയും അബ്ദുൽ റഹ്മാന്റേയും സുഹൃത്തായ സൽമാനും നിർണ്ണായക വിവരങ്ങൾ അറിയാം. റോയ് വയലാട്ടിനെ രക്ഷിക്കാൻ സൽമാൻ രംഗത്തു വന്നിരുന്നു. ഒളിവിൽ പോകാത്ത സൽമാനെ ശാസ്ത്രീയമായി ചോദ്യം ചെയ്താൽ തന്നെ സത്യം പുറത്തു വരും. അന്ന് രാത്രി സൽമാനേയും മോഡലുകളിൽ ഒരാൾ ഫോൺ ചെയ്തിരുന്നു. ഈ ഫോൺ എന്തിനാണെന്ന് തിരക്കിയാൽ തന്നെ സത്യം അറിയാമെന്നതാണ് വസ്തുത. അപകടത്തിൽ ദുരൂഹതയില്ലെന്നും റോയ് വയലാട്ട് നല്ലപിള്ളയാണെന്നും സൽമാൻ പരസ്യമായി പ്രതികരിച്ചിരുന്നു.

സൈജുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സൈജു നിലവിൽ പ്രതിയല്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണിത്. അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ നോട്ടിസ് നൽകിയേ വിളിപ്പിക്കൂവെന്നും സർക്കാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP