Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുവർഷം കൊണ്ട് കേരളത്തിൽ തുറക്കേണ്ടിയിരുന്നത് 500 ലധികം പെട്രോൾ പമ്പുകൾ; നഷ്ടമായത് 10,000 കോടിയുടെ നിക്ഷേപവും യുവാക്കൾക്ക് തൊഴിലവസരവും; മറ്റു വകുപ്പുകൾ എൻഒസി നൽകിയപ്പോൾ നിഷേധിച്ചത് പൊതുമരാമത്ത് വകുപ്പ് മാത്രം; പഴയ ചട്ടങ്ങൾ പറഞ്ഞ് ഉടക്കിട്ടതോടെ ഹൈക്കോടതിയിൽ നിയമയുദ്ധവും; പുതിയ പമ്പുകൾ വന്നാൽ വരുമാനം പോകുമെന്ന് ഭയന്ന് ലക്ഷങ്ങൾ ഇറക്കിയവരെ നക്ഷത്രമെണ്ണിച്ച് പെട്രോൾ പമ്പ് ലോബിയും

രണ്ടുവർഷം കൊണ്ട് കേരളത്തിൽ തുറക്കേണ്ടിയിരുന്നത് 500 ലധികം പെട്രോൾ പമ്പുകൾ; നഷ്ടമായത് 10,000 കോടിയുടെ നിക്ഷേപവും യുവാക്കൾക്ക് തൊഴിലവസരവും; മറ്റു വകുപ്പുകൾ എൻഒസി നൽകിയപ്പോൾ നിഷേധിച്ചത് പൊതുമരാമത്ത് വകുപ്പ് മാത്രം; പഴയ ചട്ടങ്ങൾ പറഞ്ഞ് ഉടക്കിട്ടതോടെ  ഹൈക്കോടതിയിൽ നിയമയുദ്ധവും; പുതിയ പമ്പുകൾ വന്നാൽ വരുമാനം പോകുമെന്ന് ഭയന്ന് ലക്ഷങ്ങൾ ഇറക്കിയവരെ നക്ഷത്രമെണ്ണിച്ച് പെട്രോൾ പമ്പ് ലോബിയും

എം മനോജ് കുമാർ

തിരുവനന്തപുരം: എണ്ണക്കമ്പനികളുടെ അനുമതി ലഭിച്ച പെട്രോൾ പമ്പ് ഉടമകൾക്ക് എൻഒസി നൽകാതെ പൊതുമരാമത്ത് വകുപ്പ് വട്ടം ചുറ്റിക്കുന്നു. പിഡബ്ല്യുഡി എൻഒസി ലഭിക്കാത്തത് കാരണം പ്രവർത്തനം തുടങ്ങാൻ കഴിയാതെ കാത്തിരിക്കുന്നത് 500ലധികം പെട്രോൾ പമ്പ് ഉടമകളാണ്. നിലവിലെ പെട്രോൾ പമ്പ് ഉടമകളിൽ നിന്നുള്ള സമ്മർദ്ദമാണ് പിഡബ്ലുഡി എൻഒസി വൈകുന്നത് എന്നാണ് സൂചന. രണ്ടു വർഷത്തോളമായി അനിശ്ചിതമായ കാത്തിരിപ്പിലാണ് പെട്രോൾ പമ്പ് ഉടമകൾ. 2018-ൽ തന്നെ ഇവർക്ക് ഓയിൽ കമ്പനികളുടെ ലെറ്റർ ഓഫ് ഇൻഡന്റ് ലഭിച്ചിട്ടും പൊതുമരാമത്ത് വകുപ്പിന്റെ എൻഒസി ലഭിക്കാത്ത വിചിത്രമായ അവസ്ഥയാണ് നിലവിലുള്ളത്. ഓയിൽ കമ്പനികൾ സ്ഥല പരിശോധന നടത്തിയാണ് പമ്പ് നടത്തുന്നവർക്ക് അനുമതിയായ ലെറ്റർ ഓഫ് ഇന്റന്റ് നൽകുന്നത്. എണ്ണ കമ്പനികളുടെ അനുമതി ലഭിച്ച പമ്പ് ഉടമകളാണ് പൊതുമരാമത്ത് വകുപ്പിന്റെ എൻഒസി ലഭിക്കാത്തത് കാരണം പെടാപ്പാട് പെടുന്നത്.

പമ്പ് ഉടമകൾക്കുള്ള ലെറ്റർ ഓഫ് ഇന്റന്റ് പമ്പിന്റെ സ്‌കെച്ച് സഹിതം ഓയിൽ കമ്പനികൾ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് ഓയിൽ കമ്പനിയുടെ കത്ത് കൈമാറിയിട്ടുണ്ട്. ഫയർ, പൊലീസ്, റവന്യൂ തുടങ്ങി എട്ടോളം എൻഒസികൾ പെട്രോൾ പമ്പ് തുടങ്ങാൻ അവശ്യമുണ്ട്. പിഡബ്ല്യുഡിയുടെ എൻഒസി ഒഴികെ മുഴുവൻ വകുപ്പുകളുടെയും എൻഒസി പുതിയ പമ്പ് ഉടമകൾക്ക് ലഭിച്ചിട്ടുണ്ട്. പിഡബ്ല്യുഡിയുടെ എൻഒസി കൂടി പെട്രോൾ കമ്പനികൾക്ക് വേണ്ടതിനാൽ പെട്രോൾ പമ്പ് എന്ന സ്വപ്നത്തിലേക്ക് എത്താൻ ഉടമകൾക്ക് കഴിയുന്നുമില്ല. ആയിരക്കണക്കിന് യുവാക്കളുടെ തൊഴിൽ അവസരവും പമ്പുകൾ വൈകിയതോടെ നഷ്ടമാവുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് എൻഒസി നൽകാതിരിക്കുന്നത് എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഓഫീസ് മറുനാടനോട് പ്രതികരിച്ചത്.

500 ഓളം പെട്രോൾ പമ്പുകൾ വഴി പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ വരേണ്ടിയിരുന്നത്. സ്ഥാപിതതാത്പര്യങ്ങൾ കാരണം പൊതുമരാമത്ത് വകുപ്പ് ഉടക്കിടുന്നത് കാരണം പെട്രോൾ പമ്പുകളും വരുന്നില്ല, നിക്ഷേപവും വരുന്നില്ല എന്ന അവസ്ഥയാണ്. ഒരു പെട്രോൾ പമ്പിനു പമ്പ് ഉടമകളോ കമ്പനിയോ നിക്ഷേപിക്കുക രണ്ടു കോടിയോളം രൂപയാണ്. ഈ രീതിയിൽ നോക്കുകയാണെങ്കിൽ പതിനായിരം കോടിയുടെ നിക്ഷേപം കേരളത്തിൽ വരേണ്ടതുണ്ടായിരുന്നു. പക്ഷെ പിഡബ്ല്യുഡിയുടെ ഉടക്ക് കാരണം ഈ തുക ഫ്രീസ് ആയ അവസ്ഥയിലായി.

കേരളത്തിലേക്ക് വ്യവസായം വരാതിരിക്കുന്നത് എങ്ങനെയാണ് എന്ന് മനസിലാക്കാൻ പെട്രോൾ പമ്പ് ഉടമകൾക്ക് അനുമതി നിഷേധിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സമീപനം ശ്രദ്ധിച്ചാൽ മതി. കേരളത്തിൽ പുതുതായി 1750 പമ്പുകൾ വരുന്നു എന്ന് മനസിലാക്കിയതോടെ നിലവിലെ പെട്രോൾ പമ്പ് ഉടമകൾ കളി തുടങ്ങി.

പെട്രോൾ പമ്പ് വരുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കും എന്ന് മനസിലാക്കിയാണ് ഇവർ കളി തുടങ്ങിയത്. അതിനു ആയുധമാക്കിയത് പൊതുമരാമത്ത് വകുപ്പിനെയും. വിവിധ സർക്കാർ വകുപ്പുകളുടെ എൻഒസി പുതിയ പെട്രോൾ പമ്പുകൾക്ക് ലഭ്യമാക്കണം. ഈ എൻഒസി ഓയിൽ കമ്പനികൾക്ക് ലഭിക്കുകയും വേണം. പക്ഷെ കേരളത്തിൽ 1750 പെട്രോൾ പമ്പുകൾക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ തന്നെ പല വിധ ബുദ്ധിമുട്ടുകൾ പമ്പുകൾക്ക് അപേക്ഷിച്ചവർ നേരിടാൻ തുടങ്ങി. 1750 പെട്രോൾ പമ്പുകൾക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും 500 ലേറെ പെട്രോൾ പമ്പുകൾക്ക് മാത്രമാണ് ഓയിൽ കമ്പനികൾ ലെറ്റർ ഓഫ് ഇന്റന്റ് നൽകിയത്.

ലെറ്റർ ഓഫ് ഇന്റന്റ്‌റ് ലഭിച്ചാൽ നടപടിക്രമങ്ങൾ വളരെ വേഗത്തിലാകും. വളരെ വേഗം പമ്പുകൾ യാഥാർഥ്യമാവുകയും ചെയ്യും. ഓയിൽ കമ്പനികൾ പമ്പ് ഉടമകൾക്ക് ലെറ്റർ ഓഫ് ഇന്റന്റ് കോപ്പി ലഭിച്ചാൽ കളക്ടർ അത് അപ്പോൾ തന്നെ വിവിധ വകുപ്പുകൾക്ക് എൻഒസിക്കായി കൈമാറും. എൻഒസി ലഭിച്ചാൽ അത് ഓയിൽ കമ്പനികൾക്ക് ലഭ്യമാകും. ഇതോടെ പമ്പുകൾ വളരെ വേഗം യാഥാർഥ്യമാക്കും. പക്ഷെ പിഡബ്ല്യുഡി തടസം നിന്നതിനാൽ ഇത് നടന്നില്ല.

2018 ലാണ് ലെറ്റർ ഓഫ് ഇന്റന്റ് ഓയിൽ കമ്പനികൾ നൽകിയത്. എല്ലാ വകുപ്പുകളും എൻഒസി നൽകിയപ്പോൾ പിഡബ്ല്യുഡി നൽകിയില്ല. അവർ ഇല്ലാത്ത ഒരു ഗൈഡ് ലൈൻ എൻഒസി നൽകാതിരിക്കാൻ കൊണ്ടുവന്നു. ഇത് സർക്കാരിനെക്കൊണ്ട് ഉത്തരവായി ഇറക്കുകയും ചെയ്തു. 1964-ലെ ഇന്ത്യൻ റോഡ് കോൺഗ്രസ് റൂൾ വച്ചാണ് ഇവർ മാന്വൽ ക്രിയേറ്റ് ചെയ്തത്. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുമ്പോൾ പമ്പിന്റെ ഒരു കിലോമീറ്ററിൽ ഇട റോഡുകൾ പാടില്ല. അമ്പത് മീറ്റർ ചുറ്റളവിൽ സ്‌കൂളുകൾ പാടില്ല. എന്നൊക്കെയാണ് ഐആർസി പറയുന്നത്. ഐആർസി നിബന്ധനകൾ ആവശ്യമില്ലെന്ന നിലപാടിലാണ് ആദ്യമേ ഓയിൽ കമ്പനികൾ കേരളത്തിൽ എവിടെയും ഇട റോഡുകൾ ഉണ്ടാകും. ചെറിയ റോഡ് ആണെങ്കിൽ പോലും പിഡബ്ലുഡി സമ്മതിക്കില്ല. ഇതെല്ലാം ഇവർ അടിച്ചേൽപ്പിച്ചത് നിലവിലെ പമ്പ് ഉടമകളുടെ സ്വാധീനം കാരണമാണ് എന്നാണ് സൂചന. ഒടുവിൽ കോടതി ഇടപെടലുകൾ വന്നപ്പോൾ പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറെ പഠനകമ്മിഷൻ ആയി സർക്കാർ നിയോഗിച്ചിരുന്നു. എന്ത് പഠനകമ്മിഷൻ ആയാലും പുതിയ പമ്പുകൾക്ക് പിഡബ്ല്യുഡിയുടെ എൻഒസി ലഭിച്ചില്ല. 2019 അവസാനത്തോടെ തന്നെ ഐആർസി റൂൾ പിന്തുടരേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ വിധി തന്നെ വന്നതായും അത് പക്ഷെ കേരളം ഫോളോ ചെയ്യുന്നില്ലെന്നും പുതിയ പമ്പുകൾക്ക് അനുമതി ലഭിച്ചവർ മറുനാടനോട് പറഞ്ഞു. കേരളത്തിന്റെ രീതികളിൽ മനം മടുത്ത് ഇവർ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്ക് പരാതിയും നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പെട്രോൾ പമ്പുകൾ ആരംഭിച്ചപ്പോൾ കേരളത്തിൽ മാത്രമാണ് പമ്പുകൾ തുടങ്ങാൻ സാധിക്കാത്തത് എന്നാണ് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

2018-ൽ ഓൾ ഇന്ത്യാ തലത്തിൽ തന്നെയാണ് ഓയിൽ കമ്പനികൾ നോട്ടിഫിക്കേഷൻ ഇറക്കിയത്. എല്ലാ സംസ്ഥാനങ്ങളിലും നോട്ടിഫിക്കേഷൻ പ്രകാരമുള്ള പമ്പുകൾ വന്നു. തമിഴ്‌നാട്ടിൽ 450 ഓളം പെട്രോൾ പമ്പ് തുറന്നു. കർണാടകയിൽ തുറന്നത് 225 ഓളം പമ്പുകൾ. കേരളത്തിൽ മാത്രം വിരലിൽ എണ്ണാവുന്ന പമ്പുകൾ മാത്രമാണ് വന്നത്. പിഡബ്ല്യുഡി അനുമതി നൽകേണ്ട പൊതുമരാമത്ത് റോഡുകളിൽ വകുപ്പ് അനുമതി നൽകിയില്ല. ദേശീയ പാതയോരത്ത് പമ്പുകൾ വരുകയും ചെയ്തു. ദേശീയ പാതയോരത്ത് പിഡബ്ല്യുഡി എൻഒസി ആവശ്യമില്ലാത്തതിനാലാണ് വിരലിൽ എണ്ണാൻ മാത്രമുള്ള ഈ പമ്പുകൾ യാഥാർഥ്യമായത്.

പൊതുമരാമത്ത് വകുപ്പ് വ്യവസായ വികസനത്തിനു തടസം നിൽക്കുന്ന വിചിത്രമാണ് കാഴ്ചയാണ് പമ്പുകൾക്ക് അനുമതി നിഷേധിക്കുമ്പോൾ ദൃശ്യമാകുന്നത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് അനുമതി നൽകാതിരിക്കുന്നത് എന്നാണ് വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഓഫീസ് മറുനാടനോട് പ്രതികരിച്ചത്. ഐആർസി റൂൾ സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ സംസ്ഥാനത്തിനു സംസ്ഥാനത്തിന്റെ രീതിയിൽ നിയമങ്ങൾ നടപ്പിലാക്കാം എന്നാണ് മന്ത്രിയുടെ ഓഫീസ് പറഞ്ഞത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് എൻഒസി നൽകാതിരുന്ന സർക്കാരിന്റെ തീരുമാനം അംഗീകരിച്ചിരുന്നു. അതിനെതിരെ പമ്പ് ഉടമകൾ ഡിവിഷൻ ബെഞ്ചിൽ പോയി. ആ തീരുമാനം വന്നിട്ടില്ല. ഹൈക്കോടതി തീരുമാനം വന്നാൽ സർക്കാർ അതിനനുസരിച്ച് തീരുമാനം എടുക്കും-മന്ത്രിയുടെ ഓഫീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP