Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എടയാർ സ്വർണക്കവർച്ചാ കേസിൽ നാലു പേർ അറസ്റ്റിലായിട്ടും 'തൊണ്ടിമുതൽ' ഇപ്പോഴും കാണാമറയത്ത്; സ്വർണം എവിടെ ഒളിപ്പിച്ചു എന്ന കാര്യത്തിൽ പിടിയിലായ യുവാക്കൾ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പ്രതികളുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെടുത്തത് എയർഗൺ അടക്കമുള്ള ആയുധങ്ങൾ; ബാഗ് ചിന്നക്കനാലിൽ കുഴിച്ചിട്ടെന്ന മൊഴിയും അന്വേഷണ സംഘത്തിന് തലവേദന തന്നെ

എടയാർ സ്വർണക്കവർച്ചാ കേസിൽ നാലു പേർ അറസ്റ്റിലായിട്ടും 'തൊണ്ടിമുതൽ' ഇപ്പോഴും കാണാമറയത്ത്; സ്വർണം എവിടെ ഒളിപ്പിച്ചു എന്ന കാര്യത്തിൽ പിടിയിലായ യുവാക്കൾ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പ്രതികളുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെടുത്തത് എയർഗൺ അടക്കമുള്ള ആയുധങ്ങൾ; ബാഗ് ചിന്നക്കനാലിൽ കുഴിച്ചിട്ടെന്ന മൊഴിയും അന്വേഷണ സംഘത്തിന് തലവേദന തന്നെ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: കവർച്ചക്കാരിൽ നിന്നും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷ വെറുതെയായി. എടയാറിലെ 20 കിലോ സ്വർണം ഇപ്പോഴും കാണാമറയത്ത് തന്നെ. അറസ്റ്റിലായ 4 പേർ റിമാന്റിൽ. എടയാർ സ്വർണ കവർച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലു പേരെ ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി. ഇടുക്കി മുരിക്കാശേരി കുരിയത്ത് ദേവസി മകൻ സതീഷ് സെബാസ്റ്റ്യൻ (39) ,തൊടുപുഴ കുമ്പൻകോട് കിഴക്കേ മീത്തിൽ റാഷിദ്(37), മൂവാറ്റുപുഴ മഞ്ഞള്ളൂർ മടക്കാത്തനം വെള്ളാപ്പിള്ളി വീട്ടിൽ നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് (30) എന്നിവരെയാണ് സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് അറസ്റ്റു ചെയതത്. ഇവരിപ്പോൾ റിമാന്റിലാണ്.

ഇവർക്കെതിരെ ഐപിസി 397,395, 120 ബിയടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കവർച്ച നടന്ന ദിവസം സി.സി.ടി.വി യിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പിടിയിലായവർ ഉൾപെട്ടതായി നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കവർച്ചയുടെ തലേ ദിവസവും ഇവർ സ്ഥലത്തെത്തി റിഹെഴ്സൽ നടത്തിയിരുന്നു. സതീഷ് കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയയാളാണ്.

ഇയാളും ഇയാളുടെ പിതാവും ചേർന്ന് ഇവർ കഞ്ചാവ് കടത്തുന്ന വിവരം എക്സൈസിന് ഒറ്റിക്കൊടുത്തയാളെ കൊലപ്പെടുത്തുകയായിരുന്നു. റാഷിദിനും, തെക്കൻ സനീഷെന്നറിയപ്പെടുന്ന സനീഷിനുമെതിരെ തട്ടിക്കൊണ്ട് പോകൽ, കഞ്ചാവ് കടത്ത് എന്നവയ്ക്ക് കേസുകളുണ്ട്. ആലുവ സിഐ സലീഷിന്റെ നേതൃത്വത്തിൽ അതിസാഹസികമായാണ് കൊടുക്കുമലക്ക് സമീപം കാട്ടിൽ നിന്ന് പ്രതികളെ പിടികൂടിയത്. മാട്ടുപെട്ടിയിൽ ഹോം സ്റ്റേയിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടാൻ പൊലീസെത്തുമ്പോഴേക്കും പ്രതികൾ കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു.

സ്വർണം എവിടെ ഒളിപ്പിച്ചു എന്ന കാര്യത്തിൽ പിടിയിലായ യുവാക്കൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഉടൻ കവർച്ച ചെയ്യപ്പെട്ട സ്വർണം കണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ മൂന്നുപേരും മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞതു പൊലീസിനെ കുഴക്കുകയാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട ഒരാളുടെ നിർദ്ദേശപ്രകാരമാണു കവർച്ച എന്നായിരുന്നു ആദ്യ വെളിപ്പെടുത്തൽ.

എങ്കിൽ സ്വർണം ആർക്കു കൈമാറി എന്നു ചോദിച്ചപ്പോൾ തട്ടിയെടുത്ത ബാഗിൽ ഒന്നുമുണ്ടായിരുന്നില്ല എന്നായിരുന്നു മറുപടി. പിന്നീടു ബാഗ് ചിന്നക്കനാലിൽ കുഴിച്ചിട്ടെന്നു മൊഴി നൽകി. ഇതൊന്നും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. തീർത്തും തള്ളിക്കളഞ്ഞിട്ടുമില്ല. ഇത്രയും പ്രതികളെ കിട്ടിയ സാഹചര്യത്തിൽ തൊണ്ടി കണ്ടെടുക്കുക എന്നതാണു പൊലീസിനു മുന്നിലെ അടുത്ത വെല്ലുവിളി. കേസിൽ 5 പ്രതികളുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.

സ്വർണം കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടേക്കാം. തട്ടിയെടുക്കുമ്പോൾ ബാഗ് ശൂന്യമായിരുന്നു എങ്കിലും പ്രതികളുടെ എണ്ണം കൂടും. സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജ് റിമാൻഡിലാണ്. ഇയാളുടെ മൊഴികളാണു പിന്നീടുള്ള അന്വേഷണത്തിൽ നിർണായകമായത്. വനാതിർത്തിയോടു ചേർന്ന സിങ്കുകണ്ടത്തു നിന്നാണു വെള്ളിയാഴ്ച നാലു പേരെയും പിടികൂടിയത്.

സായുധ പൊലീസ് സംഘം കാട്ടിലൂടെ 2 മണിക്കൂർ നടന്നാണ് ഇവരുടെ ഒളിത്താവളത്തിൽ എത്തിയത്. എയർഗൺ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഇടുക്കി പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. എടയാർ സിജിആർ മെറ്റലോയ്‌സിലേക്കു കാറിൽ കൊണ്ടുവന്ന 6 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണം 9നു രാത്രി വാഹനത്തിന്റെ ചില്ലു തകർത്താണു കവർച്ച നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP