Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ബി.ആർ.ഷെട്ടിയെ പാവയാക്കി കളിച്ചത് മുഴുവൻ നെന്മാറക്കാരായ പ്രശാന്ത് മങ്ങാട്ടും സഹോദരൻ പ്രമോദ് മങ്ങാട്ടും; എൻഎംസിയെ കരുവാക്കി തട്ടിക്കൂട്ടിയത് 40 ഓളം തട്ടിപ്പ് കമ്പനികൾ; ഇരയാക്കി ചതിച്ചവരിൽ തൃശൂർ അന്തിക്കാട് സ്വദേശിയും; എൻഎംസിയുടെ പേരിൽ സുനിലന്റെ കമ്പനി തട്ടിയെടുത്തത് കള്ളക്കേസുണ്ടാക്കി; മകളെ ഭീഷണിപ്പെടുത്തി; യുഎഇയിലേക്ക് പറക്കാനാവാതെ സുനിലന് കുരുക്കിട്ട പ്രശാന്ത് മങ്ങാട്ട് ഇരകളെ വിഴുങ്ങുന്ന കൊമ്പൻ

ബി.ആർ.ഷെട്ടിയെ പാവയാക്കി കളിച്ചത് മുഴുവൻ നെന്മാറക്കാരായ പ്രശാന്ത് മങ്ങാട്ടും സഹോദരൻ പ്രമോദ് മങ്ങാട്ടും; എൻഎംസിയെ കരുവാക്കി തട്ടിക്കൂട്ടിയത് 40 ഓളം തട്ടിപ്പ് കമ്പനികൾ; ഇരയാക്കി ചതിച്ചവരിൽ തൃശൂർ അന്തിക്കാട് സ്വദേശിയും; എൻഎംസിയുടെ പേരിൽ സുനിലന്റെ കമ്പനി തട്ടിയെടുത്തത് കള്ളക്കേസുണ്ടാക്കി; മകളെ ഭീഷണിപ്പെടുത്തി; യുഎഇയിലേക്ക് പറക്കാനാവാതെ സുനിലന് കുരുക്കിട്ട പ്രശാന്ത് മങ്ങാട്ട് ഇരകളെ വിഴുങ്ങുന്ന കൊമ്പൻ

മറുനാടൻ ഡെസ്‌ക്‌

അബുദബി: ഒന്നും രണ്ടുമല്ല 40 ഓളം തട്ടിപ്പ് കമ്പനികളാണ് പാലക്കാട് നെന്മാറക്കാരൻ പ്രശാന്ത് മങ്ങാട്ടും സഹേദരൻ പ്രമോദ് മങ്ങാട്ടും കൂടി എൻഎംസിയെയും , ബിആർ.ഷെട്ടിയെയും ഒക്കെ പറ്റിച്ചും കള്ളഒപ്പിട്ടും ഒക്കെ കൂണ് പോലെ പടുത്തുയർത്തിയത്. അതിനിടെ കുറെപാവം പ്രവാസി വ്യവസായികളെ കൂടെ കൂട്ടി അവർക്കിട്ട് നല്ല പണിയും കൊടുത്തു. അതായത് അവരുടെ സ്ഥാപനങ്ങൾ സൂത്രത്തിൽ കൈക്കലാക്കി. എൻഎംസിയുടെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. ഒടുവിൽ എല്ലാ അമർന്നത് പ്രശാന്ത് മങ്ങാട്ടിന്റെ പേരിലും. അതെ, കോടികളുടെ ക്രമക്കേടുകളുടെ പേരിൽ എൻഎംസിയിൽ നിന്ന് മുങ്ങിയ മങ്ങാട്ട് സഹോദരന്മാർ ചില്ലറക്കാരല്ല എന്നാണ് പുറത്തുവരുന്ന വിവരം. അവർ ഷെട്ടിയെ മാത്രമല്ല ഒരുവഴിക്കാക്കിയത്. അങ്ങനെ കൂടെ കൂട്ടി മങ്ങാട്ട് സഹോദരന്മാർ വഞ്ചിച്ച് സ്ഥാപനം കൈക്കലാക്കിയ ഒരാളുടെ അനുഭവ കഥയാണ് ഇനി പറയുന്നത്.

തൃശൂർ സ്വദേശി സുനിലന്റെ കഥ കേൾക്കാം. സുനിലന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെജിജിസി കമ്പനി എൻഎംസിയുടെ പേരിലെന്ന് വിശ്വസിപ്പിച്ച് പ്രശാന്ത് മങ്ങാട്ട് ചുളുവിൽ സ്വന്തം പേരിലാക്കി. ആദ്യം 80 ശതമാനം ഓഹരിയും പിന്നീട് 20 ശതമാനം ഓഹരി സുനിലന്റെ മകളെ ഭീഷണിപ്പെടുത്തി താരിഖ് അൻവർ എന്നയാളുടെ പേരിലും കൈക്കലാക്കി. 2014, ഒക്ടോബർ 18 ലെ ഒരു സെയിൽ പർച്ചേസ് കരാറിന്റെ കടുത്ത ലംഘനമായിരുന്നു നടന്നത്. സുനിലനെ സമ്മർദ്ദത്തിലാക്കി സ്ഥാപനം കൈക്കലാക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമായിരുന്നു പ്രശാന്ത് മങ്ങാടിനും കൂട്ടർക്കും ഉണ്ടായിരുന്നത്.

ചെക്ക് പ്രകാരമുള്ള ബാധ്യതകൾ തീർത്തില്ല എന്നുമാത്രമല്ല, സുനിലനെതിരെ പുതിയ കേസുകൾ കൊണ്ടുരാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. നിസ്സാര തർക്കങ്ങൾ ഉന്നയിച്ച് പുതിയ കരാറുകൾക്കായി സമ്മർദ്ദം ചെലുത്തി. പ്രശാന്ത് മങ്ങാട്ടിന്റെയും കൂട്ടരുടെയും കുത്തിത്തിരിപ്പിന്റെ ഫലമായി മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വന്ന സുനിലന് പിന്നീട് യുഎഇയിലേക്ക് മടങ്ങാനായില്ല, രണ്ടര വർഷത്തോളം. ആ സമയത്ത് യുഎഇയിൽ ഉണ്ടായിരുന്ന മകൾ അഞ്ജനയെ ഭീഷണിപ്പെടുത്തിയാണ് കെജിജിസി കമ്പനിയുടെ 20 ശതമാനം ഓഹരി കൂടി എഴുതി വാങ്ങി സ്ഥാപനം കൈക്കലാക്കിയത്. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുമ്പാകെ നൽകിയ പരാതിയിലാണ് സുനിലൻ ഇക്കാര്യങ്ങൾ ബോധിപ്പിക്കുന്നത്.

അബുദബി കോടതിയിൽ സുനിലൻ നൽകിയ പരാതിയിൽ ഇരുകൂട്ടരും കരാർ ലംഘനം നടത്തി എന്നാണ് വിധി വന്നത്. സുപ്രീം കോടതിയിൽ പുനരന്വേഷണ അപ്പീൽ നൽകിയിട്ടുണ്ടെന്ന് കൊല്ലം ക്രൈംബ്രാഞ്ചിന് നൽകിയ മറുപടിയിൽ സുനിലൻ പറയുന്നു. ആ സമയത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും കാര്യമായ തുടർനടപടികളുണ്ടായില്ല. കേസിന്റെ അധികാരപരിധിയെ ചൊല്ലിയുള്ള സംശയവും തിരിച്ചടിയായി.

അബുദബി കൊമേഴ്‌സ്യൽ ബാങ്കിന്റെ ക്രിമിനൽ കേസ്

3 ബില്യൻ ദിർഹമാണ് അബുദബി കൊമേർഷ്യൽ ബാങ്കിന് എൻഎംസി ഹെൽത്ത് കെയർ നൽകാനുള്ളത്. വഞ്ചനയും തട്ടിപ്പും ആരോപിച്ച് സ്ഥാപകൻ ബി.ആർ.ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും അടക്കം ആറ് പേർക്കെതിരെ ക്രിമനൽ പരാതി നൽകിയിട്ടുണ്ട് ബാങ്ക്. ഷെട്ടിക്കും മങ്ങാട്ടിനും പുറമേ, സുരേഷ് കുമാർ, മുൻ സിഎഫ്ഒ പ്രശാന്ത് ഷെണോയി, സയിദ് മുഹമ്മദ് ബുട്ടി മുഹമ്മദ് അൽഖെബെയ്‌സി, ഖലീഫ ബുട്ടി ഒമാർ യൂസഫ് അഹമ്മദ് അൽ മുഹൈരി എന്നിവരാണ് പ്രതികളെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടും വ്യാജ ഒപ്പിടൽ അടക്കമുള്ള തട്ടിപ്പുകളുമാണ് ബാങ്ക് പ്രതികൾക്കെതിരെ ആരോപിക്കുന്നത്.

എൻഎംസി ഹെൽത്ത് കെയറിലെ കോടികളുടെ ക്രമക്കേടിന് പിന്നിൽ താൻ വിശ്വസിച്ച് ഒപ്പം കൊണ്ടുനടന്നവരെന്ന് മുൻ ചെയർമാൻ ബി.ആർ.ഷെട്ടി വെളിപ്പെടുത്തിയതോടെ ക്രിമിനൽ കേസിൽ പ്രതിക്കൂട്ടിലാകുന്നത് മലയാളികളായ മങ്ങാട്ട് സഹോദരന്മാർ- പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും. ഷെട്ടി അബുദബി പൊലീസിലും, കോടതിയിലും നൽകിയ മൊഴികളിലും ക്രമക്കേടിന്റെ പേരിൽ വിരൽ ചൂണ്ടുന്നത് ഇപ്പോഴത്തെയും മുമ്പത്തെയും എക്സിക്യൂട്ടീവുകൾക്ക് നേരേയാണ്.

സിഇഒ ആയിരുന്ന പ്രശാന്ത് മങ്ങാട്ടിന്റെ മിസ്മാനേജ്മെന്റും ചൂഷണവുമാണ് കമ്പനിയെ തകർക്കുന്ന തരത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. താൻ സ്ഥാപക ചെയർമാനും, 2017 ന് ശേഷം നോൺ ജോയിന്റ് എക്സിക്യൂട്ടീവ് ചെയർമാനും ഓഹരി ഉടമയും മാത്രമായിരുന്നു എന്നാണ് ഷെട്ടിയുടെ വാദം. സിഇഒ ആയിരുന്ന പ്രശാന്ത് മങ്ങാട്ടായിരുന്നു ഷെട്ടിയേക്കാൾ പതിന്മടങ്ങ് ശക്തൻ. ഷെട്ടിക്ക് തങ്ങളിലുള്ള വിശ്വാസം മുതലെടുത്ത് മങ്ങാട്ട് സഹോദരന്മാർ മുതലെടുപ്പ് നടത്തുകയായിരുന്നുവെന്നാണ് ആരോപണം. പ്രശാന്ത് മങ്ങാട്ട് നാട്ടിലേക്ക് മുങ്ങിയതിന് പിന്നാലെ ഇവരുടെ ക്രമക്കേടുകൾക്ക് ഒത്താശ ചെയ്ത 12 ഓളം പേരും മുങ്ങി. പ്രശാന്ത് മങ്ങാട്ട് സിഇഒ ആയ ശേഷം നേരത്തെ തലപ്പത്തുണ്ടായിരുന്ന പ്രമുഖരെ മാറ്റി തനിക്കിഷ്ടമുള്ളവരെ നിയമിച്ചു. എന്നാൽ, തീരുമാനങ്ങൾ പാളിയപ്പോൾ, മുങ്ങി. 30,000 ത്തോളം പേരുടെ തൊഴിൽ പ്രതിസന്ധിയിലാകാൻ കാരണം മങ്ങാട്ട് സഹോദരന്മാരാണ് എന്നാണ് ആരോപണം.

2019 ഡിസംബറിന് ശേഷം എൻഎംസിയിൽ ഉണ്ടായ സംഭവങ്ങൾ തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞാണ് ഷെട്ടി കൈകഴുകുന്നത്. ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ പറയുന്നത് ഇങ്ങനെ: ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരുകമ്മീഷനെ താൻ നിയോഗിച്ചിരുന്നു. തന്റെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജഇടപാടുകളും ഒരിക്കലും തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ്. വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ. തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്‌മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്‌മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്‌സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത്.

കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ നിൽക്കുന്നതെന്നും ഷെട്ടി പറഞ്ഞു. തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം ഇല്ലാതാക്കി സത്യം പുറത്തുകൊണ്ടുവരാൻ കഠിനമായി ശ്രമിക്കുകയാണ്. സത്യം കണ്ടെത്താനും ക്രമക്കേടിലൂടെ നഷ്ടമായ ഫണ്ടുകൾ ഉത്തരവാദികളിൽ നിന്ന് വീണ്ടെടുത്ത് യഥാർഥ അവകാശികൾക്ക് നൽകാൻ അധികാരികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പണി വരുന്നതറിഞ്ഞ് മുങ്ങി

കമ്പനിയെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ച തട്ടിപ്പുപുറത്തുകൊണ്ടുവരാനാണ് ഗ്രൂപ്പിന്റെ തീരുമാനം. കമ്പനിയെ ഉയരങ്ങളിലേക്ക് നയിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ സിഇഒ പ്രശാന്ത് മങ്ങാട്ട് അടക്കം തട്ടിപ്പിനെ കുറിച്ച് അറിവുള്ള എല്ലാവരെയും പൂട്ടും. യുഎഇ അധികൃതരുമായി സഹകരിച്ചാണ് എൻഎംസി ഗ്രൂപ്പ് നീതി തേടുന്നത്. മലയാളിയായ പ്രശാന്ത് മങ്ങാട് ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ബി.ആർ.ഷെട്ടിയും ഇപ്പോൾ ഇന്ത്യയിലാണ്.

ബോർഡ് ഓഫ് ഡയറക്ടർമാരുടെ അംഗീകാരത്തോടെ നടന്ന ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പുതിയ തീരുമാനം. ഇതാദ്യമായാണ് ഇക്കാര്യം കമ്പനി അധികൃതർ ഔദ്യോഗികമായി തുറന്നുസമ്മതിക്കുന്നത്. പ്രശാന്ത് മങ്ങാട്ട് സിഎഫ്ഒയും സിഇഒയും ആയിരുന്ന കാലത്തെ മാനേജ്‌മെന്റ് തീരുമാനങ്ങളാണ് പരിശോധിക്കുന്നത്. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് പ്രശാന്തിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 335 ദശലക്ഷം മില്യൻ ഡോളറിന്റെ ക്രമക്കേടുകൾ പ്രശാന്ത് പൂഴ്‌ത്തി വച്ചുവെന്നാണ് ആരോപണം. എൻഎംസിയുടെ 2.7 ബില്യന്റെ ബാങ്ക് വായ്പകളും ഒളിപ്പിച്ചുവച്ചു. നിലവിലെ ബോർഡ് ഓഫ് ഡയറക്ടർമാർക്ക് ഈ വായ്പകളെ കുറിച്ച് അറിവുണ്ടായിരുന്നി

ൻഎംസി ബോർഡിൽ, ബി.ആർ.ഷെട്ടിയുടെ രാജിക്ക് ശേഷം ആറ് അംഗങ്ങളാണുള്ളത്. ആദ്യം സസ്‌പെൻഡ് ചെയ്ത ശേഷമാണ് പ്രശാന്ത് മങ്ങാട്ടിനെ പുറത്താക്കിയത്.എൻഎംസി ഹെൽത്തിന്റെ സിഎഫ്ഒ പ്രശാന്ത് ഷെണോയ് ദീർഘകാല അവധിയിലായിരുന്നു. അദ്ദേഹവും രാജി വച്ചു. എൻഎംസി ലണ്ടൻ സ്റ്റോക്് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ്. അവിടുത്തെ നിയമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുവെന്ന കാര്യത്തിൽ സംശയമില്ല. യുകെ അധികൃതരുമായി ചേർന്നായിരിക്കും തുടർനടപടികൾ വരിക.

അന്വേഷണം നടത്തുന്നത് യുഎസ് കേന്ദ്രമായുള്ള കൺസൾട്ടൻസി

മുൻ എഫ്ബിഐ ഡയറക്ടർ ലൂയി ഫ്രീഹ് നയിക്കുന്ന യുഎസ് കേന്ദ്രമാക്കിയ കൺസൾട്ടൻസിയാണ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്നത്. ഫ്രീഹ് ജഡ്ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമ്പനിയുടെ മുതിർന്ന എക്‌സിക്യൂട്ടീവുകൾ എല്ലാം തന്നെ രാജ്യം വിട്ടുകഴിഞ്ഞു. അവധിയിൽ ആണെന്ന് പറയുന്ന പ്രശാന്ത് ഷേണായിയും രാജ്യം വിട്ടുവെന്ന് കരുതുന്നു.

സംശയാസ്പദമായ രണ്ട് ഏറ്റെടുക്കലുകൾ

പ്രശാന്ത് മങ്ങാട് സിഇഒ ആയിരുന്ന കാലത്ത് യുഎഇയിലെ പ്രൈമറി ഹെൽത്ത് കെയർ ക്ലിനിക്കുകളുടെ ഒരു നിര തന്നെ ഏറ്റടുത്തിരുന്നു. അമേരികെയർ, ഷാർജയിലെ ഡോ.സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് (2015) പ്രീമിയർ ഹെൽത്ത് കെയർ എന്നിവ ഉൾപ്പെടുന്നു, അമേരികെയറിന് ഒരു ക്ലിനിക്കും, ഡോ.സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പിന് ആറും ക്ലിനിക്കുകൾ ഉണ്ടായിരുന്നു, ഡോ.സണ്ണി ക്ലിനിക്കുകളെ 64 ദശലക്ഷം ഡോളറിനും അമേരിക്കെയറിനെ 33 ദശലക്ഷം ഡോളറിനുമാണ് ഏറ്റെടുത്തത്. എന്നാൽ ഡോ.സണ്ണി ഗ്രൂപ്പിന് പരമാവധി 30 ദശലക്ഷം ദിർഹം മൂല്യം മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണ് സംശയം. അതുപോലെ തന്നെ പ്രീമിയർ കെയർ ഹോം മെഡിക്കലിൽ 2018 ൽ 70 ശതമാനം ഓഹരികൾ വാങ്ങിയത് 36.4 ദശലക്ഷം ഡോളറിനാണ്. 10 ജീവനക്കാർ മാത്രമുള്ള കമ്പനിയായിരുന്നു പ്രീമിയർ കെയർ ഹോം മെഡിക്കൽ എന്നോർക്കണം.അബുദാബിയിലെ റോയൽ വിമൻസ് ഹോസ്പിറ്റൽ സംരംഭത്തെ കുറിച്ചും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ഇടപാടുകൾ എല്ലാം തന്നെ പെരുപ്പിച്ച് കാട്ടിയവയായിരുന്നുവെന്ന സംശയം ഉയർന്നിരിക്കുന്നത്. ആർക്കൊക്കെ എൻഎംസിയിൽ ഇതറിയാമായിരുന്നുവെന്നും അറിയേണ്ടതുണ്ട്.

ചാർട്ടേഡ് അക്കൗണ്ടന്റായ പ്രശാന്ത് മങ്ങാടിന്റെ എൻഎംസി ഹെൽത്തിലെ കുതിപ്പ് സമാനതകളിലാത്തതായിരുന്നു. കമ്പനിയുടെ ദൈനം ദിന പ്രവർത്തനത്തിന്റെ കടിഞ്ഞാൺ ഡോ.ഷെട്ടിയുടെ കൈയിൽ നിന്ന് കുടുംബത്തിന് പുറത്തുള്ള ഒരാളിലേക്ക് കൈമാറുന്ന ആ പ്രയാസമേറിയ കാലഘട്ടത്തിലാണ് പ്രശാന്ത് സിഇഒ ആയി വരുന്നത്. അഞ്ച് വർഷക്കാലം കൊണ്ട് 2 ബില്യൻ ദിർഹത്തിന് അൽ സഹറ ആശുപത്രി ഏറ്റെടുക്കൽ അടക്കം എൻഎംസിയെ യുഎഇ വിപണിയിൽ കരുത്തുറ്റതാക്കാൻ പ്രശാന്തിന് കഴിഞ്ഞു. 2018 ൽ റവന്യു 2 ബില്യൻ കടക്കുകയും, അറ്റലാഭം 251.9 ദശലക്ഷം കവിയുകയും ചെയ്തു. ഇതുരണ്ടും കമ്പനിയുടെ റെക്കോഡ് നേട്ടങ്ങളുമായിരുന്നു. ഇത്രയും നേട്ടങ്ങൾ കൊണ്ടുവന്ന സിഇഒയെ പൊടുന്നനെ മാറ്റിയത് സീനിയർ എക്സിക്യൂട്ടീവ് ടീമിനെയും സംശയത്തിന്റെ നിഴലിലാക്കി. ഇത്രയും നാൾ നടന്നതിൽ പലതും സുതാര്യമല്ല എന്ന സംശയം നിക്ഷേപകർക്ക് ഉണ്ടായാൽ കുറ്റം പറയാനുമാവില്ല.

എൻഎംസിയിൽ ഡപ്യൂട്ടി സിഇഒ, സിഎഫ്ഒ പദവികളും പ്രശാന്ത മങ്ങാട് വഹിച്ചിട്ടുണ്ട്. ഡോ.ഷെട്ടിയുടെ തന്നെ നിയോഫാർമയുടെയും സിഎഫ്ഒ ആയിരുന്നു. തന്റെ സഹോദരൻ പ്രമോദ് മങ്ങാടിനും മറ്റുകുടുംബാംഗങ്ങൾക്കുമൊപ്പം കേരളത്തിൽ നെന്മാറയിൽ പ്രശാന്ത് മങ്ങാട് അവൈറ്റിസ് എന്ന ആശുപത്രി തുറന്നിട്ടുണ്ട്. ആശുപത്രി ഉദ്ഘാടനത്തിന് ഡോ.ഷെട്ടിയായിരുന്നു പ്രധാന അതിഥി.

ഡോ.ഷെട്ടിയുടെ രാജിയും അന്വേഷണവും

ഡിസംബർ മധ്യത്തിന് ശേഷം ഷെട്ടിയുടെ എൻഎംസി ഹെൽത്തിന്റെ ഓഹരി മൂല്യം 70 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുകയാണ്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മഡി വാട്ടേഴ്‌സ് ഓഹരി പെരുപ്പിക്കൽ ആരോപണം ഉന്നയിച്ചതോടെയാണ് എൻഎംസിയുടെ ഓഹരി മൂല്യം ഇടിഞ്ഞത്. കമ്പനിയുടെ കോ ചെയർമാൻ പദവിയിൽ നിന്ന് ഫെബ്രുവരി 17 നാണ് ഷെട്ടി രാജി വച്ചത്. എൻഎംസി ബോർഡിന്റെ ആവശ്യപ്രകാരമായിരുന്നു രാജി. വൈസ് ചെയർമാൻ ഖലീഫ ബുട്ടി അടക്കം നാല് ബോർഡ് അംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം എൻഎംസിയിൽ നിന്ന് പുറത്തുപോയത്. കമ്പനിയുടെ ബാലൻസ് ഷീറ്റും ഏറ്റെടുത്ത സ്ഥാപനങ്ങളുടെ മൂല്യവും പെരുപ്പിച്ചു കാട്ടിയെന്ന ആരോപണം എൻഎംസിയിലെ അഴിമതിയുടെ ലക്ഷണമെന്നാണ് മഡി വാട്ടേഴ്‌സിന്റെ സ്ഥാപകനായ കാൾസൺ ബ്ലോക്ക് പ്രതികരിച്ചത്.

പ്രശാന്ത് മങ്ങാട്

വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ ഷെട്ടി തന്നെ മുൻ എഫ്ബിഐ ഡയറക്ടറെ നിയോഗിച്ചിരുന്നു. എൻഎംസിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് അന്വേഷിക്കുക. ടെസ്ല അടക്കം മറ്റുകമ്പനികൾക്കെതിരെയും ഇതുപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മഡി വാട്ടേഴ്‌സ് ഉന്നയിച്ചുവെന്നാണ് ഷെട്ടിയോട് അടുത്ത കേന്ദ്രങ്ങൾ ആരോപിക്കുന്നത്. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാനാണ് ഷെട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജി വച്ചതെന്നാണ് ന്യായം. മാനേജ്‌മെന്റ് തലത്തിൽ കഴിഞ്ഞ നാലുവർഷമായി ഷെട്ടി സജീവമായിരുന്നില്ല. തന്റെ ഇന്ത്യൻ സംരംഭങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്. നിലവിലുള്ള സിഇഒ പ്രശാന്ത് മങ്ങാട്ടാണ് കാര്യങ്ങൾ നോക്കിയിരുന്നത്

എൻഎംസി ഹെൽത്തും, ധനകാര്യസേവന സ്ഥാപനമായ ഫിനബ്ലറും അടക്കമുള്ള കമ്പനികളിലെ ഷെട്ടിയുടെ ഓഹരി ഡിസംബർ 10 ലെ കണക്ക് പ്രകാരം 2.4 ബില്യനാണ്. അതിനിടെയാണ് മഡി വാട്ടേഴ്‌സിന്റെ ആരോപണം ഇരുട്ടടിയായത്.

യു.എ.ഇയിലും യൂറോപ്പിലുമായി 200 ലേറെ ആശുപത്രികളുള്ള ആശുപത്രി ശൃംഖലയാണ് എൻഎംസി. സ്ഥാനത്തിന്റെ ഡയറക്ടർ, ജോയിന്റ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ സ്ഥാനങ്ങളാണ് ബി ആർ ഷെട്ടി രാജിവെച്ചത്. മഡ്ഡി വാട്ടേഴ്സ് ഓഹരി പെരുപ്പിക്കൽ ആരോപണം ഉയർത്തിയതാടെ എൻഎംസിയെ വളർത്തിയ പ്രമുഖ ഇന്ത്യൻ സംരംഭകൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു.

ഹാനി ബുത്തിക്കി, അബ്ദുറഹ്മാൻ ബസ്സാദിക്ക് എന്നിവരും ഡയറക്ടർ സ്ഥാനമൊഴിഞ്ഞിരുന്നു. വൈസ് ചെയർമാനായ ഖലീഫ അൽ മുഹെയ്‌രി രാജി വെച്ചിരുന്നു. ഷെട്ടിയെയും മുഹെയ്‌രിയെയും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP