Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്കറ്റ് റിസർവ് ചെയ്ത് ദീർഘദൂരയാത്ര; ഉയർന്ന ഡോസിലുള്ള മയക്കുമരുന്ന് നഖങ്ങൾക്കിടയിൽ സൂക്ഷിക്കും; കുപ്പിവെള്ളത്തിൽ കലർത്തി കുടിക്കാൻ നൽകും; അസ്ഗർ ബാഗ്‌ഷെ ട്രെയിൻ കവർച്ചയിൽ 'വിദഗ്ധൻ'; ഇരയാക്കിയതിലേറെയും മലയാളികൾ; നിസാമുദ്ദീൻ ട്രെയിനിൽ സഞ്ചരിച്ചത് വ്യാജപേരിലെന്ന് പൊലീസ്

ടിക്കറ്റ് റിസർവ് ചെയ്ത് ദീർഘദൂരയാത്ര; ഉയർന്ന ഡോസിലുള്ള മയക്കുമരുന്ന് നഖങ്ങൾക്കിടയിൽ സൂക്ഷിക്കും; കുപ്പിവെള്ളത്തിൽ കലർത്തി കുടിക്കാൻ നൽകും; അസ്ഗർ ബാഗ്‌ഷെ ട്രെയിൻ കവർച്ചയിൽ 'വിദഗ്ധൻ'; ഇരയാക്കിയതിലേറെയും മലയാളികൾ; നിസാമുദ്ദീൻ ട്രെയിനിൽ സഞ്ചരിച്ചത് വ്യാജപേരിലെന്ന് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്‌പ്രസിലെ യാത്രക്കാരിൽ നിന്നും 10 പവൻ സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതി അഗ്‌സർ ബാഗ്‌ഷെ സഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്. യാത്രക്കാരുടെ പട്ടികയിൽ ഇയാളുടെ പേരില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രെയിൻ കേന്ദ്രീകരിച്ച് മോഷണം നത്തുന്ന അഗ്‌സർ ബാഗ്‌ഷെ ആഗ്രയിൽ നിന്നും തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്തുവെന്നാണ് മോഷണത്തിനിയായ സ്ത്രീയുടെ മൊഴി.

റിസർവേഷൻ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അഗ്‌സർ പേരിൽ ടിക്കറ്റ് റിസർവ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഒന്നുകിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. അല്ലെങ്കിൽ വ്യാജ പേരിൽ ടിക്കറ്റെടുത്തുവെന്നാണ് സംശയം.

ട്രെയിനിൽ യാത്രക്കാരെ മയക്കിക്കിടത്തി സ്വർണം കവർച്ചചെയ്ത കേസിൽ റെയിൽവേ പൊലീസും സംസ്ഥാന പൊലീസും അന്വേഷിക്കുന്ന അസ്ഗർ ബാഗ്‌ഷെക്കെതിരെ മുംബൈ മേഖലയിൽ മാത്രം 15 ഒാളം കവർച്ചാകേസുകളാണ് ഉള്ളത്. ചെറുപ്പത്തിൽതന്നെ ട്രെയിൻകവർച്ചയിൽ പരിശീലനം ലഭിച്ചയാളാണു 47 വയസുള്ള അസ്ഗറെന്നും ആർപിഎഫ് ക്രൈം സെൽ അധികൃതർ പറയുന്നു.

കവർച്ചക്ക് ഇരയായ മൂന്നു സ്ത്രീകളും അഗ്‌സറിൽ നിന്നും ഭക്ഷണമൊന്നും വാങ്ങിയിട്ടില്ല. സ്ത്രീകൾ ശുചിമുറിയിൽ പോയപ്പോൾ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.



ഉയർന്ന ഡോസിലുള്ള മയക്കുമരുന്നു കൈനഖങ്ങൾക്കിടയിൽ സൂക്ഷിച്ചാണു കൂടുതലും ഒാപ്പറേഷനുകൾ എന്നതാണു പ്രത്യേകത. റിപ്പോർട്ടു ചെയ്യപ്പെട്ട കേസുകളിൽ മിക്കതും ഇത്തരത്തിലാണെന്നു ആർപിഎഫ് അധികൃതർ പറഞ്ഞു. ശാന്തനും എന്നാൽ ശക്തനുമായ ഇയാളെ സ്ഥിരം കുറ്റവാളിയായിട്ടാണു കണക്കാക്കുന്നത്.

നിസാമുദ്ദീൻതിരുവനന്തപുരം സ്വർണജയന്തി എക്സ്‌പ്രസിൽ കഴിഞ്ഞ ദിവസം കൊള്ളയടിക്കപ്പെട്ട 3 സ്ത്രീകൾ, ഭക്ഷണം കഴിച്ചശേഷമാണു തങ്ങൾ മയങ്ങിപോയതെന്നു പറയുന്നുണ്ട്. കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ ഫോട്ടോകളിൽ നിന്നാണു അസ്ഗർ ബാഗ്‌ഷെയുടെ മുഖം അവർ തിരിച്ചറിഞ്ഞത്. വൈദ്യ പരിശോധനക്കു ശേഷം മൂന്നു സ്ത്രീകളും ആശുപത്രിവിട്ടു.

രാത്രിയിൽ എസി-റിസർവേഷൻ കമ്പാട്ടുമെന്റിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അഗ്‌സർ അടക്കമുള്ള സ്ഥിരം മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്.കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഓരോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

കൊങ്കൺ മേഖലയിലും മുംബൈ, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കർണാടക പ്രദേശങ്ങളിലുമായി പല കേസുകളിലും ഇയാൾ പ്രതിയാണ്. അറസ്റ്റിൽ ജാമ്യത്തിലിറങ്ങുന്ന ഇയാൾ പിന്നീട് ഹാജരാകാറില്ല. ശരാശരി ആറുമാസം കൂടുമ്പോൾ ട്രെയിനിൽ കവർച്ച നടത്തിയിരിക്കുമെന്നതാണു സ്ഥിതി. കവർച്ചയ്ക്കു പ്രത്യേക രീതിയുണ്ട്.

ദീർഘദൂരത്തേക്കു ടിക്കറ്റ് റിസർവ് ചെയ്തു യാത്രചെയ്യുന്ന അസ്ഗർ കോച്ചിലുള്ളവരുമായി പെട്ടെന്ന് അടുപ്പം കാണിക്കാറില്ല. എന്നാൽ, പതുക്കെയുള്ള അടുപ്പം ഉറ്റചങ്ങാത്തമാക്കുകയും ചെയ്യും. ഉടനെ എന്തെങ്കിലും വസ്തു കൈമാറുന്ന സ്വഭാവവും ഈ കുറ്റവാളിക്കില്ല.



സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ പ്ലാറ്റ്‌ഫോമിലെ അംഗീകൃത കടകളിൽ നിന്നു സഹയാത്രക്കാർ കാണുന്നവിധത്തിൽ കുപ്പിവെള്ളം വാങ്ങുന്നതാണ് ആദ്യപടി. തൊട്ടുമുൻപ് ശുചുമുറി, ഡോറിനുസമീപം എന്നിവിടങ്ങളിലെത്തി നഖത്തിനിടയിൽ ലഹരിമരുന്നു ഒട്ടിക്കുകയോ, പൊടി സൂക്ഷിക്കുകയോ ചെയ്തിരിക്കും. വാങ്ങിയ കുപ്പിവെള്ളം കോച്ചിലുള്ളവർ കാണുന്ന വിധത്തിൽ കുറച്ചുകുടിക്കുകയും ബാക്കിയിൽ മയക്കുമരുന്നു പുരട്ടിയ വിരൽ മുട്ടിച്ചെടുക്കുകയും ചെയ്തിരിക്കും.

ഈ വാട്ടർ ബോട്ടിലും മറ്റുള്ളവരുടെ ബോട്ടിലും പരസ്പരം മാറ്റിയെടുക്കുകയാണു പ്രധാനമായി പിന്നീടു ചെയ്യുക. കൊങ്കണിൽമാത്രം ഇത്തരത്തിൽ 5 കേസുകളുണ്ട്. ചില കേസുകളിൽ സ്വന്തം ബോട്ടിൽ കുടിക്കാൻ നൽകിയും കവർച്ച ചെയ്തിട്ടുണ്ടെന്നു ആർപിഎഫ് പറയുന്നു.

റെയിൽവേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും കൊങ്കണിൽ ഇയാളുടെ വെള്ളംവഴിയുള്ള കവർച്ചയ്ക്ക് ഇരയായിട്ടുണ്ട്. ഭക്ഷണത്തിലുള്ള മയക്കുമരുന്നു പ്രയോഗം ഇയാൾക്കു കുറവാണ്. സംഭവം പുറത്തറിഞ്ഞു നടപടികൾ ആരംഭിക്കുമ്പോഴേക്കും പ്രതി അടുത്ത ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും.

ഇതിനിടയിൽ, ടിടി അടക്കമുള്ളവർ കോച്ചിലെത്തിയാലും കവർച്ചക്കിരയായ, യാത്രക്കാർ നല്ല ഉറക്കത്തിലായതിനാൽ സംശയം തോന്നാറില്ല. 12 മണിക്കൂർവരെ ഉറങ്ങിപോകുന്ന മയക്കു പദാർഥങ്ങൾ ഇയാൾ പ്രയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കളുടെ അളവ് കൂടിയാൽ ചിലതു ജീവൻ അപകടത്തിലാക്കുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

കൃത്യംനിർവഹിച്ചു തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങിയ അഗ്‌സർ ബാഗ്‌ഷെ വിമാനത്തിൽ രക്ഷപ്പെട്ട സംഭവവും ഉണ്ട്. റെയിൽവേയിൽ സ്ഥിരം റൂട്ട് തിരഞ്ഞെടുക്കാറില്ല. മറ്റു സംസ്ഥാനങ്ങളിൽ അക്രമത്തിന് ഇരയാകുന്നവരിൽ കൂടുതൽ മലയാളികളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അവിടെ ആർപിഎഫ് കേസെടുത്ത് അന്വേഷണം സംസ്ഥാനപൊലീസിനു കൈമാറുമെങ്കിലും നടപടികൾ ഏങ്ങുമെത്താതെ അവസാനിക്കുകയാണു പതിവ്.

ഇത്തരത്തിൽ തുടർച്ചയായി കവർച്ച നടത്തുന്ന മൂന്നുപേർകൂടി അന്വേഷണസംഘത്തിന്റെ പട്ടികയിലുണ്ടെങ്കിലും അഗ്‌സറാണ് പേടിപ്പെടുത്തുന്ന പ്രധാനകഥാപാത്രം. രണ്ടുമൂന്നും പേർ അടങ്ങുന്ന കവർച്ചാ ടീമും ഇടയ്ക്കിടെ പിടിലാകാറുണ്ട്. എറണാകുളം റെയിവേ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിസാമുദ്ദീൻ എക്സ്‌പ്രസിൽ വച്ചുണ്ടായ കവർച്ച കേസന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP