Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രബോസിന്റെ കൊലയാളി നിസാമിന് ജയിലിൽ പരമസുഖം..! അഴിക്കുള്ളിലും കിടന്ന് ബിസിനസ് നിയന്ത്രിക്കുന്നു; മിസ്ഡ് കോൾ കണ്ട് ഏഷ്യാനെറ്റ് ലേഖകനെ തിരിച്ചുവിളിച്ചു; ഫോണിലൂടെ ഭീഷണി അതിരുവിട്ടപ്പോൾ പരാതിയുമായി നിസാമിന്റെ സഹോദരങ്ങൾ; സുഖജീവിതം ഒരുക്കുന്നത് ജയിൽ അധികാരികൾ; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

ചന്ദ്രബോസിന്റെ കൊലയാളി നിസാമിന് ജയിലിൽ പരമസുഖം..! അഴിക്കുള്ളിലും കിടന്ന് ബിസിനസ് നിയന്ത്രിക്കുന്നു; മിസ്ഡ് കോൾ കണ്ട് ഏഷ്യാനെറ്റ് ലേഖകനെ തിരിച്ചുവിളിച്ചു; ഫോണിലൂടെ ഭീഷണി അതിരുവിട്ടപ്പോൾ പരാതിയുമായി നിസാമിന്റെ സഹോദരങ്ങൾ; സുഖജീവിതം ഒരുക്കുന്നത് ജയിൽ അധികാരികൾ; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിസാമുള്ളത്. കിങ് ബീഡി കമ്പനിയുടെ ഉടമയായ നിസാം ആഡംബര ജീവതിമാണ് സെൻട്രൽ ജയിലിൽ കഴിയുന്നത്. തന്റെ ബിസിനസ് എല്ലാം ജയിലിൽ നിന്ന് നിയന്ത്രിക്കാൻ നിസാമിന് കഴിയുന്നു. മുഹമ്മദ് നിസാം വധ ഭീഷണി മുഴക്കിയെന്നു സഹോദരങ്ങൾ പൊലീസിനു പരാതി നൽകിയതോടെ ഈ കള്ളക്കളി പൊളിയുകയാണ്.

അതിനിടെ ജയിലിനകത്തു നിന്നാണോ ബംഗളൂരുവിൽ കേസിനു കൊണ്ടുപോയപ്പോഴാണോ ഭീഷണി മുഴക്കിയതെന്നു വ്യക്തമല്ല. പരാതി ലഭിച്ചതായി റൂറൽ എസ്‌പി നിശാന്തിനി സ്ഥിരീകരിച്ചു. അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. പൊലീസും നിസാമും തമ്മിലുള്ള ഒത്തുകളികൾ തുടരുന്നുവെന്നാണു പരാതിയിൽനിന്നു വ്യക്തമാകുന്നത്. നിസാമിനെ ഒരു കേസിന്റെ ഭാഗമായി ബംഗളൂരുവിലേക്കു കൊണ്ടുപോയ അതേ ബസിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഓഫിസ് ജീവനക്കാരും യാത്ര ചെയ്തതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, പൊലീസിനും നിസാമിനും മടക്ക ടിക്കറ്റ് എടുത്തിരിക്കുന്നതു നിസാമിന്റെ ഓഫിസിൽനിന്നാണെന്നു സംശയിക്കാവുന്ന തെളിവുകളും പൊലീസിനു കൈമാറിയിട്ടുണ്ട്.

സഹോദരങ്ങളുമായി നിസാം നടത്തുന്നുവെന്നു കരുതുന്ന സംഭാഷണങ്ങൾ പൊലീസിനു കൈമാറി. ബിസിനസ് കാര്യത്തിൽ താൻ ചതിക്കപ്പെടുകയാണെന്നു നിസാം കരുതുന്നതായി സംസാരത്തിലുണ്ട്. ഒരു സഹോദരനെ കണക്കിനു ചീത്ത പറയുന്നതും കേൾക്കാം. ഇതിൽ വധ ഭീഷണിയുണ്ടെന്നാണ് പരാതിയിലുള്ളത്. അതിനിടെ നിസാമിനെ ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്നത് ജയിലുദ്യോഗസ്ഥരാണെന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു. നിസാം ജയിലിൽ ഉപയോഗിച്ചത് രണ്ട് നമ്പറുകളാണ് 8769731302, 9746576553 എന്നീ നമ്പറുകളാണ് ഉപയോഗിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോടും നിസാം സംസാരിച്ചു. നിസാമിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു

നിസാം ഫോണിലൂടെ വധഭീഷണി ഉയർത്തിയെന്ന് നിസാമിന്റെ സഹോദരന്മാർ പൊലീസിന് പരാതി നൽകിയതോടെയാണ് ജയിലിലെ ആഡംബര ജീവതം പുറത്തായത്. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവർ പരാതി നൽകി. കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ഭീഷണി. അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി തൃശ്ശൂർ എസ്‌പി ആർ നിശാന്തിനി അറിയിച്ചു. നിസാമിന്റെ ഫോൺ ഉപയോഗത്തിന്റെ സൂചനകൾ രണ്ടാഴ്ച മുമ്പ് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ചന്ദ്രബോസിന്റെ കുടുംബം പരാതിയും നൽകി. എന്നാൽ അതിന് ശേഷവും ഫോൺ വിളി തുടർന്നു. പൊലീസ് ഒരു നടപടിയും എടുത്തില്ല.

അതിനിടെയാണ് നിസാമിന്റെ സഹോദരന്മാരുടെ പരാതി കിട്ടുന്നത്. ഇത് വാർത്തയാതോടെ പൊലീസും ജയിൽ ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. കിങ് ബിഡി കമ്പനിയിലെ പ്രശ്‌നമെല്ലാം നിസാം കൃത്യമായി അറിയുന്നു. അതായത് നിരന്തര സമ്പർക്കം ബിസിനസ്സുമായി ബന്ധപ്പെട്ട് നിസാം നടത്തുന്നുണ്ട്. ചന്ദ്രബോസ് വധക്കേസിൽ നിസാം അറസ്റ്റിലായപ്പോഴും രക്ഷപ്പെടുത്താൻ പൊലീസിന്റെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങളുണ്ടായിരുന്നു. മാദ്ധ്യമങ്ങളുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ചന്ദ്രബോസിന്റെ മരണം വെറുമൊരു അപകടമായി മാറിയേനെ. അത്തരമൊരു പ്രതിക്കാണ് ജയിലിനുള്ളിലും സുഖസൗകര്യങ്ങൾ തുടരുന്നത്.

നിസാം ജയിലിൽ ഫോൺ ഉപയോഗിക്കുന്നെന്ന് നേരത്തേ പുറത്തു വന്ന വാർത്തകൾക്ക് സ്ഥിരീകരണം നൽകുന്നതാണ് പുതിയ വാർത്ത. ഇയാൾ ജയിലിൽ രണ്ടു നമ്പരുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടും കണ്ണൂർ ജയിൽ നിൽക്കുന്ന ടവറുകൾക്ക് കീഴിലുള്ളതാണെന്നും ബന്ധുവിന്റെ പേരിൽ എടുത്ത സിമ്മുകളാണ് ഇതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയിൽ സഹോദരങ്ങൾ സമർപ്പിച്ച പരാതിയിൽ ഈ മാസം 20 ന് കേസാവശ്യത്തിനായി ബംഗലുരുവിലേക്ക് പോകുന്ന വഴിയിൽ നിസാം തങ്ങളെ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നെന്നാണ് ഇവർ പരാതിയിൽ പറയുന്നത്. ഫോൺ വിളിക്കുന്നതിന്റെ ശബ്ദരേഖ തെളിവായി നൽകിയിട്ടുണ്ട്. നിസാമിന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ഭീഷണി മുഴക്കിയത്. നിസാം ജയിലിലായതിനെ തുടർന്ന് കമ്പനി നോക്കി നടത്തുന്നത് ഇവരായിരുന്നു. കഴിഞ്ഞ ദിവസം ഇവർ തൊഴിലാളികൾക്ക് കൂലികൂട്ടിയതിനെ തുടർന്നായിരുന്നു ഭീഷണി. ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിൽ നിസാം ചൊടിച്ചു. ആരോട് ചോദിച്ചിട്ടാണ് കൂലി കൂട്ടിയതെന്ന് ചോദിച്ച നിസാം വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

അതേസമയം പൊലീസ് കസ്റ്റഡിയിൽ നിസാം ആഡംബര ജീവിതം നയിക്കുന്നതിന്റെ പുതിയ തെളിവായി ഫോൺവിളി മാറിയിട്ടുണ്ട്. നേരത്തേ പൊലീസ് കസ്റ്റഡിയിൽ ആഡംബര ഹോട്ടലിൽ നിസാം ഭക്ഷണം കഴിക്കുന്നത് വാർത്തയായിരുന്നു. അതെസമയം നിസാം ജയിലിലിൽ നിന്നും ഫോൺവിളിച്ചെന്ന ആരോപണം തള്ളി ജയിൽ അധികൃതർ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP