Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്തൃമതിയായ യുവതിയെ അടിച്ചു മാറ്റി പാർപ്പിക്കാൻ ഇടം ചോദിച്ചു ചെന്നപ്പോൾ വിസമ്മതിച്ചു; തുടർന്നുണ്ടായ തർക്കത്തിൽ വീണ ഷോപ്പിങ് കോപ്ലക്‌സ് ഉടമ ഹൃദ്രോഗം മൂലം മരിച്ചു; ഭയന്നു പോയ നിജ ബഷീറിനെ ഓടയിൽ തള്ളി പുലിവാല് പിടിച്ചു

ഭർത്തൃമതിയായ യുവതിയെ അടിച്ചു മാറ്റി പാർപ്പിക്കാൻ ഇടം ചോദിച്ചു ചെന്നപ്പോൾ വിസമ്മതിച്ചു; തുടർന്നുണ്ടായ തർക്കത്തിൽ വീണ ഷോപ്പിങ് കോപ്ലക്‌സ് ഉടമ ഹൃദ്രോഗം മൂലം മരിച്ചു; ഭയന്നു പോയ നിജ ബഷീറിനെ ഓടയിൽ തള്ളി പുലിവാല് പിടിച്ചു

തിരുവനന്തപുരം: ഷോപ്പിങ് കോംപ്‌ളക്‌സ് ഉടമയുടെ മരണത്തിനും മൃതദേഹം ഓടയിൽ തള്ളാനിടയാക്കിയ സംഭവങ്ങൾക്കും പിന്നിലെ ദുരൂഹത മാറി. മൂന്നാം കല്ല്യാണത്തിനുള്ള സുഹൃത്തിന്റെ ആഗ്രഹത്തിന് കൂട്ടുനിൽക്കാത്തതാണ് കാരയ്ക്കാമണ്ഡപം ബി.എൻ.എ ഷോപ്പിങ് കോംപ്‌ളക്‌സ് ഉടമ ബഷീറിന്റെ ദുരൂഹ മരണത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ നേമം മുജു മൻസിലിൽ നിജയെ (39) പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വസ്തുത പുറത്തുവന്നത്. ഫെബ്രുവരി മൂന്നിനാണ് ബഷീറിന്റെ മൃതദേഹം കാഞ്ഞിരംകുളം പുതിയതുറ പള്ളത്ത് ഓടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. മനഃപൂർവമല്ലാത്ത നരഹത്യയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതുമായ വകുപ്പുകളാണ് നിജയ്ക്ക് എതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

മൃതദേഹത്തിന്റെ കിടപ്പും പരിക്കുകളൊന്നും ഇല്ലാതിരുന്നതും ബഷീറിന്റെ ഫോണും പഴ്‌സും പൂവാറിൽ നിന്ന് കണ്ടെടുത്തതും ആണ് സംശയത്തിന് ഇട നൽകിയത്. ബഷീറിന്റെ ഫോൺ കോളുകളെ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അവസാനമായി വിളിച്ചവരുടെ കൂട്ടത്തിലുള്ള നിജയിലേക്ക് അന്വേഷണം നീണ്ടത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയതോടെ ബന്ധുക്കൾക്കും പൊലീസിനും ഇയാളിലുള്ള സംശയം ബലപ്പെട്ടു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായെങ്കിലും നിജ മുങ്ങിയതിന്റെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണമാണ് സത്യം പുറത്തുകൊണ്ടു വന്നത്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് നാഗർകോവിലിനടുത്ത് ഭൂതപാണ്ടിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ബിസിനസുകാരെന്നതിലുപരി ബഷീറും നിജയും വർഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ-വിവാഹം ഹരമാക്കിയ കല്യാണവീരന് മൂന്നാം ഭാര്യയുമായി ഒളിച്ചുതാമസിക്കാൻ സൗകര്യം നൽകുന്നതിന് ബഷീർ തയ്യാറായില്ല. പത്തൊമ്പതാം വയസിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ആദ്യ വിവാഹം ചെയ്ത നിജ രണ്ട് മക്കളായ ശേഷം കാട്ടാക്കട സ്വദേശിനിയും വിധവയുമായിരുന്ന ഹിന്ദുയുവതിയെ രണ്ടാം ഭാര്യയാക്കി. ഇതിനിടെയാണ് ബഷീറിന്റെ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭർത്തൃമതിയായ മറ്റൊരു യുവതി നിജയുടെ കാമുകിയായത്. ഇവരെ ഒരുമാസം മുമ്പ് സ്വന്തമാക്കിയ ഇയാൾ ഏതാനും ആഴ്ച ആദ്യഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഇവരുമായി താമസിച്ചു. പിന്നീട് മൂന്നാംഭാര്യയുമായി രണ്ടാം ഭാര്യയുടെ വീട്ടിലെത്തി. അവിടേയും പ്രശ്‌നമായതോടെ മൂന്നാം ഭാര്യയെ ബഷീറിന്റെ ഷോപ്പിങ് കോംപ്‌ളക്‌സിൽ ഒളിപ്പിച്ചു താമസിപ്പിക്കാമെന്ന് നിജ കരുതി. ഇതിന് സഹായം തേടിയാണ് ബഷീറിനെ രണ്ടിന് വൈകിട്ട് നിജ കാണുന്നത്. ഇത് വിസമ്മതിച്ചതോടെ കശപിശയായി. ഇഥിനിടെ ബഷീറിന് ഹൃദയാഘാതമുണ്ടായി. ഇതോടെ നിജ പേടിക്കുകയും മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു.

പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിങ് കോളേജിനരികിൽ ബൈക്ക് പാർക്ക് ചെയ്ത് നിജയുടെ നാനോ കാറിലായിരുന്നു യാത്ര. ഇതിനിടെയാണ് തർക്കം നടന്നത്. യുവതിയെ ഷോപ്പിങ് കോംപ്‌ളക്‌സിൽ താമസിപ്പിക്കാൻ കഴിയില്ലെന്ന് ബഷീർ തീർത്തു പറഞ്ഞപ്പോൾ നിജ പ്രകോപിതനായി. തനിക്ക് തരാനുള്ള പണത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ ഉടൻ വേണമെന്ന് ബഷീറിനോടാവശ്യപ്പെട്ടു. ഇരുവരും ചാക്കയിൽ കാർ നിറുത്തി ഇതേച്ചൊല്ലി വഴക്കിട്ടു. തർക്കത്തിനിടയിൽ നിജ ബഷീറിനെ തള്ളിയിട്ടു. കുഴഞ്ഞുവീണ ബഷീറിന് ഹൃദയസ്തംഭനമുണ്ടായി. ബഷീർ മരിച്ചെന്ന് മനസിലാക്കിയതോടെ മൃതദേഹം ഒളിപ്പിക്കാനുള്ള സ്ഥലങ്ങൾ തെരഞ്ഞു. ബഷീറുമായുള്ള അടുപ്പം മൃതദേഹം ചതുപ്പിലോ കായലിലോ ഉപേക്ഷിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് ഇയാൾ ചോദ്യം ചെയ്യലിൽപൊലീസിനോട് പറഞ്ഞു.

കാഞ്ഞിരംകുളം പള്ളം ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം വാഹനത്തിൽ ഇനിയും കൊണ്ടുനടക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ ഇയാൾ കാർ നിറുത്തി മൃതദേഹം ഓടയിലേക്ക് തള്ളുകയായിരുന്നു. ബഷീറിന്റെ ഫോണും പഴ്‌സും പൂവാർ ഭാഗത്ത് റോഡുവക്കിലേക്കും എറിഞ്ഞു. കാട്ടാക്കടയിലെ ഭാര്യ വീട്ടിലേക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കും നിജ രക്ഷപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP