Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്; മുപ്പതോളം പൊലീസുകാർ വീട്ടിലെത്തി പരിശോധന നടത്തിയത് ഇന്ന് പുലർച്ചെ; ലോക്ഡൗൺ നിയന്ത്രണങ്ങൾ പൊലീസ് തന്നെ ലംഘിച്ചെന്നു ആരോപണം; 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ റെയ്‌ഡെന്ന് വിശദീകരണം; കേസിനെ കുറിച്ച് ഇപ്പോഴാണ് അറിയുന്നതെന്ന് സഹോദരൻ സിപി റഷീദ് മറുനാടനോട്

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്; മുപ്പതോളം പൊലീസുകാർ വീട്ടിലെത്തി പരിശോധന നടത്തിയത് ഇന്ന് പുലർച്ചെ; ലോക്ഡൗൺ നിയന്ത്രണങ്ങൾ പൊലീസ് തന്നെ ലംഘിച്ചെന്നു ആരോപണം; 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ റെയ്‌ഡെന്ന് വിശദീകരണം; കേസിനെ കുറിച്ച് ഇപ്പോഴാണ് അറിയുന്നതെന്ന് സഹോദരൻ സിപി റഷീദ് മറുനാടനോട്

ജാസിം മൊയ്തീൻ

മലപ്പുറം: വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എൻഐഎ റെയ്ഡ്. ഇന്നു രാവിലെ ആറുമണിക്ക് ജലീലിന്റെ അന്ത്യവിശ്രമസ്ഥാനം കൂടിയായ പാണ്ടിക്കാട്ടെ വളരാടുള്ള തറവാട്ടു വീട്ടിലും, ഉമ്മയും സഹോദര ഭാര്യയും കുടുംബവും താമസിക്കുന്ന കക്കുളത്തെ വാടക വീട്ടിലും ആണ് ഇന്ന് പുലർച്ചയോടെ മുപ്പതോളം വരുന്ന പൊലീസ് സംഘം റെയിനിഡായി എത്തിയത്. ഇത് ലോക്ക് ഡൗണിന്റെ പരസ്യമായ ലംഘനമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

പെരിന്തൽമണ്ണ ഡിവൈഎസ്‌പി, പാണ്ടിക്കാട് വണ്ടൂർ സിഐമാർ, 4 അംഗ എൻഐഎ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ഇ റീഡറുകളും കമ്പ്യൂട്ടറുകളും പൊലീസ് കൊണ്ടുപോയി. ഇരു വീടുകളിലുമായുണ്ടായിരുന്ന അഞ്ച് പേരുടെ മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളുമാണ് പൊലീസ് പിടിച്ചെടുത്ത്. അതേ സമയം ഇത്തരത്തിലൊരു കേസിനെ കുറിച്ച് തങ്ങൾ ഇപ്പോഴാണ് അറിയുന്നതെന്ന് ജലീലിന്റെ സഹോദരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. 2016ൽ പാണ്ടിക്കാട് പൊലീസിൽ രജിസറ്റർ ചെയ്ത ക്രൈം നമ്പർ 471/16 കേസിലാണ് ഇപ്പോൾ റെയ്ഡ് നടത്തിയിരിക്കുന്നത്. ഇങ്ങനെയൊരു കേസിനെ കുറിച്ച് ഞങ്ങളിപ്പോഴാണ് അറിയുന്നത് പോലും.

ജലീൽ മരിച്ചിട്ട് വർഷങ്ങളായി. അതിന് ശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ച് കൊണ്ട്പോയതുകൊണ്ട് എന്ത് ലഭിക്കാനാണ്. ഈ കേസ് രജിസ്റ്റർ ചെയ്ത 2016ൽ ജയിലിലായിരുന്ന മറ്റൊരു സഹോദരന്റെ സിപി ഇസ്മായീലിന്റെ ഈയടുത്ത് വാങ്ങിയ ഫോൺ പോലും പൊലീസ് ഇന്ന് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇലക്ടോണിക് ഉപകരങ്ങൾ പിടിച്ചുകൊണ്ടു പോകുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് പൊലീസ് ഇവ പിടിച്ചെടുത്തിരിക്കുന്നത്. ഇനി അവയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങൾ നടത്തിയാൽ പോലും നമുക്കൊന്നും ചെയ്യാനാവില്ല.

ഇത്രയും വർഷങ്ങൾ മുൻപുള്ള ഒരു കേസിൽ ഇപ്പോൾ പൊടുന്നനെ ഇങ്ങനെ ഒരു റെയ്ഡ് നടത്തിയത് എന്തിനാണെന്നറിയില്ല. ഈ ലോക് ഡൗൺ സമയത്തു തന്നെ ധൃതി പിടിച്ചു നടത്തുന്നതിലും ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത, ഇത് രജിസ്റ്റർ ചെയ്ത സമയത്ത് ജയിലിലായിരുന്ന ആളിന്റെ കുറച്ചു കാലം മുമ്പു മാത്രം വാങ്ങിയ മൊബൈൽ ഫോൺ ഇതിന്റെ പേരിൽ പിടിച്ചെടുത്തതിലും ദുരൂഹതയുണ്ട്. ലോകഡൗണായതുകൊണ്ട് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കില്ലെന്ന ധൈര്യത്തിലാണ് പൊലീസിന്റെ നടപടി. ഈ റെയ്ഡിന് മെയ് ദിനം തന്നെ തിരഞ്ഞെടുത്ത പിണറായി വിജയന്റെ പൊലീസിന്റെ നടപടി പ്രത്യേകം എടുത്തു പറയേണ്ടതാണ്.

മാത്രമല്ല ജാമിയ മില്ലിയ മുതൽ ആനന്ദ് തെൽ തും ദെ അടക്കം നിരവധി പേരെ തടവിലിടാൻ ഈ സാഹചര്യം ഉപയോഗപ്പെടുത്തിയ സംഘി സർക്കാർ രീതിയാണ് പിണറായി പൊലീസും പയറ്റുന്നതെന്നും സിപി ജലീലിന്റെ സഹോദരൻ സിപി റഷീദ് മറുനാടൻ മലയാളിയോട് പറഞ്ഞു. 2019 മാർച്ച്് 6നാണ് സിപി ജലീൽ വയനാട് വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP