Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിവശങ്കറിനെ അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻ.ഐ.എ വിട്ടയച്ചു; പേരൂർക്കട പൊലീസ് ക്ലബിൽ നിന്ന് വീട്ടിലേക്ക് മടങ്ങി; ചോദ്യം ചെയ്യലിൽ എൻ.ഐ.എയ്ക്ക് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന; സെക്രട്ടേറിയറ്റിലെ സി.സി ക്യാമറകൾ പരിശോധിക്കാനും എൻ.ഐ.എ നീക്കം; ചീഫ് സെക്രട്ടറിക്ക് എൻ.ഐ.എ കത്ത് നൽകി; ചോദ്യം ചെയ്യലിന് ശേഷം പൂജപ്പുരയിലെ വീട്ടിലേക്കുള്ള മടക്കം സ്വന്തം വാഹനത്തിൽ; ശിവശങ്കറിൽ നിന്ന് വീണ്ടും മൊഴിയെടുക്കാൻ സാധ്യത

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു വിട്ടയച്ചു. പേരൂർക്കട പൊലീസ് ക്ലബിലായിരുന്നു അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. തുടർന്ന് ശിവശങ്കർ വീട്ടിലേക്കു മടങ്ങി. നേരത്തെ എൻഐഎ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു എൻഐഎയുടെ നീക്കം.സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ ചീഫ്െസക്രട്ടറിക്ക് കത്തു നൽകിയതായാണ് വിവരം. സെക്രട്ടേറിയറ്റിന്റെ ഹൗസ് കീപ്പിങ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി.ഹണിയിൽനിന്നും എൻഐഎ വിവരങ്ങൾ ആരാഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്നാണ് നേരത്തെ സർക്കാർ കസ്റ്റംസിന് നൽകിയ മറുപടി.

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് സമാന്തരമായി സെക്രട്ടേറിയറ്റിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ തേടി എൻഐഎ സംഘം അന്വേഷണം സമഗ്രമാക്കിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകി. ആവശ്യപ്പെടുമ്പോൾ ദൃശ്യങ്ങൾ നൽകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെടുന്നത്. അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിങ് വിഭാഗമാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. അതിനാൽത്തന്നെ ഈ വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് കൈമാറിയിട്ടുണ്ട്. ആവശ്യപ്പെടുന്ന തീയതികളിലെ ദൃശ്യങ്ങൾ കൈമാറണമെന്നാണ് എൻഐഎയുടെ ആവശ്യം. ഇതനുസരിച്ച് എൻഐഎ ഹൗസ് കീപ്പിംഗിലെ ഉദ്യോഗസ്ഥനോട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. ഹൗസ് കീപ്പിങ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി ഹണിയിൽ നിന്നാണ് വിവരങ്ങൾ തേടിയത്. എൻഐഎ ഡിവൈഎസ്‌പി അടക്കമുള്ള സംഘമെത്തിയാണ് വിവരങ്ങൾ തേടിയത്. വിവരശേഖരണം ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനിൽക്കുകയും ചെയ്തു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും അടക്കമുള്ളവർക്ക് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വപ്ന സുരേഷ് എത്തിയിട്ടുണ്ടെന്നും വ്യക്തമായതാണ്. ഇതെല്ലാം യുഎഇ കോൺസുലേറ്റിനെ പ്രതിനിധീകരിച്ചോ, പിന്നീട് സ്‌പേസ് പാർക്കുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ആവശ്യങ്ങൾക്കായോ ആണെന്നാണ് ഇതുവരെയുള്ള സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽത്തന്നെയാണ് ശിവശങ്കറിന്റെ ഓഫീസും. ഇവിടെയും പ്രതികൾ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ തേടുന്നത്. അതേസമയം, മെയ് മുതലുള്ള ചില സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്ന് കസ്റ്റംസിനെ ഹൗസ് കീപ്പിങ് വിഭാഗം അറിയിച്ചുവെന്നാണ് സൂചന. ഇത് ശരിയാക്കുന്നതിനായി വേണ്ട നടപടികൾക്കായി പ്രത്യേക ഉത്തരവും ഇറങ്ങിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് അകത്തുള്ള ചില ദൃശ്യങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് പിന്നീട് വിശദീകരണവുമായി ചീഫ് സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകിയിരിക്കുന്നത്.ക്യാമറയ്ക്ക് ഏതെങ്കിലും നാശനഷ്ടമുണ്ടായാലും ആ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ ഉണ്ടാകും. അത് നശിപ്പിക്കപ്പെട്ടാലും അത് വീണ്ടെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കാവുകയും ചെയ്യും. അത്തരത്തിലുള്ള വിശദമായ പരിശോധന തന്നെയാകും ഉണ്ടാകുക.

ദിവസങ്ങൾക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു എൻഐഎയുടെ നീക്കം. ഇദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ശിവശങ്കർ ഇന്ന് പൊലീസ് ക്ലബ്ബിലെത്തിയത്.കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. രാവിലെ ഒമ്പതുമണിക്കാണ് എൻഐഎ സംഘമെത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നൽകാൻ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലേക്ക് എൻഐഎ ഉദ്യോഗസ്ഥനെത്തിയത് സ്‌കൂട്ടറിലായിരുന്നു. തുടർന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറിൽ ശിവശങ്കർ പൊലീസ് ക്ലബ്ബിലേക്ക് തിരിച്ചു. ഇതാദ്യമായാണ് ഉന്നതനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ദേശീയ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത്. കേസിൽ എൻഐഎ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപും തമ്മിലുള്ള ബന്ധം, ഇവർക്ക് സഹായം ചെയ്തുകൊടുത്തിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങൾ എൻഐഎ ചോദിച്ചറിയും.മുൻപ് ഒൻപത് മണിക്കൂറോളം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെതിരെ ഒന്നാം പ്രതി സരിത് മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.കഴിഞ്ഞ ദിവസം സരിത്തും, സ്വപനയും, സന്ദീപ് നായരും അടങ്ങുന്ന പ്രതികളുടെ വീട്ടിലെത്തി എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

സ്വർണക്കടത്ത് കേസിൽ ബാഗേജ് വിട്ട് കിട്ടാൻ വേണ്ടി സ്വപ്ന ശവശങ്കറിനെ വിളിച്ചിരുന്നതായിട്ടാണ് എൻ.ഐ.എ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് എൻ.ഐ.എ പ്രതികളുമായിട്ടുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നിർണായക തെളിവെടുപ്പ് നടത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തുമായി തിരുവനന്തപുരത്ത് എൻ.ഐ.എ.യുടെ തെളിവെടുപ്പ് കഴിഞ്ഞ ദിനവസം നടന്നതിന് പിന്നാലെയാണ് ശിവശങ്കറിനെ കേസിൽ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് എൻ.ഐ.എ. സംഘം സരിത്തുമായി തലസ്ഥാന നഗരിയിലെത്തിയത്. ആദ്യം സന്ദീപ് നായരുടെ അരുവിക്കരയിലെ വാടകവീട്ടിലായിരുന്നു തെളിവെടുപ്പ്. അഞ്ച് മിനിറ്റ് മാത്രമാണ് ഇവിടെ തെളിവെടുപ്പ് നീണ്ടുനിന്നത്. തുടർന്ന് സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിലെത്തിച്ചു.

ആറാം നിലയിലെ ഫ്ളാറ്റിലേക്ക് സരിത്തിനെ കൂട്ടിക്കൊണ്ടുപോയാണ് അമ്പലമുക്കിലെ തെളിവെടുപ്പ് പൂർത്തിയായത്. ഇതിനുശേഷം എൻ.ഐ.എ. സംഘം സരിത്തുമായി പുറത്തിറങ്ങി കുറവൻകോണം ഭാഗത്തേക്ക് പോയി. എങ്ങോട്ടാണ് പോകുന്നതെന്ന് അറിയിക്കാതെ സസ്പെൻസ് നിലനിർത്തിയായിരുന്നു എൻ.ഐ.എ. സംഘത്തിന്റെ യാത്ര.ഹൗസിങ് കോളനിയുടെ നെയിംബോർഡ് അടക്കം എൻ.ഐ.എ. ഉദ്യോഗസ്ഥർ ഫോണിൽ പകർത്തിയ ശേഷം യാത്ര തുടർന്നു. ഉള്ളൂരിലെയും നന്ദാവനത്തെയും ചില ഹോട്ടലുകളിലും എൻ.ഐ.എ. സംഘം തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദർ അപ്പാർട്ട്മെന്റ്സിലാണ് പിന്നീട് തെളിവെടുപ്പിന് എത്തിയത്.കേസിൽ ശിവശങ്കറിനെതിരെയുള്ള നിർണായ മൊഴിയാണ് സരിത്തിൽ നിന്ന് ലഭിച്ചത്.

ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂർ തലങ്ങും വലങ്ങും ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻ.എൻ.എ സംഘത്തിന്റെ ചോദ്യം ചെയ്യലും ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വീട്ടിൽ തിരികെ എത്തിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കരനെ വീടിലെത്തിച്ചത്. സ്വന്തം കാറിലാണ് ശിവശങ്കർ തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി തനിയെ തിരിച്ചു വിടുന്നതിന്റെ ആശങ്ക കണക്കിലെടുത്താണ് കസ്റ്റംസ് തന്നെ ശിവശങ്കറിനെ വീട്ടിലെത്തിച്ചത്.വിമാനത്താവളത്തിൽ നിന്ന് സ്വർണം വിട്ടുനൽകാൻ അദ്ദേഹം പലരീതിയിൽ സമ്മർദ്ദം ചെലുത്തിയതായും കസ്റ്റംസിന് സൂചന ലഭിച്ചു. സ്വർണം വിട്ടുകിട്ടുന്നതിനായി കാർഗോ കോംപ്ലക്സ് വഴിയും ഇടപെട്ടു. സ്വപ്ന സഹപ്രവർത്തകയും സരിത് സുഹൃത്തുമാണെന്ന് അറിയിച്ചാണ് ശിവശങ്കർ ഇവരെ ഫോൺ ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP