Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ആദ്യ വിവാഹത്തിന് സ്വപ്‌ന അണിഞ്ഞത് 650 പവൻ; കല്യാണ ഫോട്ടോ ഉയർത്തി ജാമ്യത്തിന് അഭിഭാഷകൻ ശ്രമിച്ചപ്പോൾ എൻഐഎ ഉയർത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങൾ; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തൽ സജീവം; സിആപ്റ്റിന് പിന്നാലെ പോകാൻ എൻഐഎയും; തിങ്കളാഴ്ചത്തെ എൻഐഎ കോടതി വിധി പിണറായിക്കും നിർണ്ണായകം

ആദ്യ വിവാഹത്തിന് സ്വപ്‌ന അണിഞ്ഞത് 650 പവൻ; കല്യാണ ഫോട്ടോ ഉയർത്തി ജാമ്യത്തിന് അഭിഭാഷകൻ ശ്രമിച്ചപ്പോൾ എൻഐഎ ഉയർത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങൾ; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തൽ സജീവം; സിആപ്റ്റിന് പിന്നാലെ പോകാൻ എൻഐഎയും; തിങ്കളാഴ്ചത്തെ എൻഐഎ കോടതി വിധി പിണറായിക്കും നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സി-ആപ്റ്റിലേക്കു യുഎഇ കോൺസുലേറ്റിൽ നിന്നു 32 പാഴ്‌സൽ പെട്ടികൾ കൊടുത്തയച്ച ദിവസം നയതന്ത്ര പാഴ്‌സലിൽ ആകെ വന്നത് 210 പാഴ്‌സൽ പെട്ടികളായിരുന്നു. ഇതെല്ലാം വിമാന കാർഗോയുടെ ഒറ്റ ബില്ലിലാണു വന്നതും. 32 പെട്ടികൾ കോൺസുലേറ്റിൽ നിന്നു സി- ആപ്റ്റിലെത്തിച്ച്, ഒരെണ്ണം തുറന്നു പരിശോധിച്ച ശേഷമാണ് എല്ലാം കൂടി സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്. ഇന്നലെ സി- ആപ്റ്റിന്റെ 2 ജീവനക്കാരിൽ നിന്നു കസ്റ്റംസ് മൊഴിയെടുത്തു. ഇതിലേക്ക് അന്വേഷണം നീളുന്നത് പിണറായി സർക്കാരിനേയും വെട്ടിലാക്കും. സ്വപ്‌നാ സുരേഷിന് ഉന്നത സ്വാധീനമുണ്ടെന്ന് എൻഐഎ കോടതിയിൽ പറഞ്ഞതും സി ആപ്റ്റിൽ നിന്ന് തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. അതീവ ഗൗരവത്തോടെയാണ് സാഹചര്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസും കാണുന്നത്.

എൻഐഎ കോടതിയിൽ സ്വപ്‌നാ സുരേഷ് നൽകിയ ജാമ്യ ഹർജിയിലെ ഉത്തരവ് സർക്കാരിനും നിർണ്ണായകമാണ്. ജാമ്യ ഹർജി തള്ളാനാണ് സാധ്യത. ഇതിനൊപ്പം സർക്കാരിനെതിരെ എന്തെങ്കിലും തരത്തിലെ അഭിപ്രായ പ്രകടനങ്ങൾ കോടതി കൂടി നടത്തിയാൽ പിണറായി സർക്കാരിന്റെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാകും. കെടി ജലീലിനെതിരായ അന്വേഷണം എങ്ങനെ മുമ്പോട്ട് പോകുമെന്നതിലും ആശങ്ക ശക്തമാണ്. എൻഐഎയുടെ കടന്നുവരവും അന്വേഷണ നടപടികളും ഇതുവരെ സ്വാഗതം ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്ക് അതേ അന്വേഷണ ഏജൻസി വിരൽ ചൂണ്ടിയതിന്റെ കുരുക്കിൽ സർക്കാരും സിപിഎമ്മും. പ്രതികളുടെ ജാമ്യഹർജി എതിർത്ത് എൻഐഎ നടത്തിയ നിർണായക പരാമർശങ്ങൾ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതാണ്.

Stories you may Like

പൊലീസിൽ സ്വപ്‌നാ സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഐഎ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പാണ് ആഭ്യന്തരവും. ഇതിൽ സ്വാധീന ശക്തിയുള്ള വ്യക്തിയായി സ്വപ്‌നാ സുരേഷ് മാറുന്നുവെന്ന പരാമർശം സർക്കാരിന് വലിയൊരു തിരിച്ചടിയാണ്. അതുകൊണ്ടാണ് ജാമ്യ ഹർജിയിലെ കോടതി ഉത്തരവ് നിർണ്ണായകമാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി നാളെയും ചേരാനിരിക്കെ അവിടെ നടക്കാനിടയുള്ള ചർച്ചകളെയും എൻഐഎയുടെ ഈ നീക്കം സ്വാധീനിക്കും. സ്വർണക്കടത്ത് കേസിൽ സർക്കാർ തന്നെ ആവശ്യപ്പെട്ട പ്രകാരമാണു കേന്ദ്രം എൻഐഎയെ നിയോഗിച്ചത് എന്ന അവകാശവാദമാണു സിപിഎം ഉയർത്തിവന്നത്. ഇത് തൽകാലം മാറ്റി പറയാനും കഴിയില്ല.

കേസിൽ കേന്ദ്ര സർക്കാരിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഇടപെടലുകളെ വിമർശിക്കുമ്പോഴും അന്വേഷണ ഏജൻസികളെ പ്രകോപിപ്പിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചു. സ്വർണക്കടത്തു പിടിച്ച കസ്റ്റംസിന്റേതു ധീരമായ നടപടി എന്നാണു കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്. ഇതെല്ലാം വെറുതെയായി എന്ന തോന്നലാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. സ്വപ്ന സുരേഷിനു കേരള പൊലീസിലും അധികാര കേന്ദ്രങ്ങളിലുമുള്ള വലിയ സ്വാധീനത്തെക്കുറിച്ചാണ് അന്വേഷകർ ഇന്നലെ കോടതിയിൽ മുന്നറിയിപ്പു നൽകിയത്. ഇത് പിണറായി വിജയന് കിട്ടിയ വലിയൊരു അടിയാണെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ തിരുത്തലുകൾക്ക് പാർട്ടി മുന്നിട്ടിറങ്ങുമെന്നാണ് വിലയിരുത്തൽ.

കേസിൽ എം. ശിവശങ്കർ വഴിവിട്ട ഇടപെടലിനു മുതിർന്നില്ലെന്ന എൻഐഎ നിലപാടിൽ ആശ്വാസം കണ്ടെത്തുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇത്തരമൊരു കേസിലെ പ്രതിയുടെ 'മാർഗദർശി' ആയിരുന്നുവെന്ന കണ്ടെത്തൽ സർക്കാരിന് തിരിച്ചടിയാണ്. ശിവശങ്കറിനെ കേസിൽ ഇതുവരെ പ്രതിയാക്കാതിരുന്നതും മറ്റു സർക്കാർ-പാർട്ടി ബന്ധങ്ങളൊന്നും പുറത്തുവരാഞ്ഞതും സിപിഎമ്മിന് ആശ്വാസമാണ്. അതിനിടെ പ്രതിപക്ഷവും ബിജെപിയും ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി വീണ്ടും രംഗത്തെത്തി. സിപിഐയും ഇക്കാര്യത്തിലെ പ്രതിഷേധം സിപിഎം നേതൃത്വത്തെ അറിയിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങിനും ചർച്ചയ്ക്കും വേണ്ടിയാണു നാളെ ഓൺലൈനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്.

എൻഐഎക്കു സ്വപ്ന നൽകിയ കുറ്റസമ്മത മൊഴികളിലെ 20, 21, 22, 23, 24, 28 പേജുകളിലെ വിവരങ്ങളാണു എൻഐഎക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ കോടതിയിൽ ഉദ്ധരിച്ചത്. സ്വപ്നയ്ക്കു മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എന്നിവരുമായുള്ള പരിചയവും അടുപ്പവും സ്വാധീനവും വിവരിക്കുന്ന ഇംഗ്ലിഷിൽ തയാറാക്കിയ മൊഴിപ്പകർപ്പിലെ വിവരങ്ങളാണു എൻഐഎ കോടതിയിൽ പരാമർശിച്ചത്. അന്വേഷണം എൻഐഎക്കു കൈമാറാൻ കേന്ദ്രസർക്കാരിനു കത്തെഴുതിയ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടായിരുന്നു അസി. സോളിസിറ്റർ ജനറലിന്റെ പ്രോസിക്യൂഷൻ ആദ്യ ദിവസത്തെ വാദങ്ങളുടെ തുടക്കം. എന്നാൽ വാദം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ കഥമാറി.

എന്നാൽ, ജൂൺ 30 നു തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്‌സൽ വിട്ടുകിട്ടാൻ സഹായം അഭ്യർത്ഥിച്ചു സ്വപ്ന സുരേഷ് സമീപിച്ചെങ്കിലും എം. ശിവശങ്കർ സഹായിച്ചില്ലെന്നു വ്യക്തമാക്കിയ എൻഐഎ എന്തുകൊണ്ടാണു ശിവശങ്കർ സഹായിക്കാതിരുന്നതെന്നു കോടതിയിൽ പറഞ്ഞില്ല. നയതന്ത്രപാഴ്‌സലിൽ സ്വർണമാണെന്നു ശിവശങ്കറിനു മുന്നറിവുണ്ടോയെന്ന കാര്യത്തിൽ കോടതിയിൽ എൻഐഎ മൗനം പാലിച്ചു. ശിവശങ്കർ എന്തുകൊണ്ടാണ് 'നയതന്ത്ര പാഴ്‌സൽ' വിട്ടുകിട്ടാൻ സഹായിക്കാതിരുന്നതെന്നു വരും ദിവസങ്ങളിൽ എൻഐഎ വ്യക്തമാക്കിയേക്കും. സ്വപ്നയില്ലാതെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന് ഒരുദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്ത നിലയിലായിരുന്നുവെന്നും പ്രതിയുടെ മൊഴികൾ ഉദ്ധരിച്ചു എൻഐഎ പറയുന്നു.

യുഎഇ കോൺസുലേറ്റിനു വേണ്ടി സ്വപ്ന നടത്തിയ കമ്മിഷൻ ഇടപാടുകളുടെ വിശദാംശങ്ങളും അതിലൂടെ നേടിയ സാമ്പത്തിക ലാഭവും പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ഇത്തരം വെളിപ്പെടുത്തലുകൾ സ്വർണക്കടത്തിലൂടെയുണ്ടാക്കിയ സമ്പത്ത് മറയ്ക്കാനാണെന്ന് എൻഐഎ വാദിച്ചു. ഇതിനൊപ്പമാണ് 650 പവൻ അണിഞ്ഞ് സ്വപ്‌ന നിൽക്കുന്ന ചിത്രം കോടതിയിൽ ഹാജരാക്കിയതും. സ്വപ്‌നയുടെ സാമ്പത്തിക കരുത്ത് വിശദീകരിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതെല്ലാം ഫലം കാണുമോ എന്ന് ജാമ്യ ഹർജിയിലെ വിധിയിൽ വ്യക്തമാകും. സാധാരണ നിലയിൽ ജാമ്യം കിട്ടില്ലെന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP