Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കൊച്ചിയിൽ നിന്നും പിടികൂടിയ മുർഷിദ് ഹസൻ അൽഖായിദ സംഘത്തിലെ പ്രധാനി; സംഘത്തിൽ ഉള്ളവരെന്ന് കരുതുന്ന പത്തിലധികം പേരെ തിരിച്ചറിഞ്ഞു; കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ടെന്ന് എൻഐഎ; പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുപോയതോടെ എറണാകുളം ജില്ലയിൽ കേരളാ പൊലീസും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ അന്വേഷണം തുടങ്ങി; രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി പ്രവർത്തിക്കുന്ന ഭീകരവാദികൾ ലക്ഷ്യമിട്ടത് വലിയ ആക്രമണങ്ങൾക്കെന്നും ദേശീയ അന്വേഷണ ഏജൻസി

കൊച്ചിയിൽ നിന്നും പിടികൂടിയ മുർഷിദ് ഹസൻ അൽഖായിദ സംഘത്തിലെ പ്രധാനി; സംഘത്തിൽ ഉള്ളവരെന്ന് കരുതുന്ന പത്തിലധികം പേരെ തിരിച്ചറിഞ്ഞു; കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ടെന്ന് എൻഐഎ; പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുപോയതോടെ എറണാകുളം ജില്ലയിൽ കേരളാ പൊലീസും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ അന്വേഷണം തുടങ്ങി; രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി പ്രവർത്തിക്കുന്ന ഭീകരവാദികൾ ലക്ഷ്യമിട്ടത് വലിയ ആക്രമണങ്ങൾക്കെന്നും ദേശീയ അന്വേഷണ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിയിലായ മുർഷിദ് ഹസൻ അൽഖ്വയ്ദ ബന്ധമുള്ള സംഘത്തിന്റെ തലവനെന്ന് ദേശീയ അന്വേഷണ ഏജൻസി. ഈ സംഘം രാജ്യ വ്യാപകമായി സ്‌ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായും ട്രാൻസിറ്റ് റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അൽഖായിദ സംഘത്തിലെ കൂടുതൽ പേരെ പിടികൂടാനുണ്ടെന്നാണ് എൻഐഎ പുറത്തുവിടുന്ന വിവരം. കൊച്ചിയിൽ നിന്നുൾപ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എൻ.ഐ.എ. പിടികൂടിയത്. കൊച്ചിയിൽ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയിൽ വാങ്ങാൻ സമർപ്പിച്ച അപേക്ഷയിലാണ് കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളെ കൊണ്ടുപോകാനുള്ള ട്രാൻസിറ്റ് ഓർഡറിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. ബംഗാൾ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങൾ. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി പ്രവർത്തിക്കുന്ന ഇവർ വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തിൽ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എൻ.ഐ.എ. വ്യക്തമാക്കുന്നു.

അതിനിടെ പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം എറണാകുളം ജില്ലയിൽ കേരളാ പൊലീസും അതിഥി തൊഴിലാളികൾക്കിടയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജ്യവ്യാപകമായി സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇതിനായി പണം കണ്ടെത്താനും കൂടുതൽ പേരെ അൽ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പേരെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ നിന്നുൾപ്പെടെ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനയും ദേശീയ അന്വേഷണ ഏജൻസി നൽകുന്നു.

കേരളാ പൊലീസ് ലക്ഷ്യമിടുന്നത് മുഴുവൻ തൊഴിലാളികളുടേയും വിവരം ശേഖരിക്കുക എന്നതാണ്. പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിവൈ.എസ്‌പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ഏറ്റവുമധികം ഇതരസംസ്ഥാനത്തൊഴിലാളികളുള്ളത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമെതിരേ നടപടി സ്വീകരിക്കും.

ഡൽഹിയിലേക്കും ബംഗാളിലേക്കും തുടർച്ചയായി യാത്ര ചെയ്തവരെയും കണ്ടെത്തും. റൂറൽ എസ്‌പി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുന്ന്ത. നേരത്തെയും തൊഴിലാളികളുടെ വിവരം ശേഖരിക്കാനായി കേരളാ പൊലീസ് ഇറങ്ങിത്തിരിച്ചതാണ്. എന്നാൽ തൊഴിൽ ഉടമകളുടെ നിസഹകരണം മൂലം പൂർണ്ണമായിരുന്നില്ല.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സ്പോൺസേർഡ് അൽഖായിദ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് സെപ്റ്റംബർ 11ന് എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയത്. കേസിലെ ഒന്നാംപ്രതി മുർഷിദ് ഹസൻ, രണ്ടാംപ്രതി മൊസറഫ് ഹൊസൈൻ, ആറാംപ്രതി യാക്കൂബ് ബിശ്വാസ് എന്നിവരെ കൊച്ചിയിൽ നടത്തിയ റെയ്ഡിൽ പിടികൂടി. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്ന് സംഘത്തിലെ മറ്റ് ആറുപേരും പിടിയിലായി.

ഐക്യരാഷ്ട്രസഭയും കേന്ദ്രസർക്കാരും അമേരിക്കൻ ചാരസംഘടനകളുമെല്ലാം കേരളം, കർണാടകം എന്നിവിടങ്ങളിലെ ഐസിസ് സാന്നിദ്ധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോഴാണ് പൊലീസിന് ഇതുവരെ ഒരു വിവരവുമില്ലാതിരുന്ന അൽഖ്വായിദ വിഭത്തെ പിടികൂടിയത്. പാലക്കാട് ഒലവക്കോട് സ്വദേശി അബുതാഹിർ അൽഖ്വയിദയുമായി ചേർന്ന് പ്രവർത്തിച്ചതായി നേരത്തെ വിവരം ലഭിച്ചിരുന്നു. മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 2013ൽ വിദേശത്തേക്ക് പോയ ഇയാൾ താഹിർ ഹസൻ എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. വെബ്‌സൈറ്റ് കണ്ടെത്തി എൻ.ഐ.എ വീട്ടിലെത്തിയതോടെ പിൻവലിച്ചു. സിറിയയിൽ നിന്ന് ഇയാൾ ബന്ധുക്കളെ വിളിച്ചിരുന്നു. ഇന്ത്യയിൽ സായുധസേനാവിഭാഗം രൂപീകരിക്കാനുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ച ഇയാൾ 2017 ഏപ്രിലിൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഇക്കാര്യം എൻ.ഐ.ഐ സ്ഥിരീകരിച്ചിട്ടില്ല.

മറ്റൊരു മലയാളി, കോഴിക്കോട് സ്വദേശി റിയാബ് അലി യു.എ.ഇയിലെ റാസൽ ഖൈമയിൽ നിന്ന് സിറിയയിൽ എത്തി അൽ ക്വ ഇദയിൽ ചേർന്നതായും കണ്ടെത്തി. യു.എ.ഇയിൽ പഠിച്ചുവളർന്ന റിയാബിനെ അവിടെ കാണാതാവുകയായിരുന്നു. യെമൻ, തുർക്കി വഴി സിറിയയിലേക്ക് കടന്നതായി യു.എ.ഇ പൊലീസാണ് കണ്ടെത്തിയത്. ഫേസ്‌ബുക്കിലൂടെയാണ് ഭീകരസംഘടനയുമായി ബന്ധപ്പെട്ടത്. റിയാബിനെതിരെ കേരള പൊലീസെടുത്ത കേസ് എൻ.ഐ.എക്ക് കൈമാറിയിട്ടുണ്ട്.

ഭീകരരുടെ സ്ലീപ്പർസെല്ലുകൾക്ക് കേരളം സുരക്ഷിത താവളമാണ്. ആസാമിലെ ബോഡോ തീവ്രവാദികളും പെരുമ്പാവൂരിൽ ഒളിച്ചുകഴിഞ്ഞിട്ടുണ്ട്. ഫോൺവിളികൾ പിന്തുടർന്നാണ് കേന്ദ്ര ഏജൻസികൾ ഇവരെ പിടികൂടുന്നത്. കേരളത്തിൽ പണമടക്കം സഹായം ഇവർക്കെല്ലാം കിട്ടുന്നുണ്ടെന്നാണ് പറയുന്നത്.പിടികൂടാൻ 'ഓപ്പറേഷൻ ചക്രവ്യൂഹ 'ഭീകരർ തങ്ങളുടെ പരിധിക്ക് പുറത്തുള്ളവരുമായി ബന്ധപ്പെടും. ഇവരുടെ രഹസ്യ ഇടപാടുകൾ കണ്ടെത്താൻ വിദേശ ഏജൻസികളുമായി ചേർന്ന് 'ഓപ്പറേഷൻ ചക്രവ്യൂഹ' എന്ന നിരീക്ഷണസംവിധാനം ഐ.ബിക്കും എൻ.ഐ.എയ്ക്കുമുണ്ട്.സാമൂഹ്യമാധ്യമങ്ങളിലെ ഡേറ്റാ വിശകലനം ചെയ്ത് ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്റ്റ്‌വെയറുണ്ട്. സന്ദേശങ്ങൾ ഡീ - കോഡ് ചെയ്യാനും ഉറവിടം കണ്ടെത്താനും കഴിയും. ഇവരെ നിരീക്ഷിച്ച് പ്രശ്‌നക്കാരാണെന്ന് കണ്ടാൽ അറസ്റ്റുചെയ്യും. സംശയാസ്പദമായ സൈബർ ബന്ധങ്ങളുള്ള 140പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP