Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല; അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതിസന്ധികൾ; കസ്റ്റംസിനെ അസ്വസ്ഥമാക്കിയത് എൻഐഎയുടെ വരവ്; തങ്ങളുടെ കൊക്കിൽ നിന്ന് കേസ് കസ്റ്റംസ് കൊത്തിക്കൊണ്ട് പോയതിൽ ഡിആർഐക്ക് അതൃപ്തി; സമ്മർദ്ദം മുറുകുന്നതിൽ എൻഐഎയ്ക്കും അസ്വസ്ഥത; ഡൽഹിയിൽ വാർ റൂം തുറന്നു എല്ലാം നിരീക്ഷിച്ച് അജിത് ഡോവലും; സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ

സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല; അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതിസന്ധികൾ; കസ്റ്റംസിനെ അസ്വസ്ഥമാക്കിയത് എൻഐഎയുടെ വരവ്; തങ്ങളുടെ കൊക്കിൽ നിന്ന് കേസ് കസ്റ്റംസ് കൊത്തിക്കൊണ്ട് പോയതിൽ ഡിആർഐക്ക് അതൃപ്തി; സമ്മർദ്ദം മുറുകുന്നതിൽ എൻഐഎയ്ക്കും അസ്വസ്ഥത; ഡൽഹിയിൽ വാർ റൂം തുറന്നു എല്ലാം നിരീക്ഷിച്ച് അജിത് ഡോവലും; സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം മുറുകവേ കേസ് അന്വേഷിക്കുന്ന എൻഐഎ അസ്വസ്ഥമാകുന്നതായി സൂചന. സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള ശക്തമായ ബന്ധം മറനീക്കി കാണിക്കാൻ ആവശ്യമായ ശക്തമായ തെളിവുകൾ അന്വേഷണം തുടങ്ങി ഒരു മാസമായിട്ടും എൻഐഎ സംഘത്തിനു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ വേഗതയില്ലായ്മ കേന്ദ്രത്തെ അലട്ടുന്നുണ്ട്. രാഷ്ട്രീയ സമ്മർദ്ദത്തിനു വിധേയമായി കേസ് അന്വേഷിക്കുന്നതിനും എൻഐഎയ്ക്ക് വിമുഖതയുണ്ട്.

ഇതുവരെ ഒരു സമ്മർദ്ദത്തിനു കീഴിൽ ജോലി ചെയ്ത ഒരു എജന്‌സിയല്ല എൻഐഎ. കേന്ദ്രത്തിൽ നിന്നുള്ള ശക്തമായ ഒരു സമ്മർദ്ദം കേസിൽ എൻഐഎയ്ക്ക് മുന്നിലുണ്ട്. സ്വർണ്ണക്കടത്തും തീവ്രവാദബന്ധവും തെളിയിക്കുന്ന ശക്തമായ തെളിവുകൾ ആണ് കേന്ദ്രത്തിനു വേണ്ടത്. ഒരു മാസമായിട്ടും അങ്ങനെയുള്ള ശക്തമായ തെളിവുകൾ ശേഖരിക്കാൻ എൻഐഎ സംഘത്തിനു കഴിഞ്ഞിട്ടില്ല. അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായത് ഭീകരവാദ ബന്ധത്തിനുള്ള തെളിവ് തന്നെയാണ്. പക്ഷെ ഇത് മാത്രം പോരാ കൂടുതൽ തെളിവുകളും പ്രതികളും വേണം. നിലവിൽ കേസ് അന്വേഷണം മുന്നോട്ടു പോകുന്നതിൽ ഒട്ടുവളരെ തടസങ്ങൾ എൻഐഎയ്ക്ക് മുന്നിൽ വന്നിട്ടുണ്ട്. വിചാരിച്ചത്ര സുഗമമമായല്ല എൻഐഎ അന്വേഷണം മുന്നോട്ടു പോകുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായി ഇപ്പോൾ യുഎഇ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ യുഎഇയിൽ പോയി ചോദ്യം ചെയ്ത ശേഷം എന്തെങ്കിലും ലഭിച്ചാൽ അതാണ് പ്രത്യാശയ്ക്ക് വകയായി എൻഐഎ കാണുന്നത്.

Stories you may Like

സ്വർണക്കടത്തുമായി ബന്ധപ്പെട്ടു അറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഇപ്പോൾ പിടിയിലുള്ള പ്രതി റമീസ് വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതൊന്നുമല്ല കൂടുതൽ ശക്തമായ തെളിവുകളും ആവശ്യമുണ്ട്. ഒരു റിസൾട്ട് കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടുന്നുമുണ്ട്. സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ അഭേദ്യബന്ധമുണ്ടെന്നു എൻഐഎയ്ക്ക് വ്യക്തമായിട്ടുണ്ട്. പക്ഷെ ഇത് തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകളുടെ അഭാവമുണ്ട്. ഇത് കേന്ദ്രത്തിനു മനസിലായിട്ടുണ്ട്. ഇപ്പോൾ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ഊർജ്ജം നൽകാൻ വേണ്ടിയാണ് അന്വേഷണ മികവിനുള്ള ആഭ്യന്തരമന്ത്രിയുടെ പ്രത്യേക മെഡൽ സ്വാതന്ത്ര്യദിന വേളയിൽ അന്വേഷണ സംഘത്തിലുള്ള അഡീഷണൽ എസ്‌പി ഷൗക്കത്തലിക്കും ഡെപ്യൂട്ടി എസ്‌പി രാധാകൃഷ്ണപിള്ളയ്ക്കും പ്രഖ്യാപിച്ചിട്ടുള്ളത്.

ദേശവിരുദ്ധ ശക്തികളെ തുരത്താൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് മലയാളികളെ ബോധ്യമാക്കാൻ കഴിയുന്ന രീതിയിലുള്ള ഒരന്വേഷണമാണ് സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. നാടിന്റെ സുരക്ഷ ബിജെപിയിലാണ് എന്നത് തെളിഞ്ഞുവരുന്ന സാഹചര്യം കേരളത്തിൽ ഉരുത്തിരിഞ്ഞു വരണം. അതിനാൽ ശക്തമായ അന്വേഷണം എൻഐഎയുടെ ഭാഗത്ത് നിന്നും വേണം. പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ ഈ രീതിയിൽ ഉള്ള റിസൾട്ട് വന്നിട്ടില്ല. ഇതിനാലാണ് കേന്ദ്രത്തിൽ നിന്നും ഒരു സമ്മർദ്ദം എൻഐഎയ്ക്ക് മുന്നിൽ ദൃശ്യമാകുന്നത്.

സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലെറ്റിനു വന്ന ബന്ധം തെളിഞ്ഞതോടെ രാജ്യദ്രോഹക്കുറ്റം എന്ന് പരിഗണിച്ച് ഒരു വാർ റൂം തന്നെ ഡൽഹിയിൽ തുടങ്ങിയിട്ടുണ്ട്. അജിത് ഡോവലാണ് ഈ വാർ റൂമിനെ നയിക്കുന്നത്. എൻഎഎ, കസ്റ്റംസ്, ഡിആർഐ, ഇഡി എന്നിവരാണ് ഈ വാർറൂമുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്. ഈ അന്വേഷണ ഏജൻസികളുടെ തലവന്മാർ മുഴുവൻ ഈ വാർറൂമിലുണ്ട്. പക്ഷെ സ്വർണ്ണക്കടത്തിന്റെ ഗ്രാസ് റൂട്ട് ലെവലിൽ അന്വേഷണം നടത്തുന്ന ഏജൻസികൾ തമ്മിൽ ഏകോപനമില്ല. ചെറിയ രീതിയിലുള്ള അസംതൃപ്തിയും കിടമത്സരവുമെല്ലാം ഇതിന്നിടയിൽ ദൃശ്യമാണ്. ഇതിന്നിടയിലാണ് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം നടത്തുന്ന എൻഐഎ വിഷമവൃത്തത്തിലാകുന്നത്.

അന്വേഷണം ഏറ്റെടുത്ത് കൃത്യമായ റൂട്ടിൽ മുന്നോട്ടു പോയ കസ്റ്റംസിനെ എൻഐഎയുടെ വരവ് അസ്വസ്ഥമാക്കിയിട്ടുണ്ട്. കേസ് പൂർണമായും എൻഐഎ കയ്യടക്കിയതിൽ കസ്റ്റംസിന് അതൃപ്തിയുണ്ട്. ഡിആർഐയുടെ വായിൽ നിന്ന് കസ്റ്റംസ് ഈ കേസ് കൊണ്ടുപോയതിൽ ഡിആർഐ ആദ്യമേ അതൃപ്തിയുണ്ട്. തങ്ങളുടെ കൊക്കിലിരുന്ന കേസ് കസ്റ്റംസ് റാഞ്ചുകയാണ് ചെയ്തത് എന്ന വിശ്വാസമാണ് ഡിആർഐയ്ക്കുള്ളത്. സാധാരണ ഇത്തരം കേസുകൾ ഡിആർഐയിലാണ് വരുന്നത്. അതിനാൽ ഈ അസ്വസ്ഥത ഡിആർഐയ്ക്ക് ഒപ്പമുണ്ട്. ഈ മൂന്നു ഏജൻസികളോടും സഹകരിക്കാത്ത മനോഭാവമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ് പുലർത്തുന്നത്. കേസിൽ ഇഡിക്ക് ശക്തമായ റോളുണ്ട്.

ഇവിടുന്നു കള്ളപ്പണം യുഎഇയിൽ എത്തിയ ശേഷമാണ് അവിടെ നിന്ന് യുഎഇ കോൺസുലേറ്റ് വഴി ഗോൾഡ് തിരുവനന്തപുരത്ത് എത്തിയത്. കാര്യങ്ങൾ ഇഡി സ്വന്തമായാണ് അന്വേഷിക്കുന്നത്. കള്ളപ്പണക്കേസിൽ ഇഡിക്ക് ശക്തമായ അന്വേഷണം നടത്താം. പ്രതികളെ അറസ്റ്റ് ചെയ്യുകയുമാകാം. സ്വർണ്ണക്കടത്തിനു ദുബായിലേക്ക് പോയ പണം ആരുടെത് എന്നാണ് ഇഡി അന്വേഷിക്കുന്നത്. പണം കേരളത്തിൽ നിന്നും ഹവാല വഴി ദുബായിൽ എത്തിയിട്ടുണ്ട് എന്ന് ഇഡി ഉറപ്പാക്കിയിട്ടുണ്ട്. ആ പണം എവിടെ നിന്ന് വന്നു എന്ന കാര്യത്തിൽ ശക്തമായ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ കേസ് ഇഡിക്ക് ശക്തമായി മുന്നോട്ടു കൊണ്ട് പോകാം. കേന്ദ്രം ആഗ്രഹിക്കുന്ന ഒരു റിസൾട്ട് ഇഡിക്ക് നൽകാനും കഴിഞ്ഞേക്കും. അതുകൊണ്ട് തന്നെയാണ് സ്വകാര്യ സംഭാഷണങ്ങളിൽ നനഞ്ഞ പടക്കമാണോ നിങ്ങളുടെ കയ്യിലുള്ളത് എന്ന ചോദ്യങ്ങൾ ഇഡിയിൽ നിന്നും എൻഐഎ കസ്റ്റംസ് സംഘങ്ങൾക്ക് നേരിടേണ്ടി വരുന്നത്.

ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലുള്ള പ്രതികളെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സ്വർണ്ണക്കടത്ത് അന്വേഷണ ഏജൻസികളിൽ ഇടയിലുള്ള ഇത്തരം കിടമത്സരങ്ങൾ ദോഷം ചെയ്യുക കേസിൽ കുടുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിയുടെ മുൻ 
പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനാണ്. ഉള്ള പ്രതികൾക്ക് നേരെ ശക്തമായ വകുപ്പിൽ കേസ് വന്നേക്കും. ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ സംശയാസ്പദമായ സാഹചര്യത്തിൽ തുടരുന്ന ശിവശങ്കർ അഴിമതിക്കേസിൽ അറസ്റ്റിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സിബിഐ അന്വേഷണം വരുകയാണെങ്കിൽ അഴിമതിക്കേസിൽ പ്രിവൻഷൻ ഓഫ് കറപ്ഷനിൽ കുടുങ്ങി ശിവശങ്കർ പ്രതിസ്ഥാനത്ത് വന്നേക്കും. ഈ വകുപ്പ് ചുമത്താൻ എൻഐഎയ്ക്കല്ല സിബിഐയ്ക്ക് ആണ് കഴിയുക. ഏത് സമയത്ത് വേണമെങ്കിലും സിബിഐ അന്വേഷണം വരാം എന്ന സാധ്യതയും ഈ കേസിൽ വന്നേക്കാം. അഴിമതി വന്നാൽ സിബിഐയ്ക്ക് ഏറ്റെടുക്കാം. അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ സിബിഐയ്ക്ക് കൈമാറിയാൽ സിബിഐയ്ക്ക് ഈ കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ ദ്രുതഗതിയിലുള്ള നീക്കങ്ങൾ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയുടെ ഭാഗത്ത് നിന്നും വന്നേക്കും.

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് എൻഐഎ കോടതിയിൽ വാദിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ 14 ലധികം പേരാണ് ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സ്വർണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകർക്കുന്നതും ഭീകരവാദ പ്രവർത്തനം തന്നെയാണെന്നുമാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിലാണ് പ്രതികളുടെ ഉന്നത ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി പരാമർശിച്ചിട്ടുള്ളത്.

ഇതോടെ വെള്ളിയാഴ്ച വരെ പ്രതികളെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഇവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചെന്നാണ് സൂചന. ഇതോടെ പ്രതികൾക്കെതിരെ കള്ളപ്പണ ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഹവാല ശൃംഖല വഴി പണം സമാഹരിച്ച് വിദേശത്ത് എത്തിച്ചാണ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുറമേ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായ ഗൗരവതരതരമായ കുറ്റമാണെന്നും കറ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP