Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ

മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ ടി ജലീലിന്റെ പിന്നാലെയാണ് എൻഐഎയും കസ്റ്റംസ് സംഘവും. ഇതിന് പിന്നാലെ ഭരണമുന്നണിയിലെ മറ്റൊരു ഉന്നതന്റെ പിന്നാലെ കൂടിയാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ നീങ്ങുന്നത്. ജലീലിനെക്കൂടാതെ മറ്റൊരു രാഷ്ട്രീയ ഉന്നതന്റെ വിദേശയാത്രാ വിശദാംശങ്ങൾ തിരയുകയാണ് അന്വേഷണ ഏജൻസികൾ. ഇതിനായി വിശദമായ ഒരു ചോദ്യാവലി കസ്റ്റംസ് തയ്യാറാക്കുന്നുണ്ട്. സ്വർണക്കടത്തുമായി ഉയർന്നുവന്ന രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് ഈ അന്വേഷണമെന്ന് മനോരമ റിപ്പോർട്ടു ചെയ്തു.

ദുബായിൽനിന്നു കേരളത്തിലേക്കുവന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളുമായി പല വകുപ്പുകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും. സ്വപ്ന അടങ്ങുന്ന സംഘത്തെക്കൂടാതെ രണ്ടു സംഘങ്ങൾകൂടി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ രീതിയും വ്യത്യസ്തമല്ല. സ്വപ്നയ്‌ക്കോ സരിത്തിനോ കിട്ടിയ സഹായം ഇവർക്കില്ല. എന്നാൽ, ഇവർ രാഷ്ട്രീയക്കാരിൽ നിന്നു പണംവാങ്ങി അത് സ്വർണക്കടത്തിനായി മുടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിന്റെ ലാഭം വിദേശത്തുതന്നെ നിക്ഷേപിക്കുന്നുവെന്നാണ് കസ്റ്റംസിന്റെ അറിവ്.

അതേസമയം മന്ത്രിക്കും സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്കും അനുവാദമില്ലാതെ വിദേശയാത്ര നടത്താനാവില്ല. സർക്കാർ അറിയാതെ നടത്തിയ യാത്രകളിൽ ചിലത് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ടെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. അതേസമയം നേരത്തെ സ്വപ്‌ന സുരേഷ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നത നേതാക്കളുടെ പേരുകൾ അടക്കം വെളിപ്പെടുത്തിയിരുന്നു. ഈ പേരുകൾ ആരുടേതാണെന്ന വിവരം പുറത്തുവന്നിട്ടില്ല. സ്വപ്ന നൽകിയ മൊഴിയിൽ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന സൂചനകൾ ഇപ്പോൾ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് ഭരണകക്ഷിയിലെ പ്രമുഖരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്വപ്ന ഇപ്പോൾ നല്കിയ മൊഴി ഇനി മൊഴിമാറ്റാൻ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിലപേശൽ തന്ത്രമാണെന്നത് വ്യക്തമാണ്. തന്നെ മാത്രം ബലിയാടാക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് സ്വപ്നയുടേത്.

കോടതി മുമ്പാകെ മുദ്രവെച്ച കവറിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത് സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഇതോടെ ഭീകരവാദ ബന്ധം അടക്കം ചർച്ചയായ കേസിൽ നിർണായക നീക്കങ്ങളാണ് ഇനി ഉണ്ടാകുക. തന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കേസിന് ഇടയിൽ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീൽ ചെയ്ത കവറിൽ മൊഴി കോടതിയിൽ സമർപ്പിച്ചു. മൊഴി കോടതിയിൽ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു കോടതിയിൽ സമർപ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം. പിന്നീടൊരു ഘട്ടത്തിൽ മൊഴിയിൽ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സ്വർണ്ണക്കടത്തു കേസിൽ വിദേശയാത്രകളുടെ പേരിൽ വിവാദത്തിലായിരുന്നത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആയിരുന്നു. നാല് വർഷത്തിനിടെ 14 തവണയാണ് യുഎഇയിൽ പോയത്. അതിൽ ആറ് തവണയും പ്രതിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണപ്രകാരം ആയിരുന്നു. സഹോദരങ്ങൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ അമ്മയും അവിടെയാണ്. ഇടക്കാലത്ത് ഇന്റേൺഷിപ്പിനായി മകളും യുഎഇയിലായിരുന്നു. ഇതെല്ലാമാണ് തന്റെ വിദേശ യാത്രകൾക്ക് പിന്നിലെന്ന് സ്പീക്കർ വിശദീകരിക്കുകയും ചെയ്തിരുന്നു.

സ്വപ്നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വർഷമായി അവരായിരുന്നു യുഎഇ കോൺസുലേറ്റിന്റെ മുഖമായി കേരള സർക്കാരിന് മുന്നിലെത്തിയിരുന്നത്. സർക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമില്ല. മലയാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ട അവസരത്തിൽ അവരെ സമീപിക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഏതെങ്കിലും തരത്തിൽ വഴിവിട്ട നീക്കം നടത്തുന്നയാളാവും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP