Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

എൻഐഎ ഒന്നും അറിയിക്കാത്തതിന് കാരണം പച്ചവെളിച്ചമോ? കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും ഭീകര സാന്നിധ്യം പൊലീസ് കണ്ടെത്താതിരുന്നത് മനഃപൂർവമോ? 'ഓപ്പറേഷൻ പീജിയനി'ന്റെ പ്രവർത്തനങ്ങളിലൂടെ അഞ്ഞൂറോളം പേരെ രക്ഷിച്ചെടുത്തെന്ന് കേരളാ പൊലീസും; അറസ്റ്റിലേക്ക് നയിച്ചതിന് പിന്നിലെ കാരണങ്ങൾ എൻഐഎ സൂക്ഷിക്കുന്നത് അതീവ രഹസ്യമായി; ദീപാവലി നാളിലെ സ്‌ഫോടന പരമ്പര പൊളിയുമ്പോൾ

എൻഐഎ ഒന്നും അറിയിക്കാത്തതിന് കാരണം പച്ചവെളിച്ചമോ? കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും ഭീകര സാന്നിധ്യം പൊലീസ് കണ്ടെത്താതിരുന്നത് മനഃപൂർവമോ? 'ഓപ്പറേഷൻ പീജിയനി'ന്റെ പ്രവർത്തനങ്ങളിലൂടെ അഞ്ഞൂറോളം പേരെ രക്ഷിച്ചെടുത്തെന്ന് കേരളാ പൊലീസും; അറസ്റ്റിലേക്ക് നയിച്ചതിന് പിന്നിലെ കാരണങ്ങൾ എൻഐഎ സൂക്ഷിക്കുന്നത് അതീവ രഹസ്യമായി; ദീപാവലി നാളിലെ സ്‌ഫോടന പരമ്പര പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 

 

കൊച്ചി: അൽ ഖായിദ ബന്ധം ആരോപിച്ച് മൂന്നു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത് എന്തു കൊണ്ടെന്നത് ഇനിയും കേരളാ പൊലീസിന് അറിയില്ലെന്ന് സൂചന. അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതിന്റെ വിശദാംശങ്ങളൊന്നും എൻഐഎയെ ആരുമായും പങ്കുവച്ചിട്ടില്ല. ഭീകരവാദ നിലപാടുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ചില ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയിരുന്നെന്നും ആ സംഘത്തിൽപെട്ടവരാകാം ഇവരെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഇവർ കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുകയോ യോഗങ്ങൾ ചേരുകയോ ചെയ്തതായി ഒരു സൂചനയും കേരളാ പൊലീസിന് കിട്ടിയിട്ടുമില്ല.

മൂന്നു പേരുടെ അറസ്റ്റ് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രമാണെന്നാണ് മനോരമയുടെ റിപ്പോർട്ട്. എന്നാൽ ഇവർ ഉൾപ്പെടുന്ന സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. തുടർഅന്വേഷണത്തിന് എല്ലാ സഹായവും നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കേരളത്തിലടക്കം പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് രാത്രി ഡിജിപിക്ക് ലഭിച്ചിരുന്നു. പ്രാദേശിക സഹായം ആവശ്യപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ബന്ധപ്പെടുകയും ചെയ്തു. ഇതിനപ്പുറം അൽ ഖായിദ ബന്ധം ആരോപിച്ചുള്ള അറസ്റ്റാണന്ന വിവരം പൊലീസ് അറിയുന്നത് ശനിയാഴ്ച രാവിലെ എൻഐഎ ഡിജിപിയെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണെന്നാണ് റിപ്പോർട്ട്.

ഇനി എൻഐഎയിൽ നിന്നും അല്ലാതെയും വിവരം ശേഖരിച്ച് കൂടുതൽ സംഘത്തേക്കുറിച്ച് അന്വേഷിക്കാനുമാണ് തീരുമാനം. എന്നാൽ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും ഭീകര സാന്നിധ്യം പൊലീസ് കണ്ടെത്താതിരുന്നത് മനഃപൂർവം എന്ന ആരോപണം രാഷ്ടീയമായി ഉയരുന്നുണ്ട്. ബിജെപിയാണ് ഇതും ചർച്ചയാക്കുന്നത്. മന്ത്രി കെ.ടി. ജലീലിനെതിരെയാണ് ആക്ഷേപം. പച്ച വെളിച്ചമെന്ന പേരിൽ പൊലീസിൽ ഭീകരവാദ അനുകൂല സംഘമെന്നും വിമർശനമുണ്ട്. അതുകൊണ്ടാണ് എല്ലാം എൻഐഎ രഹസ്യമാക്കി സൂക്ഷിച്ചതെന്ന വിലയിരുത്തലാണ് ചർച്ചയാകുന്നത്.

തീവ്രവാദ കേസുകളിൽ കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ആധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിക്കുന്നു. തീവ്രവാദ പ്രവർത്തനം തടയാനുള്ള ഒരു സംവിധാനവുമില്ല. കേരളത്തിലെ തീവ്രവാദ വിരുദ്ധ സേന ചത്തുകിടക്കുകയാണെന്നും ഒരു അനക്കവുമില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്തെ തീവ്രവാദ സാന്നിദ്ധ്യം സംബന്ധിച്ച് ഏതാനും ദിവസം മുമ്പാണ് പാർലമെന്റിൽ ആഭ്യന്തര മന്ത്രി വ്യക്തമായ റിപ്പോർട്ട് വെച്ചത്. കേരളത്തിലെ ഐഎസ് സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായ വിവരങ്ങളുണ്ടായിരുന്നു അതിൽ. പ്രതിരോധ വകുപ്പും ആഭ്യന്തര വകുപ്പും വിവിധ ഏജൻസികളും ഇന്റലിജൻസ് ഏജൻസികളും കേരളത്തിന് കാലാകലങ്ങളായി നൽകുന്ന മുന്നറിയിപ്പുകൾ പൂർണമായും അവഗണിക്കുകയാണ് കേരള സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാനായിക്കുളം ഭീകരവാദ കേസ്, വാഗമൺ സിമി ക്യാമ്പ്, നാറാത്ത് ഭീകരവാദ കേസ്, കനകമല ഐസ് ഭീകരവാദ പരിശീലന കേസ് തുടങ്ങി നിരവധി കേസുകളിൽ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. അത്തരം സ്ഥലങ്ങളിൽ യാതൊരു നിരീക്ഷണവും നടത്തിയില്ല. ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ച് ലഭിച്ച മുന്നറിയിപ്പുകൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറാതെ ഈ കേസുകളിലെല്ലാം സംസ്ഥാന ഗവൺമെന്റുകൾ ഒളിച്ചുകളിക്കുകയായിരുന്നു. കേരള പൊലീസിനകത്ത് പച്ചവെളിച്ചം എന്ന വാട്സ്അപ്പ് കൂട്ടായ്മ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതാണ്. ഭീകര സംഘടനകൾക്ക് വേണ്ടി പൊലീസ് ആസ്ഥാനത്ത് നിന്ന് ഈമെയിൽ ചോർത്തിയ ഷാജഹാനെ ഈ സർക്കാർ തിരിച്ചെടുത്ത് വലിയ പദവികൾ നൽകിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

അതിനിടെ തീവ്രവാദസംഘങ്ങളിൽ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന പൊലീസ് ആരംഭിച്ച 'ഓപ്പറേഷൻ പീജിയനി'ന്റെ പ്രവർത്തനങ്ങളിലൂടെ അഞ്ഞൂറോളംപേരെ രക്ഷിച്ചെടുക്കാനായെന്ന് പൊലീസ് പറയുന്നു. 2016-ൽ ആരംഭിച്ച പദ്ധതി രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഇത്തരം ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നവരെ കൗൺസലിങ്ങിലൂടെയും മറ്റു മാർഗങ്ങളിലൂടെയും പിന്തിരിപ്പിക്കുകയും ഒപ്പം പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പള്ളികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ബോധവത്കരണം നടത്തിയുമാണ് തടയുന്നത്. ഇത് ഇനിയും തുടരും. ഇത്തരം പ്രവർത്തനം ഇതരസംസ്ഥാന തൊഴിലാളികളിലേക്കും വ്യാപിപ്പിക്കും,

തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റുന്നവരെ സൈബർഡോമിന്റെയും മറ്റും സഹായത്തോടെ കണ്ടെത്തുകയും അവർക്ക് കൗൺസലിങ് ഉൾപ്പെടെ നൽകുന്നുമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ഇത്തരത്തിൽ വഴുതിപ്പോകുമായിരുന്ന അഞ്ഞൂറോളംപേരെ പിന്തിരിപ്പിക്കാനായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രവാദ ആശയങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കണ്ടപ്പോഴായിരുന്നു പദ്ധതിയുമായി രംഗത്തെത്തിയത്. കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നാണ് കൂടുതൽ പേരെ പിന്തിരിപ്പിക്കാനായത്. പത്തനംതിട്ട ഒഴികെയുള്ള സ്ഥലങ്ങളിൽനിന്ന് ഇത്തരക്കാരെ കണ്ടെത്താനായെന്നും പൊലീസ് പറയുന്നു.

വ്യക്തിപരമായി തീവ്ര ആശയക്കാരെ പിന്തിരിപ്പിക്കുന്നതിനൊപ്പം പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പള്ളികളും മറ്റു മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ജമാഅത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളിൽ ഇമാമുമാരുടെയും മറ്റും സഹായമുണ്ടായിരുന്നു. ആദ്യം കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിലും പിന്നീടത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.

എറണാകുളം ജില്ലയിൽ ഇതരസംസ്ഥാനത്തൊഴിലാളികൾ എന്ന വ്യാജേന താമസിച്ചിരുന്ന മൂന്ന് ഭീകരരാണ് അറസ്റ്റിലായത്. കേരളത്തിൽ ആദ്യമായാണ് അൽക്വയ്ദ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കളമശേരി, പാതാളത്തുനിന്ന് മുർഷിദ് ഹസൻ, പെരുമ്പാവൂർ, മുടിക്കലിൽനിന്നു യാക്കൂബ് ബിശ്വാസ്, അലപ്രയിൽനിന്നു മൊസാറഫ് ഹോസൻ എന്നിവരാണു പിടിയിലായത്. നജ്മുസ് സാക്കിബ്, അബു സുഫിയാൻ, മൈനുൾ മൊണ്ടാൽ, ലീ യീൻ അഹ്മദ്, അൽ മാമുൻ കമാൽ, അതിതുർ റഹ്മാൻ എന്നിവരാണു ബംഗാളിലെ മുർഷിദാബാദിൽ അറസ്റ്റിലായത്. പ്രതികളെല്ലാം മുർഷിദാബാദ് സ്വദേശികളാണ്.

പാക്കിസ്ഥാന്റെ പിന്തുണയോടെ ഇവർ ഡൽഹി, മുംബൈ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടിരുന്നെന്ന് എൻ.ഐ.എ. വ്യക്തമാക്കി. കൊച്ചി കപ്പൽനിർമ്മാണശാല, ദക്ഷിണമേഖലാ നാവികതാവളം, കർണാടകയിലെ പ്രതിരോധമേഖലകൾ എന്നിവിടങ്ങളും ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്നു. ദീപാവലി നാളിൽ ഒരേസമയം സ്ഫോടനപരമ്പര നടത്തുകയായിരുന്നു ലക്ഷ്യം. പ്രതികൾ ഡൽഹിയിൽ സന്ധിച്ച് ആക്രമണപദ്ധതിക്ക് അന്തിമരൂപം നൽകാനിരിക്കേയാണ് എൻ.ഐ.എ. പിടികൂടിയത്. പാക്കിസ്ഥാനിൽനിന്നു നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഡൽഹിയിൽ എത്തിയശേഷം ഒരുസംഘം കശ്മീരിലേക്കു പോയി ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കാനുദ്ദേശിച്ചിരുന്നു.

കേരളത്തിലും ബംഗാളിലും 12 ഇടങ്ങളിലായി ഇന്നലെ പുലർച്ചെ ഒരേസമയത്തായിരുന്നു റെയ്ഡ്. രണ്ടാഴ്ചയായി പ്രതികളുടെ ഫോൺ-ഇന്റർനെറ്റ് വിനിമയങ്ങൾ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞവർഷം ഒടുവിൽ കശ്മീരിലെ കുപ്വാര ജില്ലയിലെ രഹസ്യകേന്ദ്രത്തിലാണ് ഇവർക്കു പരിശീലനം ലഭിച്ചത്. ബോംബ് നിർമ്മിക്കാനായി ബാറ്ററികൾ, സ്വിച്ചുകൾ, വയറുകൾ, സ്ഫോടകസാമഗ്രികൾ എന്നിവ ശേഖരിച്ചിരുന്നു. എറണാകുളത്തു പിടിയിലായ ഭീകരരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും. ഡൽഹി കോടതിയിൽ ഹാജരാക്കാനുള്ള ട്രാൻസിറ്റ് വാറന്റും എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. ഷംനാദ് പുറപ്പെടുവിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP