Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ദുർമന്ത്രവാദം നടന്നതിൽ തനിക്ക് ബന്ധമില്ല, കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; അമ്മയും ലേഖയും തമ്മിലായിരുന്നു പ്രശ്‌നങ്ങൾ'; നെയ്യാറ്റിൻകരയെ നടുക്കിയ ദുരന്തത്തിൽ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രന്റെ മൊഴി; കുടുംബപ്രശ്‌നമെന്ന ട്വിസ്റ്റോടെ ഞെട്ടി നാട്ടുകാരും; ബാങ്കിനെ കുറ്റംപറഞ്ഞത് തെറ്റിദ്ധാരണ പടർത്താനോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ്‌പിയും; വിഷം നൽകി കൊല്ലാൻ നോക്കിയെന്ന ആത്മഹത്യാ കുറിപ്പിലെ പരാമർശം വിരൽചൂണ്ടുന്നത് ലേഖ അനുഭവിച്ച പീഡനങ്ങളിലേക്ക്

'ദുർമന്ത്രവാദം നടന്നതിൽ തനിക്ക് ബന്ധമില്ല, കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; അമ്മയും ലേഖയും തമ്മിലായിരുന്നു പ്രശ്‌നങ്ങൾ'; നെയ്യാറ്റിൻകരയെ നടുക്കിയ ദുരന്തത്തിൽ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രന്റെ മൊഴി; കുടുംബപ്രശ്‌നമെന്ന ട്വിസ്റ്റോടെ ഞെട്ടി നാട്ടുകാരും; ബാങ്കിനെ കുറ്റംപറഞ്ഞത് തെറ്റിദ്ധാരണ പടർത്താനോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ്‌പിയും; വിഷം നൽകി കൊല്ലാൻ നോക്കിയെന്ന ആത്മഹത്യാ കുറിപ്പിലെ പരാമർശം വിരൽചൂണ്ടുന്നത് ലേഖ അനുഭവിച്ച പീഡനങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ലേഖയുടെ ആത്മഹത്യാ കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രൻ. അമ്മയും ലേഖയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ചന്ദ്രൻ പൊലീസിൽ മൊഴി നൽകി. കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് ചന്ദ്രൻ സമ്മതിക്കുന്നത്. അമ്മയും ലേഖയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ചന്ദ്രൻ പൊലീസിനോട് പറഞ്ഞത്. താൻ ഗൾഫിൽ നിന്ന് താൻ നാട്ടിൽ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രൻ വ്യക്തമാക്കി.

ഭാര്യയും തന്റെ അമ്മ കൃഷ്ണയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും ചന്ദ്രൻ പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാർ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടിൽ വന്നിരുന്നു. എന്നാൽ ദുർമന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താൻ ചെയ്തിട്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. അതേസമയം കേസിൽ ചന്ദ്രൻ, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാർ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മൃതദേഹം സംസ്‌കരിച്ചു.

നേരത്തെ ഭർത്താവും ഭർത്താവിന്റെ അമ്മയും മറ്റ് 2 ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. വായ്പ തിരിച്ചടക്കാൻ ഭർത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭർത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ റൂറൽ എസ്‌പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ് ഇപ്പോൾ. ബാങ്കിനെ കുറ്റപ്പെടുത്തുമ്പോൾ തന്നെ കേസിൽ ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നതായി റൂറൽ എസ്‌പിയും വ്യക്തമാക്കി.

കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറൽ എസ്‌പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകുമെന്നും എസ്‌പി പറഞ്ഞു. അതേസമയം ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടർത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്‌പി പറഞ്ഞു. ഇതിനായി ചന്ദ്രനെയും അമ്മയെ കൃഷ്ണമ്മയെയും ചോദ്യം ചെയ്യും. ഭർത്താവിനെയും ബന്ധുക്കളെയും പഴിച്ചായിരുന്നു ലേഖയുടെ ആത്മഹത്യക്കുറിപ്പ്. ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭർത്താവ് ഒന്നും ചെയ്തില്ല. വസ്തു വിൽക്കുന്നതിന് ഭർത്താവിന്റെ അമ്മ തടസം നിന്നുവെന്നും തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞുവെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് കണ്ടെത്തിയത് ആത്മഹത്യ ചെയ്ത മുറിയിൽ നിന്നാണ്. ഭർത്താവും അമ്മയും സഹോദരിമാരുമാണ് തന്റെയും മകളുടെയും മരണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യാ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ,ഭർത്താവ്,കാശി ,ശാന്ത ഇവരാണ്.ഞാൻ വന്ന കാലം മുതൽ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തമായും എന്നെയും മകളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി. എന്റെ ജീവൻ രക്ഷിക്കാൻ നോക്കാതെ മന്ത്രവാദികളുടെ അടുത്തുകൊണ്ടുപോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടിൽ കൊണ്ട് വിട്ടിട്ട് പോയി. എന്റെ വീട്ടുകാർ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണമാണ് ഈ വീട്ടിൽ എന്നും വഴക്കാണ്. നേരം വെളുത്താൽ ഇരുട്ടുന്നത് വരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത് നിന്നെയും നിന്റെ മോളെയും ഞാൻ കൊല്ലും എന്നാണ്.

കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും അവിടെയും തടസ്സം നിൽക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറ ഉണ്ട്. അവർ നോക്കികൊള്ളും നീ ഒന്നും പേടിക്കേണ്ട,അവർ വസിക്കുന്ന മണ്ണ് അവർ നോക്കികൊള്ളും എന്ന് പറഞ്ഞ് മോനെ തെറ്റിക്കും. നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രൻ( അതായത് ഭർത്താവ് അറിയാതെ ഞാൻ അഞ്ച് രൂപ നാട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല). അയച്ച പൈസ മകന് അറിയാം. ഞാൻ ബാങ്കിലും നാട്ടുകാർക്ക് പലിശയും കൊടുത്തു. 22 ആയിരം രൂപയാണ് ശമ്പളം. 2 ലോൺ,പിന്നെ പലിശക്കാർ.ഞാൻ എന്ത് ചെയ്തുവെന്ന് എന്റെ ഭർത്താവിന് അറിയാം.ഇപ്പോൾ 9 മാസം ആയി ഭർത്താവ് വന്നിട്ട്

അതിന് ശേഷം ബാങ്കിൽ നിന്ന് നോട്ടീസ് ഒട്ടിച്ചു. എന്നിട്ടും എന്റെ ഭർത്താവ് ബാങ്കിൽ ചെന്ന് അന്വേഷിക്കുകയോ,ഒന്നും ചെയ്തില്ല. അയച്ച പേപ്പർ കൊണ്ട് വന്ന് ആൽത്തറയിൽ വെച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മോന്റെയും ജോലി. ഭാര്യ എന്ന ഒരു സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും, അമ്മേടെ മുന്നിൽ ആളാകാൻ എന്റെ ഭർത്താവ് എന്തും ചെയ്യും. എനിക്കോ,എന്റെ കൊച്ചിനോ ആഹാരം കഴിക്കാൻ പോലും ഒരു അവകാശം ഇല്ല. ഇതിനെല്ലാം കാരണം കൃഷ്ണമ്മയാണ് ( ബാക്കി ഏതാനും വരികൾ വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പിൽ ഭാഗികമായി തീപിടിച്ചിട്ടുണ്ട്)

ശാന്ത ചന്ദ്രനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ നോക്കുകയാണ്. മോൾക്ക് 18 വയസായി. ശാന്തയ്ക്ക് എന്തിന്റെ സൂക്കേട് ആണെന്നറിയില്ല.
നാട്ടുകാർ അറിയണം.എന്റെയും മകളുടെയും മരണകാരണം ഈ നാലുപേർ ആണ് കൃഷ്ണമ്മ, ശാന്ത,കാശി, ചന്ദ്രൻ.

എന്ന് ലേഖ, വൈഷ്ണവി

കല്യാണം കഴിഞ്ഞനാൾ മുതൽ തന്നെ ചന്ദ്രൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ഒരു സ്വസ്ഥതയും തന്നിരുന്നില്ലെന്നും ലേഖയുടെ കുറിപ്പിലുണ്ട്.അതേസമയം, വീട്ടിൽ മന്ത്രവാദം നടന്നിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (41), മകൾ വൈഷ്ണവി (19) എന്നിവർ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. അഞ്ച് ലക്ഷം രൂപ ഭവനവായ്പയെടുത്ത് എട്ട് ലക്ഷം തിരിച്ചടച്ചിട്ടും 6.8 ലക്ഷം കൂടി അടയ്ക്കണമെന്ന ബാങ്കുകാരുടെ നിരന്തര സമ്മർദ്ദവും ജപ്തി നോട്ടീസും താങ്ങാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP