Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

വയോധികയെ കൊലപ്പെടുത്തി മോഷ്ടിച്ച സ്വർണം പണയംവെച്ചത് ഭക്ഷണം കഴിക്കാൻ; സ്വർണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടം; ചിത്രങ്ങൾ പുറത്തുവിട്ടതോടെ ബാർബർഷോപ്പിൽ മുടിവെട്ടി രൂപവ്യത്യാസം വരുത്തി; ലിവിങ് ടുഗെദറുകാരാന കവിതയും അലക്‌സും കൊല നടത്തിയത് പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം

വയോധികയെ കൊലപ്പെടുത്തി മോഷ്ടിച്ച സ്വർണം പണയംവെച്ചത് ഭക്ഷണം കഴിക്കാൻ; സ്വർണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടം; ചിത്രങ്ങൾ പുറത്തുവിട്ടതോടെ ബാർബർഷോപ്പിൽ മുടിവെട്ടി രൂപവ്യത്യാസം വരുത്തി; ലിവിങ് ടുഗെദറുകാരാന കവിതയും അലക്‌സും കൊല നടത്തിയത് പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: അടിമാലിയിൽ എഴുപതുകാരിയെ കൊലപ്പെടുത്തി മാലയും രണ്ട് വളയും ലോക്കറ്റും മൊബൈൽ ഫോണും കവർന്ന ശേഷം മുങ്ങിയ പ്രതികളെ 18 മണിക്കൂറിനുള്ളിൽ ഇടുക്കി പൊലീസ് കുരുക്കിയത് വിദഗ്ദമായ അന്വേഷണത്തിലൂടെ. ആഭരണങ്ങൾ അടിമാലിയിൽ പണയം വച്ചശേഷം ലഭിച്ച പണവുമായി എറണാകുളത്തും തുടർന്ന് തൃശൂരിലുമെത്തിയ യുവാവും പെൺസുഹൃത്തും തമിഴ്‌നാട്ടിലേക്ക് ബസിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പോക്സോ കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതികൾ വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

തങ്ങളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടതായി പ്രതികൾ മനസിലാക്കിയതോടെ തൃശ്ശൂരിലെ ബാർബർഷോപ്പിൽ കയറി മുടിവെട്ടി രൂപവ്യത്യാസം വരുത്തിയ ശേഷമായിരുന്നു രക്ഷപ്പെടാനുള്ള ശ്രമം. തുടർന്ന് ബസിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുഴൽമന്ദത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. നടുവേലിൽ കിഴക്കേതിൽ ഫാത്തിമയെ (70) കഴുത്തറത്തുകൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ചു കടന്ന കേസിൽ കൊല്ലം കിളിക്കൊല്ലൂർ എം.ജി.നഗർ സേവ്യർ ക്വാർട്ടേഴ്‌സിൽ അലക്‌സ് (35), സുഹൃത്തും സഹപാഠിയുമായ കൊല്ലം ഡീസന്റ്മുക്കിൽ കല്ലുവിളക്കുന്നേൽ കവിത സുബേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. ഫാത്തിമയുടെ സ്വർണാഭരണങ്ങൾ എടുക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് കൊലപാതക വിവരം മകൻ സുബൈർ പൊലീസിൽ അറിയിച്ചത്. തുടർന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയൽവാസികളോടും വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്‌പി സാജു വർഗീസ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി മധു ബാബു എന്നിവരുടെ സംഘവും പൊലീസ് നായ, വിരലടയാള വിദഗ്ദ്ധർ, സയന്റിഫിക് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘവും സ്ഥലത്തെത്തി അന്വേഷണത്തിനു തുടക്കം കുറിക്കുകയായിരുന്നു.

ഇടുക്കി ഡിവൈഎസ്‌പി സാജു വർഗീസിന്റെ നേതൃത്വത്തിൽ മുരിക്കാശേരി സ്വദേശിനിയും പാലക്കാട് എഎസ്‌പിയുമായ അശ്വതി ജിജിയുടെ സഹകരണത്തോടെ അടിമാലി എസ്എച്ച്ഒ ജോസ് മാത്യു, മുരിക്കാശേരി എസ്എച്ച്ഒ അനിൽകുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി മധു ബാബു, അടിമാലി എസ്‌ഐമാർ സി.എസ്.അഭിറാം, ടി.എം.അബ്ബാസ്, സ്‌പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്‌ഐ കെ.സി ബിജുമോൻ, മുരിക്കാശേരി എസ്‌ഐ ഉദയകുമാർ,സിപിഒമാർ ഹാരിസ്, ദീപു പുത്തേത്ത്, സജിമോൻ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

വാടകവീട് തേടിയെത്തി കൊലപാതകം

അടിമാലി കൂമ്പൻപാറയിലെ ഇഎസ്‌ഐ ഡിസ്‌പെൻസറിയിലെ ജീവനക്കാർ ചമഞ്ഞാണു പ്രതികളായ അലക്‌സും കവിതയും ഫാത്തിമയെ പരിചയപ്പെട്ടത്. താമസിക്കാൻ വാടക വീട് അന്വേഷിച്ചാണ് എത്തിയത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കൽ എത്തിയിരുന്നു. കൊലപാതകം നടന്ന ശനിയാഴ്ച ഉച്ചയോടെ ഫാത്തിമയുടെ അയൽപക്കത്തുള്ള വീടുകളിൽ ഇരുവരും എത്തി. നാല് മണിയോടെ ഫാത്തിമയുടെ മകൻ വീട്ടിൽ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാൻ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികൾ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ ഫാത്തിമയുടെ വീടിനുസമീപം എത്തിയ പ്രതികൾ മകൻ സുബൈർ വീട്ടിൽനിന്നു പോകുന്നതുവരെ സമീപത്തെ വീടുകളിൽ സംസാരിച്ചിരുന്നു. മകൻ പോയപ്പോൾ വെള്ളം ആവശ്യപ്പെട്ട് ഫാത്തിമയുടെ വീട്ടിലെത്തി. വെള്ളം എടുക്കുവാൻ മുറിയിലേക്ക് പോയപ്പോൾ കവിതയും അലക്‌സും ചേർന്ന് ഫാത്തിമയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.

വയോധിക ബഹളമുണ്ടാക്കാൻ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്‌സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുൻഭാഗം മുറിച്ചും തലയിൽ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു 2 പവൻ തൂക്കം വരുന്ന സ്വർണമാലയും ഇടതു കയ്യിൽ കിടന്നിരുന്ന വളയും ഊരിയെടുത്തു. മുറിയിൽ മുളകുപൊടി വിതറിയ ശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു.

മാലയും രണ്ട് വളയും ലോക്കറ്റും മൊബൈൽ ഫോണും കവർന്നു. ആഭരണങ്ങൾ ടൗണിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ അറുപതിനായിരം രൂപയ്ക്ക് പണയംവെച്ചു. ടാക്‌സിയിൽ കോതമംഗലത്തേക്ക് കടന്നു. അവിടെനിന്നു എറണാകുളത്തെത്തി റൂമെടുത്ത് താമസിച്ചു. തുടർന്ന് തൃശൂരിലെത്തി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

കുരുക്കായി ഒ.ടി.പി.യും മൊബൈൽനമ്പരും

സ്വർണം പണയംവെച്ച സ്ഥാപനത്തിൽ ഒ.ടി.പി. നമ്പറിനായി ഫോൺ നമ്പർ നൽകിയതും കൈയിൽ പണം ഇല്ലാതിരുന്നതും മോഷ്ടിച്ച മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാത്തതും ഫാത്തിമ കൊലക്കേസ് പ്രതികളെ കുടുക്കാൻ പൊലീസിന് സഹായമായി. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായി. അപരിചിതരായ യുവാവും യുവതിയും വാടകയ്ക്ക് താമസസ്ഥലം അന്വേഷിച്ച് കറങ്ങിനടന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചില സൂചനകൾ ലഭിച്ചു. എന്നാൽ, നിർണായകമായത് സ്വകാര്യ പണമിടപാട് സ്ഥാപനം നൽകിയ വിവരങ്ങളാണ്.

സ്വർണാഭരണങ്ങൾ പണയംവെക്കാൻ, പ്രതികളായ അലക്‌സും കവിതയും അവിടെ എത്തിയെന്ന് സ്ഥാപനം പൊലീസിനെ അറിയിച്ചു. സ്ഥാപനത്തിലെ രേഖകൾ പരിശോധിച്ച പൊലീസിന്, മോഷ്ടാക്കൾ നൽകിയ വിവരങ്ങൾ വ്യാജമാണെന്ന് മനസ്സിലായി. ഇടപാട് സമയത്ത് ഒ.ടി.പി.ക്കായി നൽകിയ കവിതയുടെ ഫോൺ നമ്പർ സ്ഥാപനം പൊലീസിന് കൈമാറി. സൈബർസെൽ വഴി ആ നമ്പർ പിന്തുടർന്നാണ് പ്രതികളെ കുടുക്കിയത്.

മോഷ്ടിച്ച മൊബൈൽഫോണിലെ സിഗ്നലുകളും പ്രതികൾക്ക് വിനയായി. മോഷ്ടിച്ച ആഭരണങ്ങളിൽ മാലയും ലോക്കറ്റും മാത്രമേ സ്വർണമായിരുന്നുള്ളൂ. വളകൾ മുക്കുപണ്ടമായിരുന്നു. ഇതറിയാതെ പ്രതികൾ വളകളും പണയംവെക്കാൻ ശ്രമിച്ചു. സ്ഥാപനം അത് കണ്ടുപിടിച്ചപ്പോൾ സൂത്രം പറഞ്ഞാണ് ഒഴിഞ്ഞത്. പ്രതികളുടെ കൈയിൽ ഭക്ഷണം കഴിക്കാൻ പണമില്ലായിരുന്നു. അതുകൊണ്ടാണ് അടിമാലി ടൗണിൽതന്നെ അവർ മോഷ്ടിച്ച സ്വർണം പണയംവെച്ചത്.

പോക്സോ കേസ് പ്രതികൾ

വ്യാഴാഴ്ചയാണ് ഫാത്തിമ കൊലക്കേസ് പ്രതികളായ കവിതയും അലക്സും അടിമാലിയിൽ എത്തിയത്. കൈയിലുണ്ടായിരുന്ന കുറച്ചുപണംകൊണ്ട് മുറിയെടുത്ത് താമസിച്ചു. ഭാര്യയും ഭർത്താവുമാണെന്നും ജോലി തേടിയെത്തിയതാണെന്നും ഇവർ പരിചയപ്പെട്ടവരോടെല്ലാം പറഞ്ഞു. മാസവാടകയ്ക്ക് താമസസ്ഥലം തേടി പല സ്ഥലത്ത് കറങ്ങിനടന്ന ഇവർ യാദൃശ്ചികമായി ഫാത്തിമയുടെ സ്വർണാഭരണങ്ങൾ കണ്ടിട്ടുണ്ടാകണം.

മകൻ മീൻ കച്ചവടത്തിന് പോകുമ്പോൾ ഫാത്തിമ തനിയെയാണെന്ന് പ്രതികൾ മനസ്സിലാക്കി. ശനിയാഴ്ച ഉച്ചയോടെ ഇവർ ഫാത്തിമയുടെ വീടിനടുത്ത് അയൽവാസികളുമായി സംസാരിച്ച് സമയം കളഞ്ഞു. നാലരയ്ക്ക് സുബൈർ വീട്ടിൽനിന്ന് പോയതോടെ പ്രതികൾ തന്ത്രപൂർവം ഫാത്തിമയുടെ വീട്ടിലെത്തി. അവരെ കൊലപ്പെടുത്തി രണ്ട് പവൻ സ്വർണമാലയും വളകളും മോഷ്ടിക്കുകയായിരുന്നു. എന്നാൽ, വളകൾ മുക്കുപണ്ടമായിരുന്നു.

സഹപാഠികൾ, കുറ്റകൃത്യത്തിലും ഒന്നിച്ചു

പ്രതികളായ അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തു സഹപാഠികളായിരുന്നു. കൊല്ലം ഇഎസ്‌ഐ ആശുപത്രിയിൽ താൽകാലിക ഡ്രൈവറായിരുന്ന അലക്‌സിനെ ഇഎസ്‌ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടി. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന കവിത അലക്സുമായി പ്രണയത്തിലായി. തുടർന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കി.

ഇതിനിടെ ഒരു പോക്‌സോ കേസിൽ ഇരുവരും ഒരുമാസം ജയിൽവാസത്തിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവർ ജാമ്യത്തിലിറങ്ങിയത്. പുറത്തിറങ്ങിയ ഇരുവരും തമിഴ്‌നാട്ടിൽ താമസമാക്കി. കഴിഞ്ഞ 5ന് അടിമാലി മൗണ്ട് വ്യൂ ലോഡ്ജിൽ മുറിയെടുത്തു താമസമാക്കി. കൈവശം ഉണ്ടായിരുന്ന പണം തീർന്നതോടെ കവർച്ച നടത്തി പണം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP