Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

'തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു'; കൊയിലാണ്ടി എസ്.എൻ.ഡി.പി. കോളേജിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി; എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്കും കോളേജ് യൂണിയൻ ചെയർമാനും സസ്‌പെൻഷൻ; എസ്.എഫ്.ഐ.യുടെ ക്രൂരതകൾക്കെതിരെ പ്രതിഷേധം

'തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു'; കൊയിലാണ്ടി എസ്.എൻ.ഡി.പി. കോളേജിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി; എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്കും കോളേജ് യൂണിയൻ ചെയർമാനും സസ്‌പെൻഷൻ; എസ്.എഫ്.ഐ.യുടെ ക്രൂരതകൾക്കെതിരെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊയിലാണ്ടി ആർ. ശങ്കർ മെമോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കം നേതാക്കളെ സസ്‌പെൻഡ് ചെയ്തു. രണ്ടാം വർഷ ബി.എസ്.സി. കെമിസ്ട്രി വിദ്യാർത്ഥി സി.ആർ. അമലിനെ മർദിച്ച സംഭവത്തിലാണ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അനുനാഥ്, കോളേജ് യൂണിയൻ ചെയർമാൻ അഭയ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചത്.

കോളേജ് ക്യാമ്പസിൽ വച്ച് മർദിച്ചെന്ന അനുനാഥിന്റെ പരാതിയിൽ മൂന്ന് പേരേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർശ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഡ് ചെയ്യപ്പെട്ട അഞ്ചുപേരും കുറ്റക്കാരാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെയും റാഗിങ് വിരുദ്ധ കമ്മറ്റിയുടേയും റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. സംഭവത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് അമൽ ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്. അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയും ചെയ്തിരുന്നു. തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തിയെന്നും മൂക്കിൽനിന്ന് ചോരയൊലിച്ചപ്പോൾ മുഖംതാഴ്‌ത്തിനിന്നപ്പോൾ അതിന് പോലും അനുവദിക്കാതെ നേരേ നോക്കാൻ ആവശ്യപ്പെട്ടുവെന്നും അമൽ പറഞ്ഞു.

ഒടുവിൽ തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിർത്തി വിട്ടയച്ചത്. ഇതുസംബന്ധിച്ച പരാതി അമലും പിതാവായ പയ്യോളി വില്ലേജ് ഓഫീസർ എ.വി. ചന്ദ്രനും കൊയിലാണ്ടി പൊലീസിലും പ്രിൻസിപ്പലിനും ശനിയാഴ്ചയാണ് നൽകിയത്.

''കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെ അവരുടെ നോട്ടപ്പുള്ളിയായി ഞാൻ മാറി. നിന്നാൽ ജയിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. എന്നാൽ, കോളേജിലെ നേതാക്കളുടെ പല പ്രവർത്തനങ്ങളോടും യോജിച്ചിരുന്നില്ല. അതിനാലാണ് സഹകരിക്കാതിരുന്നത്. ഇതൊക്കെയാണ് എനിക്കുനേരെ ആക്രമണം നടത്താൻ എസ്.എഫ്.ഐ. നേതാക്കളെ പ്രേരിപ്പിച്ചത്...'' -എസ്.എഫ്.ഐ. അനുഭാവി കൂടിയായ സി.ആർ. അമൽ പറയുന്നു.

ഇതുകൂടാതെ എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറിക്ക് തന്നോടുള്ള വിരോധവും ഈഗോ പ്രശ്‌നവും മറ്റൊരു കാരണമാണ്. പയ്യോളിയിലെ ജിം സെന്ററിൽ വെച്ച് കോളേജിൽ ചേരുന്നതിനുമുമ്പേ അവനെ പരിചയമുണ്ടായിരുന്നു. ഇവിടെ പരിശീലിക്കുമ്പോൾ ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരള ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ താൻ വിജയിയായി. എന്നാൽ, കോളേജിൽ വരാതെ ജിമ്മിനുവേണ്ടിമാത്രം സമയം കണ്ടെത്തിയ സെക്രട്ടറി തോറ്റു. ഇത് മുതൽ സെക്രട്ടറിക്ക് വ്യക്തിവിരോധം ഉള്ളതായി തോന്നിയിട്ടുണ്ട്. സെക്രട്ടറിയാണ് മൂക്ക് ഇടിച്ചുചതച്ച് ചോര തെറിപ്പിച്ചതെന്നും അമൽ പറഞ്ഞു.

റാഗിങ്ങുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21-ന് നടന്ന അടിപിടിയിൽ താൻ പങ്കാളിയല്ല. ആ സമയം പൊലീസിനെ വിളിക്കാൻ പ്രിൻസിപ്പലിനോട് പറഞ്ഞിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് വരുന്നത് അവർ കാണുകയുമുണ്ടായി. ഇത് മാത്രമാണ് ചെയ്തത്. എന്നാൽ, അടിയുടെ സൂത്രധാരനായി തന്നെ മാറ്റാൻ ശ്രമിച്ചു. ഇതു സംബന്ധിച്ചുള്ള നിരപരാധിത്വം പലരുമായും പങ്കുവെക്കുകയും നേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ആ കേസിൽ തന്നെ കുടുക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും അമൽ പറഞ്ഞു.

എസ്.എഫ്.ഐ.യുടെ ലിസ്റ്റിൽപ്പെട്ട മറ്റുള്ളവരുടെയും മൂക്കിൽനിന്ന് ചോര തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇത് വകവെക്കാതെ മൂന്ന് സുഹൃത്തുക്കൾ തന്നെ മർദിച്ച കേസിൽ സാക്ഷി പറയാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളതായും അമൽ വ്യക്തമാക്കി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് ഞായറാഴ്ച അമലിന്റെ വീട്ടിലെത്തി മൊഴി രേഖപ്പടുത്തി. ലഘുവായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ പൊലീസിനുമേൽ സമ്മർദമുള്ളതായും ആരോപണമുണ്ട്.

അതേ സമയം കോളേജിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തത് നിസ്സാരവകുപ്പുകൾ ചേർത്താണെന്ന് ആക്ഷേപം. ബി.എസ്സി. രണ്ടാംവർഷ വിദ്യാർത്ഥി സി.ആർ. അമലും അച്ഛൻ എ.വി. ചന്ദ്രനുമാണ് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. ഐ.പി.സി. 143, 147, 148, 341, 323, 324, 506 വകുപ്പുകൾ ചേർത്തിട്ടുണ്ടെങ്കിലും പ്രതികൾക്ക് മജിസ്ട്രേട്ട് കോടതിയിൽനിന്നുതന്നെ ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ. മർദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് പരിക്കേറ്റിരുന്നു. ഇത്തരം സാഹചര്യത്തിൽ 308 വകുപ്പാണ് എഫ്.ഐ.ആറിൽ ചേർക്കേണ്ടത്. ഈവകുപ്പ് ചേർക്കാതിരിക്കാൻ വലിയ രാഷ്ട്രീയസമ്മർദമാണ് പൊലീസിനുമേൽ ഉണ്ടായത്.

എന്നാൽ, രണ്ടാഴ്ചമുമ്പ് ഇതേ കോളേജിലുണ്ടായ അടിപിടിയുടെ പേരിൽ പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ തന്നെക്കൂടി പ്രതിയാക്കാനുള്ള ശ്രമം നടക്കുന്നതായി മർദനമേറ്റ അമൽ പറയുന്നു. റാഗിങ്ങിനെതിരായ വകുപ്പുകളും ഈ കേസിൽ ചേർക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP