Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202412Wednesday

സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ കയറിപോയി; ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല; പതിനാറ് ദിവസംമുമ്പ് റാന്നിയിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുള സത്രക്കടവിൽ

സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ കയറിപോയി; ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല; പതിനാറ് ദിവസംമുമ്പ് റാന്നിയിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുള സത്രക്കടവിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പതിനാറ് ദിവസം മുമ്പ് റാന്നി കുമ്പളത്താമണ്ണിൽനിന്നു കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുള സത്രക്കടവിൽ കണ്ടെത്തി. കുമ്പളത്താമണ്ണിൽനിന്നു കാണാതായ സംഗീതിന്റെ (24) മൃതദേഹമാണ് ഇതെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഈ മാസം ഒന്നിന് സുഹൃത്തിനൊപ്പം പോയ സംഗീതിനെ പിന്നീട് കാണാതാകുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നു മലയാലപ്പുഴ പൊലീസ് അറിയിച്ചു.

വിദേശ പഠനത്തിനായി വീസ കാത്തിരുന്ന സംഗീതിനെ ഒക്ടോബർ ഒന്നിനു രാത്രി മുതലാണു കാണാതായത്. കൂട്ടുകാരൻ പ്രദീപിനൊപ്പം വടശേരിക്കയിൽ പോയശേഷം ഇടത്തറ മുക്കിലെ കടയിൽ സാധനം വാങ്ങാൻ ചെന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇവിടെ വച്ചാണു സംഗീതിനെ കാണാതായതെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്.

തൊട്ടടുത്തുള്ള തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നെങ്കിലും കടയുടമയും പ്രദീപും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ലെന്നായിരുന്നു വിവരം. അഗ്‌നിരക്ഷാ സേനയും സ്ഥലത്തു തിരച്ചിൽ നടത്തിയിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ജെസിയാണു സംഗീതിന്റെ അമ്മ. അമ്മൂമ്മ സുശീലക്കും അമ്മയുടെ അവിവാഹിതരായ സഹോദരിമാരായ രാജമ്മയ്ക്കും സരസമ്മയ്ക്കും ഒപ്പമായിരുന്നു സംഗീതിന്റെ താമസം. മകന്റെ തിരോധാനമറിഞ്ഞ് അമ്മ ജെസിയും നാട്ടിലെത്തിയിരുന്നു.

ഒക്ടോബർ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം 23 കാരനായ സംഗീത് സജി ഓട്ടോറിക്ഷയിൽ കയറി പോയതാണ്. പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല. രാത്രി വൈകിയും തിരികെ വരാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോൺ എടുത്തില്ല.

ഇടത്തറ ഭാഗത്ത് കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ നിർത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സംഗീതിനെ പൊലീസും ഫയർഫോഴ്‌സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. സംഗീതിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം എസ്‌പിക്ക് പരാതി നൽകിയിരുന്നു.

ഒക്ടോബർ ഒന്നിന് രാത്രിയോടെയാണ് പ്രദീപിനെ കാണാതായത്. വൈകിട്ട് നാലു മണിക്ക് കൂട്ടുകാരൻ പ്രദീപിനൊപ്പം പുറത്തുപോയ സംഗീത് തിരികെ രാത്രി ഏഴരയോടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി പോയി. പ്രദീപിന്റെ കുട്ടിക്കു സുഖമില്ലെന്നും ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ സംഗീത് ആശുപത്രിയിൽ പോയില്ലെന്നും പ്രദീപും സംഗീതും മദ്യപിച്ചെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഇതിനുശേഷം പത്തനംതിട്ട വടശേരിക്കര റോഡിൽ ഇടത്തറ മുക്കിനു സമീപം കടയിൽ എത്തിയെന്നും പറയുന്നു.

സംഗീതിനെ രാത്രി വൈകിയും കാണാതായതോടെ രാജമ്മ ഫോണിൽ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. 11 മണിയോടെ ഇവരുടെ ബന്ധു അഭിലാഷാണ് സംഗീതിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ വിളിച്ചറിയിക്കുന്നത്. സാധനങ്ങൾ വാങ്ങാനായി പ്രദീപ് കടയിൽ കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ സംഗീത് ശ്രമിച്ചു. കലുങ്കിനടുത്തായി ഓട്ടോ മാറ്റിയിട്ടു. ഓട്ടോയുടെ മുൻ സീറ്റിലാണു സംഗീത് ഇരുന്നിരുന്നത്. പ്രദീപ് തിരികെ കടയിലേക്കു കയറി. വൈകാതെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു കടയുടമയും പ്രദീപും പുറത്തിറങ്ങി നോക്കിയെങ്കിലും സംഗീതിനെ കണ്ടില്ലെന്നാണു മൊഴി.

മഴമൂലം രണ്ട് ദിവസവും നല്ല ഒഴുക്കുണ്ടായിരുന്നു. അഗ്നിരക്ഷാ സേനയും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഗീതിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും രാജമ്മ ആവശ്യപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഓട്ടോയുടെ മുന്നിലിരിക്കുന്നയാൾ കൈലി ധരിച്ചിരുന്നുവെന്നും അതു സംഗീതല്ലെന്നുമാണു വീട്ടുകാരുടെ നിലപാട്. എന്നാൽ സംഗീതിന് ഓട്ടോയുടെ മുന്നിലിരിക്കുന്ന ശീലമുണ്ടെന്നും കാവി കൈലി ധരിച്ചിരുന്നതു സംഗീത് തന്നെയാണെന്നും പ്രദീപ് പറയുന്നു.

സംഗീതിന്റെ ഫോൺ ചാർജ് ചെയ്യാനായി തന്റെ വീട്ടിൽ കുത്തിയിട്ടിരുന്നുവെന്നും പ്രദീപ് പറഞ്ഞു. സംഗീതിന്റെ കഴുത്തിൽ മൂന്നര പവന്റെ മാലയും കയ്യിൽ വാച്ചുമുണ്ടായിരുന്നു. പ്ലസ് ടു വരെ പഠിച്ച സംഗീത് സ്ലൊവേനിയയിലേക്കു വീസ കാത്തിരിക്കുകയായിരുന്നു.

മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇൻസ്പെക്ടർ കെ.എസ്.വിജയന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെയും ഇടത്തറ മുക്കിൽ തോട്ടിലും സമീപ പ്രദേശങ്ങളും പരിശോധന നടത്തിയിരുന്നു. കടയുടെ പരിസരത്ത് സംഗീത് എത്തിയെന്നതിനു സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ടെങ്കിലും തുടർന്ന് എന്ത് സംഭവിച്ചെന്നു വ്യക്തമല്ല. തോട്ടിൽ ഒട്ടേറെ തവണ ഇതിനോടകം തിരച്ചിൽ നടത്തിയെന്നു പൊലീസ് അറിയിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP