Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

രണ്ടു മാസത്തെ കുടിശിക; കടയിൽ കയറി ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ അങ്ങനെ ചെയ്താലും കുഴപ്പമില്ലെന്ന് കർണാടക ബാങ്ക് ഉദ്യോഗസ്ഥന്റെ മറുപടി; ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

രണ്ടു മാസത്തെ കുടിശിക; കടയിൽ കയറി ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ അങ്ങനെ ചെയ്താലും കുഴപ്പമില്ലെന്ന് കർണാടക ബാങ്ക് ഉദ്യോഗസ്ഥന്റെ മറുപടി; ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം കുടയംപടിയിൽ ബാങ്ക് വായ്പയുടെ രണ്ട് മാസത്തെ തവണ മുടങ്ങിയതിന് കർണാടക ബാങ്ക് ജീവനക്കാരന്റെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പണം അടയ്ക്കാം എന്ന് ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരൻ മോശമായി സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാം. കോട്ടയം അയ്മനം കുടയംപടിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ബിനു കെ.സി. (50) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്.

ബാങ്കിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണി തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും ഓഡിയോയിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ഇതിന് ബാങ്ക് ജീവനക്കാരന്റെ മറുപടി. ഫോൺ സംഭാഷണം കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.

കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) തിങ്കളാഴ്ച ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു. കർണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്ന് കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ നന്ദന വെളിപ്പെടുത്തിയിരുന്നു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകൾ നന്ദനയുടെ വെളിപ്പെടുത്തൽ.

കർണാടക ബാങ്കിലെ ജീവനക്കാരന്റെ നിരന്തരമായ ഭീഷണിയാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്.

മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.

നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പറയുന്നു. എല്ലാ ദിവസവും ബാങ്കിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ കടയിൽ വന്നിരിക്കുമായിരുന്നു. ബാങ്ക് ജീവനക്കാരെ പേടിച്ച് കഴിയുന്ന അവസ്ഥയിലായിരുന്നു ബിനു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. ബിനുവിന് രണ്ട് പെൺമക്കളാണുള്ളത്.

അച്ഛൻ ആത്മഹത്യ ചെയ്തത് ബാങ്കുകാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ആണെന്നും നാണക്കേടുകൊണ്ടാണ് അച്ഛൻ ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബിനുവിന്റെ മകൾ നന്ദന പറഞ്ഞിരുന്നു. കർണാടക ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിൽ നിന്നും ബിനു 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ 2 മാസത്തെ തവണകൾ മാത്രമാണ് മുടങ്ങിയിരുന്നത്. ഇതേത്തുടർന്ന് ബാങ്ക് മാനേജരും ജീവനക്കാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകൾ പറഞ്ഞു.

നിരന്തരമായുള്ള ഫോൺ വിളികൾ കൂടാതെ വീട്ടിലും കടയിലും എത്തിയിരുന്നതായും മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ചടവ് മുടങ്ങിയ 2 തവണകൾ കഴിഞ്ഞ ദിവസം അടച്ചു തീർത്തതാണ് ഈ മാസത്തെ തുക അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല എന്നും മകൾ പറഞ്ഞു.

തിരിച്ചടവ് മുടങ്ങിയതിനാൽ കടയിൽ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടു പോകുമെന്ന് മാനേജർ പറഞ്ഞിരുന്നതായും ഒരു ദിവസം രാവിലെ എത്തിയ ബാങ്കിന്റെ ജീവനക്കാരൻ വൈകുന്നേരം വരെ കടയിൽ നിന്നതിനു ശേഷമാണ് തിരികെ പോയതെന്നും മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു.

തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള നിരന്തര ഭീഷണിയിൽ മാനസികമായി തളർന്നിരിക്കുകയായിരുന്നു ബിനു. 2 മാസത്തെ കുടിശിക കഴിഞ്ഞ ദിവസം അടച്ചു തീർത്തിരുന്നു. തുടർന്ന് ഈ മാസത്തെ തവണയായി 14000 രൂപ കൂടി ഈ മാസം 24 നു അടയ്ക്കണമെന്ന് ബാങ്ക് ജീവനക്കാർ പറയുകയായിരുന്നു.

രണ്ടു മാസത്തെ തുക അടച്ചുതീർത്ത സ്ഥിതിക്ക് ഈ മാസത്തെ അടയ്ക്കാൻ കുറച്ചുകൂടി സാവകാശം തന്നുകൂടേ എന്നും മകൾ ചോദിച്ചു. ഞങ്ങളുടെ ഏക ആശ്രയമാണ് നഷ്ടമായത്, ഇവർക്കും കുടുംബം ഉള്ളതല്ലേ ഞങ്ങൾക്ക് നഷ്ടമായത് തിരികെ നൽകാൻ ബാങ്കിന് സാധിക്കുമോ എന്നും മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP