Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമുകി 'ചതിച്ചതിന്റെ' പ്രതികാരം; നൂറിലേറെ സ്ത്രീകളെ കെണിയിൽപ്പെടുത്തി തട്ടിപ്പ്; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണംതട്ടൽ; ഇരകളായതിൽ ഏറെയും വിവാഹ മോചിതർ; ലക്ഷങ്ങൾ കൈക്കലാക്കി ആഡംബരജീവിതം; യുവാവ് അറസ്റ്റിൽ

കാമുകി 'ചതിച്ചതിന്റെ' പ്രതികാരം; നൂറിലേറെ സ്ത്രീകളെ കെണിയിൽപ്പെടുത്തി തട്ടിപ്പ്; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണംതട്ടൽ; ഇരകളായതിൽ ഏറെയും വിവാഹ മോചിതർ; ലക്ഷങ്ങൾ കൈക്കലാക്കി ആഡംബരജീവിതം; യുവാവ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കാമുകി പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പകയിൽ നൂറിലേറെ സ്ത്രീകളെ കെണിയിൽപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഓൺലൈൻ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് സ്ത്രീകളിൽനിന്ന് പണം തട്ടിയെടുത്തത്. ഗുജറാത്തിലെ വഡോദര സ്വദേശിയായ രാകേഷ് സിങ്ങിനെയാണ് വഡോജര സൈബർക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യചിത്രങ്ങൾ കൈക്കലാക്കി പണം തട്ടിയെന്ന് കാണിച്ച് വഡോദര സ്വദേശിനി നൽകിയ പരാതിയിലാണ് രാകേഷിനെ പിടികൂടിയതെന്നും നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കാമുകി പ്രണയത്തിൽനിന്ന് പിന്മാറിയതിന് പിന്നാലെ എട്ടുവർഷം മുൻപാണ് രാകേഷ് സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്.

പ്രണയത്തിലായിരിക്കെ ഏകദേശം ഒന്നരലക്ഷം രൂപയാണ് ഇയാൾ കാമുകിക്കായി ചെലവഴിച്ചത്. പിന്നീട് കാമുകി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ കാമുകി തന്നെ ചതിച്ചതാണെന്ന് കരുതിയ പ്രതി, സ്ത്രീകളെ തട്ടിപ്പിനിരയാക്കി പണം സമ്പാദിക്കാൻ തീരുമാനിക്കുകയായിരുന്നു.

തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്നതാണ് രാകേഷിന്റെ രീതി. ആഡംബര ഹോട്ടലുകളിൽ താമസിക്കാനാണ് ഇയാൾ പ്രധാനമായും പണം ചെലവഴിച്ചിരുന്നത്. ഇതിന് പുറമേ വീടിന്റെ വായ്പ അടക്കാനും ഈ പണം ഉപയോഗിച്ചു. നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നത് തട്ടിപ്പ് തുടരാൻ പ്രതിക്ക് സഹായകരമായി. പത്ത് വ്യത്യസ്ത ഇ-മെയിൽ വിലാസങ്ങളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സ്ത്രീകളെ പരിചയപ്പെട്ടശേഷമാണ് ഇയാൾ തട്ടിപ്പിനിരയാക്കുന്നത്. ജോലി വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നൽകിയും ഒട്ടേറെപേരെ കെണിയിൽവീഴ്‌ത്തിയ ഇയാൾ ലക്ഷങ്ങളാണ് കൈക്കലാക്കിയത്. വ്യവസായി, കോർപ്പറേറ്റ് പ്രൊഫഷണൽ, പൊലീസ് ഉദ്യോഗസ്ഥൻ, ജഡ്ജി എന്നിങ്ങനെയെല്ലാമാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ചില സ്ത്രീകളോട് സ്ത്രീയാണെന്ന വ്യാജേനയും പരിചയം സ്ഥാപിച്ചിരുന്നു.

വർഷങ്ങളായി തുടരുന്ന കുറ്റകൃത്യമായതിനാൽ ഇയാൾ സ്ത്രീകളെ കെണിയിൽവീഴ്‌ത്താൻ വളരേയേറെ 'പ്രാവീണ്യം' നേടിയിരുന്നതായാണ് പൊലീസ് പറയുന്നത്. നൂറിലേറെ സ്ത്രീകളെ ഇയാൾ ലക്ഷ്യമിട്ടിരുന്നു. മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടുന്നവരുമായി ബന്ധം സ്ഥാപിച്ച് ഇവരുടെ സ്വകാര്യചിത്രങ്ങളും മറ്റും കൈക്കലാക്കുന്നതാണ് രീതി. തുടർന്ന് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കും. വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം നോക്കുന്ന സ്ത്രീകളെയാണ് ഇയാൾ പ്രധാനമായി ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട ശേഷം തട്ടിപ്പിനിരയായ വഡോദര സ്വദേശിനിയാണ് രാകേഷിനെതിരേ പൊലീസിൽ പരാതിപ്പെട്ടത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടശേഷം യുവതിയും രാകേഷും തമ്മിൽ ചാറ്റിങ് ആരംഭിച്ചു. തുടർന്ന് യുവതിയുടെ വിശ്വാസ്യത നേടിയെടുത്ത പ്രതി തന്ത്രപൂർവം സ്വകാര്യചിത്രങ്ങൾ കൈക്കലാക്കി. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുരുങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP