Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂത്രമൊഴിക്കണമെന്ന് പറഞ്ഞു; ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ ഒറ്റയോട്ടം; പോയ വഴി ഉടുത്തിരുന്ന കൈലി നഷ്ടമായി; പൊലീസിനെ വെട്ടിച്ചു കടന്ന പോക്സോ കേസ് പ്രതി പിടിയിലായത് മുണ്ടെടുക്കാൻ വീട്ടിൽ വന്നപ്പോൾ; ഒരു രാത്രി മുഴുവൻ ജിതിൻ പൊലീസിനെ വട്ടം ചുറ്റിച്ചത് ഇങ്ങനെ

മൂത്രമൊഴിക്കണമെന്ന് പറഞ്ഞു; ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ ഒറ്റയോട്ടം; പോയ വഴി ഉടുത്തിരുന്ന കൈലി നഷ്ടമായി; പൊലീസിനെ വെട്ടിച്ചു കടന്ന പോക്സോ കേസ് പ്രതി പിടിയിലായത് മുണ്ടെടുക്കാൻ വീട്ടിൽ വന്നപ്പോൾ; ഒരു രാത്രി മുഴുവൻ ജിതിൻ പൊലീസിനെ വട്ടം ചുറ്റിച്ചത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഒരു രാത്രി മുഴുവൻ പൊലീസിനെ വലച്ചു. ഒടുവിൽ ഒരു മുണ്ടെടുക്കാൻ വേണ്ടി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ അവിടെ കാത്തിരുന്ന പൊലീസിന്റെ വലയിൽ ആവുകയായിരുന്നു. ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി തോട്ടുവശത്ത് വീട്ടിൽ സുഭാഷിന്റെ മകൻ ടി.എസ്. ജിതിനാണ് (28) പൊലീസിനെ ഒരു രാത്രി മുഴുവൻ വലച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. രണ്ടു കുട്ടികളുമുണ്ട്. പ്രതിക്ക് ചിറ്റാർ പൊലീസ് സ്റ്റേഷനിലും എക്സൈസിലുമായി നിരവധി കേസുകളുണ്ട്. കഞ്ചാവ് കൈവശം വച്ചതിനാണ് എക്സൈസ് കേസ്. പൊതുജനശല്യമുണ്ടാക്കിയതിനും മറ്റുമാണ് പൊലീസ് കേസുള്ളത്.

കഴിഞ്ഞ മാർച്ച് ഏഴിനും ജൂൺ ഏഴിനുമിടയിലുള്ള കാലയളവിലാണ് പെൺകുട്ടിയെ പ്രതി തന്റെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ബൈക്കിലും കാറിലും കയറ്റി വീട്ടിലെത്തിച്ചായിരുന്നു പീഡനമെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ചിറ്റാർ പൊലീസ്, പ്രാഥമിക നടപടികൾക്ക് ശേഷം പ്രതിയുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തുടർന്ന്, ഇയാളെ വയ്യാറ്റുപുഴ മീൻകുഴിയിൽ നിന്നും പിടികൂടി പൊലീസ് ജീപ്പിൽ കയറ്റവെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു.

ഇയാളുമായി തെളിവെടുപ്പിന് പോകുന്ന വഴിക്കാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തനിക്ക് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പൊലീസുകാരൻ ഇയാളുടെ ഒരു കൈയിലെ വിലങ്ങഴിച്ചു കൊടുത്തു. ഈ സമയം സമീപത്തുള്ള കാട്ടിലേക്ക് ഇയാൾ ചാടിയോടുകയായിരുന്നു. ഓട്ടത്തിനിടയിൽ ഉടുത്തിരുന്ന കൈലി മുണ്ട് നഷ്ടമായി. മുണ്ട് എടുക്കാൻ നിൽക്കാതെ ഇയാൾ കാട്ടിൽ മറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. തുടർന്ന് പൊലീസുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടങ്ങി. എന്നാൽ, കൊടുംവനത്തിൽ പ്രതിയെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കൈലി മുണ്ട് ഉടുക്കാതെ പോയ പ്രതി അതെടുക്കാൻ തിരികെ എത്തുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഇയാളുടെ വീട്ടിൽ പൊലീസ് കാവലുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോൾ വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ജിതിൻ പമ്മിപ്പതുങ്ങി വീട്ടിലെത്തി. ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു.

ഇയാളുടെ കുറ്റസമ്മതമൊഴി പൊലീസ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പത്തനംതിട്ട സി ജെ എം കോടതിക്ക് പൊലീസ് അപേക്ഷ നൽകി. ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP