Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫിന്റെ മരണത്തിന് ഇടയാക്കിയ വാഹന അപകടം; വാഹനത്തിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു; ലഹരിമരുന്നിന്റെ ഉറവിടം തേടി അന്വേഷണം; രാഹുലിന് ഒപ്പം സഞ്ചരിച്ച സുഹൃത്തുക്കളെ ചോദ്യം ചെയ്യും

മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫിന്റെ മരണത്തിന് ഇടയാക്കിയ വാഹന അപകടം; വാഹനത്തിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു; ലഹരിമരുന്നിന്റെ ഉറവിടം തേടി അന്വേഷണം; രാഹുലിന് ഒപ്പം സഞ്ചരിച്ച സുഹൃത്തുക്കളെ ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പാലാ വള്ളിച്ചിറ സ്വദേശി രാഹുൽ ജോബിയുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമാനൂരിലെ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും രാസലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തു. അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു രാഹുൽ ജോബി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പട്ടിത്താനം ബൈപ്പാസിലായിരുന്നു സംഭവം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുകയായിരുന്നു രാഹുലും സംഘവും. ഇതിനിടെ രാഹുൽ സഞ്ചരിച്ച കാറും മിനി ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കാറിന്റെ പിൻസീറ്റിലായിരുന്നു രാഹുൽ ഉണ്ടായിരുന്നത്. ഈ ഭാഗത്താണ് മിനി ട്രക്ക് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാണി സി. കാപ്പൻ എംഎ‍ൽഎയുടെ ഡ്രൈവറാണ് മരിച്ച രാഹുൽ.

അഞ്ച് മില്ലി ഗ്രാം എംഡിഎംഎയാണ് കാറിൽ നിന്നും പൊലീസ് കണ്ടെത്തിയത്. രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ നിലവിൽ പരിക്കേറ്റ് ചികിത്സയിലാണ്. ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കാറിൽ നിന്നും കിട്ടിയ സംഭവം ഒതുക്കി തീർക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചെന്നും പിന്നീട് രഹസ്യവിവരം ലഭിച്ച കോട്ടയം എസ്‌പിയുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസെടുത്തതെന്നുമുള്ള ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് എസ്‌പി പ്രതികരിച്ചു. ഇന്ന് രാവിലെ തന്നെ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ വിവരം ലോക്കൽ പൊലീസ് അറിയിച്ചിരുന്നുവെന്നാണ് എസ്‌പി പറയുന്നത്.

രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ച കാർ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP