Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പല അക്കൗണ്ടുകളിൽ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ; പതിനേഴ് അക്കൗണ്ടുകളിലായി നടന്നത് 21.5 കോടിയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്; പി.എൻ.ബിയിൽ നിന്നും കോർപറേഷന്റെ പണം തട്ടിയ കേസിൽ സിബിഐ. അന്വേഷണത്തിന് സാധ്യത; പ്രതി ഒളിവിലെന്ന് പൊലീസ്; ബാങ്കിലേക്ക് എൽഡിഎഫ് മാർച്ച്

പല അക്കൗണ്ടുകളിൽ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ; പതിനേഴ് അക്കൗണ്ടുകളിലായി നടന്നത് 21.5 കോടിയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്; പി.എൻ.ബിയിൽ നിന്നും കോർപറേഷന്റെ പണം തട്ടിയ കേസിൽ സിബിഐ. അന്വേഷണത്തിന് സാധ്യത; പ്രതി ഒളിവിലെന്ന് പൊലീസ്; ബാങ്കിലേക്ക് എൽഡിഎഫ് മാർച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. കോർപറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടത്തിയതായാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. റിപ്പോർട്ട് പഞ്ചാബ് നാഷണൽ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം തട്ടിപ്പ് നടന്നത് പൊതുമേഖലാ ബാങ്ക് ആയതിനാൽ സിബിഐ. അന്വേഷണത്തിന് സാധ്യതയേറി.

മൂന്ന് കോടിയിലധികം ക്രമക്കേട് നടന്നാൽ ബാങ്ക് സിബിഐയ്ക്ക് റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിൽ ചെന്നൈയിൽ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥർ വിശദപരിശോധന നടത്തുന്നുണ്ട്. പരിശോധിച്ച് തുക കൃത്യമായി കണക്കാക്കിയ ശേഷം ബാങ്ക് സിബിഐയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.

സ്വകാര്യവ്യക്തികളുടെ ഒൻപത് അക്കൗണ്ടിൽ നിന്നും കോർപറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. മൊത്തം 21.5 കോടിയുടെ തിരിമറിയാണ് ഈ 17 അക്കൗണ്ടുകളിലായി നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.

പല അക്കൗണ്ടുകളിൽ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ നടത്തിയതിനാൽ ബാങ്ക്, കോർപറേഷൻ എന്നിവയുടെ രേഖകൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എംപി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓൺലൈൻ റമ്മിക്ക് ഉൾപ്പെടെ ഈ അക്കൗണ്ടിൽനിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ 29-ാം തിയതി മുതൽ റിജിൽ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

ബാങ്ക് ക്രമക്കേട് നടത്തിയത് കോർപ്പറേഷന്റെ ഒത്താശയോടെയെന്ന യു.ഡി.എഫ്. ആരോപണത്തിൽ കഴമ്പില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പറഞ്ഞു. പേ സ്ലിപിലൂടെയോ ചെക്കിലൂടെയോ അല്ല തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ എന്തും ചെയ്യാൻ പറ്റുന്ന സ്ഥിതിയാണുള്ളത്. വർഷങ്ങളായി നടപ്പാക്കാൻ കഴിയാത്ത പദ്ധതികളുടെ ഉൾപ്പടെയുള്ള പണമാണ് അക്കൗണ്ടുകളിൽ ഉള്ളതെന്നും മുസാഫിർ അഹമ്മദ് പറഞ്ഞു.

അതിനിടെ, കോഴിക്കോട് കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്ക് ലിങ്ക് റോഡ് ബ്രാഞ്ചിൽ നിന്ന് 14.5 കോടി രൂപ അപ്രത്യക്ഷമായ സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുക ഉടൻ തിരിച്ച് നൽകിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുഴുവൻ ബ്രാഞ്ചിന്റേയും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുമെന്ന് സിപിഎം. ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. പണം നിക്ഷേപിച്ച മുഴുവൻ വ്യക്തികളുടേയും പണം സുരക്ഷിതമാണെന്ന് ബാങ്ക് ഉറപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോർപറേഷന്റെ അക്കൗണ്ടിൽനിന്നല്ലാതെ നിരവധി പേരുടെ സ്വകാര്യ അക്കൗണ്ടുകളിൽ നിന്നുകൂടി റിജിൽ പണം തട്ടിയതായും സൂചനയുണ്ട്. തട്ടിപ്പിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അസി.കമ്മിഷണർ ടി.എ.ആന്റണിക്കാണ് അന്വേഷണ ചുമതല. അതിനിടെ, ബാങ്കിന്റെയും കോർപറേഷന്റെയും കണക്കുകളിൽ പൊരുത്തക്കേടുള്ളതായും വിവരങ്ങളുണ്ട്.

കോഴിക്കോട് കോർപറേഷന്റെ ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോർപറേഷൻ വ്യക്തമാക്കിയത്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതർ കോർപറേഷന് ഉറപ്പ് നൽകിയിട്ടുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് മാത്രം പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതിൽ രണ്ട് കോടി 53 ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖ മാനേജർ റിജിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക്അക്കൗണ്ടുകളിൽനിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായാണ് കോഴിക്കോട് കോർപ്പറേഷൻ പരിശോധനയിൽ കണ്ടെത്തിയത്. കുടുംബശ്രീയുടെ അക്കൗണ്ടിൽനിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോർപ്പറേഷന്റെ പരിശോധനയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP