Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

വനിതാ ദിനത്തിൽ നാല് സ്ത്രീകൾ മാത്രമുള്ള വീടിന് നേരെ സിപിഎം ആക്രമണം; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയത് പന്ന്യന്ന്യൂരിലെ പാർട്ടി ഗ്രാമത്തിൽ; ആക്രമണം വീട് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട്; കുടുംബത്തിന്റെ നീതിക്കായി വിഷയത്തിൽ ഇടപെട്ട് ബിജെപി നേതാവ് ലസിത പാലയ്ക്കൽ

വനിതാ ദിനത്തിൽ നാല് സ്ത്രീകൾ മാത്രമുള്ള വീടിന് നേരെ സിപിഎം ആക്രമണം; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയത് പന്ന്യന്ന്യൂരിലെ പാർട്ടി ഗ്രാമത്തിൽ; ആക്രമണം വീട് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട്; കുടുംബത്തിന്റെ നീതിക്കായി വിഷയത്തിൽ ഇടപെട്ട് ബിജെപി നേതാവ് ലസിത പാലയ്ക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പന്നന്ന്യൂരിലെ പാർട്ടി ഗ്രാമത്തിൽ നാല് വനിതകൾ മാത്രം താമസിക്കുന്ന വീടിന് നേരെ സിപിഎം ആക്രമണം. വനിതാദിനത്തിൽ സിപിഎം വാർഡ് മെമ്പർ ശ്രീലതയുടെ നേതൃത്വത്തിൽ മുപ്പതോളം പേർ ചേർന്നാണ് രാത്രിയിൽ വീട് ആക്രമിച്ചത്. തെക്കെ പന്ന്യന്നൂർ തട്ടാന്മുക്കിൽ റുക്‌സാന മൻസിൽ നസീമയുടെ വീടാണ് സിപിഎം സംഘം അടിച്ചു തകർത്തത്. പാർട്ടി അംഗങ്ങളല്ലാത്ത കുടുംബത്തെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം അരങ്ങേറിയത്.

പാർട്ടി മെമ്പറുടെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറി ആരും തിരിഞ്ഞു നോക്കാതെ വന്നതോടെ ബിജെപി നേതാവ് ലസിത പാലയ്ക്കലിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ എത്തിയാണ് ഇവരോട് വിവരങ്ങൾ അന്വേഷിച്ചതും നിയമ നടപടികൾ സ്വീകരിക്കാനുള്ള സഹായം ഒരുക്കിയതും. കുടുംബാംഗങ്ങളുടെ പരാതിയിന്മേൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

വൃദ്ധയായ സ്ത്രീയടക്കം നാല് സ്ത്രീകൾ മാത്രം താമസ്സിക്കുന്ന വീടിന് നേരെയാണ് സിപിഎം ഗുണ്ടകൾ രാത്രി പന്ത്രണ്ട് മണിയോടെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വീട്ടിലെ മുതിർന്ന സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു. തർക്കത്തിനിടെ സിപിഎം പ്രാദേശിക നേതാവായ ബിജു എന്നയാൾ കൈവശമിരുന്ന ഫോൺ ഉപയോഗിച്ച് തലയ്ക്ക് കുത്തുകയായിരുന്നുവെന്ന് നസീമ പറഞ്ഞു. വീടിന്റെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. വീട്ടിലെ പൈപ്പ് കണക്ഷൻ നശിപ്പിക്കുകയും ചെടിച്ചട്ടികൾ പൊട്ടിക്കുകയും ചെയ്തു.

വീടും സ്ഥലവും പാർട്ടി അനുഭാവിയായ ഒരു വ്യക്തിക്ക് വിൽപ്പന നടത്തി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വനിതകൾ മാത്രം താമസിക്കുന്ന വീട്ടിലെത്തിയാണ് സിപിഎം മെമ്പറടക്കം വീട് ആക്രമിച്ചത്. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞതായും വീട്ടുകാർ പറയുന്നു.

വീട്ടിൽ രാത്രി ഏഴരയോടെ വാർഡ് മെമ്പറായ ശ്രീലത എത്തി വീട് വിറ്റൊഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇരുപത്തിയഞ്ചോളം പേർ എത്തി. ഇവർ വീട് വിൽപ്പന നടത്തണമെന്ന് സമ്മർദ്ദം ചെലുത്തി. തൊട്ടടുത്ത വീട്ടിൽ താമസ്സിക്കുന്ന സിപിഎം അനുഭാവികളായ വീട്ടുകാർ നസീമയുടെ കുടുംബത്തെ നിരന്തരം വഴക്കുണ്ടാക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് മാസത്തോളമായി നിരന്തരം വഴക്കു തുടരുന്നതിനിടെയാണ് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം നടന്നത്. ഒട്ടേറെ നാശനഷ്ടം വരുത്തി.

അയൽവാസിയായ റസീനയും ഷെമീമും കാരണം സ്വന്തം വീട്ടിൽ നിൽക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് നസീമ പറയുന്നു. അധികൃതർ വിഷയത്തിൽ ഇടപെട്ട് സ്വര്യ ജീവിതത്തിന് പരിഹാരം ഉണ്ടാക്കി തരണം എന്നാണ് ആവശ്യം.

സിപിഎം ശക്തികേന്ദ്രമായ മേഖലയിൽ മറ്റ് പാർട്ടി പ്രവർത്തകരെ പ്രവേശിപ്പിക്കുന്നതിന് പോലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ ഇവരുടെ വിഷയത്തിൽ ഇടപെടാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. വിഷയത്തിൽ ബിജെപി ഇടപെട്ടാണ് അക്രമികൾക്കെതിരെ കേസ് കൊടുത്തത്.

നസീമയുടെ മകളുടെ ഭർത്താവ് കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. സിപിഎം നിരന്തരം ഭീഷണി ഉയർത്തിയതോടെ മകളുടെ ഭർത്താവിന് സ്ഥലത്ത് സ്ഥിരതാമസത്തിന് സാധിക്കാത്ത സാഹചര്യം ഉണ്ടായി. മാസത്തിൽ ഒരിക്കൽ മാത്രമാണ് ഇപ്പോൾ വരുന്നത്. നസീമ അടക്കം തൊഴിലുറപ്പിന് പോയി ജിവിതം പുലർത്തുന്നത്.

ആകെയുള്ള സമ്പാദ്യമായ വീട് വിറ്റൊഴിഞ്ഞ് പോകണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. അയൽവാസിയുടെ ബന്ധുവിന് സ്ഥലം വിൽക്കണമെന്നാണ് ഇവർ ആവശ്യം ഉന്നയിക്കുന്നത്. നാൽപ്പത്തിയഞ്ച് ലക്ഷം രൂപ വരെ നൽകാം എത്രയും വേഗം വിറ്റൊഴിയണം എന്നാണ് ഇവരുടെ ആവശ്യം. ഭീഷണി വകവയ്ക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. നസീമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡിവൈ എസ് പി ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി. ആക്രമണത്തിൽ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP