Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

37.5 കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാനസികാസ്വാസഥ്യമുള്ളയാളെ കൊലപ്പെടുത്തി സ്വന്തം മരണമാക്കി ചിത്രീകരിച്ചു; അമേരിക്കയിലെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിക്കാൻ ശ്രമിച്ച 54കാരൻ പൂണെയിൽ അറസ്റ്റിൽ: വ്യാജ മരണം പൊളിഞ്ഞത് ഇൻഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിൽ

37.5 കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാനസികാസ്വാസഥ്യമുള്ളയാളെ കൊലപ്പെടുത്തി സ്വന്തം മരണമാക്കി ചിത്രീകരിച്ചു; അമേരിക്കയിലെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിക്കാൻ ശ്രമിച്ച 54കാരൻ പൂണെയിൽ അറസ്റ്റിൽ: വ്യാജ മരണം പൊളിഞ്ഞത് ഇൻഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: 37.5 കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം മരണം വരുത്തി തീർത്തയാൾ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. മാനസികാസ്വാസഥ്യമുള്ളയാളെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ശേഷം പേരും വിലാസവും മാറ്റി വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇൻഷുറൻസ് കമ്പനിയെ കബളിപ്പിക്കാൻ ശ്രമിച്ചയാളാണ് അറസ്റ്റിലായത്. നേരത്തെ യു.എസിലായിരുന്ന പ്രഭാകർ വാഗ്ചൗറെ എന്ന 54കാരനാണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ അഹ്മദ്‌നഗർ ജില്ലയിലെ രാജൂർ ഗ്രാമത്തിൽ ഈ വർഷം ഏപ്രിലിലാണ് സംഭവം. പ്രഭാകർ വാഗ്ചൗറെ അമേരിക്കയിലായിരുന്ന സമയത്ത് അവിടുത്തെ സ്ഥാപനത്തിൽ നിന്ന് അഞ്ച് ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 37.5 കോടി രൂപ) ഇൻഷൂറൻസ് എടുത്തിരുന്നു. ഈ തുക ക്ലെയിം ചെയ്യാൻ പദ്ധതി തയ്യാറാക്കി നാട്ടിലേക്ക് പോന്നു. ശേഷം കൂട്ടാളികളായ നാലു പേരുമായി ചേർന്ന് കൊലയ്ക്ക് പദ്ധതി ഇട്ടു.

മാനസിക അസ്വാസ്ഥ്യമുള്ള 50കാരനെ കൊലപ്പെടുത്താൻ ഇവർ പദ്ധതി തയ്യാറാക്കി പ്രതിയെ സഹായിച്ച നാലുപേരും അറസ്റ്റിലായിട്ടുണ്ട്. പണം വാഗ്ദാനം ചെയ്താണ് സന്ദീപ് തലേക്കർ, ഹർഷാദ് ലഹാമഗെ, ഹരീഷ് കുലാൽ, പ്രശാന്ത് ചൗധരി എന്നിവരെ കൂടെകൂട്ടിയത്. 'മുഖ്യപ്രതിയായ പ്രഭാകർ വാഗ്ചൗറെ 20 വർഷമായി അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. അമേരിക്കൻ സ്ഥാപനത്തിൽ നിന്ന് അഞ്ച് ദശലക്ഷം യു.എസ് ഡോളറിന്റെ ലൈഫ് ഇൻഷുറൻസ് അദ്ദേഹം എടുത്തിരുന്നു' അഹമദ്നഗർ പൊലീസ് സൂപ്രണ്ട് മനോജ് പാട്ടീൽ പറഞ്ഞു.

അമേരിക്കയിലുള്ള കുടുംബത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടത്തിയത്. 2021 ജനുവരിയിൽ ഇന്ത്യയിലെത്തിയ പ്രതി അഹമദ് നഗർ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള കുടുംബവീട്ടിൽ താമസമാക്കുകയായിരുന്നു. 'വാഗ്ചൗറെ പിന്നീട് രാജൂർ ഗ്രാമത്തിലേക്ക് താമസം മാറി. ഇവിടെ വാടകക്കായിരുന്നു താമസം. ഇയാൾ മറ്റ് പ്രതികൾക്കൊപ്പം മരിച്ചയാളെ വിഷപ്പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ അവനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ച് മരിച്ചയാളുടെ ബന്ധുക്കളാണെന്നാണ് പ്രതികൾ പരിചയപ്പെടുത്തിയത്. മരിച്ചയാളുടെ പേര് പ്രഭാകർ വാഗ്ചൗറെ എന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്തു' -പാട്ടീൽ പറഞ്ഞു.

'മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വാങ്ങി യു.എസിലേക്ക് അയച്ചു. അവിടെ അദ്ദേഹത്തിന്റെ മകൻ ഇൻഷുറൻസിനായി ഫയൽ ചെയ്തു. നാട്ടിൽ വെച്ച് വാഗ്ചൗറെ മരിച്ചയാളുടെ അന്ത്യകർമങ്ങൾ നടത്തി' -എസ്‌പി കൂട്ടിച്ചേർത്തു.

എന്നാൽ ഇൻഷുറൻസ് തുക ക്ലെയിമിനെത്തിയപ്പോൾ കമ്പനിക്ക് സംശയം തോന്നി. മുമ്പ് പ്രതി തങ്ങളെ കബളിപ്പിക്കാൻ ശ്രമം നടത്തിയതിന്റെ അടിസ്ഥാനത്തിൽ യു.എസ് കമ്പനി മരണത്തെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിത്തു. തുടർന്ന് ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയച്ചു. അവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന പൊളിഞ്ഞത്. ഗുജറാത്തിലെ വഡോദരയിൽ വച്ചാണ് വാങ്‌ചോറെ അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP