Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ഗെയിം കളിച്ച വിദ്യാർത്ഥി അമ്മയുടെ അക്കൗണ്ടിൽ നിന്നുംനഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ; സംഭവം പുറത്തറിയുന്നത് പണം നഷ്ടമായെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ

ഓൺലൈൻ ഗെയിം കളിച്ച വിദ്യാർത്ഥി അമ്മയുടെ അക്കൗണ്ടിൽ നിന്നുംനഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ; സംഭവം പുറത്തറിയുന്നത് പണം നഷ്ടമായെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ നൽകുന്ന മാതാപിതാക്കൾ സൂക്ഷിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധപ്പെട്ട മൊബൈലാണ് മക്കൾക്ക് നൽകിയിരിക്കുന്നതെങ്കിൽ പ്രത്യേകം കരുതലെടുക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണിലെ പണം മുഴുവനും നഷ്ടപ്പെട്ടേക്കാം. ആലുവയിൽ ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമ്മയുടെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ.

പണം നഷ്ടമായതിനെ തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ ഓൺലൈൻ ഗെയിം കളിയാണ് പണം നഷ്ടപ്പെടാൻ കാരണമായതെന്ന് മനസ്സിലായത്. വീട്ടമ്മയുടെ പരാതി റൂറൽ എസ്‌പി. കെ. കാർത്തികിന് വന്നത് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. എസ്‌പി.യുടെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് കുട്ടി കാശ് കളഞ്ഞതെന്ന് മനസ്സിലായത്.

ഗെയിം ലഹരിയിലായ വിദ്യാർത്ഥി 40 രൂപ മുതൽ നാലായിരം രൂപ വരെ ഒരു സമയം ചാർജ് ചെയ്താണ് കളിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തിട്ടുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽനിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു.

ഓൺലൈനിലൂടെ പണം നഷ്ടപ്പെടുന്നത് പതിവായതോടെ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് റൂറൽ ജില്ലാ പൊലീസ്. കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പൊലീസ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ:

* മൊബൈൽ ഫോണുകൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം.

* മാതാപിതാക്കൾക്കു കൂടി അറിയുന്ന യൂസർ ഐ.ഡി.യും പാസ്വേഡുകളും മാത്രമേ അക്കൗണ്ടുകളിലും ഫോൺ ലോക്കിലും ഉപയോഗിക്കാവൂ.

* കുട്ടികൾ പഠനാവശ്യത്തിനു മാത്രമേ മൊബൈൽ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക.

* നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ല എന്ന് ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകൾ മൊബൈലിൽ ഇല്ലെന്നും ഉറപ്പുവരുത്തണം.

* കുട്ടികൾ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണിൽ പേരന്റൽ കൺട്രോൾ ആയിട്ടുള്ള ഇ-മെയിൽ ക്രിയേറ്റ് ചെയ്യുക. അസമയങ്ങളിലും കൂടുതൽ സമയവും മൊബൈൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.

* മാതാപിതാക്കളുടെ ഓൺലൈൻ ബാങ്കിങ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാതിരിക്കുക.

* സ്‌കൂളിൽനിന്ന് പഠനാവശ്യങ്ങൾക്ക് അദ്ധ്യാപകർ അയയ്ക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും പങ്കുവയ്ക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP