Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുലിനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകരായ സുനീഷും വിഷ്ണുവും ചേർന്ന്; ടിക്കറ്റ് റാക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടി; ചവിട്ടേറ്റ് നെഞ്ചിൽ വാരിയെല്ല് ഒടിഞ്ഞു രക്തം ശ്വാസകോശത്തിൽ എത്തിയതും മരണകാരണമായി: പ്രതികൾ കീഴടങ്ങിയത് ഫോൺ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെ

രാഹുലിനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകരായ സുനീഷും വിഷ്ണുവും ചേർന്ന്; ടിക്കറ്റ് റാക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടി; ചവിട്ടേറ്റ് നെഞ്ചിൽ വാരിയെല്ല് ഒടിഞ്ഞു രക്തം ശ്വാസകോശത്തിൽ എത്തിയതും മരണകാരണമായി: പ്രതികൾ കീഴടങ്ങിയത് ഫോൺ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

കറുകച്ചാൽ: സ്വകാര്യ ബസ് ഡ്രൈവറായ രാഹുലിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. രാഹുലിനൊപ്പം ചമ്പക്കര ബസിൽ ജോലി ചെയ്തിരുന്ന കണ്ടക്ടർ തിയ്യാനിയിൽ സുനീഷ് (42), ഡ്രൈവർ അമ്പലക്കല തകടിപ്പുറം വിഷ്ണു (26) എന്നിവർ ചേർന്ന് മർദ്ദിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസിന് ഇവരെ സംശയം ഉണ്ടായിരുന്നു. മർദനമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ പൊലീസ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.

സുനീഷും വിഷ്ണുവുമായുള്ള വഴക്കിനിടയിൽ രാഹുലിന് മർദനമേറ്റു. ടിക്കറ്റ് റാക്ക് കൊണ്ടു തലയ്ക്ക് അടിക്കുകയും നെഞ്ചിൽ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് വാരിയെല്ല് ഒടിഞ്ഞു രക്തം ശ്വാസകോശത്തിൽ എത്തിയതും തലയ്‌ക്കേറ്റ അടിയിൽ തലയോട്ടി പൊട്ടിയതും മരണ കാരണമായി. മർദനമേറ്റ പരുക്കുകളോടെ സ്വയം കാർ ഓടിച്ചു പോയ രാഹുൽ വഴിമധ്യേ മരിച്ചുവെന്നു പൊലീസ് പറയുന്നു.

ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേൽ രാഹുൽ രാജുവിനെ (35) കഴിഞ്ഞ ശനിയാഴ്ചയാണ് വീടിനു സമീപത്ത് റോഡിൽ സ്വന്തം കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാർ നന്നാക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിപ്പോയതെന്നാണ് ആദ്യം കരുതിയത്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും രാഹുലിനെ അവസാനം ഫോണിൽ വിളിച്ചപ്പോൾ ബഹളം കേട്ടുവെന്ന ഭാര്യയുടെ മൊഴിയുമാണ് കേസിൽ വഴിത്തിരിവായത്.

മദ്യലഹരിയിലുണ്ടായ തർക്കവും വഴക്കുമാണ് കാരണമെന്ന് ചങ്ങനാശേരി ഡിവൈഎസ്‌പി വി.ജെ. ജോഫിയും കറുകച്ചാൽ എസ്എച്ച്ഒ എസ്. ജയകൃഷ്ണനും പറഞ്ഞു. രാഹുലും സുനീഷും വിഷ്ണുവും നെടുംകുന്നത്ത് സുഹൃത്ത് രഞ്ചുവിന്റെ വിവാഹത്തിനു മുന്നോടിയായി ശനിയാഴ്ച രാത്രി നടന്ന സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. ഇതു കഴിഞ്ഞ് ബൈക്കുകളിൽ മൂന്നുപേരും, ബസ് നിർത്തുന്ന ഷെഡിൽ രാത്രി പത്തോടെ എത്തി. വിഷ്ണുവിന്റെ ബൈക്കിന്റെ പിന്നിൽനിന്ന് ഇറങ്ങാൻ സുനീഷ് ആവശ്യപ്പെട്ടെങ്കിലും രാഹുൽ തയാറായില്ല. തുടർന്നായിരുന്നു അക്രമം.

വിവാഹസൽക്കാരത്തിനു ശേഷം രാത്രി രാഹുലും തങ്ങളും സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നാണ് സുനീഷും വിഷ്ണുവും ആദ്യം പൊലീസിനു മൊഴി നൽകിയത്. ഉത്തരം പറയുമ്പോൾ ഇരുവരുടെയും പരിഭ്രമം പൊലീസ് അന്നേ ശ്രദ്ധിച്ചിരുന്നു. എന്നാൽ പിന്നീട് മർദനമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ പൊലീസ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്തു. രഞ്ചുവിന്റെ വീട്ടിലെ സൽക്കാരത്തിനു ശേഷം തിരികെ പോയ സമയത്തെപ്പറ്റി ചോദിച്ചപ്പോൾ രണ്ടു പേരും രണ്ട് ഉത്തരമാണ് പറഞ്ഞത്. ഇതോടെ പൊലീസിനു കൂടുതൽ സംശയമായി.

ഫോൺ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെ കുറ്റസമ്മതം
രാഹുലിന്റെ ഭാര്യ ശ്രീവിദ്യയുടെ മൊഴിയും പ്രതികൾക്ക് വിനയായി. കൊലപാതകം നടന്ന ദിവസം രാത്രി 10.20ന് രാഹുലിന്റെ ഫോണിലേക്ക് ഭാര്യ ശ്രീവിദ്യ വിളിച്ചപ്പോൾ രാഹുൽ ഫോൺ എടുത്തെങ്കിലും സംസാരിച്ചിരുന്നില്ല. രാഹുൽ നിന്ന സ്ഥലത്ത് ബഹളം നടക്കുന്നതായി ശ്രീവിദ്യ കേട്ടിരുന്നു. ബഹളത്തിനിടയ്ക്ക് വിഷ്ണുവിന്റെയും സുനീഷിന്റെയും പേരുകൾ വിളിച്ച് രാഹുൽ ദേഷ്യപ്പെട്ട് സംസാരിക്കുന്നതും ശ്രീവിദ്യ കേട്ടു. ഫോണിൽ റിക്കാർഡ് ചെയ്യപ്പെട്ട ഈ സംഭാഷണം ശ്രീവിദ്യ പൊലീസിനു കൈമാറിയതോടെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അപ്പോഴും പ്രതികൾ കുറ്റം സമ്മതിച്ചില്ല. പഴയ മൊഴിയിൽത്തന്നെ ഉറച്ചു നിന്നു. ഫോൺ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെയാണ് കുറ്റം സമ്മതിച്ചത്.

മദ്യപിച്ചു കഴിഞ്ഞാൽ രാഹുലും സുനീഷും തമ്മിൽ പലപ്പോഴും വാക്കുതർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. രാഹുൽ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ വച്ച് അസഭ്യം പറഞ്ഞിരുന്നതായി സുനീഷ് പൊലീസിനോടു പറഞ്ഞു. വിവാഹ സൽക്കാരത്തിൽ വച്ചും ഇങ്ങനെയുണ്ടായെന്ന് സുനീഷ് മൊഴി നൽകി. തുടർന്നാണ് ഗാരിജിൽ തിരിച്ചുവന്ന ശേഷം രാഹുലിനെ മർദിക്കാൻ സുനീഷും വിഷ്ണുവും തീരുമാനിച്ചതെന്ന് എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു.

തലയോട്ടി പൊട്ടി, വാരിയെല്ല് ഒടിഞ്ഞു
വഴക്കിനിടയിൽ അര കിലോഗ്രാം ഭാരമുള്ള ടിക്കറ്റ് റാക്ക് കൊണ്ട് രാഹുലിന്റെ തലയ്ക്ക് അടിക്കുക ആയിരുന്നു. അടിയിൽ രാഹുലിന്റെ തലയോട്ടി പൊട്ടി. ചവിട്ടേറ്റ് നെഞ്ചിൽ വാരിയെല്ല് ഒടിഞ്ഞു രക്തം ശ്വാസകോശത്തിൽ എത്തി. പോസ്റ്റ്‌മോർട്ടം വേളയിൽ കൊലപാതകമെന്ന സംശയം തോന്നിയത് ഈ മർദനങ്ങളുടെ ലക്ഷണങ്ങൾ മൂലമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അസിസ്റ്റന്റ് സർജൻ ഡോ. ജോമോൻ ജേക്കബ് പറഞ്ഞു. തുടർന്ന് ഈ നിർണായക വിവരം അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ജയകൃഷ്ണന് ഡോ. ജോമോൻ കൈമാറി. കാറിനടിയിൽ ഞെരിഞ്ഞാൽ ദേഹത്ത് ഇത്തരം മുറിവുണ്ടാകില്ലെന്നും ഡോക്ടർ അറിയിച്ചു.

കേസിൽ വഴിത്തിരിവായത് ഈ കണ്ടെത്തലാണ്. രാഹുലിന്റെ മരണത്തിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്നതായി എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു. ഇലക്ട്രോണിക് ടിക്കറ്റ് റാക്കാണ് അടിക്കാൻ ഉപയോഗിച്ചത്. അരക്കിലോയോളം ഭാരമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP