Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം മൂന്നംഗ കുടുംബത്തെ ആക്രമിച്ചത് അതിക്രൂരമായി; ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ കാറിടിപ്പിച്ച് മാരകമായി പരുക്കേൽപ്പിച്ചും അക്രമികൾ: ക്വട്ടേഷൻ സംഘം കൊലവിളിയുമായെത്തിയത് റോഡിടുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായി നടന്ന തർക്കത്തിന് പിന്നാലെ

വീട്ടിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം മൂന്നംഗ കുടുംബത്തെ ആക്രമിച്ചത് അതിക്രൂരമായി; ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ കാറിടിപ്പിച്ച് മാരകമായി പരുക്കേൽപ്പിച്ചും അക്രമികൾ: ക്വട്ടേഷൻ സംഘം കൊലവിളിയുമായെത്തിയത് റോഡിടുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായി നടന്ന തർക്കത്തിന് പിന്നാലെ

സ്വന്തം ലേഖകൻ

മടവൂർ: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയ ക്വട്ടേഷൻ സംഘം മൂന്നംഗ കുടുംബത്തെ ആക്രമിച്ചത് അതിക്രൂരമായി. അടിയും ഇടിയും അതിക്രൂരമായതോടെ ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരെയും കാറിടിപ്പിച്ച് വീഴ്‌ത്തിയും കണ്ണില്ലാത്ത ക്രൂരത. സൈനികനായ മടവൂർ പഴുവടി ജി.എസ്.ഭവനിൽ ജി.എസ്.സ്വാതി(32), അമ്മ ആർ. ശ്യാമളയമ്മ(62) , ഭാര്യ സരിക സതീഷ്(29) എന്നിവർക്കാണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്.

ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ അയൽവാസിയായ ബാബു നൽകിയ ക്വട്ടേഷനാണ് മൂന്നംഗ കുടുംബത്തെ മാരകമായി ഉപദ്രവിച്ചത്. മുഖത്ത് എല്ലുകൾക്ക് ഒടിവും വായിൽ മുറിവും ഉണ്ടായ ശ്യാമളയമ്മ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്വാതിയുടെ കാലിന് പൊട്ടലും ശരീരത്തിൽ അടിയേറ്റ പരുക്കുകളും ഉണ്ട്. സരിക സതീഷിന്റെ തലയ്ക്കാണ് പരുക്ക്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. കാറിൽ എത്തിയ സംഘം മാരാകായുധങ്ങളുമായി വീടിന്റെ പുറകു വശത്തു കൂടി അകത്തു കടന്നു. തുടർന്ന് മൂന്നു പേരെയും മർദിച്ചു. രക്ഷപ്പെടാൻ ഇവർ റോഡിലേക്ക് ഓടി. അക്രമി സംഘത്തിലെ മൂന്ന് പേർ കാറിൽ കയറി വേഗത്തിൽ മൂന്നോട്ട് ഓടിച്ച് സ്വാതി, സരിക എന്നിവരെയും പിന്നോട്ട് ഓടിച്ച് ശ്യാമളയമ്മയെയും ഇടിച്ചു വീഴ്‌ത്തുകയായിരുന്നു.

ബാബുവിന്റെയും സ്വാതിയുടെയും വീടുകളുടെ സമീപത്തെ തകരപ്പറമ്പ് മടവൂർ റോഡിന്റെ ടാറിങ് നടന്നു വരികയാണ്. റോഡിൽ നിന്നു മലയ്ക്കൽ പോകുന്ന റോഡിൽ പഴുവടിയിലാണ് സ്വാതിയുടെ വീട്. ടാറിങ് കഴിഞ്ഞപ്പോൾ മടവൂർ റോഡ് ഉയരുകയും മലയ്ക്കൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം താഴുകയും ചെയ്തു. വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിന് ചായ്ച്ച് ടാർ ചെയ്യണമെന്ന് സ്വാതി കരാറുകാരോട് ആവശ്യപ്പെട്ടു.

ഈ സമയം അവിടെ ഉണ്ടായിരുന്ന ബാബുവുമായി ഇതു സംബന്ധിച്ച് വാക്ക് തർക്കം ഉണ്ടായി. തർക്കം അസഭ്യം വിളിയിലാണ് അവസാനിച്ചത്. തുടർന്ന് വൈകിട്ടോടെ ബാബു വിളിച്ചു വരുത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട നാലംഗ സംഘത്തിലെ ഒന്നാം പ്രതിയാണ് മടവൂർ പഴുവടി ബാബുസദനത്തിൽ ടി.ബാബു(64).

സംഭവത്തിൽ മൂന്ന് പേരെ പിടികിട്ടാനുണ്ട്. അക്രമികൾ സഞ്ചരിച്ച കാറും കണ്ടെത്തിയിട്ടില്ല. അതേ സമയം അക്രമി സംഘത്തിന്റെ മൊബൈൽ ഫോൺ സംഭവ സ്ഥലത്ത് നിന്നു കണ്ടെത്തിയത് നാട്ടുകാർ പള്ളിക്കൽ പൊലീസിൽ ഏൽപിച്ചു. റോഡ് ടാർ ചെയ്യുന്നതു സംബന്ധിച്ച വാക്കു തർക്കമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ബാബുവിനെ കോടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP