Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

തല്ലു കിട്ടാതിരിക്കാൻ ബോധക്കേട് അഭിനയിച്ചു; നിലത്തു കിടന്ന കള്ളനെ തൂക്കിയെടുത്ത പൊലീസിന്റെ ചോദ്യം ചെയ്യലിൽ സത്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് ബെംഗളൂരു സ്വദേശി; കോഴിക്കോട് നിന്ന് ആഡംബര കാർ മോഷ്ടിച്ചതും താനെന്നും കുറ്റസമ്മതം: അമ്പലവയലിൽ ഉടമ ചെയ്‌സ് ചെയ്തു പിടിച്ച കാർ മോഷ്ടാവ് ആള് ചില്ലറക്കാരനല്ല

തല്ലു കിട്ടാതിരിക്കാൻ ബോധക്കേട് അഭിനയിച്ചു; നിലത്തു കിടന്ന കള്ളനെ തൂക്കിയെടുത്ത പൊലീസിന്റെ ചോദ്യം ചെയ്യലിൽ സത്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് ബെംഗളൂരു സ്വദേശി; കോഴിക്കോട് നിന്ന് ആഡംബര കാർ മോഷ്ടിച്ചതും താനെന്നും കുറ്റസമ്മതം: അമ്പലവയലിൽ ഉടമ ചെയ്‌സ് ചെയ്തു പിടിച്ച കാർ മോഷ്ടാവ് ആള് ചില്ലറക്കാരനല്ല

സ്വന്തം ലേഖകൻ

അമ്പലവയൽ: ഷോറൂമിൽ സർവീസിനു നൽകിയ കാർ മോഷ്ടിച്ചു കടന്ന കള്ളൻ മുമ്പും കാർ മോഷണം നടത്തിയ ആൾ. കോഴിക്കോട് അത്താണിക്കലിലെ വാഹനഷോറുമിൽ നിന്ന് ആഡംബര കാർ മോഷ്ടിച്ചതും ഇയാൾ തന്നെയെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ദിവസം അമ്പലവയലിലെ ഷോറൂമിൽ സർവീസിനു നൽകിയ കാർ മോഷ്ടിച്ചു കടക്കവെ കാർ ഉടമയും സംഘവും ചെയ്‌സ് ചെയ്ത് പിടിച്ചതോടെയാണ് ബെംഗളൂരു സ്വദേശിയായ മോഷ്ടാവിന്റെ മറ്റൊരു മോഷണക്കഥയുടേയും ചുരുളിഞ്ഞത്. വാഹനം മോഷ്ടിച്ച ബെംഗളൂരു ന്യൂതുരത്തൻ പാളയം ജനാർദ്ദന സ്‌കൂളിന് സമീപം നസീർ (56) എന്നയാളാണ് സ്ഥിരം കാർ മോഷ്ടാവാണെന്ന് പൊലീസ് കണ്ടെത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ അത്താണിക്കലിലെ വാഹനഷോറുമിൽ നിന്ന് ആഡംബര കാർ മോഷ്ടിച്ചതും ഇയാളാണെന്ന് സമ്മതിക്കുക ആയിരുന്നു. വാഹനഷോറൂമിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് എലത്തൂർ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ചയാണു അത്താണിക്കലിലെ കാർ ഷോറൂമിൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന കിയ കാർണിവൽ കാർ മോഷണം പോയത്. ടെസ്റ്റ് ഡ്രൈവിനായി പുറത്ത് നിർത്തിയിട്ട വാഹനം പ്രതി മോഷ്ടിക്കുകയായിരുന്നു.

താക്കോൽ വാഹനത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നതു പ്രതിക്കു സൗകര്യമായി. കാറിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് വഴിയാണ് കാർ വയനാട്ടിൽ എത്തിയതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കൽപറ്റ പിണങ്ങോട് റോഡിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. താക്കോലുമായാണു മോഷ്ടാവ് കടന്നുകളഞ്ഞത്. അതിനാൽ മറ്റൊരു വാഹനം ഉപയോഗിച്ചു കെട്ടിവലിച്ചാണ് പൊലീസ് ഇന്നലെ കാർ കോഴിക്കോട് എത്തിച്ചത്. ഫിംഗർപ്രിന്റ് ബ്യൂറോ വിരലടയാളം പരിശോധിച്ചു തെളിവുകൾ എടുത്തിട്ടുണ്ട്.

സമാനമായ മോഷണമാണ് അമ്പലവയലിലെ ഷോറൂമിലും നടന്നത്. കാറുമായി കടന്ന ഇയാളെ കാറിന്റെ ഉടമയാണ് ചേസ് ചെയ്ത് പിടിച്ചത്. പിടിയിലായതോടെ തല്ലു കൊള്ളാതിരിക്കാൻ ബോധക്കേട് അഭിനയിച്ച കള്ളനെ മീനങ്ങാടി പൊലീസ് തൂക്കി എടുത്ത് സ്‌റ്റേഷനിലെത്തിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ബത്തേരി അമ്മായിപ്പാലം സ്വദേശി കാക്കവയലിലെ ഷോറൂമിൽ സർവീസിനു കൊടുത്ത വാഹനം കഴിഞ്ഞ ദിവസം ഉച്ചയോടെയാണു മോഷ്ടാവ് കൈക്കലാക്കി മുങ്ങിയത്. ഡെലിവറി ബേയിൽ താക്കോൽ സഹിതം കിടന്ന കാറുമായി കള്ളൻ കടക്കുക ആയിരുന്നു. ദേശീയപാതയിലൂടെ അമിതവേഗത്തിൽ പായുമ്പോൾ മോഷ്ടാവും വാഹനവും കൃഷ്ണഗിരിയിൽ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ഇന്റർസെപ്റ്ററിൽ പതിഞ്ഞു. ഇതോടെ ഉടമയുടെ ഫോണിലേക്ക് പൊലീസിന്റെ വിളി പോയി.

സർവീസിനു കൊടുത്ത വണ്ടി ഓവർ സ്പീഡിനു പിടിച്ചതറിഞ്ഞ് ഞെട്ടിയ ഉടമ ഷോറൂമിൽ ബന്ധപ്പെട്ടപ്പോഴാണ് ആരോ വണ്ടിയുമായി കടന്നുവെന്നറിയുന്നത്. വിവരം പൊലീസിൽ അറിയിച്ചശേഷം ഉടമ മറ്റൊരു കാറിൽ കള്ളനെ തിരഞ്ഞിറങ്ങി. അമ്പലവയൽ-വടുവഞ്ചാൽ പാതയിലെത്തിയപ്പോൾ ഉടമയുടെ കാറിനു മുന്നിലൂടെ കള്ളൻ ചീറിപ്പാഞ്ഞുപോയി. ആയിരംകൊല്ലിയിലെത്തിയപ്പോൾ സമീപത്തെ ചെറിയ റോഡിലേക്ക് കയറ്റി വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ ബൈക്കുകളെയും ഇടിച്ചിട്ട് റോഡിന് സമീപത്ത് കൂട്ടിയിട്ടിരുന്ന പൈപ്പുകളുടെ മുകളിലൂടെ റോഡിലേക്ക് കടന്ന് വീണ്ടും കള്ളൻ രക്ഷപെട്ടു.

ഉടമയും കൂട്ടരും കാറിൽ പിന്നാലെ. ഒടുവിൽ വടുവൻചാലിൽ മേപ്പാടി റോഡിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനടുത്ത് മറ്റു വാഹനങ്ങളുടെ ഇടയിൽ മോഷ്ടിച്ച വാഹനം നിർത്തിയിട്ട നിലയിൽ ഉടമയും സംഘവും കണ്ടെത്തി. ഒരാൾ കെട്ടിടത്തിനുള്ളിലേക്കു കയറിപ്പോകുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞതനുസരിച്ച് കെട്ടിടത്തിനുള്ളിൽ നടത്തിയ തിരച്ചിലിനൊടുവിൽ കള്ളനെ ഉടമയും നാട്ടുകാരും ചേർന്നു പിടികൂടി. തല്ലുകിട്ടാതിരിക്കാൻ ബോധം കെട്ടതായി അഭിനയിച്ചു നിലത്തുകിടന്ന കള്ളനെ പിന്നീട് മീനങ്ങാടി പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP