Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയരാജിനെയും മകൻ ബെന്നിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തത് കള്ളക്കേസ് ചുമത്തി; ഇരുവരും മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്നുള്ള ആന്തരിക പരുക്കുകൾ കാരണം; തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ ഒൻപത് മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ജയരാജിനെയും മകൻ ബെന്നിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തത് കള്ളക്കേസ് ചുമത്തി; ഇരുവരും മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്നുള്ള ആന്തരിക പരുക്കുകൾ കാരണം; തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ ഒൻപത് മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

സ്വന്തം ലേഖകൻ

ചെന്നൈ: തൂത്തുക്കുടി സാത്തൻകുളം ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ ഒൻപത് മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐയുടെ കുറ്റപത്രം. ഇരുവരുടേയും മരണം സംഭവിച്ചത് പൊലീസുകാരുടെ ക്രൂര മർദ്ദനത്തെ തുടർന്നാണെന്നാണ് പൊലീസ് റിപ്പോർട്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച ജയരാജ്, മകൻ ബെന്നിക്സ് എന്നിവർ ക്രൂരമായ ലോക്കപ് മർദനത്തിന് ഇരയായതായി സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു. ഇരുവരെയും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. പൊലീസുകാരുടെ ക്രൂര മർദനത്തെ തുടർന്നുണ്ടായ ആന്തരിക പരുക്കുകളാണു മരണത്തിനു കാരണമായതെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു.

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ ഒൻപത് ഉദ്യോഗസ്ഥരും സസ്‌പെൻഷനിലാണ്. മറ്റൊരു പ്രതി വിചാരണയ്ക്കിടെ കോവിഡ് ബാധിച്ചു മരിച്ചു. ലോക്ഡൗൺ ലംഘിച്ചതായി ആരോപിച്ച് ജൂൺ 19നാണ് ജയരാജിനെയും മകനെയും അറസ്റ്റ് ചെയ്തത്. പിറ്റേന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോവിൽപെട്ടി സബ്ജയിലിലേക്കു മാറ്റി. 22നു രാത്രി ബെനിക്സും പിറ്റേന്നു രാവിലെ ജയരാജും തളർന്നുവീണു. ബെനിക്സ് ആശുപത്രിയിലെത്തുന്നതിനു മുൻപും ജയരാജ് ചികിത്സയിലിരിക്കെയും മരിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന്റെ പ്രതികാരമായി പൊലീസ് ഇരുവരെയും അതിക്രൂരമായി ഉപദ്രവിച്ചെന്നാണു ബന്ധുക്കളുടെ ആരോപണം. മലദ്വാരത്തിൽ കമ്പിയും ലാത്തിയും കയറ്റിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അമിത രക്തസ്രാവത്തെത്തുടർന്ന് ഇരുവരുടെയും വസ്ത്രം 4 തവണ മാറ്റേണ്ടിവന്നതായും ബന്ധുക്കൾ പറയുന്നു. ജൂൺ 18-നു രാത്രിയാണു സംഭവങ്ങളുടെ തുടക്കം. കോവിഡ് ചട്ടങ്ങൾ ലംഘിച്ച്, ജയരാജ് കടയടയ്ക്കാൻ 15 മിനിറ്റ് വൈകിയെന്നാരോപിച്ചാണു പൊലീസ് എത്തിയത്.

വാഗ്വാദത്തിനിടെ പൊലീസിനെ അസഭ്യം പറഞ്ഞെന്നാരോപിച്ചു ജയരാജിനെ പിറ്റേന്നു കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞു സ്റ്റേഷനിലെത്തിയ മകൻ കാൺകെ ജയരാജിനെ ക്രൂരമായി മർദിച്ചു. ചോദ്യംചെയ്ത ബെന്നിക്‌സിനെയും പൊലീസ് വെറുതേവിട്ടില്ല. പൊലീസിന്റെ ക്രൂരതയ്‌ക്കൊടുവിൽ ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. അതേ സമയം, ജയരാജിനും ബെന്നിക്‌സിനും പരുക്കേറ്റത് സാത്താൻകുടി സ്റ്റേഷനിൽവച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാർ മൊഴി നൽകി.

ജയിലിൽ പ്രവേശിക്കുമ്പോൾ ബെന്നിക്‌സിനും ജയരാജിനും പരുക്കുകളുണ്ടായിരുന്നെന്നു ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജയിൽ രേഖകൾ പ്രകാരം ബെന്നിക്‌സിന്റെ കാലുകൾ, ഉടുപ്പ് എന്നിവിടങ്ങളിൽ പരുക്കും മുഖത്ത് വീക്കവുമുണ്ട്. ജയരാജ് ക്ഷീണിതനായിരുന്നെന്നും രേഖകളിലുണ്ട്. ഇരുവരെയും കാണാതെയാണു സാത്താൻകുളം മജിസ്‌ട്രേറ്റ് ഡി. ശരവണൻ റിമാൻഡ് റിപ്പോർട്ടിൽ ഒപ്പിട്ടെതന്നും വ്യക്തമായി. ഇതു സംബന്ധിച്ചു കുടുംബാംഗങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണു മൊഴികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP