Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ രണ്ടു പേർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം ഓട്ടോഡ്രൈവർ സ്വയം തീ കൊളുത്തി മരിച്ചു; ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ രണ്ടു പേരും ആശുപത്രിയിൽ: ഫിലിപ്പ് പദ്ധതിയിട്ടത് ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ

കൊച്ചിയിൽ രണ്ടു പേർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം ഓട്ടോഡ്രൈവർ സ്വയം തീ കൊളുത്തി മരിച്ചു; ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ രണ്ടു പേരും ആശുപത്രിയിൽ: ഫിലിപ്പ് പദ്ധതിയിട്ടത് ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ രണ്ട് പേർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം ഓട്ടോ ഡ്രൈവർ സ്വയം തീ കൊളുത്തി മരിച്ചു. ഓട്ടോയും കത്തി നശിച്ചു. ബുധനാഴ്ച വൈകീട്ട് 6.45-ഓടെ വടുതലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. പച്ചാളം സ്വദേശിയും ഓട്ടോഡ്രൈവറുമായ ഫിലിപ്(60) ആണ് മരിച്ചത്. ഫിലിപ്പ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ഷൺമുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയൽവാസിയായ പങ്കജാക്ഷന്റെ (65) കടയിലെത്തിയാണ് അക്രമം നടത്തിയത്.

കടയിലിരുന്നു സംസാരിക്കുകയായിരുന്ന പങ്കജാക്ഷന്റെയും സുഹൃത്തും ലൂർദ് ആശുപത്രിയിലെ അസിസ്റ്റന്റും ചേർത്തല സ്വദേശിയുമായ റെജിൻ ദാസിന്റെയും(34) ദേഹത്തേക്കും പെട്രോൾ നിറച്ചുവച്ചിരുന്ന കുപ്പിയിൽ തീ കൊടുത്ത ശേഷം എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടർന്നതോടെ തീ ആളിക്കത്തി. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ നിന്ന് ഷൺമുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും, ഇയാൾ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയൽവാസിയുടെ വീട്ടിലെത്തി തീയിടാൻ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. തുടർന്ന് ഇവിടെ നിന്ന് വടുതല കർഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. എറണാകുളം ക്ലബ്ബ് റോഡ് ഫയർ സ്റ്റേഷനിൽനിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തൽ ഗുരുതരമായി പൊള്ളലേറ്റ പങ്കജാക്ഷനെയും റെജിനെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജിന് 70% പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് പ്രതി എത്തിയത്. എന്നാൽ ആ സമയത്ത് കടയിൽ ഉണ്ടായിരുന്ന റെജിൻ ഇടയിൽപ്പെട്ടു പോയതാണെന്നും പൊലീസ് പറയുന്നു. പച്ചാളത്തു വാടകയ്ക്കു താമസിക്കുകയാണു റെജിൻ. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മുൻവൈരാഗ്യം സംശയിക്കുന്നതായി നോർത്ത് പൊലീസ് അറിയിച്ചു. അതേസമയം, ഫിലിപ്പുമായി വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ലെന്നാണു പങ്കജാക്ഷന്റെ മൊഴി.

ഫിലിപ്പ് മൂന്നു മാസമായി ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എറണാകുളം നോർത്ത് എസ്‌ഐ. വി.ബി. അനസ് പറഞ്ഞു. ഓട്ടോറിക്ഷാ സ്റ്റാൻഡിൽ പാർക്കിങ് സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നെന്നും ഇതാകാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP