Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

തൊഴിയൂർ സുനിൽ വധക്കേസിൽ ഒന്നാം പ്രതി; ചേകന്നൂർ മൗലവി കേസിലും പങ്കാളി; ഭീകരൻ സെയ്തലവി അൻവരിയെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടും; കാണാമറയത്തുള്ള സെയ്തലവി ഭീകരവാദ സ്വഭാവമുള്ള അഞ്ച് കൊലക്കേസുകളിലും പ്രതിചേർക്കപ്പെട്ടേക്കും; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കും

തൊഴിയൂർ സുനിൽ വധക്കേസിൽ ഒന്നാം പ്രതി; ചേകന്നൂർ മൗലവി കേസിലും പങ്കാളി; ഭീകരൻ സെയ്തലവി അൻവരിയെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടും; കാണാമറയത്തുള്ള സെയ്തലവി ഭീകരവാദ സ്വഭാവമുള്ള അഞ്ച് കൊലക്കേസുകളിലും പ്രതിചേർക്കപ്പെട്ടേക്കും; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: തൊഴിയൂർ സുനിൽവധക്കേസിലെ ഒന്നാംപ്രതിയും, ചേകന്നൂർ മൗലവികേസിലെ പങ്കാളിയുമായ കാണാമറയത്തുള്ള ഭീകരൻ സെയ്തലവി അൻവരിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായംതേടും. തീവ്രവാദ സ്വഭാവമുള്ള അഞ്ചുകൊലക്കേസുകളിലെ പ്രതിയായ സെയ്തലവി അൻവരി അന്വേഷണം നിലച്ച മറ്റു നാലു കൊലക്കേസുകളിൽ പ്രതിചേർക്കപ്പെടാനും സാധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന് പുറമെ തൊഴിയൂർ സുനിൽ വധക്കേസിലെ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും. കേസിൽനേരിട്ട് പങ്കുള്ള നാലുപേരെ കുറിച്ചു അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചു. കേസിലെ പ്രാധാനിയായ ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ തലവനായിരുന്ന സെയ്തലവി അൻവരി ഒഴികെയുള്ളവരെകുറിച്ച് വിവരങ്ങളെല്ലാം ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞു.

വിദേശത്തേക്ക് കടന്ന സെയ്തലവിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായംതേടാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. ഗുരുവായൂരിനടുത്തു തൊഴിയൂരിലെ ആർഎസ്എസ് ഭാരവാഹി സുനിലിനെ കൊലപ്പെടുത്തിയ കേസിൽ ജംഇയ്യത്തുൽ ഇസ്ഹാനിയ തീവ്രവാദ സംഘടനയുടെ പ്രവർത്തകരായ മലപ്പുറം കൊളത്തൂർ ചെമ്മലശേരി പൊതുവകത്ത് ഉസ്മാൻ (51), വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയിൽ യൂസഫ് എന്ന യൂസഫലി (52) എന്നിവരെ കഴഞ്ഞ ദിവസമാണ് തിരൂർ ഡിവൈ.എസ്‌പി: കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യംചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെ കുറിച്ചും സംഘംചേർന്ന് ഇവർ നടത്തിയ മോഹനചന്ദ്രൻ കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകൾക്കും തുമ്പുണ്ടായത്.

Stories you may Like

തൃശൂർ സെഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചുകഴിഞ്ഞു. തൊഴിയൂർ സുനിൽ വധക്കേസിൽ ഉൾപ്പെട്ട പ്രതി ഉസ്മാനെ ചൊവ്വാഴ്ച രാത്രി മലപ്പുറം കൊളത്തൂരിൽ ഒളിവിൽ കഴിയവേയാണ് പൊലീസ് തന്ത്രപരമായി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിൽ സുനിലിനെ വെട്ടി കൊലപ്പെടുത്തുകയും വീട്ടുകാരെ അക്രമിച്ചതായും ഉസ്മാൻ മൊഴി നൽകി. യൂസഫലിയെ വാടാനപ്പള്ളിയിൽ നിന്നാണ് പിടികൂടിയത്. ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ സജീവ പ്രവർത്തകനായ യൂസഫലി വാൾ ഉപയോഗിച്ച് അക്രമം നടത്തുന്നതിനെക്കുറിച്ച് പരിശീലനം നൽകിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.

ചോദ്യം ചെയ്യലിൽ 24വർഷം മുന്പ് 1995 ഓഗസ്റ്റ് 19ന് മലപ്പുറത്തെ കൊളത്തൂരിൽ ബിജെപി നേതാവ് ചെമ്മലശേരി മൂർക്കോത്ത് മോഹനചന്ദ്രനെ ചെമ്മലശേരിയിൽ വച്ചു ജീപ്പിടിച്ചു കൊലപ്പെടുത്തിയതു തങ്ങളാണെന്നു പ്രതികൾ പൊലീസിനോടു വെളിപ്പെടുത്തിയത് കേസന്വേഷണത്തിനു പുതിയ വഴിത്തിരിവായിരുന്നു. സുനിൽവധക്കേസിൽ സൈതലവിഅൻവരിയാണ് ഒന്നാംപ്രതി. ഇയാളെ കൂടാതെ അഞ്ചാം പ്രതി ചെറുതുരത്തി പള്ളം പുത്തൻപീടികയിൽ യൂസഫിന്റെ മകൻ സുലൈമാൻ, ദേശമംഗലം പള്ളംകളപ്പുറത്തു കുഞ്ഞുമുഹമ്മദിന്റെ മകൻ സലീം, മൂന്നാംപ്രതിയായ കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് തെയ്യുണ്ണിയുടെ മകൻ ഷാജി എന്ന ഷാജഹാൻ, കയ്പമംഗലം കൊപ്രക്കളം കൊടുങ്ങല്ലൂക്കാരൻ മൊയ്തീന്റെ മകൻ നവാസ് എന്നിവരും ഇനി പിടിയിലാകാനുണ്ട്.

ചേകന്നൂർ മൗലവി തിരോധാനകേസിൽ നേരിട്ട്പങ്കുള്ളതായി സംശയിക്കുന്ന പിടികിട്ടാപ്പുള്ളിയായ സെയ്തലവി അൻവരി തീവ്രവാദ സ്വഭാവമുള്ള അഞ്ചുകൊലക്കേസുകളിലെി പ്രതികൂടിയാണ്. ഇതിനുപുറമെ അന്വേഷണം വഴിമുട്ടി നിൽക്കുന്ന മറ്റു നാലുകൊലക്കേസുകളിൽകൂടി പ്രതിചേർക്കപ്പെടാനും സാധ്യതയുണ്ട്. ജംഇയ്യത്തുൽ ഇസ്ഹാനിയ തീവ്രവാദസംഘടനയുടെ സ്ഥാപക നേതാവും സംഘത്തിലെ പ്രധാനിയുമായ സെയ്തലവി അൻവരി 1997ൽ ബംഗളുരൂ സ്വദേശിയായ ഷേഖ് അബ്ബയുടെ പാസ്പോർട്ടിൽ തലവെട്ടിയൊട്ടിച്ചു ബംഗളൂരു വഴി ഗർഫിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. അതോടൊപ്പം പ്രതി സിറിയയിലേക്കു കടന്നുവെന്ന അനൗദ്യോഗിക വിവരങ്ങളും പൊലീസിന് ലഭിച്ചെങ്കിലും ഇതിൽ സ്ഥിരീകരണമില്ല.

നിലവിൽ തൊഴിയൂർ സുനിൽവധക്കേസിലും, മോഹനചന്ദ്രൻ വധക്കേസിലും സെയ്തലവി അൻവരി മുഖ്യപങ്കുവഹിച്ചതായി ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം തൊഴിയൂർ സുനിൽവധക്കേസിൽ അറസ്റ്റിലായ ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ സ്ഥാപന നേതാവിൽ ഒരാൾകൂടിയായ കൊളത്തൂർ ചെമ്മലശേരി പൊതുവകത്ത് ഉസ്മാനായിരുന്നു സെയ്തലവിയുടെ വലംകൈയെന്നും ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. ഉസ്മാനോടൊപ്പം കേസിൽ അറസ്റ്റിലായ യൂസുഫിനെ സെയ്തലവി അൻവരിയുമായി പരിചയപ്പെടുത്തിയതും ഉസ്മാനായിരുന്നുവെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഉസ്മാന്റെ അയൽക്കാരൻകൂടിയായ കൊളത്തൂർ മേലേകൊളമ്പ് പിലാക്കാട്ടുപടി സൈതലവി അൻവരിയെ പിടികൂടിയാൽ നിരവധി കേസുകളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. ഇതിനാൽതന്നെ നേരത്തെ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച പ്രതിയെ അന്വേഷിച്ച് സംഘം അന്വേഷണം ആരംഭിച്ചു.

അൻവരിയുടെ നേതൃത്വത്തിൽ മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലായി നടന്ന അഞ്ചു കൊലക്കേസുകളിലാണ് നിലവിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. 1997ൽ അന്വേഷണം തന്റെ നേർക്കു തിരിയുന്നുവെന്നു മനസിലാക്കിയ സൈതലവി ഗൾഫിലേക്ക് കടക്കുകയായിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. നിലവിൽ പ്രതി എവിടെയാണെന്നു വ്യക്തമല്ല. വീട്ടുകാരോടു പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവർക്കും യാതൊരു അറിവുമില്ലെന്നു മൊഴിനൽകിയത്. 1992-96 വർഷക്കാലത്ത് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ സിനിമാ തിയേറ്ററുകൾ കത്തിക്കുക, കള്ളുഷാപ്പുകൾ കത്തിക്കുക, നോമ്പുകാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കുക തുടങ്ങി നിരവധി അക്രമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും സൈതലവിയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP