Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ച് ചതിയിൽപെടുത്തിയത് വൈരാഗ്യം തീർക്കാൻ; കഞ്ചാവ് ഒളിപ്പിച്ചത് ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം; ചെയ്യാത്ത കുറ്റത്തിന് ഫാജിദ് ജയിലിൽ കഴിഞ്ഞത് ഏഴ് ദിവസം; ഓട്ടോയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്; നാണക്കേട് ഒഴിവാക്കിയ ആശ്വാസത്തിൽ പൊലീസും

ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ച് ചതിയിൽപെടുത്തിയത് വൈരാഗ്യം തീർക്കാൻ; കഞ്ചാവ് ഒളിപ്പിച്ചത് ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം; ചെയ്യാത്ത കുറ്റത്തിന് ഫാജിദ് ജയിലിൽ കഴിഞ്ഞത് ഏഴ് ദിവസം; ഓട്ടോയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്; നാണക്കേട് ഒഴിവാക്കിയ ആശ്വാസത്തിൽ പൊലീസും

ആർ പീയൂഷ്‌

മലപ്പുറം: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ച് ചതിയിൽപെടുത്തിയ സംഭവത്തിൽ യഥാർത്ഥ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം ഓട്ടോറിക്ഷയിൽ കഞ്ചാവ് വച്ച കാരാത്തോട് ചക്കിങ്ങത്തൊടി കബീർ, ആലമ്പറ്റ ഭരതൻ എന്നിവരാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ക്വാറി ഉടമയുടേയും ഡ്രൈവറുടേയും അറസ്റ്റ് വൈകാതെയുണ്ടാകും. ഗൂഢാലോചന നടത്തിയ ക്വാറി ഉടമ കേസിലെ പ്രധാന പ്രതിയാണ്.

കാരാത്തോട്ടെ യുവജന കലാസാംസ്‌കാരിക വേദിയുടെ പ്രസിഡന്റായ ഫാജിദിനോട് ക്വാറി ഉടമക്കുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് കഞ്ചാവ് വച്ചതെന്നാണ് വ്യക്തമായത്. പിടിയിലായപ്പോൾ പ്രതിയല്ലെന്ന് വിളിച്ചു പറഞ്ഞെങ്കിലും ആരും കേൾക്കാനുണ്ടായില്ല. കഞ്ചാവു കേസിൽ പ്രതിയായതോടെ ഫാജിദ് ഏഴു ദിവസം ജയിലിൽ കിടന്നു. കേസിൽ പ്രതിയായതോടെ നാട്ടിൽ പുറത്തിറങ്ങാനാവാത്ത ഗതികേടിലായി ഫാജിദും കുടുംബവും. ഫാജിദിന്റെ നിരപരാധിത്വം ബോധ്യമായ നാട്ടുകാരും കൂട്ടുകാരും നൽകിയ പിന്തുണയിലാണ് കഞ്ചാവു കേസിന്റെ യാഥാർഥ്യങ്ങൾ പുറത്തു വരുന്നത്.

ഏറനാട് താലൂക്കിൽ കാരാത്തോട് ഊരകം മേൽമുറിയിൽ ഞരക്കാടൻ വീട്ടിൽ ഫാജിദിനെയാണ് ഓട്ടോറിക്ഷയിൽ കഞ്ചാവു കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത്. ക്വാറി ഉടമ അസമയത്ത് ഒരു വീട്ടിൽ കയറി പോയ വിവരം നാട്ടിൽ പറഞ്ഞ് പരത്തിയതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പറയിന്നു. ക്വാറി ഉടമ മുസ്ലിം ലീഗ് ഠൗൺ കമ്മറ്റി നേതാവാണ്. ഇയാളുടെ ഭാര്യ വാർഡ് മെമ്പറുമാണ്. നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ ഇത്തരത്തിലുള്ള പ്രചരണം നടത്തിയതാണ് ഫാജിദിനെ കഞ്ചാവ് കേസിൽ കുടുക്കാനുണ്ടായ കാരണം.

കഴിഞ്ഞ ജൂൺ 22ന് കാരാത്തോട് ഠൗണിൽ വച്ചാണ് വേങ്ങര പൊലീസ് ഫാജിദിനെ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി രണ്ടേകാൽ കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. കാരാത്തോട് ടൗണിലെ യുണൈറ്റഡ് ക്ലബിന്റെ പ്രസിഡന്റ് കൂടിയായ ഓട്ടോ ഡ്രൈവർ ഫാജിദിന് കഞ്ചാവുമായി ബന്ധമുണ്ടാകില്ലെന്ന് നാടാകെ ഉറപ്പിച്ചു. ഫാജിദ് സ്ഥലത്തെ സാമൂഹിക പ്രവർത്തകനുമാണ്. പൊലീസ് ഫാജിദിനെ പിടികൂടിയതറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും ഫാജിദ് നിരപരാധിയാണെന്നും മറ്റാരെങ്കിലും വാഹനത്തിൽ കൊണ്ടു വച്ചതാകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പൊലീസ് ഫാജിദിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമായിരുന്നു. എന്നാൽ രണ്ടാഴ്ചക്ക് ശേഷം പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഫാജിദ് കുറ്റക്കാരനല്ല എന്ന് കണ്ടെത്തി. തുടർന്നാണ് കോടതിയെ അറിയക്കുകയും ജാമ്യം അനുവദിക്കാൻ അപേക്ഷ നൽകിയതും.

അറസ്റ്റിലായ സംഭവം വലിയ വാർത്താ പ്രാധാന്യത്തോടെ പത്രങ്ങൾ നൽകിയിരുന്നു. ഇത് മൂലം ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഫാജിദിന്. അതിനാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. കുറ്റക്കാരനല്ല എന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും കേസിൽ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. എന്നാൽ യഥാർത്ഥ പ്രതികളായവരെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്യുന്നില്ല. കാരണം. ചതി ആസ്ത്രൂണം ചെയ്ത ക്വാറി ഉടമയ്ക്ക് വേങ്ങര പൊലീസിൽ വലിയ സ്വാധീനമാണുള്ളത്. ഇയാൾക്ക് മണൽ കടത്താനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതും ഇവിടുത്തെ പൊലീസ് ആണ്. എസ്‌ഐ പോലുമറിയാതെ കാര്യങ്ങൾ ചെയ്യുന്നത് സ്റ്റേഷനിലെ കൈക്കൂലിക്കാരായ പൊലീസുകാരാണ്. ക്വാറി ഉടമയുടെ തൊഴിലാളികൾ ഫാജിദിന്റെ ഓട്ടോയിൽ കഞ്ചാവ് വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അവരെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിരുന്നില്ല. സ്റ്റേഷനിലെ എസ്‌ഐക്ക് മുകളിൽ നിന്നും വലിയ സമ്മർദ്ദമുള്ളതിനാലാണ് തയ്യാറാകാത്തതെന്നായിരുന്നു വിവരം.

ക്വാറി ഉടമ പികെ കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള ആളാണ്. ഈ കള്ളക്കളികളൊന്നും അദ്ദേഹത്തിന് അറിയില്ല. ക്വാറി ഉടമയുടെ പിതാവിന്റെ പേരും കുഞ്ഞാലിക്കുട്ടി എന്നു തന്നെയാണ്. ഇയാൾ മണൽകടത്തുമ്പോൾ ലോറികളിലെ പാസുകളിൽ സൺ ഓഫ് കുഞ്ഞാലിക്കുട്ടി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസിൽ സമയം രേഖപ്പെടുത്താതെ മണൽ കടത്തുമ്പോൾ പൊലീസ് പിടികൂടുമ്പോൾ ലോറി ഡ്രൈവർമാർ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനം ആണ് എന്ന് പറഞ്ഞ് ഊരിപോവുകയാണ് ചെയ്തു വരുന്നത്. അതേ സമയം ഫാജിദ് കുറ്റക്കാരനല്ല എന്ന് കാട്ടി നാട്ടുകാരായ മുന്നോറോളം പേർ എസ്‌പി ക്ക് പരാതി നൽകിയിരുന്നു.

കഞ്ചാവുകേസിൽ പ്രതിയായ ഫാജിദിന് പുറത്തിറങ്ങാൻ കഴിയാതായി. അപമാനഭാരം മൂലം മക്കളെ സ്‌കൂളിൽ വിടാനാവാതെ ഭാര്യയും കുടുംബവും വിഷമത്തിലായി. ആകെയുള്ള വരുമാനമായ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. ഫാജിദിന് നീതി നൽകണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് പേർ ഒപ്പിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. പ്രാദേശിക തർക്കങ്ങളുടെ പേരിൽ ചില ശത്രുക്കൾ ചേർന്ന് കുടുക്കിയതാണന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് വച്ചവരെക്കുറിച്ച് നാട്ടുകാർ തന്നെ പൊലീസിന് സൂചന നൽകിയിട്ടും പ്രതികളുടെ അറസ്റ്റ് വൈകിയ ഘട്ടത്തിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നതും പൊലീസ് അന്വേഷണം ഊർജ്ജിത പെടുത്തിയത്. തുടർന്നാണ് പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP